This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലേല്‍ക്കര്‍, ദത്താത്രയ ബാലകൃഷ്‌ണ (1885 - 1981)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലേല്‍ക്കര്‍, ദത്താത്രയ ബാലകൃഷ്‌ണ (1885 - 1981)

ദത്താത്രയ ബാലകൃഷ്‌ണ കാലേല്‍ക്കര്‍

സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയന്‍ വിദ്യാഭ്യാസപ്രവര്‍ത്തകനും. "കാക്കാ കാലേല്‍ക്കര്‍' എന്നറിയപ്പെടുന്ന ദത്താത്രയ ബാലകൃഷ്‌ണ കാലേല്‍ക്കര്‍ 1885 ഡി. 1നു മഹാരാഷ്‌ട്രയുടെ പഴയതലസ്ഥാനമായ സത്താറയില്‍ ജനിച്ചു. പിതാവ്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കീഴില്‍ ഉദ്യോഗസ്ഥനായിരുന്നു. പിതാവിന്റെ കൂടെക്കൂടെയുള്ള സ്ഥലംമാറ്റം കുട്ടിക്കാലത്തുതന്നെ പുതിയ സ്ഥലങ്ങളില്‍നിന്ന്‌ പുതിയ അനുഭവങ്ങള്‍ നേടാന്‍ കാലേല്‍ക്കറെ പ്രാപ്‌തനാക്കി.

സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുട്ടിക്കാലത്തുതന്നെ കാലേല്‍ക്കര്‍ക്ക്‌ ഇഷ്‌ടമായിരുന്നില്ല. ദേശാഭിമാന പ്രചോദിതനായ കാലേല്‍ക്കര്‍ ചെറുപ്പത്തിലേ ബ്രിട്ടീഷുകാരുടെ അന്യായങ്ങള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തി.

1915ല്‍ ശാന്തിനികേതനില്‍വച്ച്‌ ഗാന്ധിജിയെ കണ്ടുമുട്ടിയത്‌ കാലേല്‍ക്കറുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കാലേല്‍ക്കര്‍ക്കു വലിയ താത്‌പര്യം തോന്നി. വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേകമായ അഭിരുചിയുണ്ടായിരുന്ന കാലേല്‍ക്കറെ ഗാന്ധിജി ആശ്രമപാഠശാലയുടെ ചുമതല ഏല്‌പിച്ചു. ഗുജറാത്ത്‌ വിദ്യാപീഠത്തിന്റെ ആചാര-്യനായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. "വാര്‍ധാ വിദ്യാഭ്യാസ പദ്ധതി' എന്ന പേരില്‍ അറിയപ്പെടുന്ന ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിച്ചതില്‍ ഇദ്ദേഹത്തിന്‌ കാര്യമായ പങ്കുണ്ടായിരുന്നു. ബഹുഭാഷാപണ്‌ഡിതനായ ഇദ്ദേഹം ഗാന്ധിജിയുടെ ഉപദേശപ്രകാരം ഹിന്ദുസ്ഥാനിസഭ മുഖേന ഹിന്ദി പ്രചരിപ്പിച്ചു. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കാലേല്‍ക്കറെ പല പ്രാവശ്യം ജയിലിലടച്ചു.

ഭാരതത്തിന്‌ സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം കാലേല്‍ക്കര്‍ ജപ്പാന്‍, ചൈന, ബ്രിട്ടന്‍, യു.എസ്‌., റഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചു. അവിടൊക്കെ ഭാരതത്തിന്റെ സാംസ്‌കാരിക സന്ദേശവും ഗാന്ധിയന്‍ തത്ത്വസംഹിതയും പ്രചരിപ്പിച്ചു. കുറേക്കാലം ഇദ്ദേഹം രാജ്യസഭാ മെമ്പറായിരുന്നു. ഭാരതസര്‍ക്കാര്‍ പദ്‌മഭൂഷണ്‍ ബഹുമതി നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

ഗുജറാത്തി, മറാഠി, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ കാലേല്‍ക്കര്‍ അനേകം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്‌. മൗലികചിന്ത, അഗാധപാണ്‌ഡിത്യം, ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവകൊണ്ട്‌ ഭാരതീയ സംസ്‌കാരത്തെ കാലേല്‍ക്കര്‍ സമ്പന്നമാക്കി. സര്‍വമതഐക്യം കാലേല്‍ക്കറുടെ ജീവിതലക്ഷ്യമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളും ആത്മകഥയും ഭാരതീയ സാഹിത്യത്തിനു പുതിയ മാനം നല്‌കി. ഗുജറാത്തിയില്‍ ബ്രഹ്മദേശ്‌ നോ പ്രവാസ്‌ (1932), ജീവന്‍ സംസ്‌കൃതി (1936), ജീവന്‍ ഭാരതി (1937); ലോക്‌ ജീവന്‍ (ഹിന്ദി1938), സ്‌മരണയാത്ര (1940), സദ്‌ബോധശതകം (1941), ഗീതാധര്‍മ (1944), ഗീതാസാര്‍ (1947), ബാപ്പൂനീ ഝാങ്‌കി (1949), ഹിമാലയനാപ്രവാസ്‌ (1949), പൂര്‍വ ആഫ്രിക്ക മാങ്‌ (1951), ധര്‍മോദയ്‌ (1952), ജീവനേ ആനന്ദ്‌ (1952) എന്നീ മുഖ്യഗ്രന്ഥങ്ങള്‍ക്കു പുറമേ കാലേല്‍ക്കര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഗുജറാത്തിയിലും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.

(ഡോ. എം.എ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍