This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിപ്പസ്‌ (ബി.സി. 4-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിപ്പസ്‌ (ബി.സി. 4-ാം ശ.)

Callipus

ഗ്രീക്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. തുര്‍ക്കിയിലെ സിസിക്കസ്‌ ആണ്‌ കാലിപ്പസിന്റെ ജന്മസ്ഥലം. ബി.സി. 370ലാണ്‌ കാലിപ്പസ്‌ ജനിച്ചതെന്നും അലക്‌സാണ്ടറിന്റെ മരണത്തിനു (ബി.സി. 323) ഏതാണ്ടു പത്തുകൊല്ലം മുമ്പ്‌ ഇദ്ദേഹം ആഥന്‍സില്‍ ഉണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു.

കാലിപ്പസിന്റെ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കാനുള്ള രേഖകള്‍ വളരെ കുറവാണെങ്കിലും ഉള്ളവ ഇദ്ദേഹത്തിന്റെ നേട്ടങ്ങളുടെ മഹത്ത്വത്തെ വ്യക്തമാക്കുന്നവയാണ്‌. യൂഡോക്‌സസി (Eudoxus)ന്റെ ശിഷ്യന്മാരിലൊരാളായ കാലിപ്പസ്‌ അരിസ്റ്റോട്ടലിന്റെ സഹായത്തോടെ തന്റെ ഗുരുവിന്റെ തുടങ്ങിവച്ച കണ്ടുപിടിത്തങ്ങളിലെ പോരായ്‌മകള്‍ക്കു പരിഹാരം കാണുകയുണ്ടായെന്ന്‌ സിംപ്ലിഷിയസ്‌ (Slimplicious) രേഖപ്പെടുത്തിയിട്ടുണ്ട്‌. കാലിപ്പസിന്റെ ഈ പ്രവര്‍ത്തനങ്ങളിലെ വിശദാംശങ്ങള്‍ അരിസ്റ്റോട്ടല്‍ മെറ്റാഫിസിക്‌സില്‍ വിശദീകരിച്ചിരിക്കുന്നു.

ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച്‌ യൂഡോക്‌സസ്‌ ചെയ്‌ത പഠനങ്ങളെ പിന്‍തുടര്‍ന്നതിനു പുറമേ ഋതുക്കളുടെ ദൈര്‍ഘ്യം മെറ്റോണിനേക്കാള്‍ കൂടുതല്‍ കൃത്യമായി നിര്‍ണയിക്കാനും കാലിപ്പസിനു കഴിഞ്ഞു. (ഗ്രഹണചക്രത്തിന്റെ ആവര്‍ത്തനകാലത്തെയാണ്‌ മെറ്റോണിക്‌ ചക്രം എന്നുവിളിക്കുന്നത്‌.)

ഈ പരികല്‌പനങ്ങളില്‍നിന്നു, ഒരു നൂറ്റാണ്ടോളം പൊതുവേ അംഗീകരിച്ചുവന്ന മെറ്റോണിക്‌ ചക്ര (Metonic cycle) ത്തിന്റെ കാലയളവില്‍ ഒരു ദിവസത്തിന്റെ നാലിലൊരു ഭാഗം പിശകുള്ളതായി കാലിപ്പസ്‌ കണ്ടെത്തുകയും ആ പദ്ധതിക്കുപകരം 6,940 ദിനങ്ങള്‍ വീതമുള്ള മൂന്നും 6,939 ദിനങ്ങളുള്ള ഒന്നും മെറ്റോണിക്‌ ചക്രങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പുതിയ ബൃഹത്‌ചക്രം ഇദ്ദേഹം ആവിഷ്‌കരിക്കുകയും ചെയ്‌തു. ഇങ്ങനെ നാലു മെറ്റോണിക്‌ ചക്രങ്ങള്‍ ഉള്‍ക്കൊണ്ട ഈ ബൃഹത്‌ചക്രത്തിന്റെ ആവര്‍ത്തനകാലം 76 വര്‍ഷമാണ്‌. ബൃഹത്‌ചക്രം കാലിപ്പസിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍