This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളപ്പോര്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളപ്പോര്‌

Bullfighting

സ്‌പെയിനിലെ ദേശീയ വിനോദം. പ്രത്യേകം തയ്യാറാക്കിയ അരങ്ങില്‍ വച്ച്‌ ടാറസ്‌-1 ഇനത്തില്‍പ്പെട്ട കാട്ടുകാളകളുമായി മനുഷ്യര്‍ ഏറ്റുമുട്ടി അവയെ വധിക്കുന്നു. കാളയെ ഓടിക്കുക എന്നര്‍ഥമുള്ള കോറിഡാ ഡി ടോറസ്‌ എന്നാണ്‌ സ്‌പെയിനില്‍ ഈ വിനോദത്തിന്റെ പേര്‌. സ്‌പെയിനിന്റെ സ്വന്തമെന്നവകാശപ്പെടാവുന്ന ഈ വിനോദം പില്‌ക്കാലത്ത്‌ മെക്‌സിക്കോ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോര്‍, ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും ജനപ്രീതി നേടി. ഓരോ സ്ഥലത്തും മത്സരത്തിന്റെ രീതിക്ക്‌ അല്‌പാല്‌പം വൈജാത്യം കാണുന്നുണ്ട്‌.

കാളപ്പോരു സംഘം മത്സരത്തിനുമുമ്പ്‌

ചരിത്രം. പ്യൂണിക്‌ യുദ്ധത്തിനു മുമ്പുതന്നെ കെല്‍ടിക്‌ വര്‍ഗക്കാര്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന കാട്ടുകന്നുകാലികളുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നു. ഇവയെ വേട്ടയാടല്‍ ഒരു തൊഴില്‍ എന്നതിലുപരി ഒരു വിനോദമാക്കി അവര്‍ വളര്‍ത്തികൊണ്ടു വന്നു. നാട്ടുകാളകളെ ഉപയോഗിച്ച്‌ ഉഗ്ര ശൗര്യഗുണമുള്ള കാട്ടുകാളകളെ മെരുക്കിയെടുത്ത ഇവര്‍ അവയെ കാളപ്പടയെന്ന നിലയില്‍ യുദ്ധത്തിനുപയോഗിച്ചു. ബി. സി. 228-ല്‍ ഇലിസിനഗരത്തില്‍ കാര്‍ത്തേജുകാരനായ കാര്‍ബര്‍കാ ഒരു പണ്ടകശാല സ്ഥാപിച്ചതിനെത്തുടര്‍ന്ന്‌ നഗരം ഉപരോധിച്ച കെല്‍ടിക്‌ വര്‍ഗക്കാര്‍ കാളകളെ ഉപയോഗിച്ച്‌ ബാല്‍കായെ വധിക്കുകയും അയാളുടെ സൈന്യത്തെ തോല്‌പ്പിക്കുകയും ചെയ്‌തു. ടാറസ്‌കാളകളെ രഥത്തില്‍ തളച്ചുനിര്‍ത്തി അവയുടെ കൊമ്പുകളില്‍ പന്തങ്ങള്‍ കത്തിച്ചുവച്ച്‌ മറ്റു വളര്‍ത്തുകാളകളുടെ അകമ്പടിയോടുകൂടി യുദ്ധരംഗത്തേക്ക്‌ ആനയിക്കുകയാണുണ്ടായത്‌. അസാധാരണമായ ഈ കാളസേനാവ്യൂഹത്തിന്റെ ആക്രമണം കണ്ടു റോമക്കാരും കാര്‍ത്തേജുകാരും സ്‌തബ്‌ധരായിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം കാളകളോടു പൊരുതി അവയെ അടിച്ചു കൊല്ലുക എന്നത്‌ സാഹസികനായ പുരുഷന്റെ മേന്മയായാണ്‌ അന്നു കരുതപ്പെട്ടിരുന്നത്‌.

ബി.സി. 95-നും 45-നുമിടയ്‌ക്കാണ്‌ റോമില്‍ ആദ്യമായി കാളപ്പോരു നടന്നത്‌. പുതിയതരം വിനോദങ്ങളില്‍ അത്യധികം തത്‌പരനായിരുന്ന ജൂലിയസ്‌ സീസറാണ്‌ ആദ്യമായി റോമില്‍ കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിനു വേദി ഒരുക്കിയത്‌. അഭ്യാസക്കളരികളില്‍ ഇത്തരം കാളക്കൂറ്റന്മാരോട്‌ തെസ്സാലിയന്‍ അശ്വഭടന്മാരും ഐബീരിയക്കാരും ഏറ്റുമുട്ടിയിരുന്നതിനെക്കുറിച്ചു രേഖകളുണ്ട്‌. ഇവര്‍ കാളക്കൂറ്റന്മാരെ കളരിയിലൂടെ ഓടിച്ചോടിച്ചു തളര്‍ത്തിയശേഷം അവയുടെ പുറത്തു ചാടിക്കയറിയിരുന്നു കൊമ്പുകളില്‍ ബലമായി പിടിച്ചു വെട്ടിച്ചു മുക്കു കുത്തിക്കുകയായിരുന്നു പതിവ്‌. ഈ വിനോദത്തോടുള്ള അത്യധികമായ ജനപ്രീതി കണക്കിലെടുത്തുകൊണ്ടു കാളപ്പോര്‌ നടത്താനായി "സ്റ്റാലിയസ്‌ ടാറസ്‌' എന്ന പേരില്‍ ഒരു "ആംഫി തിയെറ്റര്‍' തന്നെ അഗസ്റ്റസ്‌ സീസര്‍ നിര്‍മിക്കുകയുണ്ടായി. ഐബീരിയക്കാരുടെ പ്രത്യേക ശൈലിയിലുള്ള "ടാറിലിയ' എന്ന കാളപ്പോരാണ്‌ ഇവിടെ പ്രദര്‍ശിപ്പിച്ചു വന്നത്‌.

കാളപ്പോരിനു തയ്യാറാക്കിയ കാള

ഗോത്തുകള്‍, വിസിഗോത്തുകള്‍, വാന്‍ഡലുകള്‍ തുടങ്ങിയ വര്‍ഗക്കാര്‍ ഐബീരിയന്‍ ഉപദ്വീപ്‌ അധീനപ്പെടുത്തിയപ്പോള്‍ അവിടത്തെ ആചാരക്രമങ്ങള്‍ക്കും വളരെ മാറ്റം സംഭവിച്ചു. മനുഷ്യരിലെ മൃഗീയശക്തിക്കു കാളക്കൂറ്റന്മാര്‍ അടിപ്പെടുന്ന ഈ മത്സര വിനോദത്തിനു വിസിഗോത്തുഭരണകാലത്ത്‌ (എ.ഡി.410-711) വളരെയേറെ പ്രചാരം ഉണ്ടായി. സിറിയാക്കാരും ആഫ്രിക്കയല്‍നിന്നു കുടിയേറിയ മുസ്‌ലിങ്ങളും കലാപരമായ ചില അംശങ്ങളും കൂടി ഉള്‍പ്പെടുത്തി ഈ വിനോദത്തെ വികസിപ്പിച്ചെടുത്തു. ഒന്നാന്തരം കുതിരസവാരിക്കാരായിരുന്ന മുസ്‌ലിങ്ങള്‍ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ കുന്തം കൊണ്ടു കുത്തി കാളയെ വധിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. അരങ്ങിലൂടെ ഓടി കാളകളെ തടുത്തു നിര്‍ത്തുന്ന പണി ഇവര്‍ സേവകര്‍ക്കു വിട്ടുകൊടുത്തു. മൂറിഷ്‌ പ്രഭുക്കളും ക്രിസ്‌ത്യാനികളായിരുന്ന ഐബീരിയന്‍ പ്രഭുക്കളും തമ്മില്‍ വൈരാഗ്യം വച്ചു പുലര്‍ത്തിയിരുന്നതിനാല്‍ ഇരുകൂട്ടരും കാളപ്പോര്‌ മത്സരക്കളിയായി സംഘടിപ്പിക്കുന്നതില്‍ താത്‌പര്യം കാണിച്ചിരുന്നു.

1492-ല്‍ ഫെര്‍ഡിനന്‍ഡും ഇസബെല്ലയും മുസ്‌ലിങ്ങളെ സ്‌പെയിനില്‍ നിന്ന്‌ തുരത്തിയെങ്കിലും പ്രഭുക്കന്മാരുടെ ഇടയിലെ ഒരു വിനോദമായിത്തന്നെ കാളപ്പോര്‌ തുടര്‍ന്നു. ആസ്റ്റ്രിയന്‍ രാജവംശം ഭരണമേറ്റതോടെ കാളപ്പോര്‌ രാജകീയാഘോഷങ്ങളുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമായി മാറി. ചാള്‍സ്‌ഢ തന്റെ മകനായ ഫിലിപ്പ്‌-കകന്റെ പിറന്നാളാഘോഷിച്ചത്‌ ഒരു കാളയെ സ്വന്തം കൈകൊണ്ടു വധിച്ചുകൊണ്ടായിരുന്നു. ഫിലിപ്പ്‌-IV-ാമന്റെ കാലത്ത്‌ കാളയെ വധിക്കുന്നതിനു നീണ്ട കുന്തങ്ങള്‍ക്കു പകരം ചെറിയ കുന്തങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. അക്കാലത്ത്‌ കാളപ്പോര്‌ "ടൂര്‍ണമെന്റുകളും' നടത്തിയിരുന്നു.

1700-ഓടുകൂടി പോരുകാള വളര്‍ത്തല്‍ ലാഭകരമായ ഒരു ഉപജീവനമാര്‍ഗമായിത്തീര്‍ന്നു. സ്‌പെയിന്‍, ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍, ഇറ്റലി എന്നിവിടങ്ങളിലെ രാജകൊട്ടാരങ്ങള്‍ തുടങ്ങി സ്‌പെയിനിലെ കാത്തോലിക്കാദേവാലയങ്ങള്‍ വരെ നല്ലയിനം കാളക്കൂറ്റന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അന്യോന്യം മത്സരിച്ചിരുന്നു.

കാളപ്പോരിനെതിരായി പോപ്പിന്റെ ശക്തിയായ സ്വരം ഉയരുകയും കാളപ്പോര്‌ നടത്തുന്നവരെ സഭയില്‍ നിന്നു ബഹിഷ്‌കരിക്കുമെന്നു ഭീഷണി ഉണ്ടാവുകയും ചെയ്‌തതോടെ പ്രഭുക്കന്മാര്‍ ഈ മത്സരരംഗത്തു നിന്നും പിന്‍വാങ്ങി. തുടര്‍ന്ന്‌ അവരുടെ സേവകര്‍ ഈ രംഗത്തു "പ്രാഫഷണലു'കളായി പ്രവേശിച്ചു. കാളയെ വധിക്കുന്നതിന്‌ കീഴ്‌വഴക്കമനുസരിച്ചു കുന്തങ്ങള്‍ക്കുപകരം വാളുകളാണ്‌ ഇവര്‍ ഉപയോഗിച്ചത്‌. ഇക്കാലത്തെ ഏറ്റവും പ്രശസ്‌തനായ പോരാളി അന്‍ഡലൂസിയക്കാരനായ ഫ്രാന്‍സിസ്‌കോ റെമെറോ ആയിരുന്നു. കാളയെ വധിക്കാനുള്ള ഉപകരണങ്ങളായി ഇന്നും ഉപയോഗിക്കുന്ന വാളും തുണിയും ആദ്യമായി ഉപയോഗിച്ചത്‌ ഇദ്ദേഹമാണ്‌.

കാളയെ ഒരുക്കല്‍. കോറിഡാ(കാളപ്പോര്‌)യ്‌ക്കു വേണ്ടി പ്രത്യേകമായി കാളകളെ വളര്‍ത്തി എടുക്കുകയാണ്‌ ചെയ്യുന്നത്‌. പാലുകുടി മാറുന്ന പ്രായത്തില്‍ പ്രതിരോധകുത്തിവയ്‌പ്പും കാച്ചലും നടത്തിയശേഷം കാളക്കുട്ടികളെ തുറന്ന വയലുകളിലൂടെ ഓടിച്ച്‌ ശക്തി പരിശോധിക്കുന്നു. ലക്ഷണവും ഉശിരും ഉള്ളവയെ പ്രത്യേകം തിരഞ്ഞെടുത്തു വളര്‍ത്തി മൂന്നു വയസ്സാകുമ്പോള്‍ പലതരം പരീക്ഷണങ്ങളിലൂടെ ഇവയുടെ വീറു വീണ്ടും പരിശോധിക്കുന്നു. ഏറ്റവും നല്ലവയെ മാറ്റിയശേഷം ബാക്കി മൂരികളെ അറവുശാലയിലേക്ക്‌ അയയ്‌ക്കുന്നു. പ്രത്യേകമായി സംരക്ഷിച്ചു വളര്‍ത്തുന്നവയാകയാല്‍ ഇവയുടെ ഇറച്ചിക്കു വിപണിയില്‍ വലിയ പ്രിയമാണ്‌. തിരഞ്ഞെടുക്കപ്പെട്ട മൂരിക്കുട്ടികളെ 15 കൊല്ലം വരെ സംരക്ഷിക്കുന്നു. ഇതിനിടയില്‍ ചെറുതരം അരങ്ങുകളില്‍ വിട്ട്‌ ഇവയുടെ വീറു പരീക്ഷിക്കാറുമുണ്ട്‌. ഒരേ കാളയെ ഒരിക്കലും രണ്ടു തവണ പോരിന്‌ ഇറക്കാറില്ല. അവയുടെ ഓര്‍മശക്തി സൂക്ഷ്‌മമായതിനാല്‍ പഴയ അനുഭവം അവയുടെ വീറു നശിപ്പിക്കുമെന്നതാണിതിനു കാരണം. എല്ലാ കാലികളും വര്‍ണാന്ധതയുള്ളവയാണ്‌. കാളപ്പോരുകാരന്‍ ഉപയോഗിക്കുന്ന വര്‍ക്‌ക്യാപ്പിനും (cape) തുണി(Muleta)ക്കും ചുവപ്പു നിറം തിരഞ്ഞെടുത്തിരിക്കുന്നത്‌ കാളയെ വിരട്ടാനല്ല, അതിനെ വധിക്കുമ്പോഴുണ്ടാകുന്ന രക്തപ്രവാഹം കുറച്ചൊക്കെ മറയ്‌ക്കാനും പ്രദര്‍ശനം വര്‍ണശബളമാക്കുവാനുമാണ്‌.

ഒരു സംഘമായാണ്‌ പ്രാഫഷണല്‍ കാളപ്പോരുകാര്‍ പോരില്‍ പങ്കെടുക്കാറുള്ളത്‌. ഇവര്‍ മിക്കവരും സ്‌പെയിന്‍കാരായിരിക്കും.ഇവയില്‍ പ്രധാനിയെ മറ്റഡോര്‍ (Matador) എന്നു പറയുന്നു. "ഘാതകന്‍' എന്നാണ്‌ "മറ്റഡോര്‍' എന്ന വാക്കിനര്‍ഥം. കാളയെ വധിക്കാനുള്ള ചുമതല മറ്റഡോറിനാണ്‌. അയാളുടെ സഹായികളാണ്‌ "ബാന്‍ഡെറില്ലെറോ'(Banderillero)കളും "പിക്കഡോര്‍'(Picador)കളും. മുനയുള്ള വടി (ബാന്‍ഡറില്ല)കൊണ്ടു കാളയെ എറിയുകയും ക്യാപ്പ്‌ കാണിച്ചു വിരട്ടുകയുമാണ്‌ ഇവര്‍ ചെയ്യേണ്ടത്‌. കുതിരപ്പുറത്തേറിയ സഹായികളാണ്‌ പിക്കഡോറുകള്‍. ഇവരുടെ കൈയില്‍ ചെറുതരം കുന്തങ്ങള്‍ ഉണ്ടായിരിക്കും.

ഒരു കാളപ്പോരു മത്സരത്തില്‍ സാധാരണ ആറുകാളകളെയാണ്‌ വധിക്കുക. ഒരു നേതാവിന്‌ സാധാരണ ആറു സഹായികള്‍ കാണും. 20-നും 35-നും ഇടയ്‌ക്കു പ്രായമുള്ള യുവാക്കളാണ്‌ കാളപ്പോരില്‍ പങ്കെടുക്കുന്ന അഭ്യാസികള്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‌ക്കുന്ന കുടുംബങ്ങളില്‍ നിന്ന്‌ അഭ്യാസികള്‍ മത്സരരംഗത്തെത്തുന്നത്‌ കാളപ്പോരിലൂടെ പെട്ടെന്നു നേടിയെടുക്കാവുന്ന സമ്പത്തില്‍ ആകൃഷ്‌ടരായാണ്‌. ""കൂര്‍ത്തു മൂര്‍ത്ത രണ്ടു കൊമ്പുകള്‍ കാവല്‍ നില്‌ക്കുന്ന ധനക്കൂമ്പാരമാണ്‌ കാളപ്പോര്‌ എന്നൊരു ചൊല്ലുതന്നെ സ്‌പെയിനില്‍ പ്രചാരത്തിലുണ്ട്‌. അറിയപ്പെട്ടിട്ടുള്ള അതിപ്രഗല്‌ഭരായ അഭ്യാസികളില്‍ പലരും ആ കൂര്‍ത്തു മൂര്‍ത്ത കൊമ്പുകള്‍ക്ക്‌ ഇരയായിട്ടുണ്ടെന്ന സത്യം ഈ ചൊല്ലിനെ അര്‍ഥവത്താക്കുന്നു. കാളപ്പോരുകാര്‍ 12-ാമത്തെ വയസ്സിലാണ്‌ അഭ്യാസം ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ വര്‍ഷങ്ങളോളം പലതരം കാളകളോടു വിവിധ ഋതുക്കളില്‍ പൊരുതി ശീലിക്കുന്നു. ഇടത്തരം അരങ്ങുകളില്‍ മാത്രമേ ഇക്കാലത്ത്‌ അവരുടെ പ്രദര്‍ശനം നടത്തുകയുള്ളു. പ്രത്യേക ചടങ്ങുകളോടെയാണ്‌ അരങ്ങേറ്റം നടത്തുക. അരങ്ങില്‍ വച്ചു മൂത്ത അഭ്യാസി ഇളമുറക്കാരന്‌ ആചാരപ്രകാരം തൊപ്പിയും വാളും സമ്മാനിക്കുന്നതോടെ അയാള്‍ക്ക്‌ വലിയ കാളക്കൂറ്റന്മാരോടു പൊരുതാനുള്ള അവകാശം ലഭിക്കുന്നു.

ചുവന്ന സില്‍ക്‌ റോസെറ്റ്‌ കാളയെ കാണിക്കുന്നു

പ്രത്യേക തരത്തിലുള്ള വര്‍ണശബളമായ വേഷമാണ്‌ അഭ്യാസികള്‍ ധരിക്കുന്നത്‌. ചെറിയ ജാക്കറ്റ്‌, വെയ്‌സ്റ്റ്‌കോട്ട്‌, മുട്ടുവരെയെത്തിപ്പറ്റിപ്പിടിച്ചുകിടക്കുന്ന സില്‍ക്ക്‌ ട്രൗസര്‍ (ഇതില്‍ വെള്ളിനൂലുകൊണ്ടും സ്വര്‍ണനൂലുകൊണ്ടും ചിത്രത്തുന്നലുകള്‍ ചെയ്‌തു മോടിപിടിപ്പിച്ചിരിക്കും. തുന്നല്‍കൊണ്ടു ഭംഗിപ്പെടുത്തിയ സാറ്റിന്‍ഡ്രസ്‌ക്യാപ്‌, പവിഴനിറത്തിലുള്ള കട്ടിയേറിയ കാലുറകള്‍, കറുത്തചെരുപ്പ്‌, പ്രത്യേകരീതിയില്‍ തുന്നിയുണ്ടാക്കിയ തൊപ്പി (മൊന്‍ടിറാസ്‌) എന്നിവ മറ്റഡോര്‍മാരുടെ വേഷഭൂഷാദിയില്‍പെടും. മറ്റഡോര്‍ അണിഞ്ഞൊരുങ്ങാന്‍ സാധാരണ ഒരു മണിക്കൂറോളം സമയം എടുക്കാറുണ്ട്‌. ബാന്‍ഡെറില്ലെറോകള്‍ ഇതേ വേഷഭൂഷാദികള്‍തന്നെ ധരിക്കുമെങ്കിലും അവരുടെ വസ്‌ത്രങ്ങളിലെ തുന്നല്‍പ്പണിക്കു സ്വര്‍ണനൂലുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണു ചട്ടം. വീതിയുള്ള അരികുകളോടുകൂടിയപതിഞ്ഞ തൊപ്പി, ജാക്കറ്റ്‌, വെയ്‌സ്റ്റ്‌കോട്ട്‌, വലതുകാലില്‍ കണങ്കാല്‍ വരെയും ഇടതുകാലില്‍ മുട്ടു വരെയും ഉള്ള ഉരുക്കുചട്ട, ശ്വേതപീത നിറത്തിലുള്ള മാന്‍തോല്‍ ട്രൗസറുകള്‍, കട്ടിയുള്ള മാന്‍തോല്‍ ബൂട്ട്‌സ്‌ എന്നിവയാണ്‌ പിക്കഡോറുകള്‍ ധരിക്കുന്നത്‌. ഇവരുടെ വസ്‌ത്രങ്ങളില്‍ ചിത്രത്തുന്നല്‍ ഉണ്ടായിരിക്കുകയില്ല.

കാളപ്പോരിനിടെ മറ്റഡോര്‍

കാളപ്പോര്‌ മൂന്നു ഘട്ടങ്ങളായാണ്‌ നടത്താറുള്ളത്‌. അഭ്യാസികളും സഹായികളും കറുത്ത യൂണിഫോം അണിഞ്ഞ പൊലീസുകാരും ചേര്‍ന്നു നടത്തുന്ന ഉദ്‌ഘാടനഘോഷയാത്ര അരങ്ങുമുറിച്ചുകടക്കുമ്പോള്‍, കാളയെ പൂട്ടിയിരിക്കുന്ന തൊഴുത്തിന്റെ താക്കോല്‍ മേയറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ എറിഞ്ഞുകൊടുക്കുന്നു. അങ്കത്തിനാവശ്യമുള്ളവരൊഴിച്ചുള്ളവര്‍ അരങ്ങുവിട്ടു മാറുന്നതോടെ തൊഴുത്തിന്റെ ചുമതല വഹിക്കുന്ന ആള്‍ തൊഴുത്തു തുറന്നു കാളയെ പുറത്തേക്ക്‌ വിടും. കാള തൊഴുത്തിന്റെ വാതില്‍ കടന്നു തുടങ്ങുമ്പോള്‍ തൊഴുത്തിനുമുകളില്‍ ഇരുന്നുകൊണ്ട്‌ ഒരു സേവകന്‍ ചുവന്ന സില്‍ക്ക്‌ റൊസെറ്റെ കാളയുടെ ഉപ്പൂടിയില്‍ ഇടുന്നു. തുടര്‍ന്നു ബാന്‍ഡെറില്ലെറോകള്‍ ഓരോരുത്തരായി കാളയെ വെകിളി പിടിപ്പിക്കുന്നു. മറ്റഡോര്‍ മാറിനിന്നു കാളയുടെ ആക്രമണരീതി നിരീക്ഷിക്കുകയും, ഒരു കൊമ്പുകൊണ്ടു പൊരുതുന്നവനാണോ, സൂക്ഷ്‌്‌മദൃക്കാണോ എന്നൊക്കെ മനസ്സിലാക്കുകയും ചെയ്യുന്നു. പത്തു നിമിഷത്തിനുള്ളില്‍ പൊരുതാനുള്ള സൂചന മറ്റഡോറിന്‌ ബ്യൂഗിളിലൂടെ നല്‍കും. മറ്റഡോര്‍ തന്റെ വര്‍ക്‌ക്യാപ്പ്‌ ഉപോഗിച്ചു കാളയുടെ ശ്രദ്ധ ആകര്‍ഷിച്ച്‌ അതിനെ അരങ്ങിലെ പ്രധാന ഭാഗത്തേക്കു പായിക്കുന്നു. ബ്യൂഗിള്‍ വിളിവീണ്ടും ഉയരുന്നതോടെ "പിക്കഡോര്‍'മാര്‍ അരങ്ങിലെത്തി നിശ്ചിത ഭാഗങ്ങളില്‍ നില ഉറപ്പിക്കുന്നു. ഇതോടെ കര്‍ണഭേദകമായ ശബ്‌ദത്തില്‍ കാഹളം മുഴക്കുന്നു.

പിക്കഡോര്‍മാരുടെ കുതിരകളെ കണ്ടാലുടനെ ആക്രമണോത്സുകനായി കാളക്കൂറ്റന്‍ മുന്നോട്ടു കുതിക്കും. ആ ആക്രമണത്തെ തടസ്സപ്പെടുത്താനായി പിക്കഡോര്‍മാര്‍ തങ്ങളുടെ ചെറുകുന്തങ്ങള്‍ കാളയുടെ കഴുത്തിനും തോളെല്ലിനും ഇടയിലായി കുത്തിക്കയറ്റുന്നു. തുടര്‍ന്ന്‌ പിക്കഡോര്‍മാരും ഒന്നുരണ്ടു ബാന്‍ഡെറില്ലെറോകളും അരങ്ങൊഴിഞ്ഞുമാറും. ബാക്കിയുള്ള ബെന്‍ഡെറില്ലെറോകള്‍ കൂര്‍ത്തമുനയുള്ള വടികള്‍ കാളയുടെ കഴുത്തിന്റെ മധ്യഭാഗത്തായി എറിഞ്ഞുപിടിപ്പിക്കുന്നു. കാളയില്‍ നിന്നും 60-90മീ. അകലേക്കുമാറിനിന്ന്‌ അട്ടഹാസങ്ങള്‍ മുഴക്കിയും ഭയപ്പെടുത്തുന്ന ആംഗ്യങ്ങള്‍ കാട്ടിയും ആണ്‌ ഓരോ ചെറുവടിയും എറിയുന്നത്‌. ഇതോടെ കോപാന്ധനായ കാളക്കൂറ്റന്‍ മുന്നോട്ടു കുതിക്കുമ്പോള്‍ ബാന്‍ഡെറില്ലെറോകള്‍ അല്‌പം ചരിഞ്ഞു മുന്നോട്ടോടിച്ചെന്നു മറ്റഡോര്‍ നിര്‍ദേശിക്കുന്ന ഭാഗങ്ങളില്‍ വീണ്ടും കൂര്‍ത്ത മുനയുള്ള വടികള്‍ എറിഞ്ഞു കയറ്റുന്നു. തുടര്‍ന്നു കാളക്കൂറ്റനെ വധിക്കാന്‍ ബ്യൂഗിളിലൂടെ നിര്‍ദേശിക്കുന്നു. ഇതിനെ "സത്യത്തിന്റെ സമയം' (hour of truth) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. അതായത്‌ മറ്റഡോറിന്റെ മാറ്റുതെളിയുന്ന സമയം എന്നര്‍ഥം. മറ്റഡോര്‍ തനിച്ചാണ്‌ വധം നടത്തുന്നത്‌. അയാള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ബാന്‍ഡെറില്ലെറോകള്‍ രംഗത്തു വരുകയുള്ളൂ. കൃത്യമായ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ വധം നടത്തുവാന്‍ പാടുള്ളൂ. ആചാരവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ "മറ്റഡോര്‍'ക്ക്‌ പിഴയോ തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. മേയറുടെ ഇരിപ്പിടത്തിനു തൊട്ടുതാഴെയാണ്‌ വധോദ്യമത്തിനായി മറ്റഡോര്‍ നിലകൊള്ളേണ്ടത്‌. അയാള്‍ വലതുകൈയില്‍ വേട്ടക്കാരുടെ ഒരു തരം തൊപ്പിയും (Muleta) ഇടതുകൈയില്‍ ചുമന്ന തുണികഷ്‌ണവും (Estoque)വാളും (Montero) ധരിച്ചിരിക്കും. തുടര്‍ന്നു കാളയെ ബലിയര്‍പ്പിക്കാനുള്ള ഔപചാരികമായ അനുവാദം തേടുന്നു. ഒരേ നിലയില്‍ നിന്നുകൊണ്ടാണ്‌ മറ്റഡോര്‍ കാളയുടെ ആക്രമണത്തെ നേരിടുന്നത്‌. അത്യധികം ധീരതയും മനസ്സുറപ്പും ആവശ്യമായിട്ടുള്ള ഒരു സന്ദര്‍ഭമാണിത്‌. വധിക്കാനല്ലാതെ അടിക്കാനോ തടയാനോ വാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടതുകൈയിലെ ചുമന്നതുണികൊണ്ട്‌ കാളയുടെ മുഖം അടിച്ചുകുനിച്ചശേഷം വലതുകൈയിലെ വാള്‍ കാളയുടെ തോളെല്ലും കഴുത്തും ചേരുന്ന ഭാഗത്തു തറച്ചുകയറ്റുന്നു. കത്തി മറുകോണായി തറപ്പിച്ചുകയറ്റി ഹൃദയ ധമനിയെ പിളര്‍ന്ന്‌, യാതൊരു രക്തച്ചൊരിച്ചിലിനും ഇടനല്‌കാതെ തത്‌ക്ഷണമരണം സംഭവിക്കുകയാണ്‌ വേണ്ടത്‌. ഇത്തരത്തിലുള്ള വധമാണ്‌ ഒട്ടും പിഴയില്ലാത്തതായി കണക്കാക്കപ്പെടുന്നത്‌. ശ്വാസകോശത്തില്‍ കത്തി കടന്നുപോയാലാണ്‌ രക്തപ്രവാഹം ഉണ്ടാകുന്നത്‌; ഇത്‌ മികച്ച പ്രകടനമായി കണക്കാക്കുകയില്ല. വധത്തിനുശേഷം വിജയശ്രീ ലാളിതനായി മറ്റഡോര്‍ അരങ്ങിനുചുറ്റും നടന്നു ഹര്‍ഷപുളകിതരായി അക്രാശം പുറപ്പെടുവിക്കുന്ന കാണികളുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കും; തുടര്‍ന്ന്‌ സമ്മാനം ഏറ്റുവാങ്ങും. മികച്ച രീതിയില്‍ വധം നടത്തുന്ന മറ്റഡോര്‍ക്ക്‌ പണത്തിനുപുറമേ വധിക്കപ്പെട്ട കാളയുടെ ചെവിയും അറുത്തു നല്‍കാറുണ്ട്‌. ഏറ്റവും മെച്ചമായ പ്രകടനം നടത്തിയാല്‍ രണ്ടു ചെവിയും നല്‌കും. പ്രകടനം അസാധാരണമാംവിധം ഭംഗിയായാല്‍ രണ്ടു ചെവിയും വാലും നല്‍കും. ഇവ മറ്റഡോറിന്റെ വാസസ്ഥലത്തേക്ക്‌ ആരാധകര്‍ തോളിലേറ്റി ഘോഷയാത്രയായി കൊണ്ടുകൊടുക്കുകയാണ്‌ പതിവ്‌. മറ്റഡോര്‍ പോയികഴിഞ്ഞാല്‍ അയാളുടെ ഒരു സഹായി കാളയെ കത്തികൊണ്ട്‌ പിളര്‍ന്ന്‌ അരങ്ങില്‍ നിന്നും മാറ്റുന്നു. തുടര്‍ന്ന്‌ അടുത്തകാളയെ രംഗത്തിറക്കുന്നു.

മെക്‌സിക്കോ നഗരത്തിലെ പ്ലാസാ മെക്‌സിക്കോയാണ്‌ ലോകത്തിലെ ഏറ്റവും വലിയ കോറിഡാ തിയെറ്റര്‍. ഇവിടെ 50,000 കാണികള്‍ക്ക്‌ ഇരിക്കാം. 1,500 മുതല്‍ 23,000 വരെ പേര്‍ക്ക്‌ ഇരിക്കാവുന്ന തരത്തിലുള്ള 400 അരങ്ങുകള്‍ സ്‌പെയിനിലുണ്ട്‌. പോര്‍ച്ചുഗീസുകാര്‍ കുതിരപ്പുറത്തിരുന്നുകൊണ്ടാണ്‌ കാളപ്പോരു നടത്തുന്നത്‌. ഇവിടെ കാളയെ തോല്‌പ്പിക്കാനേ പാടുള്ളു; വധിക്കുന്നതു നിരോധിച്ചിട്ടുണ്ട്‌.

ജെല്ലിക്കെട്ട്‌ വിനോദം

വിദഗ്‌ധനായ ഒരു മറ്റഡോര്‍ ഒരു സീസണില്‍ 100 കാളപ്പോരുകള്‍ വരെ നടത്താറുണ്ട്‌. സ്‌പെയിന്‍കാരനായ ജുവാന്‍ ബെല്‍മോന്റെ, ലൂയി മിഗ്വര്‍ ഡൊമിന്‍ഗ്വിന്‍, ജോസെ ഗോമെസ്‌ ഒര്‍ടിഗാ എന്നിവരും മെക്‌സിക്കോക്കാരായ കാര്‍ലോ അറൂസാ, റൊഡാള്‍ഫോ ഗയോന, സില്‍വേറിയോ പെറിസ്‌, മനോലോ എസ്‌പിനോസാ എന്നിവരും കാളപ്പോരു കളരിയിലെ പേരെടുത്ത മല്ലന്മാരാണ്‌.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന്‌ കാളപ്പോര്‌ നിരോധിക്കപ്പെട്ടിട്ടുണ്ട്‌. ചില രാജ്യങ്ങളില്‍ കാളപ്പോര്‌ നടക്കുന്ന അങ്കണത്തില്‍ വച്ച്‌ കാളയെ കൊല്ലുവാന്‍ അനുവാദമില്ല. കാളപ്പോരിനെ അനുകൂലിക്കുന്നവര്‍ ഇതിനെ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ കാണുന്നത്‌. എന്നാല്‍, കാളക്കൂറ്റനെ നിരവധി തവണ മുറിവേല്‌പിച്ച്‌ അതിക്രൂരമായി കൊല്ലുന്ന ഈ വിനോദത്തെ മൃഗസ്‌നേഹികള്‍ നിശിതമായി എതിര്‍ക്കുന്നു. 2002-ല്‍ കാളപ്പോരിന്റെ നാടായ സ്‌പെയിനില്‍ നടന്ന ഒരു ഗ്യാലപ്‌പോളില്‍ 68.8 ശതമാനം പേര്‍ കാളപ്പോരിനെ പ്രതികൂലിച്ചു. 20.6 ശതമാനം പേര്‍ ചെറിയ താത്‌പര്യം പ്രകടമാക്കിയപ്പോള്‍ 10.4 ശതമാനം പേര്‍ മാത്രമാണ്‌ അതിയായ താത്‌പര്യം രേഖപ്പെടുത്തിയത്‌.

തമിഴ്‌നാട്ടില്‍ "പൊങ്കല്‍' ഉത്സവത്തോടനുബന്ധിച്ച്‌ നടത്തുന്ന "ജെല്ലിക്കെട്ട്‌' കാളകളെ മെരുക്കുന്ന ഒരു കായികവിനോദമാണ്‌. ജെല്ലിക്കെട്ട്‌ വീരന്മാര്‍ ആയുധങ്ങള്‍ ഉപയോഗിക്കുകയോ, കാളകളെ കൊല്ലുകയോ ചെയ്യുന്നില്ല എന്നത്‌ ഈ വിനോദത്തെ കാളപ്പോരില്‍നിന്നും തികച്ചും വ്യത്യസ്‌തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍