This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളീചരണ്‍ ബാനർജി (1847 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളീചരണ്‍ ബാനര്‍ജി (1847 - 1907)

ബംഗാളിലെ ഒരു രാഷ്‌ട്രീയനേതാവ്‌. 1847 ഫെ. 9-നു ബംഗാളിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ്‌ അന്തരിച്ചതിനെത്തുടര്‍ന്ന്‌ കുട്ടിക്കാലത്തുതന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്ന ബാനര്‍ജിക്ക്‌ വിദ്യാഭ്യാസം നടത്താന്‍ നന്നേ ക്ലേശിക്കേണ്ടിവന്നു. കല്‍ക്കത്തയിലെ ഓറിയെന്റല്‍ സെമിനാരിയില്‍ വിദ്യാഭ്യാസം നടത്തിയ കാലത്ത്‌ ഇദ്ദേഹം ക്രിസ്‌തുമതതത്ത്വങ്ങളില്‍ ആകൃഷ്‌ടനായി. പതിനേഴാം വയസ്സില്‍ ബിരുദം നേടിയ ബാനര്‍ജി ഫ്രീ ചര്‍ച്ച്‌ കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. പിന്നീട്‌ തത്ത്വശാസ്‌ത്രത്തില്‍ എം.എ. ബിരുദവും നിയമബിരുദവും നേടി.

കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെയും പീഡനത്തെയും അതിജീവിച്ചുകൊണ്ട്‌ ഇദ്ദേഹം ക്രിസ്‌തുമതം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും സ്വമേധയാ ക്രിസ്‌തുമതവിശ്വാസിനിയായി. 1879-ല്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിച്ച ബാനര്‍ജി അഭിഭാഷകവൃത്തിയിലും അതോടൊപ്പം ക്രിസ്‌തുമതപ്രചാരണത്തിലും ഏര്‍പ്പെട്ടു. കല്‍ക്കത്ത വൈ.എം.സി.എ.യുടെ ആരംഭം മുതല്‍ ബാനര്‍ജി അതില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു; കുറച്ചുകാലം അതിന്റെ പ്രസിഡന്റുമായിരുന്നു. 1897-ല്‍ ബംഗാള്‍ നിയമസഭാംഗമായിത്തീര്‍ന്ന ബാനര്‍ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ താത്ത്വികരില്‍ ഒരാളായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഭരണഘടന, ചട്ടങ്ങള്‍ എന്നിവ എഴുതിയുണ്ടാക്കുന്നതിന്‌ 1889-ല്‍ നിയമിച്ച സമിതിയിലെ പ്രധാനാംഗമായിരുന്നു ഇദ്ദേഹം. 1907 ഫെ. 6-നു ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍