This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാവടി

തടികൊണ്ടും പിരമ്പുകൊണ്ടും അര്‍ധവൃത്താകൃതിയില്‍ നിര്‍മിച്ചതും വര്‍ണത്തുണി, മയില്‍പ്പീലി, പൂക്കള്‍ എന്നിവകൊണ്ടു അലങ്കരിച്ചതും അഭിഷേകപദാര്‍ഥങ്ങള്‍ ഘടിപ്പിച്ചതുമായ ഒരു അനുഷ്‌ഠാനനൃത്തോപകരണം. സുബ്രഹ്മണ്യഭക്തന്മാര്‍ ഇതു തോളിലേറ്റി ഭിക്ഷാടനവും തീര്‍ഥാടനവും നടത്തുന്നു.‌

രണ്ടറ്റത്തും ഭാരം തൂക്കിയിട്ടുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഒരുതരം നുകം എന്ന നിലയില്‍ അതിപുരാതന കാലംമുതല്‌ക്കേ കാവടി ഉപയോഗിച്ചിരുന്നു. എങ്കിലും അതിന്‌ അനുഷ്‌ഠാനപരമായ ബന്ധമുണ്ടായത്‌ പില്‌ക്കാലത്താണ്‌. അതിനെക്കുറിച്ച്‌ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്‌.

ശിവദര്‍ശനവും പൂജയും കഴിഞ്ഞു കൈലാസത്തില്‍നിന്നും അഗസ്‌ത്യമുനി മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഹിഡുംബന്‍ തന്റെ തോളില്‍ രണ്ടു പര്‍വതശൃംഗങ്ങള്‍ കാവടിയായി എടുത്തിരുന്നു. പഴനിക്കു സമീപം എത്തിയപ്പോള്‍ ക്ഷീണിതനായ ഹിഡുംബന്‍ മലകള്‍ താഴെയിറക്കി. എന്നാല്‍ വീണ്ടും അവ പൊക്കിയെടുക്കുന്നതിനു തുനിഞ്ഞപ്പോള്‍ മലകള്‍ പൊങ്ങിയില്ലെന്നു മാത്രമല്ല, അവയിലൊന്നില്‍ (ശിവഗിരി) സുന്ദരനും തേജസ്വിയുമായ ഒരു ബാലന്‍ തല മുണ്‌ഡനംചെയ്‌തു കൗപീനധാരിയായി നില്‌ക്കുന്നതു കാണുകയും ചെയ്‌തു. തന്റെ മലയാണെന്നു വാദിച്ച ബാലനുമായി ഹിഡുംബന്‍ ഏറ്റുമുട്ടുകയും തുടര്‍ന്നുള്ള യുദ്ധത്തില്‍ ഹിഡുംബന്‍ കൊല്ലപ്പെടുകയും ചെയ്‌തു. വിവരമറിഞ്ഞെത്തിയ അഗ്‌സത്യന്‍ ബാല(മുരുക)നോടു ക്ഷമയാചിച്ചതിനെത്തുടര്‍ന്നു ഹിഡുംബന്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു. തന്നെ മുരുകന്റെ ദ്വാരപാലകനാക്കണമെന്നും, കാവടിയെടുത്തുവരുന്ന ഭക്തന്മാരെ അനുഗ്രഹിക്കണമെന്നും പശ്ചാത്താപവിവശനായ ഹിഡുംബന്‍ അപേക്ഷിക്കുകയും മുരുകന്‍ അത്‌ സ്വീകരിച്ച്‌ ഹിഡുംബനെ അനുഗ്രഹിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്നാണത്ര സുബ്രഹ്മണ്യ ഭക്തന്മാര്‍ സുബ്രഹ്മണ്യപ്രീതിക്കായി കാവടിയെടുത്തു തുടങ്ങിയത്‌.

തടിയില്‍ നിര്‍മിതമായിട്ടുള്ള ഒരു ചട്ടക്കൂട്ടിലാണ്‌ കാവടി ഘടിപ്പിക്കുന്നത്‌. ഏകദേശം 60 സെ.മീ. നീളമുള്ള ഒരു തടിയില്‍ അര്‍ധവൃത്താകൃതിയില്‍ കനം കുറഞ്ഞതും വീതിയുള്ളതുമായ തടിക്കഷണം വളച്ചുപിടിപ്പിക്കുന്നു. ഇതില്‍ നിറമുള്ള തുണി ചുറ്റുന്നു. കാവടിയുടെ രണ്ടറ്റത്തും അഭിഷേകത്തിനുള്ള പാല്‍, പനിനീര്‍, തേന്‍, കളഭം, പുഷ്‌പം, ഭസ്‌മം മുതലായവ പ്രത്യേകം പ്രത്യേകം വച്ചിട്ടുള്ള സഞ്ചികള്‍ കെട്ടിത്തൂക്കുന്നു. അര്‍ധവൃത്താകൃതിയിലുള്ള പലകയില്‍ പൂക്കളും, വര്‍ണക്കടലാസുകളും പൂമാലകളും മയില്‍പ്പീലികളും കൊണ്ടലങ്കരിക്കുന്നു. ഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഇത്‌ വെറും ഒരു നൃത്തോപകരണം മാത്രമല്ല, സുബ്രഹ്മണ്യന്റെ പ്രതിരൂപം കൂടിയാണ്‌. ഇത്‌ തോളിലേന്തിക്കൊണ്ടാണ്‌ കാവടിയാടുന്നത്‌.

അഗ്നിക്കാവടി, പനിനീര്‍ക്കാവടി, പാല്‍ക്കാവടി, ഭസ്‌മക്കാവടി, മത്സ്യക്കാവടി, വേല്‍ക്കാവടി, പീലിക്കാവടി, അഭിഷേകക്കാവടി, അമ്പലക്കാവടി, പൂക്കാവടി, പറവക്കാവടി എന്നിവയാണ്‌ പ്രധാന കാവടികള്‍.

കാവടിയാട്ടം. കാവടി തോളിലെടുത്തുകൊണ്ട്‌ മനോഹരമായ രീതിയില്‍ ചുവടുവച്ചു നൃത്തം ചെയ്യുന്നതാണ്‌ കാവടിയാട്ടം. സുബ്രഹ്മണ-്യന്‍ തുള്ളല്‍, കാവടി നടനം, കാവടിതുള്ളല്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ അനുഷ്‌ഠാനനൃത്തം പഴനി, തിരുപ്പറക്കുണ്ട്രം, ഹരിപ്പാട്‌, തിരുവനന്തപുരം തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ എല്ലാം നടത്തപ്പെടുന്നുണ്ട്‌. തൈപ്പൂയം, ഷഷ്‌ഠി എന്നീ നാളുകളിലാണ്‌ കാവടിയാട്ടം നേര്‍ച്ച എന്ന നിലയില്‍ നടത്താറുള്ളത്‌. കൂടാതെ ക്ഷേത്രാത്സവങ്ങള്‍ക്കും മറ്റു ആഘോഷപരിപാടികള്‍ക്കും വര്‍ണപ്പകിട്ടും കലാഭംഗിയും കൂട്ടുവാനായും കാവടിയാട്ടം നടത്തുക പതിവാണ്‌.

കാവടിയാട്ടമാടുന്ന ഭക്തന്മാര്‍ 41 ദിവസം (ചിലപ്പോള്‍ ഏഴുദിവസം) ചില വ്രതാനുഷ്‌ഠാനങ്ങള്‍ ആചരിക്കേണ്ടതുണ്ട്‌. ദേഹമാസകലം ഭസ്‌മംപൂശി കവിളിലോ നാക്കിലോ വെള്ളിയിലുള്ള ശൂലം (വേല്‍) കുത്തിയിറക്കുന്നു. ചില ഭക്തന്മാര്‍ സ്വയം ശരീരപീഡയുടെ ത്യാഗോജ്ജ്വലമായ അംശമെന്നോണം, 5 സെ.മീ. മുതല്‍ 30 സെ.മീ. വരെ നീളമുള്ള ലോഹനിര്‍മിത ശൂലങ്ങള്‍ ദേഹമാസകലം തുളച്ചുകയറ്റാറുണ്ട്‌. തോളില്‍ വച്ചിരിക്കുന്ന കാവടി രണ്ടുവശത്തും മുന്നോട്ടും പിന്നോട്ടും കറക്കിയും തിരിച്ചും മറിച്ചും ഇവര്‍ നൃത്തംചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ കൈകൊണ്ടു തൊടാതെ കാവടി ചലിപ്പിക്കുന്നു. ഘോഷയാത്രയുടെ രീതിയില്‍ ആരംഭിക്കുന്ന കാവടിയാട്ടത്തില്‍ മയില്‍പ്പീലികൊണ്ടു നിര്‍മിച്ച കാവടിയെടുത്തു തുള്ളുന്നവരുമുണ്ട്‌. മറ്റു ചിലര്‍ അഗ്നികുണ്ഡമുണ്ടാക്കി അതിനു മുകളില്‍ക്കൂടി ചാടി കളിക്കുന്നു.

നാഗസ്വരം, തവില്‍, ചെട്ടിവാദ്യം, പമ്പമേളം, ഉടുക്ക്‌ മുതലായ വാദ്യോപകരണങ്ങള്‍ ഉള്‍ക്കൊണ്ട നെയ്യാണ്ടിമേളമാണ്‌ കാവടിയാട്ടത്തിന്‌ പശ്ചാത്തലമായി ഉപയോഗിക്കാറുള്ളത്‌. കാവടിയാട്ടത്തിന്‌ പാടുന്ന ഗാനങ്ങളെ "കാവടിച്ചിന്ത്‌' എന്നാണ്‌ പറയാറുള്ളത്‌. വാദ്യോപകരണങ്ങളുടെ താളമേളങ്ങള്‍ക്കൊപ്പിച്ചാണ്‌ നര്‍ത്തകര്‍ ചുവടുവയ്‌ക്കുന്നത്‌. പതിഞ്ഞകാലത്തില്‍ ആരംഭിക്കുന്ന കാവടിയാട്ടം ഭക്തിയുടെ പാരമ്യത്തിലെത്തുമ്പോള്‍ ദ്രുതഗതിയിലാകുന്നു.

കര്‍ണാടക സംസ്ഥാനത്തിലെ ചില സ്ഥലങ്ങളിലും ഹരിദ്വാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലും കാവടിയാട്ടങ്ങള്‍ നടത്തുന്നുണ്ട്‌. അനുഷ്‌ഠാന നൃത്തമെന്ന നിലയിലും ഒരു നാടോടിനൃത്തകലാരൂപമെന്ന നിലയിലും കാവടിയാട്ടം വളരെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.

കര്‍ണാടക സംസ്ഥാനത്തിലെ ചില സ്ഥലങ്ങളിലും ഹരിദ്വാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലും കാവടിയാട്ടങ്ങള്‍ നടത്തുന്നുണ്ട്‌. അനുഷ്‌ഠാന നൃത്തമെന്ന നിലയിലും ഒരു നാടോടിനൃത്തകലാരൂപമെന്ന നിലയിലും കാവടിയാട്ടം വളരെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.

കാവടിയാട്ടവുമായി ബന്ധപ്പെട്ട ഒരു നാടോടിഗാനമാണ്‌ കാവടിച്ചിന്ത്‌. തിരുനെല്‍വേലി ജില്ലയിലെ ചിന്നിക്കുളത്തു 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന അണ്ണാമല റെഡ്യാര്‍ എന്ന സംഗീതജ്ഞനാണ്‌ ഇത്‌ ആദ്യമായി രചിച്ച്‌ ആലപിച്ചതും പ്രചരിപ്പിച്ചതും. ഊറ്റുമല ജമീന്ദാരായ മരുതപ്പതേവര്‍ കഴുകുമല മുരുകനോടുള്ള പ്രാര്‍ഥനയുടെ രൂപത്തില്‍ കാവടിയെടുക്കുമ്പോള്‍ വഴിയില്‍ പാടിയ പാട്ടായിട്ടാണ്‌ അവ രചിക്കപ്പെട്ടത്‌.

പില്‌ക്കാലത്ത്‌ രാമായണക്കാവടിച്ചിന്ത്‌, ഭാരതക്കാവടിച്ചിന്ത്‌ മുതലായ ഗാനങ്ങളും വിരചിതങ്ങളായി. അവയ്‌ക്കു കാവടിയുമായോ മുരുകനുമായോ യാതൊരു ബന്ധവുമില്ല. മഹാകവി സുബ്രഹ്മണ്യഭാരതിയും ഒരു കാവടിച്ചിന്ത്‌ രചിച്ചു പാടിയിട്ടുണ്ട്‌.

(ഡോ. ചുമ്മാര്‍ ചൂണ്ടല്‍; മറവൂര്‍ ജി.കെ. പിള്ള; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍