This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍വരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍വരി

Calvary

കാല്‍വരിക്കുന്ന്‌

ക്രസ്‌തവ വിശ്വാസമനുസരിച്ച്‌ ക്രിസ്‌തുവിനെ ക്രൂശിച്ച കുന്നിന്‍പ്രദേശം. "തലയോട്‌' എന്ന അര്‍ഥമുള്ള "ക്രനിയോണ്‍' (Kranion) എന്ന ഗ്രീക്‌ പദത്തിനു സമാനമായി ലാറ്റിന്‍ ഭാഷയില്‍ പ്രയോഗിച്ചുവരുന്ന "കാല്‍വാരിയ' (Calvaria) എന്ന പദത്തില്‍ നിന്നാണ്‌ "കാല്‍വരി' എന്ന സ്ഥലനാമം നിഷ്‌പന്നമായിട്ടുള്ളത്‌. പ്രസ്‌തുത കുന്നിന്‍ പ്രദേശത്തിന്‌ തലയോടിന്റെ ആകൃതി ഉണ്ടായിരുന്നതും ഇവിടെവച്ചു വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നതും, ഇവിടെനിന്നും തലയോടുകള്‍ കണ്ടുകിട്ടിയിരുന്നതും ആണ്‌ ഇതിനു ഈ പേര്‍ സിദ്ധിച്ചതിനു കാരണങ്ങളായി പറഞ്ഞുകാണുന്നത്‌ (ന്യൂ ബൈബിള്‍ ഡിക്ഷണറിപു. 181). ഗോല്‍ഗോഥ എന്ന പേരിലും അറിയപ്പെടുന്ന കാല്‍വരി ജറുസലേം നഗരത്തിനു പുറത്തായിരുന്നു എന്നും എന്നാല്‍ നഗരാതിര്‍ത്തിയില്‍ നിന്ന്‌ അധികം ദൂരത്തിലല്ലായിരുന്നു എന്നും ഇതിനു സമീപത്തായി ഒരു ഉദ്യാനവും ശവകുടീരവും ഉണ്ടായിരുന്നു എന്നും വേദപുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്‌.

കാല്‍വരിയുടെ യഥാര്‍ഥ സ്ഥാനത്തെപ്പറ്റി പുരാതത്ത്വവിജ്ഞാനികള്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ വിശുദ്ധ ഹെലിന "യഥാര്‍ഥ കുരിശ്‌' കണ്ടെത്തിയ സ്ഥലമാണ്‌ കാല്‍വരി എന്നാണ്‌ പരമ്പരാഗതവിശ്വാസം. ഈ സ്ഥലത്തുണ്ടായിരുന്ന അഫ്രാഡൈറ്റിന്റെ (ഗ്രീക്കുപുരാണത്തില്‍ സൗന്ദര്യത്തിന്റെയും പ്രമത്തിന്റെയും ദേവത) ദേവാലയം പൊളിച്ചുമാറ്റി തത്‌സ്ഥാനത്ത്‌ കാല്‍വരിയും വിശുദ്ധ ശവകുടീരവും തിരിച്ചറിയുന്നതിന്‌ ഉചിതമായ ഒരു സ്‌മാരകം നിര്‍മിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ജറുസലേമിലെ ബിഷപ്പായിരുന്ന മക്കാറിയസിനെ ചുമതലപ്പെടുത്തി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അതിമനോഹരമായ ബസിലിക്കയ്‌ക്കു പിന്നിലായി സ്ഥാപിക്കപ്പെട്ട ഈ സ്‌മാരകം സു. 3 മീ. 60 സെ.മീ. ഉയരമുള്ള ലോഹഅഴികള്‍ കൊണ്ടു ചുറ്റി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ശവകുടീരത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‌പിന്റെയും ദേവാലയമായി കരുതപ്പെടുന്നതും ആധുനിക ജറുസലേം നഗരത്തില്‍ സ്ഥിതിചെയ്യുന്നതുമായ ഈ സഭാമണ്‌ഡപം പല പ്രാവശ്യം നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മാണം നടത്തപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. തലയോടാകൃതിയില്‍ ഡമാസ്‌ക്കസ്‌ ഗേറ്റിനു വടക്ക്‌ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ്‌ കാല്‍വരി എന്ന്‌ അഭിപ്രായപ്പെടുന്നവരുമുണ്ട്‌. ഈ സ്ഥലം ഗോര്‍ഡണ്‍സ്‌ കാല്‍വരി (Gorden's Calvary) എന്ന പേരിലും അറിയപ്പെടുന്നു. നോ. ഗോല്‍ഗോഥ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍