This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍നട മത്സരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍നട മത്സരം

Race Walking

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ഒരു കായികവിനോദമത്സരം. ഒരു ദീര്‍ഘദൂര അത്‌ലറ്റിക്‌ രൂപമായ ഇത്‌ ഒരു ഒളിംപിക്‌സ്‌ ഇനമാണ്‌.

നിയമങ്ങള്‍. സാധാരണ നടക്കുന്നതില്‍നിന്നും വ്യത്യസ്‌തമായി ചില വ്യവസ്ഥകള്‍ക്കനുസരണമായാണ്‌ ഈ മത്സരത്തില്‍ നടക്കേണ്ടത്‌. ബ്രിട്ടീഷ്‌ റേസ്‌ വാക്കിങ്‌ അസോസിയേഷനും ഇന്റര്‍നാഷണല്‍ അമച്വര്‍ അത്‌ലറ്റിക്‌ ഫെഡറേഷനും ഈ മത്സരത്തിലെ കാല്‍നടയ്‌ക്കു പ്രത്യേകം നിര്‍വചനങ്ങള്‍ നല്‌കിയിട്ടുണ്ട്‌. തറയുമായി തുടര്‍ച്ചയായ സമ്പര്‍ക്കമുണ്ടാകത്തക്ക വിധമായിരിക്കണം കാല്‍ച്ചുവടുകള്‍ വയ്‌ക്കേണ്ടത്‌ എന്നാണ്‌ ബ്രിട്ടീഷ്‌ റേസ്‌ വാക്കിങ്‌ അസോസിയേഷന്‍ നിശ്ചയിച്ചിട്ടുള്ളത്‌. അതായത്‌ പിന്‍കാലിന്റെ പാദം തറയില്‍ നിന്നു പൂര്‍ണമായും ഉയരുന്നതിനുമുന്‍പായി മുന്‍കാലിന്റെ പാദം തറയില്‍ തൊട്ടിരിക്കണം. ഈ നിയമത്തിന്റെ ലംഘനത്തെ "ലോസ്‌ ഒഫ്‌ കോണ്‍ടാക്‌റ്റ്‌' എന്നാണ്‌ പറയുന്നത്‌. അല്‌പനിമിഷത്തേക്കുപോലും മുട്ടുവളയ്‌ക്കാതെയായിരിക്കണം ഓരോ പാദവും ഉറപ്പിക്കേണ്ടത്‌ എന്നാണ്‌ ഇന്റര്‍നാഷണല്‍ അമച്വര്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. മത്സരാര്‍ഥി ഓരോ പ്രാവശ്യം നിയമം ലംഘിക്കുമ്പോഴും (മുട്ടുകള്‍ വളയുക അല്ലെങ്കില്‍ ലോസ്‌ ഒഫ്‌ കോണ്‍ടാക്‌റ്റ്‌ സംഭവിക്കുക) വിധികര്‍ത്താക്കള്‍ ഒരു ചുവപ്പ്‌ കാര്‍ഡ്‌ കാണിക്കുന്നു. ഇങ്ങനെ മൂന്ന്‌ പ്രാവശ്യം ചുവപ്പ്‌ കാര്‍ഡ്‌ ലഭിച്ചാല്‍ മത്സരത്തില്‍ നിന്ന്‌ ഒഴിവാകും. ശക്തിയേറിയ ക്യാമറകളും കംപ്യൂട്ടര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ്‌ ഇന്ന്‌ വിധികര്‍ത്താക്കള്‍ തീരുമാനങ്ങളെടുക്കുന്നത്‌.

അരക്കെട്ടിന്റെയും കൈകാലുകളുടെയും ക്രമബദ്ധമായ ചലനം ഈ മത്സരത്തിന്റെ വിജയത്തിനു അനുപേക്ഷണീയമാണ്‌. തലയും ഉടലും നിവര്‍ത്തിപ്പിടിച്ച്‌, അനാവശ്യമായ ഊര്‍ജം നഷ്‌ടപ്പെടുത്തിയേക്കാവുന്ന എല്ലാ ചലനങ്ങളും ഒഴിവാക്കി, ദ്രുതഗതിയില്‍ ക്രമാനുഗതമായി നീങ്ങിയാല്‍ മാത്രമേ ഈ മത്സരത്തില്‍ വിജയിക്കാനാവൂ. വേഗതയും ചലനത്തിന്റെ താളാത്മകതയുമാണ്‌ ഇതിന്റെ പ്രത്യേകത. പരിശീലനകാലത്ത്‌ കായികാഭ്യാസത്തിലൂടെ ശരീരവും കൈകാലുകളും ബലപ്പെടുത്തുകയും പ്രത്യേക കായികാഭ്യാസംവഴി കാല്‍വയ്‌പിന്റെ അകലം കൂട്ടുകയും ചെയ്യുന്നു. നല്ലതുപോലെ പരിശീലനം ലഭിച്ച ഒരു അഭ്യാസിയുടെ കാല്‍വയ്‌പിന്റെ അകലം (പിന്‍കാലിന്റെ കാല്‍വിരല്‍ മുതല്‍ മുന്‍കാലിന്റെ ഉപ്പൂറ്റിവരെ) 1.0161.27 മീ. ആയിരിക്കും.

ചരിത്രം. അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള കായികമേളകളിലും മറ്റും കാല്‍നട മത്സരങ്ങള്‍ക്കു സ്ഥാനം ലഭിച്ചിട്ട്‌ ഏതാണ്ട്‌ രണ്ടു നൂറ്റാണ്ടേ ആയിട്ടുള്ളൂ. എന്നാല്‍ പന്തയാടിസ്ഥാനത്തില്‍ ലോകത്തില്‍ അങ്ങിങ്ങായി നടത്തപ്പെട്ടിരുന്ന ഈ വിനോദമത്സരത്തിന്‌ ഏതാണ്ട്‌ മുന്നൂറു വര്‍ഷത്തെ പഴക്കമുണ്ട്‌. അഭിജാതവര്‍ഗത്തിന്റെ രക്ഷാധികാരത്വത്തിലായിരുന്നു ഈ വിനോദം ആദ്യകാലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്‌. പ്രഭുക്കന്മാര്‍ തങ്ങളുടെ സേവകരെ കാല്‍നട മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ജേതാക്കള്‍ക്ക്‌ വന്‍തുക സമ്മാനമായി നല്‌കുകയുമായിരുന്നു പതിവ്‌. കാണികളെ ധാരാളമായി ആകര്‍ഷിച്ചിരുന്ന ഈ മത്സരം പിന്നീട്‌ ഒരു കായികവിനോദമത്സരമായി വളര്‍ന്നു. ഒരു നിശ്ചിതദൂരം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുകയോ ഒരു നിശ്ചിതസമയം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നടക്കുകയോ ചെയ്യുകയായിരുന്നു അക്കാലങ്ങളിലെ മത്സരത്തിന്റെ സ്വഭാവം. അന്ന്‌ ഈ മത്സരം "പെഡസ്റ്റ്രിയനിസം' എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. റോബര്‍ട്ട്‌ ബാര്‍ക്ലേ 1809 ജൂണില്‍ തുടര്‍ച്ചയായി 1,000 മണിക്കൂര്‍കൊണ്ട്‌ 1,609 കി.മീ. നടന്നു. 42 ദിവസം നീണ്ടുനിന്ന ഈ കാല്‍നട യജ്ഞത്തില്‍ ബാര്‍ക്ലേക്ക്‌ 14.5 കിലോഗ്രാം ഭാരം കുറഞ്ഞുവെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഇതിനെത്തുടര്‍ന്ന്‌ ഈ മത്സരം പൊതുജനശ്രദ്ധയ്‌ക്കു വിധേയമാകുകയും ഒരു കായികവിനോദമായി രൂപം പ്രാപിക്കുകയും ചെയ്‌തു.

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മത്സരാടിസ്ഥാനത്തില്‍ ബഹുദൂരനടത്തം സംഘടിപ്പിക്കപ്പെട്ടു. 1866ല്‍ ഇംഗ്ലീഷ്‌ അമച്വര്‍ അത്‌ലറ്റിക്‌ ക്ലബ്ബ്‌ ഒരു 11 കി.മീ. നടത്തമത്സരം സംഘടിപ്പിച്ചു. 59 മിനിട്ട്‌ 32 സെക്കന്‍ഡുകൊണ്ട്‌ ഈ ദൂരം പൂര്‍ത്തിയാക്കി ജെ.ജി. ചേംബേഴ്‌സ്‌ സമ്മാനം കരസ്ഥമാക്കി. 1876 മുതല്‍ 88 വരെയുള്ള വര്‍ഷങ്ങളില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്‌, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടത്തവും ഓട്ടവും കലര്‍ത്തിയുള്ള ഒരു പ്രത്യേക മത്സരവും സംഘടിപ്പിക്കപ്പെട്ടു. "നിങ്ങളുടെ ഇഷ്‌ടംപോലെ പോകുക' (Go us you please) എന്നാണ്‌ ഈ മത്സരത്തിനു കൊടുത്തിരുന്ന പേര്‌. ഈയിനങ്ങളിലെ കാല്‍നട വിദഗ്‌ധന്‍ ലിറ്റില്‍ വുഡ്‌ എന്ന ഇംഗ്ലീഷുകാരനായിരുന്നു. ഇദ്ദേഹം 1882ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ 1,000 കി.മീ. നടന്ന്‌ വിജയംവരിച്ചു.

ഒളിമ്പിക്‌സിലെ 3500 മീ. കാല്‍നടമത്സരം (1908)

ഒളിമ്പിക്‌സും മറ്റ്‌ അന്താരാഷ്‌ട്ര മത്സരങ്ങളും. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കാല്‍നട മത്സരം ഒരു പ്രധാന കായികവിനോദമായി പരിഗണിക്കപ്പെട്ടു. 1906ല്‍ ആഥന്‍സില്‍വച്ചു നടന്ന അനൌദ്യോഗിക ഒളിമ്പിക്‌സില്‍ ട്രാക്കിലൂടെയുള്ള 1,500 മീ., 3,000 മീ., എന്നീ കാല്‍നട മത്സരങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 1908ലെ ഒളിമ്പിക്‌സില്‍ 3,500 മീ., 16 കി.മീ. കാല്‍നട മത്സരങ്ങളുണ്ടായിരുന്നു. 1912ല്‍ 10 കി.മീ. മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1912ല്‍ ഇന്റര്‍നാഷണല്‍ അമച്വര്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ നിയമിച്ച വാക്കിങ്‌ കമ്മിഷന്‍ കാല്‍നട മത്സരനിയമങ്ങള്‍ ക്രാഡീകരിക്കുകയുണ്ടായി.

1987-ലെ ലോകചാമ്പ്യന്‍ഷിപ്പ്‌ കാല്‍നട മത്സരത്തില്‍ നിന്ന്‌

1920ല്‍ 3 കി.മീ., 10 കി.മീ. ഇനങ്ങളും 1924ല്‍ പാരിസ്‌ ഒളിമ്പിക്‌സില്‍ 10 കി.മീ. ഇനവും ഉള്‍പ്പെടുത്തപ്പെട്ടു. ആധുനിക ഒളിംപിക്‌സ്‌ ഇനങ്ങളില്‍ 20 കി.മീ. മത്സരങ്ങള്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും 50 കി.മീ. മത്സരങ്ങള്‍ പുരുഷന്മാര്‍ക്കും മാത്രമായും ആണുള്ളത്‌. ഒളിമ്പിക്‌സില്‍ കാല്‍നടമത്സരം സജീവമല്ലെങ്കിലും അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ പ്രശസ്‌തിയാര്‍ജിച്ച മറ്റു കാല്‍നട മത്സരങ്ങള്‍ ഇന്നും വിജയകരമായി നടത്തപ്പെടുന്നുണ്ട്‌. ഇതില്‍ ഏറ്റവും മികച്ചത്‌ 1919 മുതല്‍ വര്‍ഷന്തോറും നടന്നുവരുന്ന ലണ്ടന്‍ബ്രറ്റന്‍ മത്സരമാണ്‌. ലോകപ്രശസ്‌തമായ മറ്റൊരു കാല്‍നട മത്സരം 1926 മുതല്‍ നടന്നുവരുന്ന സ്റ്റ്രാസ്‌ബര്‍ഗ്‌പാരിസ്‌ കാല്‍നട മത്സരമാണ്‌. ഏറ്റവും കൂടുതല്‍ ദൂരം നടക്കേണ്ട മത്സരവും ഇതുതന്നെയാണ്‌ (500 കി.മീ.). ഏഷ്യന്‍ ഗെയിംസിലെ ഒരു പ്രധാന ഇനമാണ്‌ 20 കി.മീ. കാല്‍നട മത്സരം. 1978ല്‍ ഇന്ത്യയിലെ ഹുക്കുംസിങ്‌ സ്ഥാപിച്ച ഏഷ്യന്‍ റെക്കോഡ്‌ (1 മണിക്കൂര്‍ 31 മിനിട്ട്‌ 54.4 സെക്കന്‍ഡ്‌) 1982ല്‍ ഇന്ത്യയിലെ തന്നെ ചന്ദ്‌റാം (ഹരിയാന) തിരുത്തിക്കുറിക്കുകയുണ്ടായി (1 മണിക്കൂര്‍ 29 മിനിട്ട്‌ 29 സെക്കന്‍ഡ്‌). ഒന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കു ലഭിച്ച ആദ്യത്തെ സ്വര്‍ണമെഡല്‍ കാല്‍നട മത്സരത്തില്‍നിന്നായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ്‌ അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഐ.എ.എ.എഫ്‌. വേള്‍ഡ്‌ റേസ്‌വാക്കിങ്‌ കപ്പ്‌ മത്സരം, ഏഷ്യന്‍ റേസ്‌വാക്കിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്നിവയും ചില പ്രധാന ചാമ്പ്യന്‍ഷിപ്പുകളാണ്‌.

കാല്‍നട മത്സരങ്ങളുടെ നാളിതുവരെയുള്ള വികസനത്തിനു അഞ്ച്‌ വന്‍കരകളിലെയും രാഷ്‌ട്രങ്ങള്‍ പിന്തുണ നല്‌കിയിട്ടുണ്ട്‌.

കെന്‍ മാത്യൂസ്‌

ബ്രിട്ടന്‍. കാല്‍നട മത്സരങ്ങളുടെ ആദ്യകാലംമുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തും ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചും സഹായിച്ച രാഷ്‌ട്രമാണ്‌ ബ്രിട്ടന്‍. കാല്‍നട മത്സരങ്ങളുടെ മുന്നോടിയായ "പെഡസ്റ്റ്രിയനിസ'ത്തിന്‌ ആരംഭംകുറിച്ചതുതന്നെ ബ്രിട്ടന്‍ ആയിരുന്നു. കാല്‍നടമത്സരങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമായ റേസ്‌ വാക്കിങ്‌ തയ്യാറാക്കിയ ഹാരോള്‍ഡ്‌ വിറ്റ്‌ലോക്ക്‌ കാല്‍നടമത്സരങ്ങളിലെ അതികായനും ബ്രിട്ടന്റെ സന്തതിയുമാണ്‌. ഇംഗ്ലണ്ടിലെ കാല്‍നട താരങ്ങളില്‍പ്പെട്ട ജോര്‍ജ്‌ ലാര്‍ണെറും ഏര്‍ണെസ്റ്റ്‌ വേബുമാണ്‌ 1908ലെ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡലും വെള്ളിമെഡലും നേടിയത്‌. ബ്രിട്ടീഷ്‌ താരമായ തോമസ്‌ ഗ്രീന്‍ 1932ലെ ഒളിമ്പിക്‌സിലും (50 കി.മീ.) ലണ്ടന്‍ബ്രറ്റനിലും (192931, 1933) മിലാനിലും (1930) ബ്രാഡ്‌ഫോഡിലും (193033) മാഞ്ചസ്റ്റര്‍ ബ്ലാക്ക്‌പൂളിലും (192934; 83 കി.മീ.) ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. ടെറെന്‍സ്‌ ജോണ്‍സണ്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തു (193648) വെന്നതിനു പുറമേ രണ്ടുതവണ ബ്രാഡ്‌ഫോഡ്‌ ചാമ്പ്യനും റേസ്‌വാക്കിങ്‌ അസോസിയേഷന്റെ 50 കി.മീ. (1949) ചാമ്പ്യനും ആയിരുന്നു. 50 കി.മീ. കാല്‍നടമത്സരത്തില്‍ പ്രഗല്‌ഭനായ വിറ്റ്‌ലോക്ക്‌ 1936ല്‍ ബര്‍ലിന്‍ ഒളിമ്പിക്‌സ്‌ ചാമ്പ്യനായിരുന്നു. 1938ല്‍ യൂറോപ്യന്‍ ചാമ്പ്യനായിരുന്ന ഇദ്ദേഹം 1934 മുതല്‍ 37 വരെ തുടര്‍ച്ചയായി 4 തവണ ലണ്ടന്‍ബ്രറ്റണ്‍ മത്സരത്തിലും 6 തവണ ബ്രാഡ്‌ഫോഡ്‌ മത്സരത്തിലും (193538, 40, 52) മൂന്നുതവണ റേസ്‌വാക്കിങ്‌ അസോസിയേഷന്‍ മത്സരത്തിലും (1933, 35, 39) വിജയിച്ചു. ഹ്രസ്വദൂരമത്സരത്തില്‍ (2 കി.മീ., 5 കി.മീ.) ലോക റെക്കോഡ്‌ സ്ഥാപിച്ച താരമാണ്‌ ആല്‍ബെര്‍ട്ട്‌ കൂപ്പര്‍. 20 കി.മീ. മത്സരത്തില്‍ സ്റ്റാന്‍ലി വിക്കേഴ്‌സ്‌ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ (1958) കരസ്ഥമാക്കി. 1955നും 1963നും ഇടയ്‌ക്ക്‌ ലോകത്തെ മികച്ച ദീര്‍ഘദൂര നടത്തക്കാരന്‍ എന്ന പ്രശസ്‌തി നേടിയ ഡോണ്‍ തോംപ്‌സണ്‍ 1960ലെ ഒളിമ്പിക്‌സില്‍ 50 കി.മീ. മത്സരത്തില്‍ വിജയിയായി. തോപ്‌സണ്‍ 9 തവണ ലണ്ടന്‍ബ്രറ്റണ്‍ മത്സരത്തിലും 2 തവണ മിലാനും 8 തവണ റേസ്‌വാക്കിങ്‌ അസോസിയേഷന്റെ 50 കി.മീ. മത്സരത്തിലും വിജയിച്ചിട്ടുണ്ട്‌. 1959-64 കാലത്ത്‌ പ്രശസ്‌ത ലോക സ്‌പ്രിന്റ്‌ കാല്‍നട ചാമ്പ്യനായ കെന്‍ മാത്യൂസ്‌ 64ല്‍ ഒളിമ്പിക്‌സ്‌ ചാമ്പ്യനും (20 കി.മീ.) 1962ല്‍ യൂറോപ്യന്‍ ചാമ്പ്യനുമായിരുന്നു. ഇതിനുംപുറമേ ഇദ്ദേഹം 1961ലും 64ലും ലുഗാനോ കപ്പും കരസ്ഥമാക്കുകയുണ്ടായി. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ (1963നും 72നും ഇടയ്‌ക്ക്‌ 26 വിജയങ്ങള്‍) കാല്‍നടതാരമാണ്‌, ആള്‍ റൗണ്ടറും 1969ലെ യൂറോപ്യന്‍ ചാമ്പ്യനും (20 കി.മീ.), 1964ലെ ഒളിമ്പിക്‌സില്‍ 50 കി.മീ.ല്‍ വെള്ളിമെഡല്‍ നേടിയ ആളുമായ വിന്‍സെന്റ്‌ നിഹില്‍. ഐ.എ.എഫ്‌. വാക്കിങ്‌ കമ്മിഷനില്‍ ഇംഗ്ലണ്ട്‌ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. 1911ല്‍ സ്ഥാപിതമായ റേസ്‌വാക്കിങ്‌ അസോസിയേഷന്‍ ആണ്‌ ഇംഗ്ലണ്ടിലെ കാല്‍നടമത്സരങ്ങള്‍ നിയന്ത്രിക്കുന്നത്‌. ഈ അസോസിയേഷന്റെ നേതൃത്വത്തില്‍ 16കി.മീ., 20 കി.മീ., 32 കി.മീ., 50 കി.മീ. മത്സരങ്ങളും യുവാക്കള്‍ക്കുവേണ്ടി 8 കി.മീ. മത്സരവും 17 വയസ്സിനു താഴെയുള്ളവര്‍ക്കുവേണ്ടി 5 കി.മീ. ചാമ്പ്യന്‍ഷിപ്പുകളും സംഘടിപ്പിക്കുന്നുണ്ട്‌.

ചെക്‌, സ്ലോവാക്യ. കാല്‍നടമത്സരങ്ങളില്‍ പങ്കെടുക്കുന്ന മറ്റു യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ചെക്‌, സ്ലാവാക്യ, ഫ്രാന്‍സ്‌, ജെര്‍മനി, ഇറ്റലി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട്‌ എന്നിവയാണ്‌. മുന്‍ ചെക്കോസ്ലാവാക്യയുടെ മികച്ച താരമായ സ്റ്റോര്‍ക്‌ സോഫ്‌ക 1930നും 38നും ഇടയ്‌ക്ക്‌ അഞ്ചുതവണ പ്രഗ്‌ പോഡെബ്രാഡി മത്സരത്തില്‍ വിജയിക്കുകയും 1936ലെ ഒളിമ്പിക്‌സില്‍ (50 കി.മീ.) പങ്കെടുത്ത്‌ നാലാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രശസ്‌തരായ ചെക്ക്‌ താരങ്ങള്‍ ജോസഫ്‌ ഡോലെസാള്‍, മോക്‌ സ്‌ക്രാണ്ട്‌, സൈക്കോറ എന്നിവരാണ്‌.

ഫ്രാന്‍സ്‌. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധം മുതല്‌ക്കേ ഫ്രാന്‍സ്‌ കാല്‍നടമത്സരത്തില്‍ താത്‌പര്യം കാണിച്ചിരുന്നു. 1852ല്‍ത്തന്നെ സൈനികരുടെ കായികവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കാല്‍നടമത്സരം ഉള്‍പ്പെടുത്തിയിരുന്നു. നടത്താഭ്യാസത്തില്‍ അഗ്രഗണ്യനായിരുന്ന എമിന്‍ അന്റോയിന്‍ ആണ്‌ ലോകപ്രശസ്‌ത സ്റ്റ്രാസ്‌ബര്‍ഗ്‌പാരിസ്‌ മത്സരത്തിന്റെ ആരംഭത്തിന്‌ (1926) നേതൃത്വം നല്‌കിയത്‌. ഈ മത്സരത്തില്‍ 6 തവണ (1949, 1953-54, 1956-58) ജയിച്ച ഗില്‍ബെര്‍ട്ട്‌ റോജര്‍ ആണ്‌ ഫ്രാന്‍സിലെ മറ്റു കാല്‍നടത്താരങ്ങളില്‍ പ്രമുഖന്‍.

ജര്‍മനി. വര്‍ഷന്തോറും നടത്തിയിരുന്നെങ്കില്‍ അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ ഏറ്റവും പ്രശസ്‌തമാകുമായിരുന്ന ആദ്യത്തെ ദീര്‍ഘദൂര കാല്‍നടമത്സരം 1893ല്‍ ജര്‍മനി ഏര്‍പ്പെടുത്തിയ വിയന്നബര്‍ലിന്‍ റേസ്‌ ആയിരുന്നു. 578 കി.മീ. ദൂരമുള്ള ഈ മത്സരം തുടര്‍ന്ന്‌ നടക്കുകയുണ്ടായില്ല. ജര്‍മനിയിലെ ആദ്യകാല താരങ്ങളില്‍ പ്രമുഖന്‍ 1906ലെ ഒളിമ്പിക്‌സില്‍ 3 കി.മീ. കാല്‍നടമത്സരത്തില്‍ രണ്ടാംസ്ഥാനവും 1920കളില്‍ 30 കി.മീ. മത്സരത്തില്‍ ലോകറെക്കോഡും സ്ഥാപിച്ച മ്യുള്ളര്‍ ആയിരുന്നു. ജെര്‍മനിയിലെ ബെര്‍ണ്ട്‌കാനെന്‍ ബെര്‍ഗ്‌ 1952ല്‍ ഒളിമ്പിക്‌ മെഡലും (50 കി.മീ.), 1953ല്‍ ലുഗാനോ കപ്പും കരസ്ഥമാക്കിയതിനു പുറമേ 1974ലും 75ലും ട്രാക്ക്‌ കാല്‍നടമത്സരങ്ങളില്‍ അഞ്ചു ലോകറെക്കോഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു.

ഇറ്റലി. 20-ാം ശതകത്തിന്റെ തുടക്കത്തില്‍ കാല്‍നടമത്സരരംഗത്ത്‌ പ്രവേശിച്ച ഇറ്റലിയിലെ ആദ്യത്തെ പ്രശസ്‌തതാരം അള്‍ട്ടിമാനിയാണ്‌. ഇദ്ദേഹം 1914ല്‍ ഒരു മണിക്കൂര്‍ മത്സരത്തില്‍ ലോകറെക്കോഡ്‌ സ്ഥാപിച്ചു. ആറുതവണ മിലാന്‍ കപ്പും (1910, 14, 19, 22), രണ്ടു തവണ ലണ്ടന്‍ബ്രറ്റണ്‍ കപ്പും (1921, 23) ഒരു തവണ മാഞ്ചസ്റ്റര്‍ബ്ലാക്ക്‌ പൂള്‍ കപ്പും നേടിയ ഡൊനാറ്റോ പാവെസിയും 1920ലെ ഒളിമ്പിക്‌സില്‍ 3 കി.മീ., 10 കി.മീ. മത്സരവും 1924ലെ ഒളിമ്പിക്‌സില്‍ 10 കി.മീ. മത്സരവും നേടിയ ഉഗോഫ്രിഗെറിയോയും 1920കളില്‍ ഇറ്റലിയുടെ ഈ രംഗത്തെ വിജയത്തിനു കാരണക്കാരാണ്‌. 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കാല്‍നടമത്സരങ്ങളില്‍ ഇറ്റലിയുടെ ആധിപത്യം തെളിയിച്ച താരങ്ങളാണ്‌ ഗിയുസെപ്പെ ഡൊര്‍ഡോനിയും ആബ്‌ഡന്‍ പാമിച്ചും. ഡൊര്‍ഡോനി 1952ല്‍ ഒളിമ്പിക്‌ ചാമ്പ്യനും (50 കി.മീ.), 1950ല്‍ യൂറോപ്യന്‍ ചാമ്പ്യനും ആയിരുന്നു. 1948 മുതല്‍ 61 വരെയുള്ള ലോകപ്രശസ്‌ത കാല്‍നടത്താരങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഡൊര്‍ഡോനി. 1961-66 കാലത്തെ 50 കി.മീ. കാല്‍നടക്കാരില്‍ പ്രമുഖനായിരുന്നു പാമിച്ച്‌. 1964ല്‍ ഒളിമ്പിക്‌ ചാമ്പ്യനും 1962ലും 66ലും യൂറോപ്യന്‍ ചാമ്പ്യനും ആയിരുന്ന പാമിച്ച്‌ പ്രഗ്‌ പോഡെബ്രാഡി (3 തവണ) കപ്പും ലണ്ടന്‍ബ്രറ്റണ്‍ കപ്പും ലുഗാനോ കപ്പും കരസ്ഥമാക്കിയിട്ടുണ്ട്‌.

സ്വീഡന്‍. 1880നുശേഷമാണ്‌ സ്വീഡന്‍ ഈ രംഗത്തേക്കു കടന്നത്‌. സ്വീഡനിലെ മികച്ച കാല്‍നടത്താരങ്ങള്‍ ജോണ്‍ മൈക്കല്‍സണ്‍, വെര്‍ണെര്‍ ഹാര്‍ഡ്‌മോ, ജോണ്‍ ലുങ്‌റെന്‍ എന്നിവരാണ്‌. 1937നും 52നും ഇടയ്‌ക്ക്‌ ലോകത്തെ മികച്ച "സ്‌പ്രിന്റ്‌ വാക്കര്‍' എന്ന്‌ അംഗീകാരം ലഭിച്ച മൈക്കല്‍സണ്‍ 1948ലെയും 1952ലെയും ഒളിമ്പിക്‌ചാമ്പ്യനും (10 കി.മീ.) 1946ലെ യൂറോപ്യന്‍ ചാമ്പ്യനുമായിരുന്നു. 3 കി.മീ., 10 കി.മീ. എന്നീ മത്സരങ്ങളില്‍ ചാമ്പ്യനായ ഹാര്‍ഡ്‌മോ നിരവധി ലോകറെക്കോഡുകളുടെ ഉടമയാണ്‌. 1946ലെ യൂറോപ്യന്‍ ചാമ്പ്യനും (50 കി.മീ.), 1948ലെ ഒളിമ്പിക്‌സ്‌ ചാമ്പ്യനുമായ ലുങ്‌റെന്‍ രണ്ടുതവണ മിലാന്‍കപ്പും കരസ്ഥമാക്കിയിട്ടുണ്ട്‌.

20 കി.മീ. കാല്‌നട മത്സരദൃശ്യം (ലോക ചാമ്പ്യന്‍ഷിപ്പ്‌-2005)

റഷ്യ. പഴയ സോവിയറ്റ്‌ യൂണിയന്‍ കാല്‍നടമത്സരങ്ങളില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിനു മുന്‍പുതന്നെ ലാറ്റ്‌വിയയില്‍ ഈ വിനോദത്തിനു പ്രചാരമുണ്ടായിരുന്നു. കാല്‍നടമത്സരങ്ങളില്‍ പ്രസിദ്ധരായ ലാറ്റ്‌വിയന്‍ താരങ്ങളാണ്‌ ബെര്‍ണാഡ്‌, ബുബെന്‍കോ, ലീസ്‌പ്‌ കാലിന്‍സ്‌, ജാനിസ്‌ ഡാലിന്‍ഷ്‌ എന്നിവര്‍. 1934ല്‍ 50 കി.മീ. മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യനായിരുന്ന ഡാലിന്‍ഷ്‌ 20 കി.മീ., 30 കി.മീ. മത്സരങ്ങളില്‍ ലോകറെക്കോഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. ലീസ്‌പ്‌ കാലിന്‍സ്‌ 25 കി.മീ., 30 കി.മീ. മത്സരങ്ങളില്‍ ലോകറെക്കോഡുകള്‍ സ്ഥാപിക്കുകയുണ്ടായി. 1952ല്‍ ഹെല്‍സിങ്കിയില്‍വച്ചു നടന്ന ഒളിമ്പിക്‌ മത്സരങ്ങളിലാണ്‌ റഷ്യയുടെ കാല്‍നടത്താരങ്ങള്‍ ആദ്യമായി പങ്കെടുത്തത്‌.

യു.എസ്‌. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധംമുതല്‍ യു.എസ്‌. ഈ വിനോദമത്സരത്തില്‍ ഏര്‍പ്പെട്ടുതുടങ്ങിയെങ്കിലും 1920നു ശേഷമാണ്‌ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുത്തത്‌. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്‌, ഒഹായോ എന്നീ സ്റ്റേറ്റുകളാണ്‌ പ്രധാന മത്സരകേന്ദ്രങ്ങള്‍. യു.എസ്സില്‍ ഈ മത്സരത്തിനു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തവരില്‍ പ്രധാനി റൊനാള്‍ഡ്‌ ലെയിഡ്‌ ആണ്‌. 54 ദേശീയ മത്സരങ്ങളില്‍ വിജയിച്ച ലെയിഡ്‌ യൂറോപ്യന്‍ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്‌. ഇദ്ദേഹം 1972ല്‍ കോംപറ്റിറ്റിവ്‌ റേസ്‌വാക്കിങ്‌ എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. യു.എസ്സിലെ മറ്റു പ്രശസ്‌തരായ കളിക്കാര്‍ സിന്‍, ഹലൂസ, ക്ലോപ്‌ഫെര്‍, യങ്‌ എന്നിവരാണ്‌.

കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങളായ കാനഡയിലും ആസ്റ്റ്രലിയയിലും ഈ വിനോദത്തിന്‌ നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്‌. കാനഡയിലെ ഏറ്റവും മികച്ച കാല്‍നടവിദഗ്‌ധനായിരുന്ന ജോര്‍ജ്‌ ഗോള്‍ഡിങ്‌ 1912ലെ ഒളിമ്പിക്‌ ചാമ്പ്യനായിരുന്നു (10 കി.മീ.). ഗോള്‍ഡിങ്ങിന്റെ 1 മൈല്‍ (1.609 കി.മീ.) ലോകറെക്കോര്‍ഡ്‌ 29 കൊല്ലം നിലനിന്നു. അമേരിക്കന്‍ അമച്വര്‍ അത്‌ലറ്റിക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ 1915ല്‍ നടന്ന ഏഴ്‌ മൈല്‍ (11.265 കി.മീ.) മത്സരം ഗോള്‍ഡിങ്‌ പൂര്‍ത്തിയാക്കിയ സമയം 1966 വരെ അമേരിക്കന്‍ റെക്കോഡായിരുന്നു. ആസ്റ്റ്രലിയയിലെ മികച്ചതാരം 1960ലെ ഒളിമ്പിക്‌സില്‍ (20 കി.മീ.) വെള്ളിമെഡലും 1970ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 32 കി.മീ. മത്സരവും നേടിയ നോയല്‍ ഫ്രീമാന്‍ ആണ്‌. 1970കളില്‍ മാത്രം ഈ രംഗത്തു കടന്ന ബ്രസീലിലെ ഡാനിയല്‍ ബാറ്റിസ്റ്റാ 1976ല്‍ പോളണ്ടില്‍വച്ചു നടന്ന 20 കി.മീ. മത്സരത്തില്‍ പങ്കെടുത്ത്‌ ഒരു ലോകറെക്കോഡ്‌ സ്ഥാപിച്ചു.

ഇന്ത്യയില്‍. ഇന്ത്യയിലെ മിക്ക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പുകളിലും പ്രധാന മത്സര ഇനമാണ്‌ കാല്‍നട മത്സരങ്ങള്‍. പുരുഷന്മാര്‍ക്ക്‌ 20,000 മൈല്‍, 20 കി.മീ., 50,000 മൈല്‍, 50 കി.മീ. എന്നീ വ്യത്യസ്‌ത ഇനങ്ങളിലും വനിതകള്‍ക്ക്‌ 10,000 മൈല്‍, 20,000 മൈല്‍, 20 കി.മീ. എന്നീ ഇനങ്ങളിലുമാണ്‌ സീനിയര്‍ തലത്തില്‍ മത്സരങ്ങളുള്ളത്‌. ബാബുഭായി പനോഷ, ഗുര്‍ദേവ്‌ സിങ്‌ എന്നിവരാണ്‌ ഈ രംഗത്തെ നിലവിലുള്ള മികച്ച അത്‌ലറ്റുകള്‍. വനിതകളില്‍ കബിത ഗാഗരി, ബാലാദേവി, ദീപ്‌മാല ദേവി എന്നിവരും നിരവധി പ്രാവശ്യം വിജയികളായവരാണ്‌.

കേരളത്തില്‍ സീനിയര്‍ തലത്തില്‍ 20 കി.മീ. (പുരുഷന്മാര്‍), 10 കി.മീ. (വനിതകള്‍) എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നിലവിലുണ്ട്‌. സജിമോന്‍ പോള്‍, ആശ സെബാസ്റ്റ്യന്‍ എന്നിവരുടെ പേരിലാണ്‌ നിലവിലുള്ള (2010) പുരുഷ, വനിതാ റെക്കോഡുകള്‍.

വനിതാമത്സരങ്ങള്‍. ഇപ്പോള്‍ ഇരുപതോളം രാഷ്‌ട്രങ്ങളില്‍ വനിതകള്‍ക്കായുള്ള കാല്‍നടമത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ സ്വീഡന്‍, നോര്‍വേ, ബ്രിട്ടന്‍, ആസ്റ്റ്രലിയ എന്നീ രാഷ്‌ട്രങ്ങളാണ്‌ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌. അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ അഞ്ച്‌ കി.മീ. കാല്‍നടമത്സരത്തിനാണ്‌ കൂടുതല്‍ പ്രചാരം. യൂറോപ്പില്‍ മൂന്ന്‌ കി.മീ., 10 കി.മീ. മത്സരങ്ങളും നടത്തിവരുന്നുണ്ട്‌.

ഹൃദയത്തെയും ശ്വാസകോശങ്ങളെയും ഉദ്ദീപിപ്പിക്കുകയും ശരീരപേശികളെ ബലപ്പെടുത്തുകയും ചെയ്യുന്നതിനു സഹായിക്കുന്ന കായികവിനോദമാണ്‌ കാല്‍നടമത്സരം. ട്രാക്കിലായാലും റോഡിലായാലും ബഹുദൂര കാല്‍നടമത്സരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അസാധാരണമായ കരുത്തും ഏകാഗ്രതയും മനോധൈര്യവും ആവശ്യമാണ്‌. സ്റ്റ്രാസ്‌ബര്‍ഗ്‌പാരിസ്‌പോലെ (500 കി.മീ.)യുള്ള ദീര്‍ഘദൂര മാരത്തോണ്‍ കാല്‍മത്സരങ്ങളില്‍ പങ്കെടുക്കുന്ന പല താരങ്ങള്‍ക്കും അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നത്‌ ഈ മത്സരത്തിന്റെ കാഠിന്യത്തെ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ പല പ്രശസ്‌ത താരങ്ങളും ഈ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കോളിന്‍യങ്ങിനു മാത്രമേ ഇതു പൂര്‍ത്തിയാക്കി വിജയംവരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ജുവാന്‍ മാനുവല്‍ മോളിന

ദീര്‍ഘദൂര കാല്‍നടമത്സരങ്ങളില്‍ (20 കിലോമീറ്ററും അതിലധികവും) പങ്കെടുക്കുന്ന താരത്തെ സഹായിക്കാനായി ഒരാള്‍ കാറിലോ മോട്ടോര്‍ സൈക്കിളിലോ കൂടെയുണ്ടാകും. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ 10 കി.മീ. കഴിഞ്ഞാല്‍ അഞ്ചു കി.മീ. ഇടവിട്ട്‌ ലഘുഭക്ഷണശാലകള്‍ ഏര്‍പ്പെടുത്തിയിരിക്കും. ഈ സ്ഥലങ്ങളില്‍ ഉപ്പും പഞ്ചസാരയും ലഭ്യമാണ്‌. ഉഷ്‌ണകാലങ്ങളില്‍ തലയിലും കഴുത്തിലും പിഴിഞ്ഞൊഴിക്കാന്‍വേണ്ടി വെള്ളംനിറച്ച സ്‌പഞ്ചുകളും നല്‌കും; കാരണം ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ നിര്‍ജലീകരണം സംഭവിച്ചേക്കാം. ഭാരംകുറഞ്ഞ വസ്‌ത്രങ്ങളാണ്‌ കാല്‍നടക്കാര്‍ ധരിക്കുന്നത്‌. ഇവര്‍ക്കുവേണ്ടിയുള്ള ഷൂസ്‌ പ്രത്യേകം തയ്യാറാക്കപ്പെട്ടവയാണ്‌. ജപ്പാനിലും ജര്‍മനിയിലും നിര്‍മിക്കപ്പെടുന്ന വാക്കിങ്‌ ഷൂകള്‍ക്ക്‌ വന്‍തോതില്‍ പ്രചാരമുണ്ട്‌. ദേശീയഅന്താരാഷ്‌ട്ര കാല്‍നടമത്സരങ്ങള്‍ താഴെപ്പറയുന്ന ദൂരങ്ങളിലാണ്‌ നടത്തുന്നത്‌. ഇംപീരിയല്‍: 1 മൈല്‍ (1.609 കി.മീ.), 2 മൈല്‍ (3.219 കി.മീ.), 5 മൈല്‍ (8.47 കി.മീ.), 7 മൈല്‍ (11.265 കി.മീ.), 10 മൈല്‍ (16.093 കി.മീ.), മെട്രിക്ക്‌: 3 കി.മീ., 5 കി.മീ., 10 കി.മീ., 20 കി.മീ., 25 കി.മീ., 30 കി.മീ., 50 കി.മീ., 100 കി.മീ.

ജഫര്‍സണ്‍ പെരസ്‌

2004ലെ ആഥന്‍സ്‌ ഒളിമ്പിക്‌സിനുശേഷം യൂറോപ്പിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കാല്‍നടമത്സരങ്ങളില്‍ വമ്പിച്ച താത്‌പര്യം കണ്ടുവരുന്നു. ആഥന്‍സില്‍ 50 കി.മീ. മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഡെനിസ്‌ നീഴേഗോറോദേവ ഈ രംഗത്ത്‌ തുടര്‍ന്ന്‌ മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചു. 2005 മാര്‍ച്ചില്‍ മെക്‌സിക്കോയിലെ ടിജ്വാനയില്‍ നടന്ന 50 കി.മീ. റേസ്‌ വാക്കിങ്ങില്‍ നോര്‍വേക്കാരനായ ട്രാണ്‍ഡ്‌ നൈമാര്‍ക്ക്‌ പ്രശസ്‌തവിജയം വരിച്ചു.

ആഥന്‍സില്‍ അഞ്ചാംസ്ഥാനം നേടിയ ജുവാന്‍ മാനുവല്‍ മോളിനയും മാഡ്രിഡ്‌കാരനായ ജീസസ്‌ ഏഞ്ചല്‍ ഗാര്‍ഷ്യയും 50 കി.മീ. മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടി. ഗ്രീക്‌ ഒളിമ്പിക്‌സിലെ നടത്തമത്സരം ചാമ്പ്യനായ സോണി എറിക്‌സണും രംഗത്ത്‌ സജീവമാണ്‌. 2004ലെ വിവിധ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ വിജയികളായത്‌ റോബര്‍ട്ട്‌ കോര്‍സെനിയോവ്‌സ്‌കി (പോളണ്ട്‌), ജഫര്‍സണ്‍ പെരസ്‌ (ഇക്വഡോര്‍), ഇവാനോ ബ്രൂഗ്‌നെറ്റി (ഇറ്റലി) എന്നിവരാണ്‌. എലിസാറിഗ്വാദോ (ഇറ്റലി), ക്ലോഡിയാ സ്റ്റെഫ്‌ (റൊമാനിയ) മേരിയവാസ്‌കോ എന്നീ വനിതകളും വിജയികളായി. ഗ്രാന്റ്‌ പ്രിക്‌സ്‌ ഇന്റര്‍നാഷണല്‍ വാക്കിങ്‌ ടിജ്വാന (മെക്‌സിക്കോ), റിയോമേജര്‍ (പോര്‍ച്ചുഗല്‍), സിക്‌സിസിറ്റി (ചൈന), ഹെല്‍സിങ്കിയിലെ ലോക അത്‌ലറ്റിക്‌സ്‌ കഅഅഎ ചാമ്പ്യന്‍ഷിപ്പ്‌ എന്നിവയാണ്‌ പ്രമുഖ കാല്‍നടമത്സരവേദികള്‍.

ജര്‍മനിയിലെ മെലാനി സീജറും ആസ്റ്റ്രലിയയിലെ നാഥന്‍ഡീക്‌സും, മെക്‌സിക്കോ കഅഅഎ 2005 മാര്‍ച്ചില്‍ നടത്തിയ 20 കി.മീ. മത്സരത്തില്‍ വിജയികളായി.

നീന്തലിന്റെ ദൃശ്യഭംഗിയോടും അലസഗമനത്തിന്റെ അനായാസതയോടും ഉള്ള നടത്തവുംഅക്വാജോഗിങ്ങും റെസ്റ്റ്‌ വാക്കിങ്ങുംഇപ്പോള്‍ യൂറോപ്പില്‍ ജനപ്രിയത നേടിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍