This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‌ഗൂര്‍ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‌ഗൂര്‍ലി

Kalgoorlie

സ്വര്‍ണഖനി-കാല്‌ഗൂര്‍ലി

പശ്ചിമ ആസ്റ്റ്രലിയയിലെ ഒരു പ്രമുഖ സ്വര്‍ണഖനനകേന്ദ്രം; ഇതേ പേരുള്ള ജില്ലയുടെ തലസ്ഥാനനഗരം. സംസ്ഥാനതലസ്ഥാനമായ പെര്‍ത്തി (Perth) ല്‍ നിന്ന്‌ 595 കി.മീ. കിഴക്കുവടക്കു കിഴക്കു മാറി സ്ഥിതിചെയ്യുന്നു. ആസ്റ്റ്രലിയയുടെ പശ്ചിമപൂര്‍വഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പ്പാത (East-West rail corridor) കാല്‌ഗൂര്‍ലി നഗരത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഇവിടങ്ങളിലുള്ള ഒരിനം കുറ്റിച്ചെടിയെ വിശേഷിപ്പിക്കുന്നതിന്‌ ആദിവാസികള്‍ ഉപയോഗിച്ചിരുന്ന പദത്തില്‍നിന്നാണ്‌ സ്ഥലനാമം നിഷ്‌പന്നമായിട്ടുള്ളത്‌. ജനസംഖ്യ: 28,242 (2010).

ഗ്രറ്റ്‌ വിക്‌റ്റോറിയ മരുഭൂമിയിലുള്ള നുള്ളാര്‍ബര്‍ സമതലത്തിന്റെ പശ്ചിമ അതിര്‍ത്തിക്കടുത്ത്‌ സമുദ്രനിരപ്പില്‍നിന്ന്‌ 560 മീ. ഉയരത്തിലാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. വാര്‍ഷിക വര്‍ഷപാതം 25 സെന്റിമീറ്ററില്‍ കവിയാറില്ല. 1893ല്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതോടെ ഖനനപ്രവര്‍ത്തനവും ആരംഭിച്ചു. ഖനിത്തൊഴിലാളികളുടെ മുഖ-്യഅധിവാസകേന്ദ്രമായിത്തീര്‍ന്ന കാല്‌ഗൂര്‍ലി 1895ല്‍ നഗരത്തിന്റെ നിലവാരമാര്‍ജിച്ചു. പ്രാരംഭകാലത്ത്‌ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്ന ഈ പ്രദേശത്തെയും 1903ല്‍ ആരംഭിച്ച സ്വര്‍ണമേഖലാ ശുദ്ധജലവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ക്രമവൃദ്ധമായ പുരോഗതിയിലൂടെ സ്വര്‍ണത്തിന്റെ ഉത്‌പാദനം 1903ല്‍ അത്യുച്ചനിലയിലായി. തുടര്‍ന്ന്‌ 26 വര്‍ഷക്കാലം ഉത്‌പാദനത്തില്‍ തുടര്‍ച്ചയായി കുറവ്‌ അനുഭവപ്പെട്ടുവെങ്കിലും പല പരിഷ്‌കരണ പദ്ധതികളിലൂടെ 1930നുശേഷം ഉത്‌പാദനം സ്ഥായിയായി നിലനിര്‍ത്തുന്നതിന്‌ സാധിച്ചു. 1903 മുതല്‍ വെസ്റ്റേണ്‍ ആസ്റ്റ്രലിയ സ്‌കൂള്‍ ഒഫ്‌ മൈന്‍സ്‌ പ്രവര്‍ത്തിക്കുന്നതിവിടെയാണ്‌. സ്വര്‍ണത്തിനു പുറമേ ചെമ്പും ലിഗ്‌നൈറ്റും ഖനനം ചെയ്യപ്പെടുന്നു. 4 കി.മീ. അകലെ ജില്ലയിലുള്ള മറ്റൊരു പ്രമുഖ പട്ടണമാണ്‌ കൂല്‌ഗാര്‍ഡി. കൂല്‌ഗാര്‍ഡിക്കു കിഴക്കുള്ള ഖനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഏറിയപങ്കും ഈ നഗരത്തിലാണ്‌ താമസിക്കുന്നത്‌. 11 കി.മീ. തെക്കു കിഴക്കുമാറി സ്ഥിതിചെയ്യുന്ന ബൗള്‍ഡര്‍ 1947ല്‍ കാല്‌ഗൂര്‍ലി നഗരസഭയില്‍ ലയിച്ചു. 40 കി.മീ. അകലെയുള്ള കംബാള്‍ഡയില്‍ 1966ല്‍ കണ്ടെത്തിയ സമൃദ്ധമായ നിക്കല്‍ശേഖരം നഗരത്തിന്‌ ഇന്നുള്ള സാമ്പത്തിക പ്രാധാന്യത്തിന്‌ മറ്റൊരു കാരണമാണ്‌.

മാട്ടിറച്ചി, ആട്ടിന്‍രോമം, ഗോതമ്പ്‌ എന്നിവയാണ്‌ സ്ഥലത്തെ മറ്റുത്‌പന്നങ്ങള്‍. അയിരുസംസ്‌കരണമാണ്‌ നഗരത്തിലെ പ്രധാന വ്യവസായം. മദ്യനിര്‍മാണശാലകള്‍, ലോഹവാര്‍പ്പുശാലകള്‍, എന്‍ജിനീയറിങ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍