This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാല്‍സിഫെറോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാല്‍സിഫെറോള്‍
Calciferol
ജീവകം D യുടെ മൂന്നു വിഭാഗങ്ങളില്‍ ഒന്ന് (D2). സൂര്യപ്രകാശമേല്‌ക്കുമ്പോള്‍ മനുഷ്യരുടെ ത്വക്കിലുള്ള കൊഴുപ്പില്‍ നിന്ന് ഉദ്‌ഭവിക്കുന്നതാണ് ആദ്യത്തെത്. രണ്ടാമത്തെ ഇനമായ D2 കാല്‍സിഫെറോള്‍ എന്ന് അറിയപ്പെടുന്നു. എര്‍ഗോ കാല്‍സിഫെറോള്‍ എന്നാണ് പൂര്‍ണമായ നാമം. D3 അഥവാ കോളികാല്‍സിഫെറോള്‍ ജന്തുക്കളുടെ കൊഴുപ്പില്‍ അടങ്ങിയിട്ടുള്ളതാണ്.
എര്‍ഗോകാല്‍സിഫെറോള്‍ നിറമില്ലാത്തതും പരലാകൃതിയിലുള്ളതുമായ ഒരു വസ്‌തുവാണ്. ഫോര്‍മുല: C23 H43 OH. ഇത് പ്രകൃതിയില്‍ സാധാരണ കാണപ്പെടുന്നില്ല. കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഗുളികരൂപത്തിലും സസ്യ എണ്ണകളില്‍ വിലയിപ്പിച്ചും നിര്‍മിച്ചു വരുന്നു. ചെടികള്‍, യീസ്റ്റ്, കുമിളുകള്‍ തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള എര്‍ഗോസ്റ്റിറോളിനെ അള്‍ട്രാവയലറ്റ് രശ്‌മി ഉപയോഗിച്ച് D2 ആക്കി മാറ്റുകയാണ് നിര്‍മാണരീതി. ജീവകം D യുടെ അഭാവംമൂലം കുട്ടികളില്‍ കണ(Rickets)യെും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലേഷ്യയും ഉണ്ടാകുന്നു. അസ്ഥി, പല്ല് എന്നിവയുടെ ശരിയായ വളര്‍ച്ചയ്‌ക്ക് ജീവകം D ആവശ്യമാണ്. കാത്സ്യം, ഫോസ്‌ഫറസ് എന്നിവയുടെ ആഗിരണം ജീവകം D യാണ് ത്വരിതപ്പെടുത്തുന്നത്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ജീവകം D കൂടുതലായി ആവശ്യമുണ്ട്. മേല്‌പറഞ്ഞ കാരണങ്ങളാല്‍ ജീവകം D2 ചികിത്സാരംഗത്ത് വളരെയധികം പ്രയോജനപ്പെടുത്തുന്നു. ലപസ് വള്‍ഗാരിസ്, ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങളുടെ ചികിത്സയ്‌ക്കും D2 ഉപയോഗിക്കുന്നു. എന്നാല്‍ ഈ ജീവകം കൂടുതല്‍ കഴിക്കാന്‍ ഇടയായാല്‍ കാത്സ്യത്തിന്റെ ആധിക്യം (ഹൈപര്‍ കാല്‍സീമിയ) ഉണ്ടാകാനിടയുണ്ട്. നോ. ഓസ്റ്റിയോ മലേഷ്യ; കണ; ജീവകങ്ങള്‍