This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‌മികിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‌മികിയ

Kalmykia

റഷ്യന്‍ ഫെഡറേഷനിലുള്‍പ്പെട്ട ഒരു ഭരണഘടകം. മുമ്പ്‌ കാല്‌മിക്‌ ആട്ടോണമസ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. കാസ്‌പിയന്‍ കടലിനു വടക്കുപടിഞ്ഞാറ്‌ മാറി വോള്‍ഗ നദിയുടെ പടിഞ്ഞാറേക്കരയിലായി സ്ഥിതിചെയ്യുന്നു. വിസ്‌തീര്‍ണം: 76,100 ച.കി.മീ.; ജനസംഖ്യ: 2,92,410 (2002); തലസ്ഥാനം: എലിസ്‌ത (Elista). മംഗോള്‍ നരവംശത്തില്‍പ്പെട്ട കാല്‌മിക്‌ ജനവിഭാഗമാണ്‌ ഈ പ്രദേശത്തെ മുഖ്യജനവിഭാഗം. മധ്യേഷ്യയില്‍നിന്ന്‌ 17-ാം ശതകത്തില്‍ വോള്‍ഗാ നദീതടങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മംഗോള്‍ വംശജരുടെ പിന്‍മുറക്കാരാണ്‌ ഇവര്‍. ഇടതുകരയില്‍ വ്യാപിച്ചിരുന്നവര്‍ തങ്ങളുടെ ജന്മദേശത്തേക്ക്‌ 1770ഓടെ തിരികെ പോയെങ്കിലും വലതുകരയില്‍ കുടിയേറിയ ജനവിഭാഗം അവിടെത്തന്നെ തുടരുകയായിരുന്നു. ഇവര്‍ക്ക്‌ മുന്‍തൂക്കമുള്ള പ്രദേശമാണ്‌ പില്‍ക്കാലത്ത്‌ "കാല്‌മിക്‌' എന്നറിയപ്പെട്ടത്‌. തുര്‍ക്കി ഭാഷയില്‍ കാല്‌മിക്‌ എന്ന പദത്തിന്‌ "അവശേഷിപ്പ്‌' (remnant)എന്നാണ്‌ അര്‍ഥം. ഒരു അര്‍ധ മരുപ്രദേശമാണ്‌ കാല്‌മികിയ. പടിഞ്ഞാറ്‌ യെര്‍ഗേനി (Yergeni) കുന്നുകളില്‍ നിന്ന്‌ കാസ്‌പിയന്‍ കടലിലേക്ക്‌ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ്‌ ഈ പ്രദേശത്തിനുള്ളത്‌. പടിഞ്ഞാറേയതിര്‍ത്തിയിലുള്ള മഴ ലഭിക്കുന്ന ചില പ്രദേശങ്ങളില്‍ ഗോതമ്പും ചില ധാന്യങ്ങളും ഉത്‌പാദിപ്പിക്കുന്നതൊഴിച്ചാല്‍ കാല്‌മികിയയുടെ മിക്കവാറും പ്രദേശങ്ങള്‍ മേച്ചില്‍പ്പുറങ്ങളാണ്‌. കന്നുകാലി വളര്‍ത്തലും മത്സ്യബന്ധനവുമാണ്‌ ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗങ്ങള്‍.

സോവിയറ്റ്‌ ഭരണകാലത്താണ്‌ കാല്‌മിക്‌ ഒരു സ്വയംഭരണപ്രദേശമായത്‌ (1920). 1935ല്‍ ഈ പ്രദേശം ഒരു സ്വയംഭരണറിപ്പബ്ലിക്കായി. 1943ല്‍ സ്റ്റാലിന്‍ ഈ റിപ്പബ്ലിക്‌ പിരിച്ചുവിടുകയും അവിടെത്തന്നെ ജനങ്ങളെ സോവിയറ്റ്‌ അധീനതയിലുള്ള മധ്യേഷ്യയിലേക്കു നാടുകടത്തുകയും ചെയ്‌തു. 1957 ജനുവരിയില്‍ കാല്‌മിക്‌ ജനതയ്‌ക്ക്‌ തങ്ങളുടെ ന്യൂനപക്ഷാവകാശം തിരികെ ലഭിക്കുകയും കാല്‌മിക്‌ പ്രദേശത്തേക്ക്‌ തിരികെവരാന്‍ അനുമതി ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 1958 ജൂലായില്‍ വീണ്ടും ഈ പ്രദേശം ഒരു സ്വയംഭരണ റിപ്പബ്ലിക്കായി. 1990ല്‍ കാല്‌മിക്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്ക്‌ എന്നു നാമകരണം ചെയ്യപ്പെട്ട ഈ പ്രദേശം 1992 മുതല്‌ക്കാണ്‌ കാല്‌മികിയ എന്നറിയപ്പെട്ടുതുടങ്ങിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍