This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിദാസ ഭട്ടാചാര്യ (1911 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളിദാസ ഭട്ടാചാര്യ (1911 - 84)

ദാര്‍ശനികനും വിദ്യാഭ്യാസവിചക്ഷണനും. കെ.സി. ഭട്ടാചാര്യയുടെയും സത്യബാലയുടെയും പുത്രനായി 1911 ആഗ. 17-നു ബാരിസാള്‍ (ഇന്നത്തെ ബാംഗ്ലദേശ്‌) എന്ന സ്ഥലത്തു ജനിച്ചു. തത്ത്വശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്‌ടറേറ്റും കരസ്ഥമാക്കിയശേഷം 1951-ല്‍ കല്‍ക്കത്ത ഗവണ്‍മെന്റ്‌ സംസ്‌കൃതകോളജില്‍ ഭാരതീയ തത്ത്വചിന്താവിഭാഗത്തിന്റെ അസോസിയേറ്റ്‌ പ്രാഫസറായി ഔദ്യോഗികജീവിതമാരംഭിച്ചു. 1954-ല്‍ പ്രാഫസറായി. 1956-ല്‍ ഇദ്ദേഹം വിശ്വഭാരതിയില്‍ തത്ത്വചിന്താവിഭാഗത്തിന്റെ മേധാവിയായി. 1964 മുതല്‍ അവിടത്തെ "സെന്റര്‍ ഒഫ്‌ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡി ഇന്‍ ഫിലോസഫി'യുടെ ഡയറക്‌ടറും കൂടിയായിരുന്ന ഇദ്ദേഹം വിശ്വഭാരതിയുടെ വൈസ്‌ചാന്‍സലറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

വിദേശങ്ങളില്‍ വച്ചുനടന്ന പല ദാര്‍ശനിക സദസ്സുകളിലും ഭട്ടാചാര്യ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 1964-ല്‍ ഹവായിയില്‍ നടന്ന "പാശ്ചാത്യ പൗരസ്‌ത്യ ദാര്‍ശനിക സമ്മേളനം', 1968-ല്‍ വിയന്നയില്‍ വച്ചുനടന്ന "അന്താരാഷ്‌ട്ര ദാര്‍ശനിക കോണ്‍ഗ്രസ്‌' തുടങ്ങിയവ ഇവയിലുള്‍പ്പെടുന്നു. 1967 മുതല്‍ 70 വരെ ഇന്ത്യന്‍ ഫിലസോഫിക്കല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. അമേരിക്കന്‍ ഫിലസോഫിക്കല്‍ അസോസിയേഷനിലും ഇദ്ദേഹം അംഗമായിരുന്നു.

ഇദ്ദേഹം രചിച്ച ദാര്‍ശനിക ഗ്രന്ഥങ്ങളാണ്‌ ആള്‍ട്ടര്‍നേറ്റീവ്‌ പോയിന്റ്‌സ്‌ ഇന്‍ ഫിലോസഫി; ഓബ്‌ജെക്‌റ്റ്‌, കണ്ടന്റ്‌ ആന്‍ഡ്‌ റിലേഷന്‍; ഫിലോസഫി, ലോജിക്‌ ആന്‍ഡ്‌ ലാങ്‌വേജ്‌; ദ കണ്‍സെപ്‌റ്റ്‌ ഒഫ്‌ കാസ്‌ ആസ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ ദ വെസ്റ്റ്‌; ഇന്ത്യന്‍ തിയറീസ്‌ ഒഫ്‌ നോളജ്‌ ആന്‍ഡ്‌ സെല്‍ഫ്‌; പ്രീ-സപ്പോസിഷന്‍സ്‌ ഒഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ഫിലോസഫി; ഫണ്ടമെന്റല്‍സ്‌ ഒഫ്‌ കെ.സി. ഭട്ടാചാര്യാസ്‌ ഫിലോസഫി; പോസിബിലിറ്റി ഒഫ്‌ ഡിഫറന്റ്‌ ഫേസസ്‌ ഒഫ്‌ റിലീജിയന്‍; എ മോഡേണ്‍ അണ്ടര്‍സ്റ്റാന്റിങ്‌ ഒഫ്‌ അദ്വൈത വേദാന്ത തുടങ്ങിയവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍