This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലാഹാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലാഹാരി

Kalahari

ആഫ്രിക്കയില്‍ ദക്ഷിണായന രേഖയ്‌ക്ക്‌ ഇരുപുറവുമായി രണ്ടരലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന വരണ്ട തരിശുഭൂമി. താലത്തിന്റെ ആകൃതിയിലുള്ള ഒരു നിമ്‌നതടമാണ്‌ ഈ പ്രദേശം. ആഫ്രിക്കയില്‍ ഭൂമധ്യരേഖയ്‌ക്ക്‌ എത്രദൂരം വടക്കായാണോ സഹാറാ സ്ഥിതിചെയ്യുന്നത്‌, അത്രയുംതന്നെ തെക്കായിട്ടാണ്‌ കാലാഹാരി സ്ഥിതിചെയ്യുന്നത്‌. ബോട്‌സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക, അങ്‌ഗോള എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ പ്രദേശം കിഴക്ക്‌ റൊഡേഷ്യ, ട്രാന്‍സ്‌വാള്‍ എന്നിവിടങ്ങളിലെ പീഠഭൂമികള്‍ മുതല്‍ പടിഞ്ഞാറ്‌ നമീബിയയിലെ ഉന്നതമേഖലകള്‍വരെയും വടക്ക്‌ സാംബസി നദീതടം മുതല്‍ തെക്ക്‌ ഓറഞ്ചുനദി വരെയും വ്യാപിച്ചിരിക്കുന്നു. എന്നാല്‍ തെക്കുള്ള മൊളപോ, നൊസോബ്‌ നീര്‍ച്ചാലുകളുടെ സംഗമസ്ഥാനം മുതല്‍ വടക്കുള്ള ഓകാവോങ്കോ ചതുപ്പുവരെ ബോട്‌സ്വാനയുടെ പശ്ചിമാര്‍ധം ആകമാനവും വ്യാപിച്ചിട്ടുള്ള മധ്യഭാഗം മാത്രമാണ്‌ തികച്ചും മരുഭൂമിയായുള്ളത്‌ (നോ. ബോട്‌സ്വാന). സമുദ്രനിരപ്പില്‍നിന്ന്‌ സു. 910 മീ. ഉയരത്തിലായുള്ള കാലാഹാരി മരുപ്രദേശത്ത്‌ യൂറോപ്യരും മറ്റു തദ്ദേശീയരുമടക്കമുള്ള ജനങ്ങള്‍ നിവസിക്കുന്നു. നോ: ആഫ്രിക്ക

കാലാഹാരി ഒരു മരുഭൂമിയെന്ന നിലയ്‌ക്കാണ്‌ സാധാരണയായി വ്യവഹരിക്കപ്പെടുന്നതെങ്കിലും ഭൂമിശാസ്‌ത്രപരമായി ഇതിനെ കാലാഹാരി നിമ്‌നം എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. മണല്‍പ്പരപ്പില്‍ അങ്ങിങ്ങായി എഴുന്നുകാണപ്പെടുന്ന കുന്നുകള്‍ അപരദനത്തെ അതിജീവിച്ച അവക്ഷിത മലനിരകളാണ്‌. ഇവയൊഴിച്ചാല്‍ ഈ മേഖലയ്‌ക്ക്‌ തികച്ചും സമതലപ്രകൃതിയാണുള്ളത്‌. അയുതാബ്‌ദങ്ങള്‍ക്കുമുമ്പ്‌ കാലാഹാരി ജലസമൃദ്ധമായിരുന്നുവെന്ന്‌ ഇവിടെ ധാരാളമായുള്ള മൃതതാഴ്‌വരകള്‍ വ്യക്തമാക്കുന്നു. വര്‍ഷംമുഴുവന്‍ നീരൊഴുക്കുള്ള നദികള്‍ കാലാഹാരി മരുഭൂമിയുടെ അരികുകളിലൂടെ ഒഴുകുന്നുണ്ട്‌. കാലാഹാരി മരുപ്രദേശത്തിനു പുറത്ത്‌ ഉദ്‌ഭവിക്കുന്ന നദികളാണ്‌ ഇവ. ക്വാണ്ടോ (Kwando), അപ്പര്‍ സാംബെസി (Upper Zambezi), കുനീന്‍ (Cunene), ഓറഞ്ച്‌ (Orange) തുടങ്ങിയവ ഇതില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പ്രധാനമായി മൂന്നു നീര്‍വാര്‍ച്ചാതടങ്ങളാണ്‌ (drainage basins) കൊലാഹാരി തടത്തിലുള്ളത്‌. ഇതില്‍ തടത്തിന്റെ ഉത്തരഭാഗത്തുള്ള ഓകോവാങ്കോ (Okovango) ഒരു വന്‍നദിയായാണ്‌ തടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. കുറച്ചുദൂരം ഒഴുകിയശേഷം ബാഷ്‌പീകരണംമൂലം ജലം നഷ്‌ടപ്പെട്ട്‌ ഈ നദി സു. 16,835 ച.കി.മീ. വിസ്‌തൃതിയുള്ള ഒരു ചതുപ്പുപ്രദേശം സൃഷ്‌ടിക്കുന്നു.

വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഇതോഷ പാന്‍ (Ethosha Pan), തെക്കുഭാഗത്തുള്ള മൊളോപോനെസ്സോബ്‌ ശൃംഖല (Molopo-Nossob System) എന്നിവയാണ്‌ മറ്റു പ്രധാന നീര്‍വാര്‍ച്ചാതടങ്ങള്‍. കാലാഹാരി മരുപ്രദേശത്ത്‌ ഒട്ടനവധി ചെറുനിമ്‌നതടങ്ങള്‍ കാണപ്പെടുന്നു. കളിമണ്ണ്‌ അടിഞ്ഞുകൂടി രൂപപ്പെട്ടിരിക്കുന്നതും ആഴം കുറഞ്ഞതുമായ ഈ നിമ്‌ന്നതടങ്ങള്‍ പാന്‍ (Pan) എന്നാണറിയപ്പെടുന്നത്‌. മഴക്കാലത്ത്‌ താത്‌കാലിക ജലാശയങ്ങള്‍ ഇവയില്‍ രൂപപ്പെടാറുണ്ടെങ്കിലും പിന്നീട്‌ ഇവയിലെ ജലം ബാഷ്‌പീകരണം മുഖേന നഷ്‌ടമാവുകയാണ്‌ ചെയ്യുന്നത്‌. വരണ്ട സ്റ്റെപ്‌ മാതൃകാകാലാവസ്ഥ അനുഭവപ്പെടുന്ന ഈ മേഖലയില്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള വേനല്‍ക്കാലത്ത്‌, പൊരിയുന്ന ചൂടിന്‌ 47ബ്ബഇഉം ശൈത്യകാല രാത്രികളില്‍ മരവിപ്പിക്കുന്ന തണുപ്പിന്‌ –13ബ്ബഇഉം താപനിലകളാണുള്ളത്‌. ഉത്തരഭാഗത്ത്‌ അന്തരീക്ഷത്തില്‍ ആര്‍ദ്രത താരതമ്യേന കൂടുതലായതിനാല്‍ ഇത്രത്തോളം തീക്ഷ്‌ണമായ കാലാവസ്ഥാഭേദം അനുഭവപ്പെടുന്നില്ല. ശരാശരി വാര്‍ഷിക വര്‍ഷപാതം 20 സെന്റിമീറ്ററില്‍ കുറവാണ്‌; പൂര്‍വോത്തര ദിശയില്‍ വര്‍ധമാനമായി വരുന്ന വര്‍ഷപാതം കിഴക്കന്‍ ഭാഗങ്ങളില്‍ 40-45 സെ.മീ.ഉം വടക്കരികില്‍ 65 സെ.മീ.ഉം ആണ്‌. സീമാന്ത മേഖലകളില്‍ മാത്രമായുള്ള വര്‍ഷപാതത്തിലൂടെ ലഭ്യമാവുന്ന ജലം വളരെ പെട്ടെന്ന്‌ വറ്റിപ്പോകുന്നതിനാല്‍ സ്ഥലവാസികള്‍ കുഴല്‍ക്കിണറുകളെ ആശ്രയിച്ചുവരുന്നു. മണല്‍പ്പാടങ്ങളില്‍ ഒഴുകിയവസാനിക്കുന്ന നദികള്‍ എത്തിക്കുന്ന ലവണങ്ങള്‍, അല്‌പമായുള്ള മണ്ണിന്‌ ലവണരസം പകര്‍ന്നിരിക്കുന്നു. കാലാഹാരി പ്രദേശത്തെ ചുവന്ന മണ്ണ്‌ ക്ഷാരീയ സ്വഭാവമുള്ളതും ജലം വാര്‍ന്നുപോവുന്ന സ്വഭാവമുള്ളതും ആണ്‌. കൃഷിക്ക്‌ തീരെ അനുയോജ്യമല്ലാത്ത ഈ മണ്ണില്‍ മുള്‍ച്ചെടികളും പുല്‍ക്കൂട്ടങ്ങളും മാത്രമേ വളരുന്നുള്ളൂ. വിഭവശുഷ്‌കമാണ്‌ ഈ പ്രദേശം. മധ്യഭാഗത്ത്‌ വിസ്‌തൃതങ്ങളായ മണല്‍ക്കാടുകളും തുടര്‍ന്ന്‌ കുറ്റിക്കാടുകളും അതിനുമപ്പുറം കാനനങ്ങളുമാണുള്ളത്‌. മരുരുഹപ്രകൃതിയുള്ള സസ്യജാലത്തില്‍ കാലാവസ്ഥയിലെ വ്യതിയാനം തികച്ചും പ്രകടമാണ്‌. ജലസമൃദ്ധവും കാനനാവൃതവുമായ ഉത്തരഭാഗമാണ്‌ വന്യമൃഗങ്ങളുടെ വിഹാരരംഗം. ആന, സിംഹം, പുലി, കാട്ടുപോത്ത്‌, കാണ്ടാമൃഗം, ജിറാഫ്‌ തുടങ്ങി ഇവിടെ ധാരാളം വന്യമൃഗങ്ങളുണ്ട്‌. വിവിധയിനം മാനുകള്‍, ജംസ്‌ബൊക്‌, ഈലന്‍ഡ്‌ തുടങ്ങി പല സവിശേഷയിനം മൃഗങ്ങളുടെ ആവാസകേന്ദ്രമായ തെക്കു പടിഞ്ഞാറുഭാഗത്താണ്‌ ജംസ്‌ബൊക്‌ ഗയിം റിസര്‍വ്‌. ബോട്‌സ്വാനയുടെ അധീനതയിലുള്ള ഈ സംരക്ഷണമേഖലയെ തുടര്‍ന്നാണ്‌ 19,200 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന കാലാഹാരി ജംസ്‌ബൊക്‌ നാഷണല്‍ പാര്‍ക്ക്‌. ദക്ഷിണാഫ്രിക്കയുടെ സംരക്ഷണയില്‍ ഓബ്‌, നൊസോബ്‌ നദികള്‍ക്കിടയ്‌ക്കായി 1931ല്‍ സ്ഥാപിതമായ ഈ പാര്‍ക്കിന്റെ പകുതിയും ബോട്‌സ്വാനയുടെ അതിര്‍ത്തിക്കുള്ളിലാണ്‌.

ഡേവിഡ്‌ ലിവിങ്‌സ്റ്റന്‍

ബുഷ്‌മെന്‍ (Bushmen) വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണ്‌ ഇവിടെ പ്രധാനമായി വസിക്കുന്നത്‌. കാലികളെ മേയ്‌ക്കലാണ്‌ ഇവരുടെ തൊഴില്‍. പല ഗോത്രങ്ങളായാണ്‌ ഇവര്‍ ജീവിതം നയിക്കുന്നത്‌. വര്‍ഷകാലത്ത്‌ പേരിനുമാത്രമുള്ള പുരകള്‍ മേയുന്ന ഇക്കൂട്ടര്‍ക്ക്‌ സ്ഥിരവാസമില്ല. സംഘങ്ങളായി അലഞ്ഞുനടക്കുന്ന ഇവരുടെ ഓരോ സംഘത്തിനും 7501000 ച.കി.മീ. വിസ്‌തൃതിയില്‍ സഞ്ചാരപരിധിയും നിര്‍ണയിച്ചിട്ടുണ്ട്‌, മഞ്ഞുകാലത്ത്‌ ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക്‌ കടുത്ത ക്ഷാമമുണ്ടാകുമ്പോള്‍ സംഘത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ ഒറ്റതിരിഞ്ഞ്‌ പാര്‍പ്പുറപ്പിക്കുന്നു. ഒക്‌ടോബര്‍ ആകുന്നതോടെ വീണ്ടും ഇക്കൂട്ടര്‍ ദേശാടനമാരംഭിക്കുകയായി.

യൂറോപ്യര്‍ മുഖ്യമായി അധിവസിക്കുന്നത്‌ ഘാന്‍സിയിലാണ്‌. കാലാഹാരിയുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുക എളുപ്പമല്ല. ഇതിനായുള്ള പല ആദ്യകാലശ്രമങ്ങളും ദുരന്തങ്ങളായാണ്‌ അവസാനിച്ചത്‌. 1849ല്‍ ഓറഞ്ച്‌ നദിയിലൂടെ കാലാഹാരി കടന്ന്‌ ങാമി (Ngami) തടാകതീരത്തെത്തിയ പാശ്ചാത്യനാണ്‌ ഡേവിഡ്‌ ലിവിങ്‌സ്റ്റന്‍. 1925 മുതലാണ്‌ കാലാഹാരിയിലൂടെ ട്രക്കുകളില്‍ മനുഷ്യര്‍ സഞ്ചരിച്ചുതുടങ്ങിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍