This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവി

Indian Pitta

കാവി

മാടത്തയോളം വലുപ്പവും വര്‍ണശബളമായ ആകാരവുമുള്ള ഒരു പക്ഷി. ഹിന്ദിയില്‍ "നൗരംഗ്‌' (9 വര്‍ണമുള്ളവന്‍) എന്നാണിതിന്റെ പേര്‌. ശാ.നാ.: പിറ്റാ ബ്രാക്കിയൂറ (Pitta brachyura). "കൊത്തളന്‍' എന്നുകൂടി പേരുള്ള ഈ പക്ഷി പിറ്റിഡേ കുടുംബാംഗമാണ്‌. ശരീരത്തിലുള്ള പച്ച, ചുവപ്പ്‌, കറുപ്പ്‌, നീല, വെളുപ്പ്‌, തവിട്ട്‌ തുടങ്ങിയ വര്‍ണങ്ങള്‍ കാവിപ്പക്ഷിയെ മനോഹരമാക്കുന്നു. പുറം തിളക്കമില്ലാത്ത കടുംപച്ചയും, അരികുകള്‍ തിളങ്ങുന്ന കടുംനീലയും; അടിഭാഗം ചെമ്പിച്ച തവിട്ടുനിറം; കണ്ണില്‍ക്കൂടി ഒരു കറുത്ത പട്ട; അതിനുമീതെ വീതിയില്‍ നേരിയ തവിട്ടുനിറമുള്ള ഒരു പുരികം; പറക്കുമ്പോള്‍ ചിറകിന്റെ അഗ്രത്തിനടുത്തായി വ്യക്തമാകുന്ന വെളുത്ത പൊട്ട്‌; അറ്റം മുറിച്ചുകളഞ്ഞതുപോലുള്ള വാല്‍; കുങ്കുമം തേച്ചതുപോലെ നന്നായി ചുവന്നിരിക്കുന്ന ഗുദവും വാലിനടിഭാഗവുംഇവയെല്ലാം കാവിയുടെ പ്രത്യേകതകളാണ്‌. ലിംഗവ്യത്യാസം ദൃശ്യമല്ല.

പൊന്തക്കാടുകള്‍ക്കിടയിലും മരത്തണലിലും തുള്ളിനടന്ന്‌ കാലത്തും വൈകിട്ടും ഇരതേടുന്ന ഈ പക്ഷി കേരളത്തിലെ ഒരു ശീതകാലാതിഥിയാണ്‌. ഏപ്രില്‍ പകുതിയാവുമ്പോഴേക്കും കാവി കേരളത്തിലെ പതിവുപക്ഷികളില്‍ ഒന്നായി മാറുന്നതു കാണാം. കുറ്റിക്കാടുകള്‍, മുളങ്കൂട്ടങ്ങള്‍, പൊന്തക്കാടുകള്‍, തേയിലത്തോട്ടങ്ങള്‍ തുടങ്ങി പച്ചിലയുടെ ആവരണം നല്ലവണ്ണമുള്ളിടങ്ങളില്‍ മാത്രമേ കാവിയെ കാണാനാവൂ. എന്നാല്‍ രാത്രിയില്‍ ഉറങ്ങുന്നതിനും ശത്രുക്കളില്‍നിന്നു പെട്ടെന്നു രക്ഷനേടുന്നതിനും മാത്രമാണ്‌ ഇവയ്‌ക്കു മരങ്ങളുടെ ആവശ്യം. മലഞ്ചരുവുകളിലും ചോലകളിലും പത്തും പതിനഞ്ചും പക്ഷികള്‍ അടുത്തടുത്തായി ഇരതേടി ജീവിക്കാറുണ്ട്‌; വളപ്പുകളിലാകട്ടെ ഒന്നും രണ്ടുമായി മാത്രമേ കാണപ്പെടുകയുള്ളൂ. 1,500 മീ. ഉയരമുള്ളിടങ്ങളില്‍ വരെ ഇവയെ കണ്ടെത്താം.

ചെറിയ വണ്ടുകള്‍, പുഴുക്കള്‍, കീടങ്ങള്‍, പാറ്റകള്‍ എന്നിവയാണ്‌ കാവിയുടെ പ്രധാനാഹാരം. വളത്തിലും വളക്കുഴിക്കു ചുറ്റിലുമുണ്ടാകുന്ന ചെറുപ്രാണികളെ തിന്നൊടുക്കുന്ന ഈ പക്ഷി കര്‍ഷകന്റെ ഉത്തമ ബന്ധുകൂടിയാണ്‌. തറയില്‍ കിടക്കുന്ന ഇലകള്‍ ചിനക്കിമറിച്ചും മണ്ണിനുള്ളിലേക്കു കൊക്കുകടത്തി തുരന്നുമാണ്‌ ആഹാരസമ്പാദനം. രണ്ടുകാലും ഒരുമിച്ചുവച്ച്‌ ചാടിച്ചാടിയുള്ള ഇതിന്റെ നടത്തം കാഴ്‌ചയ്‌ക്ക്‌ കൗതുകകരമാണ്‌. ചാട്ടത്തോടൊപ്പം "മുറി'വാല്‍ മുകളിലേക്കും താഴേക്കും തുള്ളിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

പക്ഷിയുടെ പുറത്തുള്ള പച്ചനിറം പുല്ലില്‍ ഒളിഞ്ഞിരിക്കുന്നതിനും അടിഭാഗത്തെ തവിട്ടുനിറം മണ്ണിനോട്‌ ഇഴുകിച്ചേരുന്നതിനും വളരെ സഹായിക്കുന്നതിനാല്‍, കാവി അനങ്ങാതിരിക്കുമ്പോള്‍ മിക്കവാറും അദൃശ്യമായിരിക്കുമെന്നു പറയാം.

അതിരാവിലെയും സന്ധ്യയോടടുത്തുമാണ്‌ കാവിയുടെ വീ-ീ-ീ റ്റ്യൂ എന്ന ചൂളംവിളി കേള്‍ക്കുക. മൂടിക്കെട്ടിക്കിടക്കുന്ന പകലുകളില്‍ ഉച്ചസമയത്തും ഈ ശബ്‌ദം കേള്‍ക്കാം. 10 സെക്കന്‍ഡില്‍ 34 എണ്ണം എന്നതാണ്‌ ശബ്‌ദത്തിന്റെ തോത്‌. ഒരു പക്ഷിയുടെ ചൂളംവിളിക്കു മറുപടിയെന്നോണം മറ്റുള്ളവയും ഓരോന്നായി ചൂളമിട്ടുകൊണ്ടേയിരിക്കും.

വേനല്‌ക്കാലമാകുന്നതോടെ കാവി ഹിമാലയസാനുക്കളിലേക്കു പോകുന്നു. കൂടുകൂട്ടലും ഇണചേരലുമൊക്കെ ഇവിടെയാണ്‌ നടക്കുന്നത്‌. പടിഞ്ഞാറ്‌ ധര്‍മശാല മുതല്‍ കിഴക്ക്‌ സിക്കിംവരെയും മധ-്യഉത്തര ഇന്ത്യയില്‍ ഏതാണ്ടെല്ലായിടത്തും ഈ സമയം ഇവയെ കണ്ടെത്താം. നിലത്തോ, ഉയരം കുറഞ്ഞ മരക്കൊമ്പുകളിലോ ആണ്‌ കൂട്‌ കെട്ടുന്നത്‌. ഉണങ്ങിയ ഇലകളും കമ്പുകളും കൊണ്ട്‌ നിര്‍മിക്കുന്ന കൂടിന്‌ ഗോളാകൃതിയായിരിക്കും. കൂടിനുള്ളിലേക്ക്‌ കടക്കാന്‍ ഒരു പ്രവേശനകവാടവും ഉണ്ടായിരിക്കും. ഒരു പ്രാവശ്യം 34 മുട്ടകള്‍ ഇടും. വെളുത്ത നിറമുള്ള മുട്ടയില്‍ ചുവപ്പ്‌ നിറത്തിലുള്ള ചെറിയ പുള്ളികളും പൊട്ടുകളും കാണാം. ശീതകാലത്ത്‌ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി ശീതപക്ഷികള്‍ ഒതുങ്ങിനില്‌ക്കുന്നു.

2. അയോധാതുക്കളുടെ സാന്നിധ്യത്തില്‍ നൈസര്‍ഗിക വര്‍ണവിശേഷത്തെ കൈക്കൊള്ളുന്ന ഒരിനം ജലയോജിത (hydrated) ശിലാവസ്‌തു. വിളറിയ മഞ്ഞ, കടുംചുവപ്പ്‌, തവിട്ട്‌, ഊത എന്നീ വിവിധനിറങ്ങളില്‍ കണ്ടുവരുന്ന കാവിക്കല്ലുകളെ ആധാത്രി(matrix)യുടെ അടിസ്ഥാനത്തില്‍ കളിമണ്ണിനവും ചുണ്ണാമ്പിനവുമായി വേര്‍തിരിക്കാം. ഇവയില്‍ കളിമണ്ണിനത്തിനാണ്‌ വര്‍ണക വസ്‌തുക്കളെന്ന നിലയില്‍ പ്രാധാന്യമുള്ളത്‌.

ലോകത്തിലെ ഏറ്റവും വിശേഷപ്പെട്ട ഇനം കാവി "ടെറാദെസിയന്ന' എന്നറിയപ്പെടുന്നു. നൈസര്‍ഗികാവസ്ഥയില്‍ വിളറിയ നിറമുള്ള മണ്‍കട്ടയുടെ രൂപത്തില്‍ കാണപ്പെടുന്ന ഇത്‌ ചൂടാക്കുന്നതോടെ ആകര്‍ഷകമായ തവിട്ടുനിറം കൈക്കൊള്ളുന്നു. ചായക്കൂട്ടുകളുടെ കൂട്ടത്തില്‍ ചിത്രകാരന്മാരെ വളരെയധികം ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്‌ ഇത്‌. കൃത്രിമമായി കാവി ഉത്‌പാദിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്ടെങ്കിലും പൊതുവേ നൈസര്‍ഗിക വസ്‌തുക്കളാണ്‌ ഉപഭോഗവിധേയമായുള്ളത്‌.

കാവിക്കല്ലുകളിലെ പ്രധാന വര്‍ണകവസ്‌തു ഹേമട്ടൈറ്റ്‌, ലിമൊണൈറ്റ്‌ എന്നീ ഇനങ്ങളിലെ അയോധാതുവാണ്‌; ഇവയില്‍ ഏതെങ്കിലും ഒന്ന്‌ അഥവാ രണ്ടും അടങ്ങിയിരിക്കാം. റൂഷ്‌ എന്നപരക്കെ അറിയപ്പെടുന്ന നൈസര്‍ഗിക വര്‍ണകം ഹേമട്ടൈറ്റ്‌ (Fe2O3) ഉള്‍ക്കൊള്ളുന്നു. ചുവപ്പുനിറമുള്ള റൂഷ്‌ എളുപ്പം ഉരയുന്നതാണ്‌. 2 Fe2O3. 3 H2O എന്ന സംയോഗമുള്ള തവിട്ടുനിറമുള്ള ലിമൊണൈറ്റ്‌ കാവി ശുഭ്രവര്‍ണകങ്ങളുമായി കലര്‍ത്തുമ്പോള്‍ വിവിധ നിറങ്ങളിലുള്ള ചായക്കൂട്ടുകള്‍ സൃഷ്‌ടിക്കുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ഇരുമ്പിന്റെ ഓക്‌സൈഡ്‌ വ്യത്യസ്‌തമായ അനുപാതത്തില്‍ ഉള്‍ക്കൊള്ളുന്ന ഹെമറ്റൈറ്റ്‌, ലിമൊണൈറ്റ്‌, കളിമണ്ണ്‌ എന്നിവയുടെ ചുവപ്പ്‌, മഞ്ഞ, തവിട്ട്‌ എന്നീ നിറങ്ങളിലുള്ള മിശ്രിതങ്ങളാണ്‌ കാവിക്കല്ലുകള്‍. ഗേരു എന്നറിയപ്പെടുന്ന ചുവന്ന കാവി കളിമണ്ണും ഹെമറ്റൈറ്റും ചേര്‍ന്ന്‌ ഉണ്ടാകുന്നതാണ്‌. രാംരാജ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞക്കാവിയാകട്ടെ കളിമണ്ണില്‍ ജലയോജിത ലിമൊണൈറ്റിന്റെ പാരഗമ്യ (permeation) ഫലമായി ഉത്‌പാദിപ്പിക്കപ്പെടുന്നു. കാവിയിലെ കളിമണ്ണംശം 5 ശതമാനം മുതല്‍ 90 ശതമാനം വരെ വ്യതിചലിച്ചുകാണുന്നു. ഇരുമ്പിന്റെ അംശം കാവിയുടെ നിറം കുറയ്‌ക്കുന്നു. കാവിക്കല്ലുകളില്‍ നേരിയ അംശം മാംഗനീസും ഉണ്ടായിരിക്കും. മാംഗനീസിന്റെ തോതു വര്‍ധിച്ച്‌ തവിട്ടോ കടുംതവിട്ടോ ആയിത്തീര്‍ന്ന കാവിക്കല്ലുകള്‍ ആംബര്‍ എന്ന പ്രത്യേക വിഭാഗമായി പരിഗണിക്കപ്പെടുന്നു.

ജലത്തില്‍ അലേയമായ കാവിക്കല്ലുകള്‍ നൈസര്‍ഗിക വര്‍ണവിശേഷമുള്ളവ ആകയാല്‍ ഇവയെ നേരിട്ട്‌ വര്‍ണകങ്ങളായി ഉപയോഗപ്പെടുത്താം. സാധാരണ ചായക്കൂട്ടുകള്‍ നിര്‍മിക്കുന്നതിനു പുറമേ സിമെന്റ്‌, ലിനോളിയം, റബ്ബര്‍, ഇനാമല്‍, പ്ലാസ്റ്റിക്‌, സ്‌നിഗ്‌ധകങ്ങള്‍ (glazer) എന്നിവയ്‌ക്ക്‌ നിറംപിടിപ്പിക്കുന്നതിനും കാവിക്കല്ലുകള്‍ വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. സൂക്ഷ്‌മ ചൂര്‍ണിതമായ കാവിക്കല്ല്‌ അനുയോജ്യമായ ദ്രവങ്ങളില്‍ കലര്‍ത്തിയാണ്‌ ചായക്കൂട്ടുകള്‍ നിര്‍മിക്കുന്നത്‌; ഇരുമ്പിന്റെ ഓക്‌സൈഡ്‌ വ്യത്യസ്‌തങ്ങളായ അനുപാതങ്ങളിലാവുന്നതോടെ നിറത്തിലും വൈവിധ്യം ഉണ്ടാവുന്നു. പൊതുവേ നിറംമാറാത്തവയും, അള്‍ട്രാവയലറ്റ്‌ രശ്‌മികളെ പ്രതിരോധിക്കാന്‍ പോന്നവയുമാണ്‌ കാവിയിനങ്ങള്‍. തടി ഉരുപ്പടികളെയും ലോഹപ്രതലങ്ങളെയും കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഏറെ ഉപയുക്തങ്ങളാണ്‌ ഇവ. ചുവപ്പും മഞ്ഞയും നിറത്തിലുള്ള കാവി മേച്ചിലോടുകള്‍, കോണ്‍ക്രീറ്റ്‌ ഫലകങ്ങള്‍, തറയോടുകള്‍ എന്നിവയെ മോടിപിടിപ്പിക്കുന്നതിന്‌ വ്യാപകമായ തോതില്‍ പ്രയോജനപ്പെടുത്തിവരുന്നു.

ശിലാസ്‌തരങ്ങളില്‍ അടങ്ങിയിട്ടുള്ള അയോമയ (ferruginous) ധാതുക്കളുടെ വിഘടനം (decomposition) ആണ്‌ കാവിനിക്ഷേപങ്ങളുടെ ഉരുത്തിരിയലിന്‌ ഹേതുവാകുന്നത്‌; ഇക്കാരണം കൊണ്ടുതന്നെ ഇവ താരതമേയന ചെറിയ അളവില്‍ അനിയമിതസ്വഭാവത്തോടെ അവസ്ഥിതമായിക്കാണുന്നു. ഇരുമ്പുനിക്ഷേപങ്ങളും, അയോധാതുക്കള്‍ ധാരാളമടങ്ങിയ ചെങ്കല്‍ (laterite) പ്രദേശങ്ങളും ധാരാളമുള്ള ഇന്ത്യയില്‍ കാവിക്കല്ലുനിക്ഷേപങ്ങളും സുലഭമായുണ്ട്‌. ആന്ധ്രപ്രദേശിലെ കഡപ്പ, ഗോദാവരി, ഗുണ്ടൂര്‍, കര്‍ണൂല്‍, വിശാഖപട്ടണം; പശ്ചിമബംഗാളിലെ മിദ്‌നാപൂര്‍, ബങ്കുറ, പുരുലിയ; ബിഹാറിലെ ഗയ, റാഞ്ചി, സന്താള്‍ പര്‍ഗാന, ഷാഹാബാദ്‌, സിംഗ്‌ഭൂം; ഗുജറാത്തിലെ ബറോഡ, ഭരോച്‌, ധരംഗാദ്ര, പഞ്ചമഹല്‍, പോര്‍ബന്തര്‍, നവനഗര്‍, കച്ച്‌; മധ്യപ്രദേശിലെ പന്ന, സത്‌ന, ബാലാഘാട്ട്‌, ഗ്വാളിയര്‍, ദുര്‍ഗ്‌, ജബല്‍പൂര്‍, റീവ; തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കാട്‌, തിരുച്ചിറപ്പള്ളി; മഹാരാഷ്‌ട്രയിലെ ചാന്ദ, നാഗപൂര്‍, രത്‌നഗിരി; കര്‍ണാടകത്തിലെ ബല്‍ഗാം, ബെല്ലാരി, ചീതല്‍ദുര്‍ഗ്‌, ധാര്‍വാര്‍, വടക്കന്‍ കനറ, സാന്തൂര്‍; ഒഡിഷയിലെ കട്ടക്‌, ഗഞ്ചാം, കോരാപട്ട്‌, കിയോന്‍ഝഡ്‌, മയൂര്‍ഭഞ്‌ജ്‌, സംബല്‍പൂര്‍, പഞ്ചാബിലെ കാങ്‌ഗ്ര; രാജസ്ഥാനിലെ അല്‍വര്‍, ബിക്കാനീര്‍, ബുന്ദി, ജയ്‌പൂര്‍, ജയ്‌സാല്‍മര്‍, ഉദയ്‌പൂര്‍; ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ എന്നീ ജില്ലകളിലും ജമ്മുകാശ്‌മീരിലെ ഊറിമേഖലയിലും കാവി വന്‍തോതില്‍ അവസ്ഥിതമാണ്‌. കാവിയുടെ കാര്യത്തില്‍ ഭാരതം സ്വയംപര്യാപ്‌തമാണ്‌. എങ്കിലും കാവി ഉത്‌പാദനം വേണ്ടത്ര അഭിവൃദ്ധിപ്പെട്ടിട്ടില്ല. മധ്യപ്രദേശ്‌, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ കാര്യമായ തോതില്‍ ഖനനം നടക്കുന്നത്‌. മൊത്തം ഉത്‌പാദനത്തിലെ 50 ശതമാനത്തിലേറെ മധ്യപ്രദേശില്‍നിന്നാണ്‌ ലഭിക്കുന്നത്‌. ഈ സംസ്ഥാനത്തിലെ സത്‌ന, പന്നാ ജില്ലകളില്‍ മേല്‌ത്തരം ചുവപ്പും മഞ്ഞയും കാവിയിനങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന കാവി ഏറിയകൂറും ചായക്കൂട്ടുകളുടെ നിര്‍മാണത്തിനാണ്‌ ഉപയോഗപ്പെടുന്നത്‌. നേരിയ തോതില്‍ അയല്‍രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്‌.

(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍