This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാള്‍സണ്‍, മാഗ്നസ്‌ (1990 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാള്‍സണ്‍, മാഗ്നസ്‌ (1990 - )

Carlsen, Magnus

മാഗ്നസ്‌ കാള്‍സണ്‍

20-ാമത്തെ വയസ്സില്‍ ലോക ഒന്നാംനമ്പര്‍ സ്ഥാനത്തെത്തിയ ചെസ്‌ പ്രതിഭ. അനറ്റൊലി കാര്‍പോവ്‌, വിശ്വനാഥന്‍ ആനന്ദ്‌, വ്‌ളാഡിമിര്‍ ക്രാംനിക്‌ മുതലായ ചെസ്‌ അതികായരെയെല്ലാം തന്റെ ചെറിയ പ്രായത്തില്‍ പരാജയപ്പെടുത്തിയിട്ടുള്ള കാള്‍സണ്‍ ആധുനിക ചെസിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്നു.

മാഗ്നസ്‌ കാള്‍സണ്‍ വിശ്വനാഥന്‍ ആനന്ദുമായുള്ള ചെസ്‌ മത്സരത്തില്‍

നോര്‍വേയിലെ ടോണ്‍സ്‌ബെര്‍ഗില്‍ 1990 ന. 30-നാണ്‌ ജനനം. പിതാവ്‌ ഹെന്‌റിക്‌ കാള്‍സണ്‍. മാതാവ്‌ സിഗ്‌റണ്‍ കാള്‍സണ്‍. പിതാവില്‍നിന്നും ചെസ്സിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച കാള്‍സണ്‍ എട്ടാമത്തെ വയസ്സുമുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തുതുടങ്ങി. പ്രസിദ്ധ നോര്‍വേ ഗ്രാന്‍ഡ്‌മാസ്റ്ററായ സൈമണ്‍ അഗസ്‌തീന്‍ പരിശീലകനായതോടെയാണ്‌ ഒരു പ്രാഫഷണല്‍ ചെസ്‌ താരമായി വളരുന്നത്‌. യൂറോപ്യന്‍ അണ്ടര്‍ 12 ചെസ്‌ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനം നേടിക്കൊണ്ടായിരുന്നു അന്താരാഷ്‌ട്രരംഗത്തേക്ക്‌ കാള്‍സന്റെ അരങ്ങേറ്റം. തുടര്‍ന്ന്‌ വലുതും ചെറുതുമായ നിരവധി മത്സരങ്ങളില്‍ വിജയം നേടി. കോറസ്‌ ചെസ്‌ ടൂര്‍ണമെന്റില്‍ 13-ല്‍ 10 പോയിന്റ്‌ നേടി കരിയറിലെ ആദ്യത്തെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ നോം നേടി. 2004-ല്‍ ഐസ്‌ലന്‍ഡില്‍ വച്ചുനടന്ന റികാവിക്‌ ബ്ലിറ്റ്‌സ്‌ ചെസ്‌ ടൂര്‍ണമെന്റാണ്‌ കാര്‍സനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്‌. ചെസ്‌ ഇതിഹാസമായ അനറ്റൊലി കാര്‍പ്പോവിനെ കാള്‍സണ്‍ ഈ ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തി. 14 വയസ്സായിരുന്നു അന്ന്‌ കാള്‍സന്റെ പ്രായം. ഇതേ ടൂര്‍ണമെന്റില്‍ത്തന്നെ അന്നത്തെ ലോക ഒന്നാംനമ്പര്‍ താരമായ ഗാരി കാസ്‌പറോവിനെ സമനിലയില്‍ തളച്ചതും വാര്‍ത്താ പ്രാധാന്യംനേടി. അതേവര്‍ഷം തന്നെ ദുബായ്‌ ഓപ്പണ്‍ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ നാല്‌ വിജയങ്ങള്‍ നേടിയതോടെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഫിഡെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരവും കാള്‍സനാണ്‌. തന്റെ 14-ാം വയസ്സില്‍ 2004-ലെ ഫിഡെ ലോകചാമ്പ്യന്‍ഷിപ്പില്‍ കാര്‍സണ്‍ മത്സരിച്ചു.

2006-ല്‍ ഐസ്‌ലന്‍ഡില്‍ വച്ചുനടന്ന ഗ്ലിനിര്‍ ബ്ലിസ്‌ ചെസ്‌ ടൂര്‍ണമെന്റില്‍വച്ചാണ്‌ വിശ്വനാഥന്‍ ആനന്ദിനെ ആദ്യമായി തോല്‌പിച്ചത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ കാള്‍സണ്‍ തന്റെ പ്രതിഭ തെളിയിച്ചു. ലെവണ്‍ അറോണിയന്‍, മൈക്കള്‍ ആഡംസ്‌, വാസിലിന്‍ ടോപലോവ്‌, വാസിലി ഇവാഞ്ചുക്‌ തുടങ്ങിയ സമകാലിക ചെസിലെ മുന്‍നിര താരങ്ങളെല്ലാം നിരവധി തവണ കാള്‍സന്‌ മുന്നില്‍ അടിയറവുപറഞ്ഞു. 2006-ല്‍ 2698 എലൊ പൊയിന്റോടെ ലോക 44-ാം സ്ഥാനക്കാരനായിരുന്ന കാള്‍സണ്‍ 2009 ആയപ്പോഴേക്കും 2805 എലൊ പോയിന്റോടെ ലോക ഒന്നാംനമ്പര്‍ സ്ഥാനത്തെത്തി. കാസ്‌പറോവ്‌, ആനന്ദ്‌ ടോപലോവ്‌, ക്രാംനിക്‌ എന്നിവര്‍ മാത്രമായിരുന്നു നിലവില്‍ 2800 പോയിന്റുകള്‍ നേടിയ മറ്റു താരങ്ങള്‍. 2009-10 കാലയളവില്‍ ഗാരി കാസ്‌പറോവ്‌ നല്‌കിയ ശിക്ഷണം കാള്‍സന്റെ മികവിനെ കൂടുതല്‍ മൂര്‍ച്ചകൂട്ടി.

അതിവേഗ ചെസ്‌ ഇനമായ ബ്ലിറ്റ്‌സ്‌ ലോകചാമ്പ്യന്‍ഷിപ്പിലും 2009-ല്‍ കാള്‍സന്‍ ലോകചാമ്പ്യനായി. നാന്‍ജിങ്‌ പേള്‍ സ്‌പ്രിങ്‌ ടൂര്‍ണമെന്റ്‌, കോറസ്‌ ടൂര്‍ണമെന്റ്‌, ലണ്ടന്‍ ചെസ്‌ ക്ലാസിക്‌ ടൂര്‍ണമെന്റ്‌, ബസ്‌ന കിങ്‌സ്‌ ടൂര്‍ണമെന്റ്‌ എന്നിവയിലെല്ലാം 2010-ല്‍ കാള്‍സനായിരുന്നു ചാമ്പ്യന്‍. ചെസ്‌ രംഗത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ചെസ്‌ ഓസ്‌കാര്‍ 2009-ലും 2010-ലും കാള്‍സനെ തേടിയെത്തി.

ബ്ലിറ്റ്‌സ്‌, റാപ്പിഡ്‌ മുതലായ ആധുനിക ചെസ്സിന്റെ എല്ലാ മത്സരരൂപങ്ങളിലും ഒരുപോലെ പ്രതിഭ കാണിക്കുന്ന കാള്‍സന്റെ ആക്രമണശൈലിയെ അനറ്റൊലി കാര്‍പ്പോവിന്റെ ശൈലിയോടാണ്‌ ചെസ്‌ വിദഗ്‌ധര്‍ താരതമ്യപ്പെടുത്തുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍