This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളവേല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളവേല

ഭഗവതീക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്‌ഠാനാഘോഷം. കന്നുകാലികള്‍ക്കു രോഗം വരാതിരിക്കുന്നതിനുവേണ്ടി ഗ്രാമീണര്‍ മുന്‍കാലങ്ങളില്‍ നടത്തിവന്നിരുന്ന കൂട്ടപ്രാര്‍ഥനയുടെ തുടര്‍ച്ചയായാണ്‌ കൃത്രിമക്കാളകളെ "കാവുകയറ്റു'ന്നതെന്നു കരുതപ്പെടുന്നു.

നെല്‍ക്കതിര്‍, വയ്‌ക്കോല്‍, തുണി, മുള, തടികൊണ്ടുണ്ടാക്കിയ കാളയുടെ മുഖം എന്നിവയുപയോഗിച്ചു കാളയുടെ രൂപം ഉണ്ടാക്കി അലങ്കരിച്ചു കാവുകയറ്റുകയാണ്‌ പ്രധാനചടങ്ങ്‌. ചിലയിടങ്ങളില്‍ കാളയുടെ പുറത്ത്‌ ഒരു കുട്ടിയെ അണിയിച്ചൊരുക്കിയിരുത്തുകയും ചെയ്യാറുണ്ട്‌. ആനകളും വാദ്യഘോഷങ്ങളും കുരവയും ആര്‍പ്പുവിളിയും വെടിയും കാളവേലയ്‌ക്ക്‌ അകമ്പടിയായുണ്ടാകും. കാളയെ എഴുന്നള്ളിച്ച്‌ ഭഗവതിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്‌തശേഷം കാളയിറക്കുന്നതോടെ ചടങ്ങ്‌ അവസാനിക്കുന്നു. ഭഗവതീക്ഷേത്രങ്ങളുടെ ചുറ്റുപാടുമുള്ള ഓരോ കരയില്‍നിന്നും കാളയെ എഴുന്നള്ളിക്കാറുണ്ട്‌.

ആണ്ടുത്സവമായ പൂരത്തോടനുബന്ധിച്ചാണ്‌ സാധാരണ കാളവേല നടത്താറുള്ളത്‌. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, ചെട്ടിക്കുളങ്ങര ഭഗവതീക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, കൊച്ചുമണ്ടയ്‌ക്കാട്‌ (കൊല്ലം) ഭഗവതീക്ഷേത്രം, കൊട്ടാരക്കര തിരുവാക്കനാട്‌ തൃക്കോവില്‍ ക്ഷേത്രം, തൃശൂര്‍ വാരക്കര ഭഗവതീക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച്‌ വഴിപാടായി നടത്തിവരുന്ന കാളവേല ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നുണ്ട്‌.

തമിഴ്‌നാട്ടിലെ പൊയ്‌ക്കുതിര നൃത്തത്തോടു സാദൃശ്യമുള്ള കാളവേല ചിലയിടങ്ങളില്‍ കാളതുള്ളല്‍ എന്ന പേരിലും അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B5%87%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍