This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍ക്കുലേറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍ക്കുലേറ്റര്‍

Calculator

കാല്‍ക്കുലേറ്റര്‍

ഗണിതക്രിയകള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രാണിക ഉപകരണം. സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ശതമാനം കാണല്‍ തുടങ്ങിയ അടിസ്ഥാന ഗണിതക്രിയകള്‍ ചെയ്യുന്ന സാധാരണ കാല്‍ക്കുലേറ്ററുകളും, ത്രികോണമിതി (Trigonometry), സാംഖ്യികശാസ്‌ത്രം (statistics) തുടങ്ങിയ ഗണിതശാസ്‌ത്രശാഖയിലെ സങ്കീര്‍ണക്രിയകള്‍ ചെയ്യാന്‍ കഴിവുള്ള സയന്റിഫിക്‌ കാല്‍ക്കുലേറ്ററുകളും, ഗ്രാഫുകളിലെ മൂല്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രാഫിക്‌ കാല്‍ക്കുലേറ്ററുകളും ഇന്ന്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. വലുപ്പം കുറവുള്ള വിലകുറഞ്ഞ കാല്‍ക്കുലേറ്ററുകളും പ്രിന്റര്‍ സംവിധാനമടക്കമുള്ള സജ്ജീകരണങ്ങളുള്ള കാല്‍ക്കുലേറ്ററുകളും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും കാല്‍ക്കുലേറ്റര്‍ സോഫ്‌ട്‌വെയറുകളുണ്ട്‌.

കാല്‍ക്കുലേറ്ററുകളുടെ ചരിത്രം കംപ്യൂട്ടറുകളുടെ ആദ്യകാല ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണിതക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണങ്ങളാണ്‌ ആധുനിക കംപ്യൂട്ടറുകളിലെത്തി നില്‌ക്കുന്നത്‌. പൗരാണിക കാലത്തെ അബാക്കസും, 17-ാം നൂറ്റാണ്ടിലെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്ററുകളും 1960കളില്‍ പുറത്തിറങ്ങിയ ഖരാവസ്ഥ ഇലക്‌ട്രാണിക കാല്‍ക്കുലേറ്ററുകളുമാണ്‌ ഇന്നത്തെ കാല്‍ക്കുലേറ്ററുകളുടെ മുന്‍ഗാമികള്‍. മൈക്രാപ്രാസസ്സറുകള്‍ കണ്ടുപിടിച്ചതോടെ വലുപ്പം കുറഞ്ഞ കാല്‍ക്കുലേറ്ററുകള്‍ പ്രചാരത്തില്‍വന്നു. പോക്കറ്റ്‌ കാല്‍ക്കുലേറ്ററുകള്‍ വ്യാപകമായിത്തുടങ്ങിയത്‌ ഇതോടെയാണ്‌.

ഊര്‍ജസ്രാതസ്സ്‌, കീപാഡ്‌, പ്രാസസ്സര്‍ ചിപ്പ്‌, ഡിസ്‌പ്ലെ പാനല്‍ എന്നിവയാണ്‌ ഒരു കാല്‍ക്കുലേറ്ററിന്റെ പ്രധാന ഭാഗങ്ങള്‍. ഊര്‍ജസ്രാതസ്സായി ബാറ്ററിയോ സോളാര്‍ സെല്ലോ ആണ്‌ ഉപയോഗിക്കുന്നത്‌. കീപാഡില്‍ അക്കങ്ങള്‍, ഗണിത ചിഹ്നങ്ങള്‍, പ്രവര്‍ത്തക സൂചകചിഹ്നങ്ങള്‍ എന്നിവ അടയാളപ്പെടുത്തിയ കീകള്‍ അടങ്ങിയിരിക്കും. കാല്‍ക്കുലേറ്ററിന്റെ അകത്ത്‌ ഘടിപ്പിക്കുന്ന പ്രാസസ്സര്‍ ചിപ്പ്‌ അഥവാ മൈക്രാ പ്രാസസ്സര്‍ ആണ്‌ ഇതിന്റെ ഏറ്റവും മര്‍മപ്രധാനമായ ഭാഗം. എന്‍കോഡര്‍ യൂണിറ്റ്‌, രജിസ്റ്ററുകള്‍, മെമ്മറി, അരിത്‌മെറ്റിക്‌ ആന്‍ഡ്‌ ലോജിക്‌ യൂണിറ്റ്‌, ഡീകോഡര്‍ യൂണിറ്റ്‌ എന്നിവയാണ്‌ സങ്കീര്‍ണമായ ഇലക്‌ട്രാണിക ഘടകങ്ങള്‍ സൂക്ഷ്‌മമായി വിളക്കിച്ചേര്‍ത്തിരിക്കുന്ന ഈ ചിപ്പിലെ പ്രധാന ഭാഗങ്ങള്‍. കാല്‍ക്കുലേറ്റര്‍ ഓണാക്കുമ്പോള്‍ കീപാഡില്‍ നിന്നുള്ള സിഗ്നലുകളെ സ്വീകരിക്കാന്‍ മൈക്രാപ്രാസസ്സറിനെ തയ്യാറാക്കുന്നത്‌ സ്‌കാനിങ്‌ യൂണിറ്റാണ്‌. കീപാഡിലെ കീകളില്‍ അമര്‍ത്തുമ്പോള്‍ ഓരോ കീയില്‍ നിന്നും ഉണ്ടാകുന്ന സിഗ്നലുകളെ ബൈനറി കോഡുകളിലേക്ക്‌ മാറ്റുന്നതാണ്‌ എന്‍കോഡര്‍ യൂണിറ്റിന്റെ ചുമതല. ഫ്‌ളാഗ്‌ എന്നിങ്ങനെ മൂന്നു രജിസ്റ്ററുകളാണ്‌ ചിപ്പില്‍ സാധാരണ ഉണ്ടാകുക. ഡേറ്റകളെ കുറഞ്ഞ സമയങ്ങളില്‍ സംഭരിക്കുന്ന ചെറിയ മെമ്മറി ഘടകങ്ങളാണ്‌ രജിസ്റ്ററുകള്‍. അക്കങ്ങള്‍ രജിസ്റ്ററുകളിലും ഗണിതക്രിയാ ചിഹ്നത്തിന്റെ മൂല്യം ഫ്‌ളാഗ്‌ രജിസ്റ്ററിലും സംഭരിക്കപ്പെടുന്നു. ഉദാ. 5+3 എന്ന ക്രിയ ചെയ്യുമ്പോള്‍ 5 അടയാളപ്പെടുത്തിയ കീയുടെ ബൈനറിമൂല്യം രജിസ്റ്ററിലും 3ന്റേത്‌ രജിസ്റ്ററിലും "+' കീയുടെ മൂല്യം ഫ്‌ളാഗ്‌ രജിസ്റ്ററിലും സംഭരിക്കപ്പെടുന്നു. ഓരോ ഗണിതക്രിയയും നേരത്തെ സംഭരിക്കപ്പെട്ടിരിക്കുന്ന പ്രാഗ്രാമുകളുടെ സഹായത്താലാണ്‌ ചെയ്യുന്നത്‌. മൈക്രാപ്രാസസ്സറിലെ സ്ഥിരമെമ്മറിയായ ആര്‍.ഒ.എം. [(ROM) (Read Only Memory)]യിലാണ്‌ ബൈനറിരൂപത്തില്‍ ഈ പ്രാഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. [(എ.എല്‍.യു.) അരിത്‌മെറ്റിക്‌ ആന്‍ഡ്‌ ലോജിക്‌ യൂണിറ്റ്‌ (ALU)] എന്ന ഭാഗമാണ്‌ വിവിധ രജിസ്റ്ററുകളിലെയും ആര്‍.ഒ.എം.ലേയും ഡേറ്റകളെ എടുത്ത്‌ നിര്‍ദിഷ്‌ട ഗണിതക്രിയ ചെയ്യുന്നത്‌. ഗണിതക്രിയാ ഫലത്തെ ബൈനറി രൂപത്തിലാണ്‌ എ.എല്‍.യു. ലഭ്യമാക്കുന്നത്‌. ഈ ബൈനറി കോഡുകളെ ഡീകോഡര്‍ യൂണിറ്റ്‌ അവയുടെ ദശാംശരൂപത്തിലേക്ക്‌ മാറ്റുകയും ഡിസ്‌പ്ലേ പാനലിലൂടെ ദൃശ്യമാക്കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍