This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവന്‍ഡിഷ്‌, ഹെന്‌റി (1731 - 1810)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവന്‍ഡിഷ്‌, ഹെന്‌റി (1731 - 1810)

Cavendish, Henry

ഹെന്‌റി കാവന്‍ഡിഷ്‌

ഹൈഡ്രജന്‍ കണ്ടുപിടിച്ച ബ്രിട്ടീഷ്‌ രസതന്ത്രജ്ഞനും ഭൗതികശാസ്‌ത്രജ്ഞനും. വാതകരസതന്ത്രത്തെയും വൈദ്യുതിയെയും സംബന്ധിച്ച പഠനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്‌തനാക്കി. ഫ്രാന്‍സിലെ നൈസില്‍ ചാള്‍സ്‌ കാവന്‍ഡിഷ്‌ പ്രഭുവിന്റെയും ലേഡി ആന്‍ഗ്രയുടെയും പുത്രനായി 1731 ഒ. 10ന്‌ കാവന്‍ഡിഷ്‌ ജനിച്ചു. കേംബ്രിജ്‌ പീറ്റര്‍ ഹൗസ്‌ കോളജില്‍ നാലു വര്‍ഷത്തെ വിദ്യാഭ്യാസത്തിനുശേഷം 1751ല്‍ ഇദ്ദേഹം ബിരുദം നേടാതെ അവിടെ നിന്നു പിരിഞ്ഞുപോയി. കേംബ്രിജ്‌ വിട്ടതിനുശേഷം സ്വന്തം പിതാവിന്റെ പരീക്ഷണശാലയില്‍ അസിസ്റ്റന്റായി സേവനമനുഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ അന്‍പതിലേറെ വര്‍ഷക്കാലം നീണ്ടുനിന്ന ഗവേഷണജീവിതം ആരംഭിക്കുന്നത്‌ ഇവിടെനിന്നാണ്‌. ശാസ്‌ത്രപഠനത്തില്‍ മാത്രമായിരുന്നു അവിവാഹിതനായിരുന്ന ഇദ്ദേഹത്തിന്റെ ശ്രദ്ധ. ആദ്യകാലങ്ങളില്‍ ആര്‍സെനിക്കിനെ സംബന്ധിച്ചായിരുന്നു കാവന്‍ഡിഷിന്റെ ഗവേഷണം. 1765ല്‍ ദ്രവീകരണം (melting), ബാഷ്‌പീകരണം (evaporation) എന്നിവയെക്കുറിച്ച്‌ ചില കണ്ടുപിടിത്തങ്ങള്‍ നടത്തി. 1766നും 88നുമിടയ്‌ക്ക്‌ രസതന്ത്രത്തിലും 1771നും 88നുമിടയ്‌ക്ക്‌ വൈദ്യുതിയിലും നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധേയമായ ഫലങ്ങള്‍ ഉളവാക്കി.

1773നും 76നുമിടയില്‍ കാവന്‍ഡിഷ്‌ പിതാവിനോടൊത്ത്‌ താപത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയുണ്ടായി. റോയല്‍ സൊസൈറ്റിയുടെ കാലാവസ്ഥാനിരീക്ഷണോപകരണങ്ങള്‍ കൊണ്ടു നടത്തിയ പഠനങ്ങള്‍ താപമിതി (Thermometry)യില്‍ പല തിരുത്തലുകളും വരുത്താന്‍ സഹായകമായി. കത്തുന്ന വായു(ഹൈഡ്രജന്‍)വിന്റെയും സ്ഥിരവായു(കാര്‍ബണ്‍ഡയോക്‌സൈഡ്‌)വിന്റെയും ഗുണധര്‍മങ്ങളുടെ പഠനത്തിനായി നിരവധി വര്‍ഷങ്ങള്‍ ഇദ്ദേഹം ചെലവഴിക്കുകയുണ്ടായി. പഞ്ചസാര നുരപ്പിച്ച്‌ (ferment) ഉണ്ടാകുന്ന വാതകം കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ ആണെന്ന്‌ ഇദ്ദേഹം വേര്‍തിരിച്ചറിഞ്ഞിരുന്നു. 1776ല്‍ ത്രീ പേപ്പേഴ്‌സ്‌ കണ്ടെയിനിങ്‌ എക്‌സ്‌പെരിമെന്റ്‌സ്‌ ഓണ്‍ ഫാക്‌റ്റീഷ്യസ്‌ എയേര്‍സ്‌ എന്ന പ്രബന്ധത്തിലാണ്‌ ഇദ്ദേഹം "കത്തുന്ന വായു' വിനെക്കുറിച്ച്‌ ആദ്യമായി രേഖപ്പെടുത്തിയത്‌.

നേര്‍ത്ത അമ്ലങ്ങള്‍ ലോഹങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രജന്‍ ഉണ്ടാകുമെന്ന്‌ തുടര്‍ന്നിദ്ദേഹം കണ്ടുപിടിച്ചു. ജലത്തിലെ വിവിധ ധാതുക്കളുടെ സാന്നിധ്യവും കാവന്‍ഡിഷ്‌ പരിശോധനാവിധേയമാക്കിയിരുന്നു. ജലത്തിന്‌ താത്‌കാലികമായ കടുപ്പം (hardness) ഉണ്ടാകുന്നത്‌ കാത്സ്യം ബൈ കാര്‍ബണേറ്റിന്റെ സാന്നിധ്യം കൊണ്ടാണെന്ന്‌ ഈ പഠനങ്ങളിലൂടെ ഇദ്ദേഹം കണ്ടെത്തി. ചുണ്ണാമ്പുവെള്ളം (കാത്സ്യം ഹൈഡ്രാക്‌സൈഡ്‌) ചേര്‍ത്തു ജലം മൃദുവാക്കുന്ന വിദ്യയും കാവന്‍ഡിഷ്‌ കണ്ടെത്തിയിരുന്നു. വിശ്ലേഷണരസതന്ത്രത്തില്‍ വിശിഷ്‌ടമായ ഒരു പ്രതിഭാസമാണ്‌ കാത്സ്യമണ്ണ്‌ (calcareous earth, calcium carbonate, chalk) ദ്രാവകത്തില്‍ നിര്‍ത്തുക എന്നത്‌. ഈ ക്രിയ നടത്തുമ്പോള്‍ കാവന്‍ഡിഷ്‌, കാത്സ്യം കാര്‍ബണേറ്റും കാര്‍ബണ്‍ ഡൈഓക്‌സൈഡും ചേര്‍ന്ന്‌ കാത്സ്യം ബൈ കാര്‍ബണേറ്റ്‌ ഉണ്ടാകുന്ന പ്രക്രിയ കണ്ടെത്തുകയും ചെയ്‌തു.

മെര്‍ക്കുറിയുടെ ഹിമാങ്കം നിര്‍ണയിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ 1783ല്‍ കാവന്‍ഡിഷ്‌ തെളിയിച്ചതോടെ ജലത്തിന്റെ രാസഘടനയെക്കുറിച്ചുള്ള ശാസ്‌ത്രവിജ്ഞാനം വികസിച്ചു. 1784ല്‍ "എക്‌സ്‌പെരിമെന്റ്‌സ്‌ ഒണ്‍ എയര്‍' എന്ന പ്രബന്ധത്തിലാണ്‌ ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ച്‌ ജലമുണ്ടാകുന്ന പരീക്ഷണം കാവന്‍ഡിഷ്‌ പ്രതിപാദിക്കുന്നത്‌. പ്രസ്‌തുത പരീക്ഷണത്തില്‍, ഒരു നേരിയ ഗ്ലാസ്‌ട്യൂബില്‍ നിറച്ച വാതകമിശ്രിതം ഒരു വൈദ്യുത സ്‌ഫുലിംഗത്തിന്റെ സാന്നിധ്യത്തില്‍ സ്‌ഫോടനത്തോടെ സംയോജിച്ച്‌ ജലകണികകള്‍ രൂപംകൊള്ളുന്നതായും വാതകമിശ്രിത വ്യാപ്‌തത്തില്‍ കുറവുസംഭവിക്കുന്നതായും കാവന്‍ഡിഷ്‌ വിവരിക്കുന്നു. കൂടാതെ രണ്ടു വാതകങ്ങളുടെ (നൈട്രജനും ഓക്‌സിജനും) സംയോജനംമൂലം നൈട്രിക്‌ അമ്ലം ഉത്‌പാദിപ്പിക്കപ്പെടുമെന്നും ഇദ്ദേഹം തെളിയിച്ചു. ഒട്ടനവധി വ്യാവസായിക പ്രാധാന്യമുള്ള ഈ കണ്ടുപിടിത്തം രാസവളങ്ങളുടെ ഉത്‌പാദനത്തിനു വളരെ സഹായകമായി. ഇത്തരം പരീക്ഷണങ്ങളുടെ പരിമാണാധിഷ്‌ഠിത വിശകലനങ്ങളില്‍ നിന്നും, അന്തരീക്ഷവായുവിന്റെ അഞ്ചില്‍ നാലുഭാഗം നൈട്രജനും അഞ്ചില്‍ ഒരു ഭാഗം ഓക്‌സിജനുമാണെന്ന്‌ കാവന്‍ഡിഷ്‌ സ്ഥിരീകരിക്കുകയുണ്ടായി.

കാവന്‍ഡിഷ്‌ നടത്തിയ പരീക്ഷണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ പ്രചരിപ്പിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ താത്ത്വിക നിഗമനങ്ങളുടെ യുക്തിയും പരപ്പും പൊതുവേ ബോധ്യപ്പെട്ടിരുന്നില്ല. ഇദ്ദേഹത്തിന്റെ മരണശേഷം ഭൗതികജ്ഞനായ ക്ലര്‍ക്‌ മാക്‌സ്‌വെല്ലാണ്‌ കാവന്‍ഡിഷിന്റെ കയ്യെഴുത്തുപ്രതികള്‍ പലതും വെളിച്ചത്തുകൊണ്ടുവന്നത്‌.

കാവന്‍ഡിഷിന്റെ വൈദ്യുതി സംബന്ധപഠനങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. വൈദ്യുത സ്ഥിതിക(Electrostatics)ത്തെിലെ വ്യുത്‌ക്രമവര്‍ഗനിയമം (inverse-square law) പ്രീസ്റ്റിലിക്കൊപ്പം കാവന്‍ഡിഷ്‌ കണ്ടെത്തിയിരുന്നു. പൊട്ടന്‍ഷ്യല്‍ എന്ന്‌ പിന്നീടറിയപ്പെട്ട വൈദ്യുതപരിമാണം ഇദ്ദേഹം കണ്ടുപിടിച്ചു. വൈദ്യുതാഘാതം ഏല്‌പിക്കാനുള്ള ശേഷി ചില മത്സ്യങ്ങള്‍ക്ക്‌ ഉണ്ടെന്ന്‌ ഇദ്ദേഹം മനസ്സിലാക്കി. ഇത്‌ കൃത്രിമമായി പരീക്ഷിച്ചുനോക്കുകയും ചെയ്‌തു. കാവന്‍ഡിഷിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്‌ ഗുരുത്വ സ്ഥിരാങ്കത്തിന്റെ മൂല്യം പരീക്ഷണത്തിലൂടെ ആദ്യമായി നിര്‍ണയിച്ചുവെന്നത്‌. ഈ പരീക്ഷണം "കാവന്‍ഡിഷിന്റെ പരീക്ഷണം' (Cavendish's experiment)എന്ന പേരില്‍ പ്രശസ്‌തമാണ്‌. ഭൂമിയുടെ ശരാശരി സാന്ദ്രത (ജലത്തിന്റേതിന്റെ 5.45 മടങ്ങ്‌) 1798ല്‍ ഇദ്ദേഹം നിര്‍ണയിക്കുകയുണ്ടായി. ആധുനിക പരീക്ഷണഫലത്തില്‍ നിന്ന്‌ ഇതു വളരെ വ്യത്യസ്‌തമല്ല.

1760ല്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റി അംഗമായും 1803ല്‍ ഫ്രഞ്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അംഗമായും കാവന്‍ഡിഷ്‌ തിരഞ്ഞെടുക്കപ്പെട്ടു. ആധുനിക ശാസ്‌ത്രയുഗത്തിലും ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ക്കു പ്രസക്തിയുണ്ട്‌. 1810 ഫെ. 24ന്‌ ലണ്ടനില്‍ വച്ച്‌ കാവന്‍ഡിഷ്‌ നിര്യാതനായി. ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി കേംബ്രിജ്‌ സര്‍വകലാശാലയിലെ ഫിസിക്കല്‍ ലബോറട്ടറിക്ക്‌ കാവന്‍ഡിഷ്‌ ലബോറട്ടറി എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്‌. ഇദ്ദേഹത്തിന്റെ പല ശാസ്‌ത്രാപകരണങ്ങളും ഇവിടെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍