This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിപ്പേഴ്‌സ്‌ (വെര്‍ണിയര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിപ്പേഴ്‌സ്‌ (വെര്‍ണിയര്‍)

Calipers (Vernier)

വെര്‍ണിയര്‍ കാലിപ്പേഴ്‌സ്‌

താരതമ്യേന ചെറിയ വസ്‌തുക്കളുടെ നീളം, വീതി, കനം എന്നീ പരിമാണങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള ഒരുപകരണം. വെര്‍ണിയര്‍തത്ത്വം അടിസ്ഥാനപ്പെടുത്തിയുള്ള ഈ ഉപകരണം സംവിധാനം ചെയ്‌തത്‌ 1631ല്‍ പിയറി വെര്‍ണിയര്‍ എന്ന ഗണിതശാസ്‌ത്രജ്ഞനാണ്‌.

ഉള്‍വിസ്‌തൃതി എന്നര്‍ഥം വരുന്ന കാലിബര്‍ എന്ന പദത്തിന്റെ വികലരൂപമാണ്‌ കാലിപ്പര്‍. അളവുപകരണങ്ങളുടെ കൂട്ടത്തില്‍ പണ്ടുമുതല്‌ക്കേ യവനന്മാരും റോമാക്കാരും വിരളമായിട്ടെങ്കിലും കാലിപ്പര്‍ ഉപയോഗിച്ചിരുന്നു. ഇന്ന്‌ ഇന്‍സൈഡ്‌, ഔട്ട്‌സൈഡ്‌, ഡബിള്‍, സ്‌പ്രിങ്‌, സ്ലൈഡ്‌ എന്നീ വിവിധയിനത്തിലുള്ള കാലിപ്പേഴ്‌സ്‌ പ്രചാരത്തിലുണ്ട്‌.

വെര്‍ണിയര്‍ വിഭാവനം ചെയ്‌ത കാലിപ്പര്‍ സ്ലൈഡ്‌ വിഭാഗത്തില്‍പ്പെടുന്നു. ഒരു പ്രധാന സ്‌കെയിലും അതിനു സഹായകമായി വര്‍ത്തിക്കുന്നതും സ്‌കെയിലിന്റെ ഓരത്തില്‍ക്കൂടി യഥേഷ്‌ടം നീങ്ങുന്നതുമായ ഒരു വെര്‍ണിയര്‍ സ്‌കെയിലുമാണ്‌ ഇതിന്റെ മുഖ്യഭാഗങ്ങള്‍. പ്രധാന സ്‌കെയിലില്‍നിന്ന്‌ (n-1) ഭാഗങ്ങള്‍ എടുത്ത്‌ അതിനെ വെര്‍ണിയര്‍ സ്‌കെയിലില്‍ n സമഭാഗങ്ങളായി വിഭജിക്കുക എന്നതാണ്‌ വെര്‍ണിയര്‍തത്ത്വം. ഇവിടെ ി ഏതെങ്കിലും പൂര്‍ണസംഖ്യയായിരിക്കണം. ഇപ്രകാരം വിഭജിക്കുമ്പോള്‍ വെര്‍ണിയര്‍ സ്‌കെയിലിലെ അടുത്തടുത്ത രണ്ടു അങ്കനങ്ങള്‍ക്കിടയിലുള്ള ദൂരം പ്രധാന സ്‌കെയിലിലെ തൊട്ടടുത്ത രണ്ടു അങ്കനങ്ങള്‍ തമ്മിലുള്ള ദൂരത്തിന്റെ (n-1)/n ഭാഗമായിരിക്കും. പ്രധാന സ്‌കെയിലിലെ ഒരംശവും വെര്‍ണ്ണിയര്‍ സ്‌കെയിലിലെ ഒരംശവും തമ്മിലുള്ള വ്യത്യാസത്തെ (പ്രധാന സ്‌കെയില്‍ഭാഗത്തിന്റെ 1/n) വെര്‍ണിയര്‍ സ്ഥിരാങ്കം അഥവാ "ലഘുമാനം' എന്നുപറയുന്നു. വെര്‍ണിയര്‍ ഉപയോഗിച്ചു സൂക്ഷ്‌മമായി നിര്‍ണയിക്കാവുന്ന ഏറ്റവും ചെറിയ അളവിനെ ഇതു സൂചിപ്പിക്കുന്നു.

വസ്‌തുക്കളുടെ നീളം, വീതി, കനം എന്നിവ അളക്കുന്നതിന്‌ സാധാരണ ഉപയോഗിക്കാറുള്ള വെര്‍ണ്ണിയര്‍ കാലിപ്പേഴ്‌സ്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ഏതാണ്ട്‌ 10-25 സെ.മീ.നീളവും 2 സെ.മീ. വീതിയും ഉള്ള ഉരുക്കുതകിടില്‍ സെന്റിമീറ്ററിലും മീല്ലിമീറ്ററിലും പ്രധാന സ്‌കെയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. സ്‌കെയിലിന്റെ ഒരറ്റത്ത്‌ അതിനു ലംബമായി വരത്തക്കവണ്ണം ഒരു അണ(A-jaw) ഘടിപ്പിച്ചിരിക്കുന്നു. യഥേഷ്‌ടം സ്ഥാനം മാറ്റാവുന്ന മറ്റൊരു അണയായ ആ ല്‍ വെര്‍ണിയറും പിടിപ്പിച്ചിരിക്കുന്നു. അളക്കേണ്ട വസ്‌തുവിനെ ഈ രണ്ട്‌ അണകള്‍ക്കിടയില്‍ ആണ്‌ വയ്‌ക്കേണ്ടത്‌. പ്രധാന സ്‌കെയിലിന്മേല്‍ യഥേഷ്‌ടം നീക്കാവുന്ന വെര്‍ണിയര്‍ സ്‌കെയിലിനെ വേണ്ടയിടത്തു സ്‌ക്രൂ (S) ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയും. രണ്ട്‌ അണകളും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ പ്രധാന സ്‌കെയിലിലെ പൂജ്യവും വെര്‍ണിയര്‍ പൂജ്യവും നേര്‍ക്കുനേരെ ആയിരിക്കും. ഇവ നേര്‍ക്കുനേരെയല്ലെങ്കില്‍ ഉപകരണത്തിനു "പൂജ്യപ്പിശക്‌' (zero error) ഉള്ളതായി പറയുന്നു. നീളം കാണുന്ന സന്ദര്‍ഭത്തില്‍ ഉപകരണത്തിനു പൂജ്യപ്പിശക്‌ ഉണ്ടെങ്കില്‍ അതുകൂടി കണക്കിലേടുക്കേണ്ടതുണ്ട്‌.

വസ്‌തുവിന്റെ നീളം അളക്കുന്നതിന്‌ ആദ്യമായി വെര്‍ണിയറിന്റെ ലഘുമാനം നിര്‍ണയിക്കേണ്ടതുണ്ട്‌. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വെര്‍ണിയര്‍ കാലിപ്പേഴ്‌സില്‍ പ്രധാന സ്‌കെയിലിലെ 9 ഭാഗങ്ങളെ വെര്‍ണിയര്‍ സ്‌കെയിലില്‍ 10 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതായത്‌, ലഘുമാനം = 1 - 9/10 = .01 സെ.മീ. പിന്നീട്‌ വസ്‌തുവിനെ ചിത്രത്തില്‍ കാണിച്ചവിധം അണകള്‍ക്കിടയില്‍ ചേര്‍ത്തുവച്ചശേഷം വെര്‍ണിയറിലെ പൂജ്യത്തിനു തൊട്ടുമുമ്പിലായുള്ള പ്രധാന സ്‌കെയിലിലെ അങ്കനം നോക്കുക. ഇതാണ്‌ പ്രധാന സ്‌കെയിലില്‍ പാഠ്യാങ്കം (reading). പിന്നീട്‌ വെര്‍ണിയര്‍ സ്‌കെയില്‍ നോക്കി അതിലെ ഏത്‌ അങ്കനമാണ്‌ പ്രധാന സ്‌കെയിലിലെ ഏതെങ്കിലും ഒരു അങ്കനവുമായി കൃത്യമായി സംപതിക്കുന്നതെന്നു നോക്കുക. വെര്‍ണിയര്‍ സ്‌കെയിലിലെ ഈ അങ്കനത്തെ ലഘുമാനം കൊണ്ടു ഗുണിച്ചാല്‍ കിട്ടുന്ന മൂല്യമായിരിക്കും വെര്‍ണിയര്‍ പാഠ്യാങ്കം. പ്രധാന സ്‌കെയിലിലെ പാഠ്യാങ്കത്തിനോടു വെര്‍ണിയര്‍ പാഠ്യാങ്കം കൂട്ടിയാല്‍ കിട്ടുന്ന ഫലം വസ്‌തുവിന്റെ നീളത്തെ കുറിക്കുന്നു.

ഭൗതികശാസ്‌ത്ര പരീക്ഷണശാലകളില്‍ വെര്‍ണിയര്‍ കാലിപ്പേഴ്‌സ്‌ അനുപേക്ഷണീയമായ ഒരു ഉപകരണമാണ്‌. നോ. അളവുപകരണങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍