This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളകൂടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാളകൂടം

ഭാരതീയേതിഹാസമനുസരിച്ച്‌, ദേവാസുരന്മാര്‍ അമൃതിനുവേണ്ടി പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ ഉഗ്രവിഷം.

പാലാഴിമഥനത്തെപ്പറ്റിയുള്ള പുരാണകഥ ഇങ്ങനെയാണ്‌: മേനക എന്ന അപ്‌സരസ്സ്‌ ദുര്‍വാസാവ്‌ മഹര്‍ഷിക്ക്‌ ഒരു കല്‌പകപ്പൂമാല സമ്മാനിച്ചു. ദേവലോകത്തുചെന്ന മഹര്‍ഷി അത്‌ ഇന്ദ്രനു കൊടുത്തു. ഇന്ദ്രന്‍ ആ മാല ഐരാവതത്തിന്റെ മസ്‌തകത്തില്‍ വച്ചു. സുഗന്ധത്താല്‍ ആകൃഷ്‌ടമായ വണ്ടുകളുടെ ശല്യം നിമിത്തം ഐരാവതം ആ മാല ദൂരെയെറിഞ്ഞു. കുപിതനായ ദുര്‍വാസാവ്‌ ഇന്ദ്രനെ "സകലൈശ്വര്യങ്ങളും നഷ്‌ടപ്പെട്ട്‌ ജരാനരകള്‍ ബാധിക്കട്ടെ' എന്നു ശപിച്ചു. ദേവന്മാര്‍ വിഷമിച്ചു. ശാപത്തിനു പരിഹാരമായി പാലാഴി കടഞ്ഞുകിട്ടുന്ന അമൃതം ഭക്ഷിച്ചാല്‍ മതിയെന്നു മഹര്‍ഷി നിര്‍ദേശിച്ചു. മന്ദരപര്‍വതത്തെ മത്താക്കിയും വാസുകി എന്ന സര്‍പ്പത്തെ പാശമാക്കിയും പാലാഴി മഥനം നടത്തി.

മഥനത്തില്‍ ആദ്യമായി പൊന്തിവന്നത്‌ കാളകൂടം എന്ന ഉഗ്രവിഷമായിരുന്നു. ഇത്‌ വാസുകി ചര്‍ദിച്ച വിഷമാണെന്നുപറയപ്പെടുന്നു. അതല്ല, കാലനെക്കൂടി ദഹിപ്പിക്കാന്‍ കെല്‌പ്പുള്ള കാളവര്‍ണമായ ഈ ഘോരവിഷം പാലാഴിയില്‍ നിന്നുതന്നെ പൊന്തിവന്നതാണെന്നും അഭിപ്രായമുണ്ട്‌. ഈ വിഷത്തിന്റെ ജ്വാലകളില്‍ പ്രപഞ്ചമാകെ നശിച്ചുപോകുമെന്ന്‌ ദേവന്മാര്‍ വ്യാകുലപ്പെട്ടു. അപ്പോള്‍ ശിവന്‍ അത്‌ ഏറ്റുവാങ്ങികുടിച്ചു. ഇതുകണ്ടു സംഭ്രമിച്ച പാര്‍വതി വിഷം കീഴോട്ടിറങ്ങാതിരിക്കാന്‍ ശിവന്റെ കഴുത്തില്‍ മുറുകെപ്പിടിക്കുകയും തുപ്പിക്കളയാതിരിക്കാന്‍ വിഷ്‌ണു ശിവന്റെ വായ്‌പൊത്തിപ്പിടിക്കുകയും ചെയ്‌തു. തന്മൂലം വിഷം ഉറഞ്ഞു ശിവന്റെ കണ്‌ഠത്തില്‍ തന്നെ നിലകൊണ്ടു. അങ്ങനെ ശിവന്‍ കാള(നീല)കണ്‌ഠനായിത്തീര്‍ന്നു. മഹാഭാരതത്തില്‍ ഈ കഥ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌:

	""നീളെയേറ്റം കടഞ്ഞിട്ടു
	കാളകൂടമതില്‍പ്പരം
	ഉയര്‍ന്നു പുകയും തീപോ-
	ലുലകൊക്കെച്ചുടും പടി
	അതിന്റെ നാറ്റം തട്ടീട്ടു
	മയങ്ങിപ്പോയ്‌ ജഗത്ത്രയം
	ലോകം കാക്കാന്‍ ബ്രഹ്‌മവാക്കാ-
	ലാവിഷം തിന്നു ശങ്കരന്‍
	അതു കണ്‌ഠത്തിങ്കല്‍ നിര്‍ത്തി
	മന്ത്രമൂര്‍ത്തിമഹേശ്വരന്‍''
-ഭാഷാഭാരതം-ആദിപര്‍വം. 18-ാം അധ്യായം 
 

കാളകൂടം എന്നതിന്‌ പഞ്ചമഹാവിഷങ്ങളിലൊന്ന്‌, ഒരു നരകം, കാക്ക, കാഞ്ഞിരം എന്നും അര്‍ഥങ്ങളുണ്ട്‌.

(മുതുകുളം ശ്രീധരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B3%E0%B4%95%E0%B5%82%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍