This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്യാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്യാരി

Cagliari

ഇറ്റലിയിലെ ഒരു ദ്വീപുപ്രവിശയയായ സാര്‍ഡീനിയയിലെ ഏറ്റവും വലിയ തുറമുഖനഗരവും പ്രവിശ്യാ തലസ്ഥാനവും. മധ്യധരണ്യാഴിയില്‍ ഫ്രാന്‍സിന്റെ വകയായ കോര്‍സിക്ക ദ്വീപിന്‌ തൊട്ടു തെക്കും ഇറ്റലിയുടെ തന്നെ വകയായ സിസിലിക്ക്‌ വടക്കു പടിഞ്ഞാറുമായി കിടക്കുന്ന സാര്‍ഡീനിയ ദ്വീപിന്റെ തെക്കന്‍ തീരത്താണ്‌ ചരിത്രപ്രസിദ്ധമായ കാല്യാരി നഗരം വികസിച്ചിരിക്കുന്നത്‌. ആഫ്രിക്കാ വന്‍കരയുടെ ഉത്തരാഗ്രത്ത്‌ നിന്ന്‌ 240 കി.മീ. വടക്കും വത്തിക്കാന്‍ നഗരത്തിനു 430 കി.മീ. തെക്കു പടിഞ്ഞാറുമായാണ്‌ നഗരത്തിന്റെ സ്ഥാനം. ദ്വീപിലെ അത്യാധുനിക തുറമുഖവും ഏറ്റവും വലിയ വ്യാവസായിക ഗതാഗതകേന്ദ്രവുമായ ഈ നഗരം കാല്യാരി ഉള്‍ക്കടലിന്റെ തലപ്പത്ത്‌ മാന്നു (Mannu) നദിയുടെ അഴിമുഖത്തായി സ്ഥിതിചെയ്യുന്നു. ഒരു കുന്നിന്റെ തെക്കന്‍ ചെരിവിലും അടിവാരത്തുമായി വ്യാപിച്ചുകിടക്കുന്ന നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ലവണ ലഗൂണുകളും (Salt lagoons) തെക്ക്‌ കാല്യാരി ഉള്‍ക്കടലുമാണ്‌. യവനര്‍ കാര്‍ഡ്‌ലിസ്‌ (Cardlis)എന്നും റോമാക്കാര്‍ കാരെയ്‌ല്‍ (Carales)എന്നും വിളിച്ചിരുന്ന കാല്യാരി നഗരം ഫിനീഷ്യരാണ്‌ സ്ഥാപിച്ചത്‌. ജനസംഖ്യ: 1,62,993 (2000).

കാല്യാരി തുറമുഖം

ചരിത്രാതീത കാലം മുതല്‌ക്കേ ഇവിടെ മനുഷ-്യാധിവാസമുണ്ടായിരുന്നു. ഫിനീഷ്യര്‍ ഇവിടെയൊരു തുറമുഖം സ്ഥാപിച്ചതോടെ ഇതൊരു പട്ടണത്തിന്റെ സ്വരൂപസ്വഭാവങ്ങളാര്‍ജിക്കുകയും കാര്‍ത്തേജുകാരുടെയും റോമാക്കാരുടെയും അധീനതയില്‍ വലുതായ വികാസം നേടുകയും ചെയ്‌തു. എ.ഡി. 4, 5 നൂറ്റാണ്ടുകളില്‍ ദ്വീപിലെ, റോമന്‍ ഗവര്‍ണറുടെ ആസ്ഥാനവും ഗതാഗതകേന്ദ്രവുമായിരുന്നു ഈ പട്ടണം. 485ല്‍ വാന്‍ഡലുകളും 533ല്‍ ബൈസാന്തിയരും, തുടര്‍ന്ന്‌ 12-ാം ശതകത്തില്‍ സാരസന്‍ വിഭാഗക്കാരും ഇവിടം കൈയടക്കിയിരുന്നു. പിന്നീട്‌ പിസ, ആരഗണ്‍, ആസ്റ്റ്രിയ എന്നീ രാജ്യക്കാരും ഈ പട്ടണം കീഴടക്കുകയുണ്ടായി. 1718ല്‍ ദ്വീപ്‌ മൊത്തവും സവോയ്‌ കുടുംബങ്ങളുടെ (Home of Savoy) വകയായി. കാല്യാരി ദീര്‍ഘകാലം ദ്വീപിലെ സൈനികആസ്ഥാനം കൂടിയായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ സഖ്യകക്ഷികളുടെ കനത്ത ബോംബാക്രമണത്തില്‍ തകര്‍ന്നടിയുന്നതുവരേക്കും ഇവിടം പ്രമുഖ വ്യോമ നാവിക സേനാകേന്ദ്രമായിരുന്നു. 1938ലാണ്‌ തുറമുഖം സമൂലം നവീകരിക്കപ്പെട്ടത്‌. നോ. ഇറ്റലി; സാര്‍ഡീനിയ സാര്‍ഡീനിയയില്‍ ഉത്‌ഖനനം ചെയ്യപ്പെടുന്ന കാരീയം, നാകം തുടങ്ങിയ ധാതുക്കളും ലവണങ്ങളും ആണ്‌ കാല്യാരി തുറമുഖം മുഖേനയുള്ള മുഖ-്യ കയറ്റുമതിച്ചരക്കുകള്‍. നഗരത്തിന്റെ പ്രാന്തങ്ങളില്‍ കൃഷിയും ലവണശേഖരണവുമാണ്‌ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. സിമന്റ്‌, സൂപ്പര്‍ഫോസ്‌ഫേറ്റുകള്‍, സെറാമിക്‌സ്‌, പെട്രാകെമിക്കല്‍സ്‌ തുടങ്ങിയവയുടെ ഉത്‌പാദനവും, ധാന്യങ്ങള്‍, പഞ്ചസാര, പെട്രാളിയം ഉത്‌പന്നങ്ങള്‍ മുതലായവയുടെ സംസ്‌കരണവും കരകൗശലവ്യവസായവുമാണ്‌ നഗരത്തിലെ മുഖ്യ വ്യവസായങ്ങള്‍. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ധാരാളം പുരാവസ്‌തുക്കള്‍ നഗരത്തിലുണ്ട്‌; മധ്യകാല നഗരത്തിലെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി (Cathedral of St. Cecilia), 14-ാം ശതകത്തില്‍ പിസാക്കാര്‍ നിര്‍മിച്ച കോട്ടകളുടെയും ഗോപുരങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍, പ്യൂണിക്കോറോമന്‍ നെക്രാപൊലിസ്‌ തുടങ്ങിയവയും നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാണ്‌. 1606ല്‍ സ്ഥാപിതമായ കാല-്യാരി സര്‍വകലാശാലയാണ്‌ സാര്‍ഡീനിയയിലെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസകേന്ദ്രം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍