This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിന്ദീചരണ്‍ പാണിഗ്രാഹി (1901 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളിന്ദീചരണ്‍ പാണിഗ്രാഹി (1901 - 91)

കാളിന്ദീചരണ്‍ പാണിഗ്രാഹി

ഒഡിയാസാഹിത്യകാരന്‍. കഥകളും നോവലുകളും എഴുതിയിട്ടുണ്ടെങ്കിലും ഭാവഗീതകാരനായ കവി എന്ന നിലയിലാണ്‌ ഇദ്ദേഹം പ്രസിദ്ധി നേടിയത്‌. ഒറീസയിലെ പുരി ജില്ലയില്‍പ്പെട്ട വിശ്വനാഥപുരത്ത്‌ 1901-ല്‍ ജനിച്ചു. ഒറിയാ സാഹിത്യത്തിലെ ഒരു ശ്രദ്ധേയ പ്രസ്ഥാനമായിരുന്ന "സത്യബാദിസംഘ'ത്തിന്റെ മുന്നണി നേതാവായിരുന്നു പാണിഗ്രാഹി. ബൈകുണ്‌ഠനാഥ പട്‌നായക്‌, അന്നദാശങ്കര്‍റായ്‌ മുതലായവര്‍ ഇദ്ദേഹത്തിന്റെ സഹായികളുമായിരുന്നു.

രബീന്ദ്രനാഥടാഗൂറിനെ അനുകരിച്ചുകൊണ്ടാണ്‌ സത്യബാദി സംഘക്കാര്‍ രംഗപ്രവേശം ചെയ്‌തത്‌. ചതുരുടി യെലോദാ (ഒരു കത്തി വേണം-1939). ഖ്യണികസത്യ (ക്ഷണികസത്യം-1949), മനേനാഹിം (ഞാന്‍ ഓര്‍ക്കുന്നില്ല-1947), മഹാദീപ (1949) മുതലായവയാണ്‌ പാണിഗ്രാഹിയുടെ കവിതാഗ്രന്ഥങ്ങള്‍. പ്രമവും പ്രകൃതിയും ഭൂതകാലസ്‌മൃതികളും ശോഭനഭാവിയെക്കുറിച്ചുള്ള പ്രത്യാശകളുമാണ്‌ ഈ കവിതകളിലെ പ്രമേയങ്ങള്‍. ക്ഷുദ്രവും നികൃഷ്‌ടവുമായ സമകാലിക ജീവിതത്തോടുള്ള അമര്‍ഷവും ഇവയില്‍ നിഴലിച്ചുകാണാം.

ഗാന്ധിസത്തിന്റെയും സോഷ്യലിസത്തിന്റെയും സ്വാധീനത ഇദ്ദേഹത്തിന്റെ നോവലുകളില്‍ പ്രകടമായിക്കാണാം. മാടിരമണിഷ (മണ്ണിന്റെ മനുഷ്യന്‍-1934), ലുഹാരമണിഷ (ഉരുക്കുമനുഷ്യന്‍-1947), ആജിര മണിഷ (ഇന്നത്തെ മനുഷ്യന്‍-1958) എന്നീ മൂന്നു നോവലുകള്‍ ഇദ്ദേഹത്തിന്റെ പുരോഗമനചിന്താഗതി വ്യക്തമാക്കുന്നു. മാടിരമണിഷ എന്ന നോവല്‍ എ ഹൗസ്‌ അണ്‍ഡിവൈഡഡ്‌ എന്ന പേരില്‍ ലീലാ റേ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. മുക്താഗഡരക്ഷുധാ (മുക്താഗഡന്റെ വിശപ്പ്‌-1932) പാണിഗ്രാഹിയുടെ ചരിത്രാഖ്യായികയാണ്‌. ഫ്യൂഡല്‍ സ്റ്റേറ്റിലെ ഒരു രാജകുമാരന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്‌ ഇതിലെ പ്രതിപാദ്യം. "പ്രിയദസ്സി' എന്ന നാടകവും ശേഷരശ്‌മി എന്ന കഥാസമാഹാരവും ഇദ്ദേഹത്തിന്റെ മികച്ച കൃതികളില്‍പ്പെടുന്നു.

ഒറീസാമുഖ്യമന്ത്രിയായിരുന്ന ശ്രീമതി നന്ദിനീ സത്‌പതി ഇദ്ദേഹത്തിന്റെ പുത്രിയും ഒറീസയിലെ ജനകീയ കവിയായി അറിയപ്പെടുന്ന ഭഗബതി ചരണ്‍പാണിഗ്രാഹി (1906-43) സഹോദരനുമാണ്‌. 1991-ല്‍ ഇദ്ദേഹം ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍