This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍ഡര്‍, നിക്കോളാസ്‌ (1908 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍ഡര്‍, നിക്കോളാസ്‌ (1908 - 86)

Kaldor, Nicholar

നിക്കോളാസ്‌ കാല്‍ഡര്‍

ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍. 1908 മേയ്‌ 12ന്‌ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ജനിച്ചു. 1920ല്‍ ഉപരിപഠനസൗകര്യാര്‍ഥം ബ്രിട്ടനിലേക്കു പോയ കാല്‍ഡര്‍ 1930ല്‍ ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സില്‍ നിന്നും ബിരുദം കരസ്ഥമാക്കി. 1932ല്‍ ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സില്‍ അസിസ്റ്റന്റ്‌ ലക്‌ചററായി നിയമിതനായി. യൂറോപ്പിനുവേണ്ടിയുള്ള യു.എന്‍. സാമ്പത്തിക കമ്മിഷന്റെ ഗവേഷണആസൂത്രണ വിഭാഗത്തിന്റെ തലവനായി കാല്‍ഡര്‍ നിയമിതനായത്‌ 1947ലായിരുന്നു. 1949ല്‍ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്‌ത്ര വിഭാഗത്തില്‍ അധ്യാപകനായി ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1975ല്‍ പ്രാഫസര്‍ സ്ഥാനത്തുനിന്നും വിരമിച്ച കാല്‍ഡര്‍ കേംബ്രിജില്‍ത്തന്നെ എമരിറ്റസ്‌ പ്രാഫസറായി. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ വിവിധ സാമ്പത്തിക സമിതികളില്‍ ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്‌. "റോയല്‍ ആന്‍ഡ്‌ ഇന്‍കം' (1950-55) എന്ന സമിതിയിലെ അംഗത്വം, ചാന്‍സലര്‍ ഒഫ്‌ എക്‌സ്‌ചെക്കറുടെ പ്രതേയക ഉപദേഷ്‌ടാവ്‌ (1964-68, 1974-76) എന്നീ പദവികള്‍ ഇവയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. മെക്‌സിക്കോ (1960), ഘാനാ (1961), ബ്രിട്ടീഷ്‌ ഗയാനാ (1961), ടര്‍ക്കി എന്നീ രാജ്യങ്ങളിലെയും റിസര്‍വ്‌ ബാങ്ക്‌ ഒഫ്‌ ആസ്റ്റ്രലിയ(1963)യുടെയും സാമ്പത്തികോപദേഷ്‌ടാവുമായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം 1956ല്‍ ഇന്ത്യയിലെത്തി പ്രത്യക്ഷനികുതികള്‍ ചുമത്തുന്നതിനെ സംബന്ധിച്ച്‌ സമഗ്രമായ പഠനം നടത്തി നികുതിപരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ്‌ ഇന്ത്യയില്‍ മിക്ക പ്രത്യക്ഷനികുതികളും ഏര്‍പ്പെടുത്തിയത്‌. 1974ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇദ്ദേഹത്തിനു പ്രഭുപദവി നല്‌കി ആദരിച്ചു. സാമ്പത്തികശാസ്‌ത്രത്തില്‍ നല്‌കിയ സംഭാവനകള്‍ കണക്കിലെടുത്ത്‌ കേംബ്രിജ്‌ സര്‍വകലാശാലയും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സും ഫെല്ലോഷിപ്പ്‌ നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്‌.

സാമ്പത്തികശാസ്‌ത്രത്തിന്റെ വിവിധ മേഖലകളെക്കുറിച്ച്‌ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ആന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ടാക്‌സ്‌ (1955), എ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്‌ ഒഫ്‌ അഡ്‌വര്‍ടൈസിങ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ (1946), എസ്‌സേസ്‌ ഇന്‍ വാല്യൂ ആന്‍ഡ്‌ ഡിസ്റ്റ്രിബ-്യൂഷന്‍ (1960), എസ്സേസ്‌ ഓണ്‍ ഇക്കണോമിക്‌ പോളിസി (1964), കോസസ്‌ ഒഫ്‌ സ്ലോ റേറ്റ്‌ ഒഫ്‌ ഗ്രാത്ത്‌ ഒഫ്‌ ദി യുണൈറ്റഡ്‌ കിങ്‌ഡം (1971), കോണ്‍ഫ്‌ളിക്‌റ്റ്‌സ്‌ ഇന്‍ പോളിസി ഒബ്‌ജക്‌റ്റീവ്‌സ്‌ (1971), ഫര്‍ദര്‍ എസ്സേസ്‌ ഓണ്‍ ഇക്കണോമിക്‌ തിയറി (1978), ഫര്‍ദര്‍ എസ്സേസ്‌ ഓണ്‍ അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌ (1978) എന്നിവയാണ്‌ കാല്‍ഡറുടെ പ്രമുഖ കൃതികള്‍. 1980കളുടെ ആരംഭത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിച്ച്‌ ഇദ്ദേഹം ദ്‌ സ്‌കോര്‍ജ്‌ ഒഫ്‌ മോണിറ്ററിസം ( 1982), ദി ഇക്കണോമിക്‌ കണ്‍സീക്വിന്‍സസ്‌ ഒഫ്‌ മിസിസ്‌ താച്ചര്‍ (1983) എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്‌. 1986ല്‍ നിക്കൊളാസ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍