This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാള്‍സ്‌ബാഡ്‌ ഡിക്രികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാള്‍സ്‌ബാഡ്‌ ഡിക്രികള്‍

Carlsbad Decrees

19-ാം ശതകത്തിന്റെ ആരംഭത്തില്‍ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുമിടയില്‍ നിലനിന്ന സ്വതന്ത്രചിന്തയെ തടയുന്നതിനും വിപ്ലവാശയങ്ങളെയും ദേശീയതയെയും നശിപ്പിക്കുന്നതിനും രാജഭരണത്തെ ഉറപ്പിക്കുന്നതിനുമായി ആസ്റ്റ്രിയയിലെ വിദേശകാര്യമന്ത്രിയായിരുന്ന മെറ്റേര്‍ണിക്ക്‌ (1773-1859) 1819-ല്‍ പുറപ്പെടുവിച്ച നിയമങ്ങള്‍. യൂറോപ്പിലെ രാജഭരണത്തിന്റെ കാവല്‍ഭടനായിരുന്നു മെറ്റേര്‍ണിക്ക്‌. രാജഭരണം സംരക്ഷിക്കുന്നതിനുവേണ്ടി എന്തും ചെയ്യുന്നതിനു തയ്യാറായിരുന്നു ഇദ്ദേഹം. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ യൂറോപ്പിലെ ജനങ്ങളുടെയിടയില്‍ പ്രചരിപ്പിച്ച ദേശസ്‌നേഹം, ലിബറലിസം തുടങ്ങിയ ആശയങ്ങള്‍ ജര്‍മന്‍ ജനതയെ ശരിക്കും ആകര്‍ഷിച്ചു. സ്വാതന്ത്യ്രമുള്‍ക്കൊള്ളുന്ന ഭരണഘടനയ്‌ക്കുവേണ്ടി അവര്‍ ശബ്‌ദമുയര്‍ത്താന്‍ തുടങ്ങി. ജര്‍മന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും അധ്യാപകരും പുതിയ ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും രാജഭരണത്തെ വെറുക്കുകയും, വിപ്ലവകരമായ ആശയങ്ങളെ ജനങ്ങളുടെയിടയില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. 1817-ല്‍ ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാ സഭയ്‌ക്കെതിരായി പ്രക്ഷോഭണമാരംഭിച്ചതിന്റെ 300-ാം വര്‍ഷം തികയുന്ന ദിനം വിപുലമായി ആഘോഷിക്കുകയും പഴയ ഭരണത്തിന്റെ പ്രതീകങ്ങളെ നശിപ്പിക്കുകയും ചെയ്‌തു. 1819 മാര്‍ച്ചില്‍ കാള്‍സ്‌ബാഡ്‌ എന്ന ഒരു ജര്‍മന്‍ വിദ്യാര്‍ഥി യാഥാസ്ഥിതികനായ എഴുത്തുകാരനും പഴയ ഭരണത്തിന്റെ പ്രചാരകനുമായ കൊത്സേബ്യുവിനെ വധിച്ചു. ഈ സംഭവമാണ്‌ കാള്‍സ്‌ബാഡ്‌ ഡിക്രികള്‍ക്ക്‌ പെട്ടെന്നു കാരണമായി ഭവിച്ചത്‌. വിപ്ലവങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഒരുപകരണം എന്ന നിലയിലാണ്‌ മെറ്റേര്‍ണിക്ക്‌, കാള്‍സ്‌ബാഡ്‌ ഡിക്രികള്‍ കൊണ്ടുവന്നത്‌. ഈ ഡിക്രികളനുസരിച്ച്‌ വര്‍ത്തമാനപത്രങ്ങളുടെമേലും മറ്റു പ്രസിദ്ധീകരണങ്ങളുടെ മേലും സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തി. യൂണിവേഴ്‌സിറ്റികളെയും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെയും ഗവണ്‍മെന്റിന്റെ പൂര്‍ണമായ നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരികയും അധ്യാപകരെയും വിദ്യാര്‍ഥികളെയും പൂര്‍ണമായ നിരീക്ഷണത്തിന്‌ വിധേയരാക്കുകയും ചെയ്‌തു. വിപ്ലവപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച്‌ ഉടനടി റിപ്പോര്‍ട്ടുചെയ്യുന്നതിന്‌ ഒരു കേന്ദ്ര അന്വേഷണകമ്മിറ്റിയെ നിയമിച്ചു. പുരോഗമനചിന്തകളും ദേശീയതയും ഉള്‍ക്കൊള്ളുന്ന ഭരണഘടനകള്‍ക്ക്‌ എതിരായിരുന്നു ഈ കാള്‍സ്‌ബാള്‍ഡ്‌ ഡിക്രികള്‍.

(ഡോ. ആര്‍.എന്‍. യേശുദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍