This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലാവസ്ഥാവിജ്ഞാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലാവസ്ഥാവിജ്ഞാനം

Climatology

ദീര്‍ഘമോ ഹ്രസ്വമോ ആയ കാലയളവുകളില്‍ അന്തരീക്ഷത്തിന്റെ പൊതുവേയുള്ള ഭൗതികഭാവത്തെ,അതിനിടയ്‌ക്ക്‌ ഉണ്ടായിരിക്കാവുന്ന ഏറ്റക്കുറച്ചിലുകളെക്കൂടി വിശകലനം ചെയ്‌തു ക്രാഡീകരിച്ചു വിവരിക്കുന്ന ശാസ്‌ത്രശാഖയാണ്‌ കാലാവസ്ഥാവിജ്ഞാനം (Climatology). സാങ്കേതികമായി അടുത്തകാലത്തുണ്ടായിട്ടുള്ള വളര്‍ച്ചയുടെ ഫലമായി ആര്‍ദ്രാഷ്‌ണാവസ്ഥാവിജ്ഞാന(Meteorology)ത്തിന്റെ ഒരു അവാന്തര വിഭാഗമായി മാറിയിട്ടുണ്ടെങ്കിലും തുടക്കത്തില്‍ വിവരണപ്രധാനമായ കാലാവസ്ഥാവിജ്ഞാനം വളര്‍ന്ന്‌ പുഷ്‌ടിപ്പെടുകയും, നിരീക്ഷണപ്രധാനമായ ആര്‍ദ്രാഷ്‌ണാവസ്ഥാവിജ്ഞാനം പില്‌ക്കാലത്ത്‌ ഉരുത്തിരിയുകയും ചെയ്‌തു.

കാലാവസ്ഥാ വിവരണം മാത്രമല്ല ഈ വിജ്ഞാനശാഖ ഉള്‍ക്കൊള്ളുന്നത്‌. കാലാവസ്ഥയുടെ ജനിതകഹേതുക്കളും സാഹചര്യവും പരിണിതഫലങ്ങള്‍, കാലാകാലങ്ങളിലുള്ള വ്യതിയാനങ്ങള്‍, തന്മൂലം ഭൂപ്രകൃതിക്കു നേരിട്ടിട്ടുള്ള മാറ്റങ്ങള്‍ തുടങ്ങിയ മണ്ഡലങ്ങളിലും ഇത്‌ വ്യാപരിക്കുന്നു. ഇക്കാരണംകൊണ്ടുതന്നെ ജ്യോതിശ്ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഭൂവിജ്ഞാനം, സമുദ്രവിജ്ഞാനം, ജീവവിജ്ഞാനം, ഭൂഭൗതികം, കാര്‍ഷികവിജ്ഞാനം തുടങ്ങി ഒട്ടു വളരെ വിജ്ഞാനശാഖകളുമായി ബന്ധം പുലര്‍ത്തുന്ന ഒരു പഠനമേഖലയായി കാലാവസ്ഥാവിജ്ഞാനം വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ഭൂമിശാസ്‌ത്രപരമായ വ്യാപ്‌തിയെ അവലംബിച്ച്‌ കാലാവസ്ഥാവിജ്ഞാനത്തെ ആഗോളം, മേഖലീയം, പ്രാദേശികം, സൂക്ഷ്‌മം എന്നിങ്ങനെ നാല്‌ ഉപശാഖകളായി വിഭജിച്ചിട്ടുണ്ട്‌. ഭൂമുഖത്തെ വിവിധ അക്ഷാംശീയ മേഖലകളില്‍ പൊതുവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രകാരങ്ങളെയാണ്‌ ആഗോളമെന്നു വിശേഷിപ്പിക്കുന്നത്‌. വിഭിന്നമേഖലകളെ പ്രത്യേകമായി കൈകാര്യം ചെയ്യേണ്ടിവരാം; ഒരു പ്രത്യേക രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം കാലാവസ്ഥ വിശകലനം ചെയ്യേണ്ടിവന്നേക്കാം; നന്നേ വ്യാപ്‌തി കുറഞ്ഞ കാര്‍ഷികമേഖലയിലെയോ, വനപ്രദേശത്തിലെയോ, നഗരത്തിലെയോ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൂക്ഷ്‌മമായി പഠിക്കേണ്ട ആവശ്യവും ഉണ്ടാവാം. ഇങ്ങനെ വിവിധങ്ങളായ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ കാലാവസ്ഥാവിജ്ഞാനത്തിലെ ഉപശാഖകള്‍ രൂപംകൊള്ളുന്നു.

കാലാവസ്ഥാവിജ്ഞാനത്തെ പൊതുവേ സൈദ്ധാന്തികം (theoretical), വിവരണാത്മകം (descriptive), പ്രയുക്തം (applied) എന്നിങ്ങനെയും വര്‍ഗീകരിക്കാം. സൈദ്ധാന്തികത്തെ ചലനാത്മകം (dynamic) എന്നും വിശേഷിപ്പിക്കാറുണ്ട്‌. കാലാവസ്ഥാപ്രകാരങ്ങള്‍ക്കു കാരണമായിത്തീരുന്ന അന്തരീക്ഷപ്രക്രിയകളുടെ ഹേതുക്കളെയും ഭൗതികസവിശേഷതകളെയും വിശകലനം ചെയ്യുന്ന വിഭാഗമാണ്‌ സൈദ്ധാന്തികം. മുന്‍കാലത്ത്‌ അനുഭവപ്പെട്ടിരുന്ന ശരാശരി കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ തത്സമയം അനുഭവപ്പെടാവുന്ന ഏറ്റക്കുറച്ചിലുകളെ സംബന്ധിച്ച സൂചന നല്‌കുകയും ഈ വിധമുള്ള വ്യതിയാനങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന വിഭാഗമാണ്‌ വിവരണാത്മകം. കാലാവസ്ഥാസംബന്ധികളായ ദത്തങ്ങളെ റോഡ്‌, റെയില്‍പ്പാത, പാലങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയവയുടെ നിര്‍മിതിയിലും നഗരാസൂത്രണത്തിലും മറ്റിനം ആസൂത്രണങ്ങളിലും പ്രായോഗികമായി ഉപയോഗപ്പെടുത്തുന്ന വിഭാഗമാണ്‌ പ്രയുക്തകാലാവസ്ഥാ വിജ്ഞാനം. കാലാവസ്ഥാദത്തങ്ങളെ സാംഖ്യികമായി വിശകലനം ചെയ്‌ത്‌ കാലാവസ്ഥാസൂചനകള്‍ നല്‌കുവാനുള്ള സംവിധാനം ഇന്ന്‌ നിലവിലുണ്ട്‌. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ മുന്‍കാലദത്തങ്ങളും കാലാവസ്ഥാമാന ചിത്രങ്ങളും സമാഹരിച്ചു സൂക്ഷിക്കുന്നതിനും പുനരാവിഷ്‌കരിക്കുന്നതിനും കഴിയുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌. അത്യാധുനിക സങ്കേതങ്ങളില്‍ ഊന്നിനില്‌ക്കുന്ന ഈ ശാസ്‌ത്രശാഖയെ കാലാവസ്ഥാലേഖനം (climatography) എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്നു.

ഭൂമുഖത്തൊട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥയും അതില്‍ അക്ഷാംശീയവും ഋതുപരവുമായി ഏര്‍പ്പെടുന്ന വ്യതിയാനങ്ങളും അടിസ്ഥാനപരമായി സൂര്യാതപ (insolation) ത്തെ ആശ്രയിച്ചിരിക്കുന്നു. സൂര്യനില്‍നിന്ന്‌ വികിരണം ചെയ്യപ്പെട്ട്‌ എത്തുന്ന ഊര്‍ജകിരണങ്ങളിലെ ചെറിയൊരംശം മാത്രമേ അന്തരീക്ഷത്തില്‍ വിസരണം ചെയ്യപ്പെടുന്നുള്ളൂ. ഈ വിഷയത്തില്‍ സൂര്യനും അന്തരീക്ഷവും തമ്മിലുള്ളതിനെക്കാള്‍ ഭൂമിയും അന്തരീക്ഷവും തമ്മിലുള്ള അന്യോന്യപ്രക്രിയകള്‍ക്ക്‌ പ്രാമാണ്യമുണ്ട്‌. കര, കടല്‍ എന്നിവയുടെ വിതരണക്രമവും ഭൂമുഖത്തെ ഉച്ചാവചവും അന്തരീക്ഷത്തിന്റെ സംരചനാപരമായ വ്യതിചലനങ്ങളും സൗരോര്‍ജിതവിസരണത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. സൂര്യനും ഭൂമിക്കുമിടയ്‌ക്കുള്ള ശരാശരി ദൂരം കണക്കാക്കിയാല്‍ അന്തരീക്ഷത്തിന്റെ മുകളിലത്തെ അതിര്‍ത്തിയിലെ ഓരോ ചതുരശ്ര സെ.മീ. മേഖലയിലും മിനിട്ടിന്‌ 1.95 ഗ്രാം കലോറി എന്ന തോതില്‍ സൂര്യാതപം ലഭ്യമാകേണ്ടതുണ്ട്‌. സൗരസ്ഥിരാങ്കം (solar constant)എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ തോതില്‍ ഒരു ശതമാനത്തിലേറെ ഏറ്റക്കുറച്ചില്‍ ഉണ്ടാവാറില്ല. അന്തരീക്ഷത്തിന്റെ ഉപരിസീമയില്‍ തൂക്കായി പതിക്കുന്ന ഈ ഊര്‍ജധാര അന്തരീക്ഷം ഭേദിച്ച്‌ ഭൗമോപരിതലത്തിലെത്തുമ്പോള്‍ ഉപരിതലത്തിന്റെ സ്വഭാവഭേദമനുസരിച്ച്‌ വിവിധ തോതുകളിലാണ്‌ ആഗിരണം ചെയ്യപ്പെടുന്നത്‌. മാത്രവുമല്ല ഭൂഭ്രമണംമൂലം ഈ തോതില്‍ സ്ഥാനീയമായി മാത്രമല്ല ദൈനികമായ സമയവ്യത്യാസമനുസരിച്ചും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. പ്രദക്ഷിണപഥത്തിലെ വിവിധ സ്ഥാനങ്ങളില്‍ ഭൂമിക്കും സൂര്യനുമിടയ്‌ക്കുള്ള അകലം വ്യത്യാസപ്പെടുന്നതുമൂലവും, ഭ്രമണാക്ഷം ഒരേദിശയില്‍ വര്‍ത്തിക്കുന്നതിലൂടെ ഭൂമിയുടെ പ്രത്യേക ഭാഗങ്ങള്‍ സൂര്യന്‌ അഭിമുഖവും പ്രതിമുഖവുമായി കലാശിച്ച്‌ ഋതുഭേദങ്ങള്‍ക്കു വിധേയമാവുന്നതിലൂടെയും ഭൂമുഖത്തെ വിവിധഭാഗങ്ങളില്‍ സൂര്യാതപത്തിന്റെ തോത്‌ വ്യത്യസ്‌തമായിത്തീരുന്നു. അക്ഷാംശീയമായി മാത്രമല്ല ഈ വ്യത്യാസം അനുഭവപ്പെടുന്നത്‌; പ്രദക്ഷിണകാലമായ ഒരു വര്‍ഷത്തിനുള്ളില്‍ ഒരേ പ്രദേശത്ത്‌ വിവിധ സമയങ്ങളില്‍ വിഭിന്നതോതില്‍ സൂര്യാതപം ആഗിരണം ചെയ്യപ്പെടുന്നു.

അന്തരീക്ഷം ഭേദിച്ചെത്തുന്ന സൗരോര്‍ജത്തിന്റെ ആഗിരണവികിരണ വ്യവസ്ഥ പൊതുവേ സങ്കീര്‍ണമാണ്‌. സൂര്യരശ്‌മികളുടെ ചായ്‌വിനോടൊപ്പം അന്തരീക്ഷത്തിന്റെയും ഭൂതലത്തിന്റെയും സവിശേഷതകള്‍ക്കും സൗരോര്‍ജവിസരണത്തെ സാരമായി സ്വാധീനിക്കാന്‍ കഴിയുന്നു. ഈ വിതരണക്രമത്തിന്റെ ആഗോളതലത്തിലുള്ള ശരാശരി അവസ്ഥ വ്യക്തമാക്കുന്ന ആരേഖമാണ്‌ ചിത്രം 1. ആഗോളതലത്തിലുള്ള താപബജറ്റായി ഇതിനെ വിവക്ഷിക്കാം. അന്തരീക്ഷതാപനിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഗണ്യമായ ഏറ്റക്കുറച്ചില്‍ കാണപ്പെടുന്നില്ല. ഇതിന്റെ അര്‍ഥം അന്തരീക്ഷത്തിന്‌ താഴെ ഭൂമിയുമായും ഉയരെ ശൂന്യാകാശവുമായും ഉണ്ടായിരിക്കാവുന്ന താപവിനിമയം മൊത്തമായി നോക്കുമ്പോള്‍ സന്തുലിതമായിരിക്കണമെന്നാണ്‌. ആഗോളതലത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ അന്തരീക്ഷത്തിന്റെ ബാഹ്യസീമയില്‍ നിപതിക്കുന്ന സൗരോര്‍ജത്തിലെ ഏതാണ്ട്‌ പകുതിയോളം മാത്രമേ അന്തരീക്ഷം കടന്ന്‌ ഭൂതലത്തിലേക്ക്‌ എത്തുന്നുള്ളൂ. ഇതിന്റെ 90 ശതമാനവും ഭൂമി ആഗിരണം ചെയ്യുന്നു. ഉപരിതല വസ്‌തുക്കളെ തപിപ്പിക്കുന്നതിനും ജലമണ്ഡലത്തിലെ ഉപരിതലജലം ബാഷ്‌പീകരിക്കുന്നതിനുമാണ്‌ ഈ സൗരോര്‍ജം ഉപയോഗിക്കപ്പെടുന്നത്‌. ഈ ആവശ്യങ്ങള്‍ക്ക്‌ ആഗിരണം ചെയ്യപ്പെടുന്ന താപോര്‍ജം തുല്യനിരക്കില്‍ വിനിയോഗിക്കപ്പെടുന്നതായി കരുതാം. സൂര്യതാപത്തിന്റെ 28 ശതമാനത്തോളം മേഘപാളികളുടെ ഉപരിതലങ്ങളാല്‍ പ്രതിപതിപ്പിക്കപ്പെട്ട്‌ ശൂന്യാകാശത്തിലേക്കു മടങ്ങുന്നു. അന്തരീക്ഷത്തിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ നീരാവി, ഓസോണ്‍, അന്തരീക്ഷധൂളികള്‍, മേഘങ്ങള്‍ തുടങ്ങിയവയാല്‍ ആഗിരണം ചെയ്യപ്പെട്ട്‌ സൂര്യാതപത്തിന്റെ 25 ശതമാനത്തോളം ശോഷിക്കുന്നു. അന്തരീക്ഷഘടകങ്ങള്‍ ആഗിരണത്തോടൊപ്പം ഊര്‍ജവികിരണവും നടത്തുന്നതിനാല്‍ താപോര്‍ജവിസരണത്തിലൂടെ അന്തരീക്ഷം ചൂടുപിടിക്കുന്നു. അന്തരീക്ഷം സൂര്യനില്‍നിന്ന്‌ നേരിട്ട്‌ ചൂടുപിടിക്കുന്നത്‌ ഈ വിധത്തിലാണ്‌.

ഈ വിധത്തിലുള്ളതിന്റെ ഇരട്ടിയിലധികം, ഭൂമണ്ഡലം മടക്കി അയയ്‌ക്കുന്ന താപോര്‍ജത്തിലൂടെ അന്തരീക്ഷം തപിക്കുന്നു. ഭൂമി ആഗിരണം ചെയ്യുന്നിടത്തോളം താപോര്‍ജം മടക്കുകയും ചെയ്യുന്നു. ദീര്‍ഘതരംഗങ്ങളായി മടങ്ങുന്ന ഭൗമവികിരണം അന്തരീക്ഷഘടകങ്ങളായ നീരാവി, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവയാലും മേഘങ്ങളാലും സഞ്ചയിക്കപ്പെടുകയും തുടര്‍ന്ന്‌ പുനഃവികിരണത്തിനു പാത്രമാകുകയും ചെയ്യുന്നു. ഫലത്തില്‍ അന്തരീക്ഷം കൂടുതല്‍ ചൂടുപിടിക്കുന്നു. ജലമണ്‌ഡലത്തില്‍ നിന്ന്‌ ബാഷ്‌പീകരിക്കപ്പെട്ടെത്തുന്ന നീരാവി തണുത്ത്‌ സംഘനന (condensation) വിധേയമാവുന്നതോടെ അവ ഉള്‍ക്കൊണ്ടിരിക്കുന്ന ബാഷ്‌പീകരണലീനതാപം (latent heat of vapourisation) പുറന്തള്ളപ്പെട്ട്‌ അന്തരീക്ഷത്തില്‍ ലയിക്കുന്നു. ഇതുമൂലം അന്തരീക്ഷതാപനിലയില്‍ സാരമായ ഏറ്റമുണ്ടാവുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും നീരാവിയുടെയും തന്മാത്രകള്‍ വിസര്‍ജിക്കുന്ന താപം പൂര്‍ണമായും ഭൂമിയിലേക്കു മടങ്ങണമെന്നില്ല; അന്തരീക്ഷത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്ക്‌ വികിരണം ചെയ്യപ്പെടുന്ന താപോര്‍ജം സാമാന്യേന ശൂന്യാകാശത്തിലേക്കു മടങ്ങുകയാണു ചെയ്യുന്നത്‌. സൂര്യാതപവിതരണത്തിലെ സന്തുലനം നിലനിര്‍ത്തുന്നതില്‍ ശൂന്യാകാശത്തിലേക്കു മടങ്ങുന്ന ഭൗമവികിരണത്തിനു സാരമായ പങ്കുണ്ട്‌. സാധാരണഗതിയില്‍ മേല്‌പറഞ്ഞ ഘടകങ്ങളുടെ അഭാവത്തില്‍ ഭൗമവികിരണം അന്തരീക്ഷം ഭേദിച്ച്‌ ശൂന്യാകാശത്തില്‍ വിലയിക്കുന്നതിനുള്ള സാധ്യത നന്നേ കുറവാണ്‌ എന്നതും ശ്രദ്ധേയമാണ്‌.

ഭൗമവികിരണത്തെ സംബന്ധിച്ചിടത്തോളം അന്തരീക്ഷത്തെ അതാര്യമാക്കിത്തീര്‍ക്കുന്ന ഘടകങ്ങള്‍ക്ക്‌ കാലാവസ്ഥാപരമായി വലുതായ പ്രധാന്യമുണ്ട്‌. ആഗിരണം ചെയ്യുന്ന മുഴുവന്‍ താപോര്‍ജവും അതേപടി വിസര്‍ജിക്കുന്ന സ്വഭാവമാണ്‌ ഭൂമിക്കുള്ളത്‌. അന്തരീക്ഷം സുതാര്യമായ ഒരു മാധ്യമമായാണ്‌ വര്‍ത്തിക്കുന്നതെങ്കില്‍ വിസര്‍ജിക്കപ്പെടുന്ന താപോര്‍ജം തടസ്സം കൂടാതെ ശൂന്യാകാശത്തിലേക്കു മടങ്ങുകയും തന്മൂലം അന്തരീക്ഷ താപനില ഇപ്പോഴത്തേതില്‍നിന്നു എത്രയോ താണിരിക്കുകയും ചെയ്യും. എന്നാല്‍ നീരാവിയും കാര്‍ബണ്‍ ഡൈഓക്‌സൈഡും ഭൗമവികിരണത്തെ അവശോഷിപ്പിച്ച്‌ പുനഃവികിരണത്തിനു വിധേയമാക്കുന്നതിലൂടെ അന്തരീക്ഷത്തിലെയും ഭൗമോപരിതലത്തിലെയും താപനിലകളെ ഉച്ചമാനമാക്കിത്തീര്‍ക്കുന്നു. പച്ചനിറത്തിലുള്ള കണ്ണാടിമാളികകള്‍ താപോര്‍ജത്തെ സാധാരണ ഗതിയില്‍ ആഗിരണം ചെയ്യുന്നു; എന്നാല്‍ വിസര്‍ജനം നന്നേ കുറഞ്ഞ അളവിലാണ്‌. ഈ സവിശേഷതമൂലം ശൈത്യരാജ്യങ്ങളില്‍ ഭവനങ്ങള്‍ക്ക്‌ പച്ചനിറത്തിലുള്ള കണ്ണാടികൊണ്ട്‌ ജനല്‍വാതിലുകളും ചിലപ്പോള്‍ ഭിത്തികള്‍പോലും നിര്‍മിക്കാറുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കി, ചില അന്തരീക്ഷഘടകങ്ങള്‍ക്ക്‌ താപോര്‍ജം കുടുക്കുന്നതിനു പ്രത്യേകമായുള്ള കഴിവിനെ ഹരിതാലയപ്രഭാവം (green house effect)എന്നു വിശേഷിപ്പിക്കുന്നു. ഈ പ്രഭാവത്തിന്റെ അളവ്‌, അന്തരീക്ഷത്തില്‍ നീരാവിയുടെ ഏറ്റക്കുറച്ചിലിനെയും തന്മൂലം അക്ഷാംശം, ഋതുഭേദങ്ങള്‍, അന്തരീക്ഷാവസ്ഥ എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.

സൂര്യാതപം താരതമ്യേന തീക്ഷ്‌ണമായി അനുഭവപ്പെടുന്ന ഉഷ്‌ണമേഖലയിലും അതുപോലെയുള്ളയിടങ്ങളിലും താപോര്‍ജം കൂടുതലായിരിക്കും; മറിച്ച്‌ ധ്രുവപ്രദേശങ്ങളിലും അതുപോലെ സൂര്യാതപത്തിന്റെ തീക്ഷ്‌ണത കുറവായി അനുഭവപ്പെടുന്ന മേഖലകളിലും കുറവുമായിരിക്കും. സൗരവികിരണത്തിലെ ഈദൃശമായ ഏറ്റക്കുറച്ചില്‍ അന്തരീക്ഷതാപനിലയില്‍ ഗണ്യമായ അന്തരം സൃഷ്‌ടിക്കുന്നു. തുടര്‍ന്ന്‌ കൂടുതലുള്ള മേഖലകളില്‍നിന്ന്‌ കുറവുള്ള പ്രദേശങ്ങളിലേക്ക്‌ താപം വിസരിക്കുന്നു. ഇത്‌ വ്യാപകമായ വായുസഞ്ചാരത്തിന്‌ വഴിതെളിക്കും. തിരശ്ചീനദിശയില്‍ സഞ്ചരിക്കുന്ന വായുവാണ്‌ കാറ്റ്‌. ജലപിണ്ഡങ്ങളും ഇത്തരം ചലനത്തിലൂടെ താപവിസരണത്തിനു സഹായിക്കുന്നുണ്ട്‌ എന്നത്‌ പ്രസ്‌താവ്യമാണ്‌. സാധാരണഗതിയില്‍ ഭൂമണ്ഡലത്തിലെ കാലാവസ്ഥാ പ്രകാരങ്ങള്‍ സൂര്യനും ഭൂമിക്കുമിടയ്‌ക്കുള്ള അന്യോന്യ പ്രക്രിയകളെമാത്രം ആശ്രയിച്ചിരിക്കേണ്ടതാണ്‌. എന്നാല്‍ ഉഷ്‌ണമേഖലയില്‍ നിന്ന്‌ വടക്കോട്ടും തെക്കോട്ടുമുള്ള താപവിസരണം ഭൂമുഖത്തെ കാലാവസ്ഥാവിതരണത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്തുന്നു. ആഗോളവാത സഞ്ചരണ വ്യവസ്ഥയിലെ അനിശ്ചിത ഭാവങ്ങള്‍മൂലം ആര്‍ദ്രാഷ്‌ണാവസ്ഥയില്‍ പ്രാദേശികമായി വ്യതിയാനങ്ങള്‍ ഏര്‍പ്പെടുന്നു. ഈ വ്യതിയാനങ്ങളും അവയുടെ ശരാശരിഫലങ്ങളും തിട്ടപ്പെടുത്തുന്നത്‌ കാലാവസ്ഥാ വിജ്ഞാനത്തിലെ മുഖ്യപരിഗണനകളിലൊന്നാണ്‌. നോ. ആഗോളവാതസഞ്ചാരം

കര, കടല്‍ എന്നിവയുടെ വിന്യാസം കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത അവയുടെ താപസംഗ്രഹണരീതിയിലെ വ്യത്യാസത്തെ ആശ്രയിച്ചിരിക്കുന്നു. ഉള്‍നാടന്‍ ജലാശയങ്ങളെയും ഹിമാവൃതങ്ങളായ കരഭാഗങ്ങളെയും ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവേ കര കടലിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുകയും അത്രതന്നെ വേഗത്തില്‍ തണുക്കുകയും ചെയ്യും. താപനിലയെ സംബന്ധിച്ചിടത്തോളം കര ചെന്നെത്തുന്നത്ര ഉന്നതോഷ്‌മാവിലേക്ക്‌ കടലുകള്‍ തപിപ്പിക്കപ്പെടുന്നില്ല. ദിവസേന പകല്‍ വേളകളിലും ഉഷ്‌ണകാലത്തും കര കടലിനേക്കാള്‍ താരതമ്യേന ഉയര്‍ന്ന താപനില പ്രാപിക്കുന്നു; അത്രതന്നെ വേഗത്തില്‍ തണുക്കുകയും ചെയ്യും. തന്നിമിത്തം കരയിലെ താപനിലയിലെ ദൈനികവ്യതിയാനവും വാര്‍ഷികവ്യതിയാനവും കടലിനെ അപേക്ഷിച്ച്‌ താരതമ്യേന കൂടുതലായിരിക്കും.

ഓരോ അക്ഷാംശീയ മേഖലയിലുള്ള കരയുടെയും കടലിന്റെയും വിതരണാരേഖത്തെ അതതുമേഖലകളിലെ ഉഷ്‌ണശൈത്യകാലങ്ങളിലുള്ള മാധ്യതാപനിലയുമായി തുലനം ചെയ്‌താല്‍ മേല്‌പറഞ്ഞ വ്യത്യാസത്തിന്റെ കാലാവസ്ഥാപരമായ പ്രാധാന്യം വ്യക്തമാവുന്നതാണ്‌. ചിത്രം 2ല്‍ കര, കടല്‍ എന്നിവയുടെ ഓരോഅക്ഷാംശീയ മേഖലയിലെയും വിന്യാസക്രമം കൊടുത്തിരിക്കുന്നു. അതിനോടൊപ്പം ജനുവരി, ജൂലായ്‌ മാസങ്ങളിലെ മാധ്യതാപനില സൂചിപ്പിക്കുന്ന ലേഖകളും നല്‌കിയിരിക്കുന്നു. ഉത്തര അക്ഷാംശത്തിലെയും ദക്ഷിണ അക്ഷാംശത്തിലെയും ശൈത്യകാല താപനിലകള്‍ തുലനം ചെയ്യാം. ശൈത്യകാലമായ ജനുവരി മാസത്തില്‍ ഉത്തര അക്ഷാംശത്തിലെ മധ്യതാപനില ആയിരിക്കുമ്പോള്‍ ദക്ഷിണഅക്ഷാംശത്തിലെ ശൈത്യകാല(ജൂല.) താപനില ആണ്‌. ഉത്തര അക്ഷാംശീയ മേഖലയിലെ നേര്‍പകുതിയോളം കടലാണ്‌; എന്നാല്‍ തെക്ക്‌ അക്ഷാംശം പൂര്‍ണമായും സമുദ്രത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌.

ആഗോളതലത്തില്‍ താപവിന്യാസം നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണമാണ്‌ കര, കടല്‍ എന്നിവയുടെ വിതരണക്രമവും സൗരവികിരണവും. മൂന്നാമത്തെ ഘടകം അന്തരീക്ഷത്തിലും സമുദ്രത്തിലുമുള്ള സഞ്ചലനവ്യവസ്ഥയാണ്‌. അന്തരീക്ഷത്തില്‍ കാറ്റുകളും സമുദ്രത്തിലെ പ്രവാഹങ്ങളും മൊത്തത്തില്‍ താണ അക്ഷാംശങ്ങളില്‍നിന്ന്‌ ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക്‌ താപവിനിമയം നടത്തുകയാണ്‌ ചെയ്യുന്നത്‌. ഇതിലെ 65 ശതമാനവും അന്തരീക്ഷത്തിലാണ്‌ നടക്കുന്നത്‌. അന്തരീക്ഷത്തില്‍ താപോര്‍ജത്തിലെ ഏറിയപങ്കും ലീനതാപം ആയി വിനിമയം ചെയ്യപ്പെടുന്നു. ഭാഗികമായെങ്കിലും ഹിമാവൃതമായ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ സൂര്യാതപം നേരിട്ട്‌ പ്രതിപതിപ്പിക്കുന്നതിലൂടെ വന്‍തോതിലുള്ള ഊര്‍ജനഷ്‌ടം അനുഭവപ്പെടുന്നു. താഴ്‌ന്ന അക്ഷാംശങ്ങളില്‍ നിന്ന്‌ വ്യാപരിച്ചെത്തുന്ന നീരാവി തണുത്ത്‌ സംഘനനവിധേയമാകുന്നതും, അവ ഉള്‍ക്കൊള്ളുന്ന ലീനതാപം അന്തരീക്ഷത്തില്‍ വിസരിപ്പിക്കുന്നതുമാണ്‌ ഈ മേഖലകളിലെ താപസന്തുലനം സാധ്യമാക്കുന്നത്‌. സമുദ്രജലപ്രവാഹങ്ങളാണ്‌ മേല്‌പറഞ്ഞ താപവിനിമയത്തിലെ ശേഷിക്കുന്ന 35 ശതമാനം കൈകാര്യം ചെയ്യുന്നത്‌. മധ്യരേഖാപ്രദേശത്തുനിന്ന്‌ ഉഷ്‌ണജലം സമുദ്രങ്ങളുടെ പടിഞ്ഞാറരികിലൂടെ ധ്രുവീയമേഖലയിലേക്കും അവിടെനിന്ന്‌ കിഴക്കരികിലൂടെ ശീതജലം താണ അക്ഷാംശങ്ങളിലേക്കും പ്രവഹിക്കുന്നു. ജനുവരി, ജൂലായ്‌ മാസങ്ങള്‍ക്കുള്ള സമതാപീയരേഖകള്‍ ഈ താപവിനിമയത്തിന്റെ പ്രാഭവം വ്യക്തമാക്കുന്നു. ഐസ്‌ലന്‍ഡ്‌സ്‌പിറ്റ്‌സ്‌ ബര്‍ഗന്‍നോര്‍വെ മേഖലയില്‍ സമതാപരേഖകള്‍ വടക്കോട്ടു വ്യതിചലിക്കുന്നു. അതുപോലെതന്നെ ഏറ്റവുംതാണ മാധ്യതാപനില സൂചിപ്പിക്കുന്ന രേഖകള്‍ വന്‍കരയുടെ ഉള്ളറയിലേക്കാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. തെക്ക്‌ മധ്യരേഖയ്‌ക്കടുത്ത്‌ ഏറ്റവും കൂടിയ ചൂട്‌ അനുഭവപ്പെടുന്നത്‌ ആഫ്രിക്കാ വന്‍കരയ്‌ക്കുള്ളിലാണ്‌. ഏറ്റവും കൂടിയ സമതാപീയ രേഖ മധ്യരേഖയില്‍നിന്നു വ്യതിചലിച്ച്‌ വടക്കേ അക്ഷാംശം മുതല്‍ 30° വരെയുള്ള മേഖലയ്‌ക്കുള്ളിലായി കേന്ദ്രീകരിച്ചുകാണുന്നു.

ആഗോളതലത്തിലെ താപവിതരണം അന്തരീക്ഷത്തിലെ ഏറ്റവും താണവിതാനങ്ങളിലുള്ള വായുമര്‍ദവും കാറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു; കരഭാഗത്ത്‌ താപമാനവും വായുമര്‍ദവും തമ്മില്‍ പ്രതിലോമാനുപാതത്തിനോടടുക്കുന്ന ബന്ധമാണുള്ളതെന്നു പറയാം. ചൂട്‌ ഏറ്റവും കൂടുതലായുള്ള ഇടങ്ങളില്‍ വായുമര്‍ദം നന്നെ കുറഞ്ഞും മറിച്ച്‌ ശൈത്യാധിക്യമുള്ള പ്രദേശങ്ങളില്‍ വായുമര്‍ദം ഏറിയും കാണപ്പെടുന്നു. ഉഷ്‌ണമരുഭൂമികള്‍ നിമ്‌നമര്‍ദകേന്ദ്രമായും ധ്രുവമേഖല ഗുരുമര്‍ദകേന്ദ്രമായും വര്‍ത്തിക്കുന്നത്‌ ഇതിനുദാഹരണമാണ്‌. എന്നാല്‍ സമുദ്രത്തിലെ സ്ഥിതി തുലോം ഭിന്നമാണ്‌.

ജലചംക്രമണത്തിന്റെ ഫലമായാണ്‌ സമുദ്രത്തില്‍ നിമ്‌നമര്‍ദവും ഗുരുമര്‍ദവും രൂപംകൊള്ളുന്നത്‌. അലൂഷ്യന്‍ ദ്വീപസമൂഹത്തിലും ഐസ്‌ലന്‍ഡ്‌ എന്നിവയെ ചുറ്റിയുള്ള സമുദ്രഭാഗങ്ങളിലും, അന്റാര്‍ട്ടിക്കിനു വടക്കും ജലഗതിക (dynamic flow) ഫലമായി നിമ്‌നമര്‍ദങ്ങള്‍ രൂപംകൊള്ളുന്നതും ഉപോഷ്‌ണമേഖലയില്‍ ജലപിണ്‌ഡങ്ങളുടെ അഭിസരണ (convergence) ഫലമായി മര്‍ദം ഉയരുന്നതും മേല്‌പറഞ്ഞതിന്‌ ഉദാഹരണമാണ്‌. ഈ വിധമുള്ള മര്‍ദവ്യതിയാനങ്ങളില്‍ സ്ഥാനം, വ്യാപ്‌തി, തീവ്രത എന്നിവ മിക്കപ്പോഴും വ്യത്യസ്‌തമായിക്കാണുന്നു.

മര്‍ദവിതരണവ്യവസ്ഥ പ്രബലവാതങ്ങളുടെ ഗതിവിഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യരേഖയുടെ നേര്‍ക്ക്‌ വീശുന്ന വാണിജ്യവാതങ്ങള്‍ക്കാണ്‌ ആഗോളവാതങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ഥായിത്വമുള്ളത്‌. ഉപോഷ്‌ണമേഖലാസമുദ്രങ്ങളിലെ ഗുരുമര്‍ദമേഖലകളാണ്‌ ഇവയുടെ പ്രഭവം. സ്ഥായിത്വത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം മണ്‍സൂണ്‍ കാറ്റുകള്‍ക്കാണ്‌. ഉഷ്‌ണകാലത്ത്‌ വന്‍കരയ്‌ക്കുള്ളിലേക്കും ശീതകാലത്ത്‌ പുറത്തേക്കും വീശുന്നവയാണ്‌ ദക്ഷിണപൂര്‍വേഷ്യയിലെ മണ്‍സൂണ്‍ കാറ്റുകള്‍. ദക്ഷിണാര്‍ധഗോളത്തില്‍ ആസ്റ്റ്രലിയയിലാണ്‌ ഈ കാറ്റുകള്‍ക്ക്‌ പ്രാബല്യമുള്ളത്‌. ഇവിടെ ശീതകാലത്ത്‌ കടല്‍ക്കാറ്റായും ഉഷ്‌ണകാലത്ത്‌ കരക്കാറ്റായും ഇവ വീശുന്നുവെന്നതും ശ്രദ്ധേയമാണ്‌. ഉപോഷ്‌ണമേഖലയിലെ ഉച്ചമര്‍ദപ്രദേശത്തുനിന്ന്‌ വടക്കു ധ്രുവമേഖലകളെ ലക്ഷ്യമാക്കി പുറപ്പെട്ട്‌ ബാഹ്യഘടകങ്ങളുടെ സ്വാധീനതമൂലം പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടു വീശുന്ന പശ്ചിമവാതങ്ങളാണ്‌ ആഗോളവാതങ്ങളില്‍ പ്രബലമായ മറ്റൊന്ന്‌. ധ്രുവീയ മേഖലകളില്‍ നിന്നു വീശുന്ന കിഴക്കന്‍ കാറ്റുകളും (ധ്രുവവാതങ്ങള്‍) ആഗോളവാതങ്ങളില്‍ പെടുന്നു. മേല്‌പറഞ്ഞവയ്‌ക്കു വാണിജ്യവാതങ്ങളെ പ്പോലെയോ മണ്‍സൂണുകളെപ്പോലെയോ സ്ഥായിത്വമില്ല. സമശീതോഷ്‌ണമേഖലയിലെ അന്തരീക്ഷ പ്രക്രിയകള്‍ കാറ്റിന്റെ ചക്രീയ (cyclonic) മായ ഗതിക്ക്‌ പ്രരകങ്ങളായതിനാല്‍ പശ്ചിമവാതങ്ങള്‍ എല്ലായിടത്തും സ്ഥിരദിശയില്‍ അനുഭവപ്പെടുന്നില്ല. ഇക്കാരണംകൊണ്ടുതന്നെ ധ്രുവവാതങ്ങളുടെ ദിശയിലും സാമാന്യേന മാറ്റമുണ്ടാകുന്നു.

സമുദ്രതലത്തിലൂടെ അധികദൂരം സഞ്ചരിക്കുന്നതിനിടയില്‍ അവിടെ ബാഷ്‌പീകരണഫലമായി നിതരാം സൃഷ്‌ടിക്കപ്പെടുന്ന നീരാവി വന്‍തോതില്‍ ഉള്‍ക്കൊള്ളുവാന്‍ ഏത്‌ വായുപിണ്ഡ (air mass) വും നിര്‍ബന്ധിതമാവും. ശീതളവും ശുഷ്‌കവുമായ വായുപിണ്‌ഡം താരതമ്യേന ചൂടുകൂടിയ സമുദ്രതലത്തിലൂടെ കടക്കുന്ന അവസ്ഥയില്‍ നീരാവിസഞ്ചയനത്തിനുള്ള സാധ്യത അധികരിക്കുന്നു. ബാഷ്‌പീകരണം ഇരട്ടിക്കുന്നതാണ്‌ ഇതിനു കാരണം. മധ്യ അക്ഷാംശങ്ങളില്‍ ശീതകാലത്ത്‌ സഞ്ചരിക്കുന്ന വായുപിണ്ഡങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. ഉത്തരാര്‍ധഗോളത്തില്‍ അത്‌ലാന്തിക്‌, പസഫിക്‌ സമുദ്രങ്ങളുടെ പടിഞ്ഞാറേ പകുതിയിലും, ദക്ഷിണാര്‍ധഗോളത്തില്‍ അന്റാര്‍ട്ടിക്കയ്‌ക്കു വടക്കുള്ള മേഖലയില്‍ പൊതുവെയും ശൈത്യകാലത്ത്‌ വായുപിണ്ഡങ്ങളുടെ നീരാവിസംഭരണശേഷി താരതമ്യേന അധികമാണ്‌. പശ്ചിമ അത്‌ലാന്തിക്കില്‍ വടക്ക്‌ അക്ഷാംശത്തില്‍ ബാഷ്‌പീകരണംമൂലം പകല്‍സമയം നഷ്‌ടപ്പെടുന്ന താപോര്‍ജം ചതുരശ്ര സെന്റിമീറ്ററിന്‌ ശരാശരി 600 ഗ്രാം കലോറി ആണെന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. പൂര്‍വ അത്‌ലാന്തിക്കില്‍ മധ്യരേഖ മുതല്‍ വരെയുള്ള മേഖലയില്‍ എല്ലാക്കാലത്തും തന്നെ ഈ തോത്‌ 200 ഗ്രാം കലോറിയില്‍ താഴെയാണ്‌. പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടെന്നിരിക്കിലും ഹിമാവൃതഭാഗങ്ങളെ ഒഴിവാക്കിയാല്‍ സമുദ്രതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ സദാ ജലസംക്രമണം നടന്നുകൊണ്ടിരിക്കുന്നു. കടലില്‍നിന്നു കരയിലേക്കു വീശുന്ന കാറ്റുകളാല്‍ വഹിക്കപ്പെട്ട്‌ ഈ ജലാംശം വര്‍ഷണ (precipitation) വിധേയമായിത്തീരുന്നു. മഴ, മഞ്ഞ്‌, ആലിപ്പഴം, തുഷാരം, മൂടല്‍മഞ്ഞ്‌ തുടങ്ങി നാനാപ്രകാരേണ വര്‍ഷിക്കപ്പെടുന്ന അന്തരീക്ഷജലം തറയിലെത്തുന്നതോടെ ജലധാരകളായും, ഭൂജലമായും പരിവര്‍ത്തിതമാവും; ഗണ്യമായ ഒരംശം പുനഃബാഷ്‌പീകരണത്തിനു വിധേയമായി അന്തരീക്ഷത്തില്‍ത്തന്നെ ലയിക്കുന്നു. സസ്യസ്വേദനത്തിലൂടെയും ജീവജാലങ്ങള്‍ പുറന്തള്ളുന്നതിലൂടെയും അന്തരീക്ഷത്തില്‍ വിലയിക്കുന്ന ജലാംശത്തിന്റെ തോതും ചില്ലറയല്ല. പ്രവാഹജലം അന്തിമമായി കടലുകളിലും ബന്ധപ്പെട്ട ജലാശയങ്ങളിലും എത്തിച്ചേരുന്നതുപോലെ തന്നെ, അന്തരീക്ഷത്തില്‍ വിലയിക്കുന്ന ജലാംശവും കരക്കാറ്റുകളാല്‍ വഹിക്കപ്പെട്ട്‌ സമുദ്രാപരിതലത്തില്‍ എത്തുന്നുമുണ്ട്‌. മേല്‌പറഞ്ഞ പ്രക്രമം ആവര്‍ത്തനസ്വഭാവമുള്ളതുമാണ്‌. ആഗോള ജലചക്രത്തിന്റെ ഏകദേശരൂപം ചിത്രം 3ല്‍ കൊടുത്തിരിക്കുന്നു.

ഭൂമുഖത്തെ മാധ്യവര്‍ഷണത്തോത്‌ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഗണ്യമായ തോതില്‍ വര്‍ഷണം അനുഭവപ്പെടുന്നത്‌ നീരാവിസമ്പൂര്‍ണമായ വായു സംവഹന പ്രക്രിയയിലൂടെയോ, മലനിരകളില്‍ തടയപ്പെട്ടോ, വാതപിണ്‌ഡങ്ങള്‍ കൂട്ടിമുട്ടിയോ, ഉയര്‍ന്നു പൊങ്ങുന്നതിലൂടെയോ ആണ്‌. അതുകൊണ്ടുതന്നെ വര്‍ഷപാത വിതരണം നീരാവിസമ്പൂര്‍ണമായ വായുവിന്റെ സാന്നിധ്യത്തെയും, അത്‌ ഉയര്‍ത്തപ്പെടുന്നതിനനുകൂലമായ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും. ഊര്‍ധ്വ-ാധര തലത്തിലെ താപനില, ജലാംശം എന്നിവയ്‌ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ട്‌. എന്തെന്നാല്‍ ഊര്‍ധ്വ-ാധരമായുള്ള അസ്ഥായിത്വവും വായുപിണ്‌ഡങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്‌ അത്യാവശ്യമാണ്‌. സ്ഥായിയായ അവസ്ഥ വായുപിണ്‌ഡങ്ങളെ ഉയരാന്‍ വിടുന്നില്ല. മറിച്ച്‌ അസ്ഥായിത്വം മേല്‌പോട്ടുള്ള ഗതിക്ക്‌ തുടക്കമിടുന്നുവെന്ന്‌ മാത്രമല്ല നീരാവിയുടെ സംഘനനവും തുടര്‍ന്ന്‌ ലീനതാപ വിസര്‍ജനവും ആരംഭിക്കുന്നതോടെ വായുവിന്റെ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള ഗതി സുഗമമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

മണ്‍സൂണ്‍ പ്രദേശങ്ങള്‍, മധ്യരേഖാമേഖല എന്നിവിടങ്ങളിലും മധ്യഅക്ഷാംശങ്ങളില്‍ വന്‍കരകളുടെ പടിഞ്ഞാറന്‍ തീരങ്ങളിലും ശരാശരി വര്‍ഷപാതം ഉയര്‍ന്നതോതിലാണ്‌. വന്‍കരകളുടെ പടിഞ്ഞാറേ തീരത്ത്‌ മധ്യഅക്ഷാംശങ്ങളിലാവുമ്പോള്‍ പശ്ചിമവാതത്തിന്റെ, വിശിഷ്യ ചക്രവാതങ്ങളുടെ പ്രഭാവത്തിലൂടെ കടലില്‍നിന്നുള്ള നീരാവിനിറഞ്ഞ വായു വീശുകയും അത്‌ പര്‍വതനിരകള്‍ സൃഷ്‌ടിക്കുന്ന പ്രതിബന്ധത്താല്‍ ഉയര്‍ന്ന്‌ തണുത്ത്‌ മഴപെയ്യുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രദേശങ്ങളില്‍ വാര്‍ഷിക വര്‍ഷപാതത്തിലെ ഏറിയപങ്കും ശീതകാലത്താണ്‌ ലഭ്യമാവുന്നത്‌. മറിച്ച്‌ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ ഉഷ്‌ണകാലത്താണ്‌ മഴ കൂടുതലുള്ളത്‌. കടല്‍ കടന്നെത്തുന്ന അസ്ഥായിത്വം നിറഞ്ഞ കാറ്റുകളാണ്‌ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. മധ്യരേഖാമേഖലയിലെപ്പോലെ മണ്‍സൂണ്‍ പ്രദേശങ്ങളിലും സംവഹനപ്രക്രിയയ്‌ക്ക്‌ മഴപെയ്യിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്‌; കാറ്റ്‌ മലനിരകളില്‍ തട്ടി ഉയര്‍ന്ന്‌ മഴപെയ്യാന്‍ കാരണമായിത്തീരുന്നതും അസാധാരണമല്ല. മണ്‍സൂണ്‍ മഴ അനിയമിതവും അനിശ്ചിതവുമാണ്‌. എന്നാല്‍ മധ്യരേഖാമേഖലയിലെ ഉച്ചലിതവൃഷ്‌ടി (convectional rain) എല്ലാ മാസങ്ങളിലും ഒരുപോലെ നിയമിതമായ രീതിയില്‍ അനുഭവപ്പെടുന്നു.

ഭൂമുഖത്തെ ഏറ്റവും വരണ്ട ഭാഗങ്ങളില്‍ വായുവിന്റെ ചക്രീയഗതി (cyclic motion) നന്നെ കുറഞ്ഞുകാണപ്പെടുന്നു; നീരാവിപൂര്‍ണമായ വായുപിണ്‌ഡങ്ങള്‍ എത്തിച്ചേരുന്നതിനുള്ള സാധ്യത വിരളമായിരിക്കുകയും ചെയ്യും. അന്തരീക്ഷത്തിലെ അസ്ഥായിത്വം പ്രായേണ അപൂര്‍വമാണ്‌. സഹാറാ, കലാഹാരി, ഥാര്‍ എന്നീ വന്‍കരകളുടെ മധ്യപശ്ചിമഭാഗത്തുള്ള മരുഭൂമികള്‍, താരിംതടംപോലെ പര്‍വതങ്ങള്‍ ചൂഴ്‌ന്ന വന്‍കരമധ്യഭൂഭാഗങ്ങള്‍, ധ്രുവപ്രദേശങ്ങള്‍ എന്നിവയാണ്‌ വര്‍ഷണം ഏറ്റവുംകുറഞ്ഞ പ്രദേശങ്ങള്‍. മരുഭൂമികളില്‍ അപൂര്‍വമായി ലഭിക്കുന്ന വര്‍ഷപാതം നന്നേ തീക്ഷ്‌ണത കൂടിയതും കുറഞ്ഞ സമയം നീണ്ടുനില്‌ക്കുന്നതും ആയിരിക്കും. വാര്‍ഷിക വര്‍ഷപാതത്തിലെ ശരാശരി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചില്‍ കണ്ടുവരുന്നത്‌ മണ്‍സൂണ്‍മധ്യരേഖാമേഖലകളിലെ മഴക്കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളിലാണ്‌. ഇരുപതു കൊല്ലക്കാലയളവിനുള്ളില്‍ കുറഞ്ഞ വര്‍ഷപാതം 150200 സെ.മീ. ആയും കൂടിയത്‌ 500600 സെ.മീ. ആയും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ധാരാളം പ്രദേശങ്ങള്‍ ഈ മേഖലയില്‍ കാണാം. വര്‍ഷപാതത്തിലെ ഏറ്റവും കൂടിയ അന്തരം കണ്ടെത്തിയിരിക്കുന്നത്‌ മരുഭൂമികളിലും ധ്രുവമേഖലയിലുമാണ്‌; 5 സെ.മീ. മുതല്‍ 38 സെ.മീ. വരെയാണ്‌ ഈ പ്രദേശങ്ങളിലെ ശരാശരിത്തോത്‌.

ഒരു പ്രദേശത്തെ ജലനിലവാരം തിട്ടപ്പെടുത്തുന്നത്‌ വര്‍ഷപാതത്തിന്റെ വാര്‍ഷികത്തോതോ വാര്‍ഷികപരാസമോ അല്ല; പ്രത്യുത വിതരണക്രമമാണ്‌. കുറേ മാസങ്ങളില്‍ മഴ കൂടുതല്‍ അനുഭവപ്പെടുകയും മറ്റു മാസങ്ങളില്‍ തീരെ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെക്കാള്‍ മെച്ചം എല്ലാമാസങ്ങളിലും വലിയ ഏറ്റക്കുറച്ചില്‍ കൂടാതെ സാമാന്യമായി വര്‍ഷപാതം ഉണ്ടായിരിക്കുന്നതാണ്‌.

കാലാവസ്ഥാ മേഖലകള്‍. സാമാന്യം വിസ്‌തൃതിയുള്ള ഏതെങ്കിലുമൊരു മേഖലയില്‍ ഉടനീളം ഏകതാനമായ കാലാവസ്ഥ നിലനില്‌ക്കുകയില്ല. ആര്‍ദ്രാഷ്‌ണ സ്ഥിതിയിലെ ഏറ്റക്കുറച്ചില്‍മൂലം പ്രാദേശികതലത്തില്‍ത്തന്നെ ഗണ്യമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ദൃശ്യമായിരിക്കും.

എന്നിരിക്കിലും പൊതുസവിശേഷതകളെ അടിസ്ഥാനമാക്കി ഭൂമുഖത്തെ വിവിധ കാലാവസ്ഥാമേഖലകളായി വര്‍ഗീകരിക്കാവുന്നതാണ്‌. ഇത്തരം വിഭജനം രണ്ടു മാര്‍ഗങ്ങളെയാണ്‌ അവലംബിച്ചു കാണുന്നത്‌. അന്തരീക്ഷഘടകങ്ങളുടെ അന്യോന്യ പ്രക്രിയകളെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന വര്‍ഷപാതം തുടങ്ങിയ പ്രകമങ്ങളില്‍ ഒന്നിനെ ആശ്രയിച്ചു നടത്തുന്ന വര്‍ഗീകരണമാണ്‌ ആദ്യത്തേത്‌. സൗരോര്‍ജലഭ്യതയെ അടിസ്ഥാനമാക്കി വികിരണമേഖലകളായി വിഭജിക്കുന്നത്‌ ഇതിനുദാഹരണമാണ്‌. കാലാവസ്ഥാ ഘടകങ്ങളുടെ വിതരണത്തിലുള്ള ഏറ്റക്കുറച്ചിലുകളെയും തന്മൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യുത്‌ക്രമങ്ങളെയും അവലംബിച്ചുള്ള വിഭജനക്രമമാണ്‌ രണ്ടാമത്തേത്‌. ഗവേഷണപരമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി നന്നേ ചെറിയ മേഖലകളെപ്പോലും കാലാവസ്ഥാടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുന്ന സമ്പ്രദായം പ്രചാരത്തിലുണ്ട്‌.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍