This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളഹസ്‌തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളഹസ്‌തി

കാളഹസ്‌തീശ്വര ക്ഷേത്രം

ആന്ധ്രപ്രദേശിന്റെ തെക്കുകിഴക്കുഭാഗത്തുള്ള ഒരു പട്ടണം. ശ്രീകാളഹസ്‌തി എന്നും പട്ടണം അറിയപ്പെടുന്നുണ്ട്‌. ഇവിടത്തെ ശ്രീ കാളഹസ്‌തീശ്വരക്ഷേത്രത്തില്‍നിന്നാണ്‌ ഈ നഗരത്തിന്‌ കാളഹസ്‌തി എന്ന പേരുണ്ടായത്‌. തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ കാളഹസ്‌തി റെണി ഗുണ്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ 1.6 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. സംസ്ഥാന പുനഃസംഘടനയ്‌ക്കുമുമ്പ്‌ കാളഹസ്‌തി താലൂക്ക്‌ തമിഴ്‌നാട്ടില്‍ വടക്കേ ആര്‍ക്കാട്‌ ജില്ലയുടെ ഭാഗമായിരുന്നു. ഈ പട്ടണത്തിലൂടെയാണ്‌ സുവര്‍ണമുഖി നദി ഒഴുകുന്നത്‌. പ്രാകൃതമായ വൃക്ഷാരാധന പ്രാബല്യത്തിലിരുന്ന കാലംമുതല്‌ക്കേ ശിവനെയും വിഷ്‌ണുവിനെയും ആരാധിച്ചിരുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ കാളഹസ്‌തി. രണ്ടു മലകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത്‌ നിരവധി ക്ഷേത്രങ്ങള്‍ കാണാം. ഇവയില്‍ കാളഹസ്‌തീശ്വര ക്ഷേത്രമാണ്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌. 64 ശൈവസിദ്ധന്മാരില്‍ ഒരാളായ കണ്ണപ്പനായനാര്‍ ഇവിടെവച്ചാണ്‌ നിര്‍വാണമടഞ്ഞതെന്ന്‌ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. നോ. കണ്ണപ്പനായനാര്‍

കൈലാസഗിരി മലയുടെ അടിവാരത്തില്‍ സുവര്‍ണമുഖീ നദിക്കരയിലാണ്‌ കാളഹസ്‌തീശ്വരക്ഷേത്രം പണിതിരിക്കുന്നത്‌. ഒരു കാലത്ത്‌ ഇത്‌ വിജയനഗരസാമ്രാജ്യത്തിന്റെയും സിംഹപുരി രാജാക്കന്മാരുടെയും അധീനതയിലായിരുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാവിഗ്രഹം കൈലാസത്തില്‍വച്ച്‌ ശിവന്‍ ബ്രഹ്മാവിനു കൈമാറിയതാണെന്ന്‌ സ്‌കന്ദപുരാണവും ലിംഗപുരാണവും ഘോഷിക്കുന്നു. ഹാലാസ്യമാഹാത്മ്യത്തിലും കാളഹസ്‌തീശ്വരത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. പല്ലവരാജാക്കന്മാര്‍ ആരംഭിച്ച ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കിയത്‌ അവര്‍ക്കുശേഷം നാടുവാണ തൊണ്ടാമന ചക്രവര്‍ത്തിയാണ്‌. ചോളരാജാക്കന്മാര്‍ ക്ഷേത്രം പുതുക്കിപ്പണിതും ക്ഷേത്രത്തിലെ കിഴക്കോട്ടു മുഖമുള്ള തിരുപ്പതിദേവന്റെയും പടിഞ്ഞാറേക്ക്‌ മുഖമുള്ള കാളഹസ്‌തീശ്വരന്റെയും ദര്‍ശനങ്ങള്‍ കേന്ദ്രീകരിക്കുന്ന ധ്വജസ്‌തംഭത്തിലാണ്‌ ശിവലിംഗം പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വ്രതാനുഷ്‌ഠാനത്തോടെ കാളഹസ്‌തിയിലെ തീര്‍ഥക്കിണറിലെ ജലം ആചമിച്ചാല്‍ ഊമകള്‍ക്ക്‌ സംസാരശേഷി ഉണ്ടാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. കാളഹസ്‌തീശ്വരനു പുറമേ വായുദേവന്റേതുള്‍പ്പെടെ തൊണ്ണൂറ്റിരണ്ടോളം വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്‌.

സുവര്‍ണമുഖിപ്പുഴയുടെ വടക്കേതീരത്താണ്‌ പ്രമുഖ ശൈവസിദ്ധന്‍ കണ്ണപ്പനായനാരുടെ സ്‌മാരകമായുള്ള കണ്ണഭേശ്വരക്ഷേത്രം, മാംബാക്കം, ദ്രിശമല, ചിഹ്നസിംഗമല, സിര്‍സാനം ബേടു, ജിംഗിലിപാളയം, ചിറ്റാതൂര്‍, കാലാതൂര്‍ മുതലായവയാണ്‌ സമീപത്തുള്ള മറ്റു പ്രധാന ക്ഷേത്രങ്ങള്‍. നോ. കാളഹസ്‌തീശപഞ്ചരത്‌നം

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍