This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‌ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‌ഡിയ

Chaldea

തൂക്ക്‌ പൂന്തോട്ടം-പെയിന്റിങ്‌

ടൈഗ്രീസ്‌യൂഫ്രട്ടീസ്‌ നദീമുഖത്ത്‌, ബാബിലോണിയയുടെ തെക്കും തെക്കുപടിഞ്ഞാറും പ്രദേശത്തുമായി സ്ഥിതി ചെയ്‌തിരുന്ന പ്രാചീനരാജ്യം. അസീറിയന്‍ സാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ച ബാബിലോണിയന്‍ ജനത സെമിറ്റിക്‌ വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു. അവരെ കാല്‌ഡിയന്‍ അല്ലെങ്കില്‍ പുത്തന്‍ ബാബിലോണിയന്‍ ജനതയെന്നു വിളിച്ചുവരുന്നു. കാരണം അവര്‍ പുരാതന നഗരമായ ബാബിലന്‍ ആണ്‌ തലസ്ഥാനമായി സ്വീകരിച്ചത്‌. അസീറിയന്‍ സാമ്രാജ്യം തകര്‍ക്കുന്നതിനു നേതൃത്വം നല്‌കിയ കാല്‌ഡിയന്മാരുടെ നേതാവ്‌ നബപൊലസ്സാര്‍ ആയിരുന്നു. എന്നാല്‍ ഏറ്റവും ശക്തനായ കാല്‌ഡ-ിയന്‍ രാജാവ്‌ നെബ്‌കദ്‌നെസര്‍ (ബി.സി. 605-562) ആയിരുന്നു. ഇദ്ദേഹം ബി.സി. 605ല്‍ കര്‍ഖെമിഷ്‌ യുദ്ധത്തില്‍ ഈജിപ്‌തിനെ പരാജയപ്പെടുത്തി സിറിയ കീഴടക്കി. സാമന്തരാജ്യമായ ജൂഡ ബി.സി. 597ല്‍ കലാപത്തിനൊരുങ്ങിയപ്പോള്‍ നെബ്‌കദ്‌നെസര്‍ ജറൂസലേം കീഴടക്കി. പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും കലാപത്തിനൊരുങ്ങിയപ്പോള്‍ കാല്‍ഡിയന്‍ പട ജറൂസലേം നഗരം ചുട്ടെരിച്ച്‌ പ്രതികാരം ചെയ്‌തു. മാത്രമല്ല യഹൂദ രാജാവിനെയും അനേകം യഹൂദന്മാരെയും നെബ്‌കദ്‌നെസര്‍ ബാബിലോണിയയിലേക്ക്‌ തടവുകാരായി കൊണ്ടുവന്നു. യഹൂദന്മാര്‍ ഈ സംഭവത്തെ ബാബിലോണിയന്‍ തടവ്‌ (Babylonian Captivity) എന്നു പറയുന്നു. നെബ്‌കദ്‌നെസറിന്റെ കാലത്താണ്‌ കാല്‍ഡിയന്‍ സാമ്രാജ്യം അതിന്റെ ഔന്നത്യത്തിലെത്തിയത്‌. ബാബിലന്‍ നഗരത്തിനു ചുറ്റും വന്‍മതില്‍ ഉയര്‍ന്നതും നഗരത്തിലെങ്ങും മനോഹരങ്ങളായ ദേവാലയങ്ങളും പ്രൗഢഗംഭീരങ്ങളായ രാജകൊട്ടാരങ്ങളും സജ്ജീകരിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്‌. പൗരാണിക ലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളില്‍ ഒന്നായ തൂക്ക്‌ പൂന്തോട്ട(Hanging Garden)ത്തോടുകൂടിയ രാജകൊട്ടാരം തന്റെ പേര്‍ഷ്യക്കാരിയായ പത്‌നിക്കുവേണ്ടി പണികഴിപ്പിച്ചത്‌ നെബ്‌കദ്‌നെസറാണ്‌.

കാല്‌ഡിയന്‍ ജനത ഒന്നാം ബാബിലോണിയന്‍ സംസ്‌കാരം പുനരുദ്ധരിക്കുന്നതിനു പരിശ്രമിച്ചെങ്കിലും അതില്‍ പരിപൂര്‍ണമായി വിജയിച്ചില്ല. എങ്കിലും അവരുടെ സ്ഥാപനങ്ങളും ആദര്‍ശങ്ങളും ഏറെക്കുറെ കാല്‌ഡിയന്മാര്‍ സ്വീകരിച്ചു. ഹാമ്മുറാബിയുടെ നിയമസംഹിതയുള്‍പ്പെടെ അവരുടെ നിയമാവലി അവര്‍ സ്വീകരിച്ചു. അതുപോലെതന്നെ ഭരണസംവിധാനവും സാമ്പത്തികനയവും ആവര്‍ത്തിക്കപ്പെട്ടു. വാണിജ്യം, വ്യയവസായം എന്നീ തുറകളിലും അവര്‍ ഒന്നാം ബാബിലോണിയന്‍കാരെ അനുകരിക്കുകയാണു ചെയ്‌തത്‌. പഴയ ബാബിലോണിയന്‍ ദേവതകള്‍ പ്രത്യക്ഷപ്പെട്ടെന്നു മാത്രമല്ല അവര്‍ക്കു മനോഹരങ്ങളായ ദേവാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തു. എന്നാല്‍ ഈ ദേവന്മാര്‍ ചില പരിവര്‍ത്തനങ്ങള്‍ക്കു വിധേയരായി. അവരില്‍ ആരോപിക്കപ്പെട്ടിരുന്ന മാനുഷിക സ്വഭാവം തുടച്ചുനീക്കി തികച്ചും അമാനുഷിക സിദ്ധികള്‍ പകരം നല്‌കപ്പെട്ടു. ഓരോ ദേവതയും ഓരോ ഗ്രഹവുമായി ബന്ധിക്കപ്പെടുകയും ചെയ്‌തു. റോമാക്കാര്‍ കാല്‌ഡിയന്‍ ദേവതകളില്‍നിന്ന്‌ ആവേശം കൊണ്ടാണ്‌ അവരുടെ ദേവതകള്‍ക്ക്‌ രൂപം നല്‌കിയത്‌. ഉദാഹരണത്തിന്‌ മാര്‍ഡക്ക്‌ ജൂപ്പിറ്ററും; നെബു മെര്‍ക്കുറിയും; ഇഷ്‌ക്കര്‍ വീനസും ആയിത്തീര്‍ന്നു. ദൈവങ്ങള്‍ മനുഷ്യരുടെ ഭാവി നിശ്ചയിക്കുന്നുവെന്ന വിശ്വാസം അവരില്‍ പ്രബലമായതോടെ അവര്‍ നക്ഷത്രങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ തുടങ്ങി. അതോടെ വാനജ്യോതിഷ ശാസ്‌ത്രങ്ങള്‍ക്ക്‌ ഒരു പ്രത്യേക ഉത്തേജനമുണ്ടാവുകയും ചെയ്‌തു. ദൈവങ്ങളെ നിരുപാധികം വിശ്വസിക്കുന്നതിനും വിധിക്കു കീഴടങ്ങി ജീവിക്കുന്നതിനും അവര്‍ തയ്യാറായി. അതുപോലെതന്നെ ആധ-്യാത്മിക ജീവിതത്തിന്‌ ഊന്നല്‍ കൊടുക്കുവാനും അവര്‍ പരിശീലിച്ചു. പാപം എന്ന സങ്കല്‌പം അവരുടെ മതം സ്വീകരിച്ചു. ചുരുക്കത്തില്‍ പരാജയബോധവും നിസ്സഹായതയും അവരുടെ മതത്തിന്റെ പ്രത്യേകതകളായിത്തീര്‍ന്നു.

പൗരാണിക മധ്യ പൗരസ്‌ത്യദേശത്തെ ഏറ്റവും കഴിവുറ്റ ശാസ്‌ത്രജ്ഞരായിരുന്നു കാല്‌ഡിയന്മാര്‍. ഒരാഴ്‌ചയില്‍ ഏഴു ദിവസങ്ങള്‍ കല്‌പിച്ചത്‌ അവരാണ്‌. പന്ത്രണ്ട്‌ മണിക്കൂറുകളായി അവര്‍ ഒരു ദിവസത്തെ വിഭജിച്ചു. ഗ്രഹണങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതിന്‌ അവര്‍ക്കു കഴിഞ്ഞു. കേവലം 26 മിനിട്ടുകളുടെ വ്യത്യാസത്തോടെ അവര്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യം ഗണിച്ചെടുത്തു. ആകാശത്തു പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങളുടെ സ്ഥാനവും രൂപവും അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഒരു ശതാബ്‌ദക്കാലത്ത്‌ ആകാശത്തുണ്ടാകാവുന്ന പ്രത്യേകതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അവര്‍ക്കു കഴിഞ്ഞു. സാഹിത്യരംഗത്ത്‌ അവര്‍ ചെയ്‌തത്‌ ഒന്നാം ബാബിലോണിയന്‍ ജനതയുടെ സാഹിത-്യസൃഷ്‌ടികളെ പകര്‍ത്തി സൂക്ഷിച്ചതാണ്‌. നെബ്‌കദ്‌നെസറിന്റെ മരണത്തോടെ കാല്‌ഡിയന്‍ സാമ്രാജ്യം അസ്‌തമിച്ചു. ബി.സി. 539ല്‍ പേര്‍ഷ്യയിലെ സൈറസ്‌ ചക്രവര്‍ത്തി ബാബിലോണിയ ആക്രമിച്ചു കീഴടക്കി. നോ. ബാബിലോണ്‍

(പ്രാഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍