This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിഡോണിയന്‍ പര്‍വതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലിഡോണിയന്‍ പര്‍വതനം

Caledonian Orogeny

സിലൂറിയന്‍ യുഗത്തിന്റെ അവസാനമോ ഡെവോണിയന്‍ (Devonian) യുഗത്തിന്റെ ആദ്യമോ ഉണ്ടായ ഒരു പര്‍വതരൂപവത്‌കരണ പ്രക്രിയ. ഭൗമായുസ്സിനിടയില്‍ നിരവധി തവണ പര്‍വതനങ്ങള്‍ നടന്നിട്ടുണ്ട്‌. ഭൂമിക്കുള്ളിലെ വിവിധ ശക്തികളുടെ പ്രവര്‍ത്തനഫലമായാണ്‌ പര്‍വതങ്ങള്‍ ഉണ്ടാകുന്നത്‌. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട്‌ ഭൂവല്‌ക്കത്തിലെ ചില സ്ഥലങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാകുകയും തന്മൂലം ഭൂവല്‌ക്കത്തില്‍ മടക്കുകളും ചുളുക്കുകളും സൃഷ്‌ടിക്കപ്പെടുകയും ഇതു ക്രമേണ പര്‍വത രൂപവത്‌കരണ പ്രക്രിയയായി മാറുകയും ചെയ്യുന്നു. ഒരു കാലത്ത്‌ ആഴമുള്ള ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ അവസാദ ശേഖരങ്ങളിലൂടെ രൂപംകൊണ്ട ശിലാപടലങ്ങളാണ്‌ വിലങ്ങനെ അനുഭവപ്പെടുന്ന സമ്മര്‍ദത്തിന്റെ ഫലമായി ചുളുങ്ങി മടങ്ങി ഉയര്‍ത്തപ്പെട്ട്‌ പര്‍വതങ്ങളായി രൂപാന്തരപ്പെടുന്നത്‌.

കാംബ്രിയന്‍ കാലഘട്ടത്തിലോ അതിനു ശേഷമോ ആണ്‌ ഇന്ന്‌ ഭൂമിയിലുള്ള വിവിധ പര്‍വതനിരകള്‍ ഉണ്ടായത്‌. കാംബ്രിയനു മുമ്പുള്ള കാലഘട്ടത്തില്‍ പര്‍വതനപ്രക്രിയകള്‍ സജീവമായിരുന്നുകൂടെന്നില്ല. എന്നാല്‍ അവയെക്കുറിച്ചുള്ള അറിവ്‌ തുലോം പരിമിതമാണ്‌. വടക്കേ അമേരിക്കയിലെ ഗ്രറ്റ്‌ലേക്‌സ്‌ മേഖലയിലുള്ള പര്‍വതങ്ങള്‍ പ്രീകാംബ്രിയന്‍ കാലത്തുണ്ടായ പര്‍വതങ്ങള്‍ക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌. കൂടാതെ വടക്കേ അമേരിക്കയിലെ അല്‍ഗോമന്‍, യു.എസ്‌.എസ്‌.ആറിലെ ഫിനോസ്‌കാന്‍ഡിയ, കിലാര്‍നീയന്‍ എന്നീ മലനിരകളെ പ്രീകാംബ്രിയന്‍ പര്‍വതങ്ങളുടെ അവശിഷ്‌ടഭാഗങ്ങളായി കരുതാം. എന്നാല്‍ ലോകത്തെ പ്രധാന പര്‍വതനിരകളൊക്കെയും കാംബ്രിയന്‍ ഘട്ടത്തിനുശേഷം ആവര്‍ത്തിച്ചുള്ള മൂന്ന്‌ പര്‍വതനപ്രക്രിയകളിലൂടെ പൂര്‍ണരൂപം കൈക്കൊണ്ടവയാണ്‌. കാലിഡോണിയന്‍, ഹെഴ്‌സിനിയന്‍ (വഴ്‌സിക്കന്‍), ആല്‍പൈന്‍ എന്നിങ്ങനെയാണ്‌ ഈ മൂന്ന്‌ പര്‍വതരൂപവത്‌കരണ പ്രക്രിയകള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌.

ബാഹ്യശക്തികള്‍ പാര്‍ശ്വികമായി പ്രയോഗിക്കുന്ന ബലങ്ങളിലൂടെ വിലങ്ങനെയുള്ള സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ഒരു ഭൂഅഭിനതിയിലെ അവസാദപടലങ്ങള്‍ മടങ്ങി ഒടിഞ്ഞ്‌ ഉയരുന്നതോടെ അഭിനതിമേഖല മടക്കുമലകളുടെ ശൃംഖലകളായി മാറുന്നു. ഇതിന്‌ ഏറെക്കാലം നീണ്ടുനില്‌ക്കുന്ന വിവര്‍ത്തനികബലം ആവശ്യമാണ്‌. കാലിഡോണിയന്‍ പര്‍വതനവും ഇത്തരത്തിലുള്ള ഒരു പ്രക്രിയയായിരുന്നു. ഈ പര്‍വതനത്തിന്റെ കാലം ഇന്നേക്ക്‌ 32 കോടി സംവത്സരങ്ങള്‍ക്കു മുന്‍പായിരുന്നുവെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ പര്‍വതനകാലത്താണ്‌ സ്‌കാന്‍ഡിനേവിയ, സ്‌കോട്ട്‌ലന്‍ഡ്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഉയര്‍ന്ന പര്‍വതനിരകള്‍ രൂപംകൊണ്ടത്‌. നെടുനാളായുള്ള അപക്ഷയഅപരദനഫലമായി ഈ പ്രാചീന പര്‍വതങ്ങളുടെ രൂപത്തിലും ഭാവത്തിലും വലുതായ മാറ്റം വന്നിരിക്കുന്നു. അവശിഷ്‌ടദശയിലൂള്ള ഈ മടക്കുമലകള്‍ പൊതുവേ വടക്കു വടക്കുകിഴക്ക്‌തെക്ക്‌ തെക്ക്‌പടിഞ്ഞാറ്‌ ദിശയിലാണ്‌ കാണപ്പെടുന്നത്‌. പര്‍വതനപ്രക്രിയയുടെ മുഖ്യദിശ ഇതായിരുന്നവെന്നു വേണം ഇതില്‍നിന്നു അനുമാനിക്കേണ്ടത്‌.

കാലിഡോണിയന്‍ അവസാദങ്ങള്‍ വെയില്‍സിലും പടിഞ്ഞാറ്‌ ഇംഗ്ലണ്ട്‌ മുതല്‍ ദക്ഷിണ സ്‌കോട്ട്‌ലന്‍ഡ്‌ വരെയും വടക്കുകിഴക്കന്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ വ്യാപകമായ തോതില്‍ കാണപ്പെടുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഉന്നതതടങ്ങള്‍ പൊതുവേ "കാലിഡോണിയന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നു. സ്‌ളേറ്റ്‌ (slate), ഷെയ്‌ല്‍ (shale), എക്കല്‍പാറ (still stone), മണല്‍ക്കല്ല്‌ (sand stone) തുടങ്ങിയവയുടെ ബാഹുല്യം ഈ തടങ്ങളുടെ സവിശേഷതയാണ്‌. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലെ ലേക്‌ ഡിസ്റ്റ്രിക്‌റ്റ്‌ കാലിഡോണിയന്‍ മേഖലകളില്‍ ലക്ഷണമൊത്തതാണ്‌. സ്‌കാന്‍ഡിനേവിയയില്‍ നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ ഭാഗങ്ങളിലും ഗോട്ട്‌ലാന്‍ഡിലും കാലിഡോണിയന്‍ പര്‍വതനം ഉണ്ടായിട്ടുണ്ട്‌. ദക്ഷിണമധ്യസൈബീരിയയിലെ ആള്‍ട്ടായ്‌ മലനിരകളും കാലിഡോണിയന്‍ പര്‍വതനത്തിലൂടെയാണ്‌ രൂപം കൊണ്ടിട്ടുള്ളത്‌.

ഇന്നേക്ക്‌ 24 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പെര്‍മോകാര്‍ബോണിഫെറസ്‌ (Permo Carboniferous) കാലഘട്ടത്തിലാണ്‌ ഹെഴ്‌സീനിയന്‍ പര്‍വതനപ്രക്രിയ ആരംഭിച്ചത്‌. യൂറാള്‍ പര്‍വതങ്ങള്‍ ബ്രിട്ടനിലെ പെന്നയിന്‍, വെല്‍ഷ്‌ മലകള്‍, ജര്‍മനിയിലെ ഹാഴ്‌സ്‌, യു.എസിലെ അപ്പലേച്ചിയന്‍ നിരകള്‍ എന്നിവയും സൈബീരിയയിലെയും ചൈനയിലെയും ഉയര്‍ന്ന പീഠഭൂമികളും ഉണ്ടായത്‌ ഈ പര്‍വതനഘട്ടത്തിലാണ്‌. മീസോസോയിക്‌ടെര്‍ഷ്യറി യുഗങ്ങളുടെ അന്ത്യഘട്ടമാണ്‌ ആല്‍പൈന്‍ പര്‍വതനത്തിന്റെ കാലം. യൂറോപ്പിലെ ആല്‍പ്‌സ്‌ നിരകള്‍, വടക്കേ അമേരിക്കയിലെ റോക്കീനിരകള്‍ എന്നിവയും ഹിമാലയപര്‍വതങ്ങളും ആല്‍പൈന്‍ (Alpine) പര്‍വതനത്തിലൂടെ രൂപംകൊണ്ടവയാണ്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍