This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലാള്‍പ്പട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലാള്‍പ്പട

Infantry

സായുധസേനയിലെ മുഖ്യഘടകമായ കരസേനയിലെ സുപ്രധാനവിഭാഗം. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ശത്രുസൈന്യത്തെ മുഴുവനായി നശിപ്പിച്ചോ, തടവുകാരാക്കിയോ, യുദ്ധഭൂമിയും ശത്രുക്കളുടെ കോട്ടകൊത്തളങ്ങളും കൈയടക്കുന്ന അതിപ്രധാനമായ ജോലി നിര്‍വഹിക്കുന്നത്‌ കരസേനയിലെ കാലാള്‍പ്പടയായിരിക്കും. വളരെ സങ്കീര്‍ണവും ശ്രമകരവും അത്യന്തം അപകടകരവുമായ ഈ ജോലി നിറവേറ്റുന്ന വിഭാഗമായതുകൊണ്ടാണ്‌ കാലാള്‍പ്പടയെ കരസേനയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായി വിശേഷിപ്പിക്കുന്നത്‌.

ഇന്ത്യന്‍ കാലാള്‍പ്പട ഒരു ഓപ്പറേഷനിടെ

ഏതൊരു കരസേനയിലെയും കാലാള്‍പ്പടയുടെ യോഗ്യത (standard and efficiency) നിര്‍ണയിക്കുന്നത്‌, അതിലെ പടയാളികളുടെയും കമാന്‍ഡര്‍മാരുടെയും, കാര്യപ്രാപ്‌തി, ആയുധപരിശീലനങ്ങളുടെ നിലവാരം, ആയുധങ്ങളുടെ മേന്മ, ആഹവോചിതപരിശീലനം (battle fit training) എന്നിവയും സൈന്യാധിപന്മാരുടെ ഭാവനാപൂര്‍ണമായ നേതൃത്വമേന്മകള്‍ (leadership qualities), വിവിധ യുദ്ധരംഗങ്ങളില്‍ തരമനുസരിച്ച്‌ അടരാടാന്‍ ആവിഷ്‌കരിക്കുന്ന അടവുകളും തന്ത്രങ്ങളും, സര്‍വോപരി മികച്ച മനോവീര്യവും കര്‍ശനമായ അച്ചടക്കവും എന്നീ ഗുണങ്ങളും ആധാരമാക്കിയാണ്‌.

മറ്റു ഘടകങ്ങളില്‍ കവചിതസേനയൊഴിച്ചുള്ള മിക്ക ഘടകങ്ങളും ശത്രുനിരകളില്‍നിന്നു സുരക്ഷിതമായ ദൂരത്തില്‍ നിലയുറപ്പിച്ചാണ്‌ ഷെല്ലുകളും ബോംബുകളും മിസൈലുകളും മറ്റും പ്രയോഗിച്ച്‌ ശത്രുനാശം വരുത്തുന്നത്‌. കവചിതസേനയും വന്‍തോക്കുകളുടെ സഹായത്തോടെ മാത്രം ശത്രുനിരകളിലേക്ക്‌ ഇരമ്പിക്കയറി യുദ്ധംചെയ്യുക പതിവുണ്ട്‌. എന്നാല്‍ അവരിലെ ഒറ്റപ്പെട്ടുപോകുന്നതോ പ്രവര്‍ത്തനക്ഷമത നശിച്ചതോ ആയ ടാങ്കുകള്‍ക്ക്‌ അകമ്പടി സേവിക്കാനും അതിലെ സൈനികരെ രക്ഷിക്കാനും കാലാള്‍പ്പട അവരെ അനുഗമിക്കുക സാധാരണമാണ്‌. അതേസമയം എല്ലാ യുദ്ധരംഗത്തും കാലാള്‍പ്പട ശത്രുനിരയിലേക്ക്‌ പാഞ്ഞുകയറി യുദ്ധവും ചെയ്യാറുണ്ട്‌.

ആധുനിക കാലാള്‍പ്പടയില്‍ യന്ത്രവത്‌കൃതവിഭാഗവും (Mechanized Infantry) പാരച്യൂട്ട്‌ വിഭാഗവും (Air borne Infantry) വ്യോമസഞ്ചാര വിഭാഗവും (Airmobile Infantry) പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്‌. യുദ്ധരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ശത്രുനിരയ്‌ക്കടുത്തുള്ള സുരക്ഷിതസ്ഥാനങ്ങളിലോ, ശത്രുസങ്കേതങ്ങളുടെയും നിരകളുടെയും പിന്നിലോ മിന്നല്‍വേഗത്തില്‍ ചെന്നിറങ്ങി ശത്രുവിനെ തകര്‍ക്കാന്‍ ഈ വിഭാഗങ്ങളെ പ്രയോജനപ്പെടുത്തുന്നു.

ആയുധങ്ങളും പടക്കോപ്പുകളും. കാലാള്‍പ്പടയിലെ സൈനികര്‍ സാധാരണ പിസ്റ്റള്‍, സെല്‍ഫ്‌ ലോഡിങ്‌ റൈഫിള്‍, സ്റ്റെന്‍ഗണ്‍, ബ്രന്‍ഗണ്‍, മെഷീന്‍ഗണ്‍, വിവിധ തരത്തിലുള്ള മോര്‍ട്ടറുകള്‍, ഗ്രനേഡുകള്‍, റീകോയില്‍ ലെസ്‌ഗണ്‍ മുതലായ ആയുധങ്ങളും പടക്കോപ്പുകളും കൈകാര്യം ചെയ്യുന്നു. ചെറുതരം റോക്കറ്റുകളും ഈ സേനാവിഭാഗം ഉപയോഗിക്കാറുണ്ട്‌.

സാമാന്യഘടന. കാലാള്‍പ്പടയുടെ ഘടനയിലെ ഏറ്റവും ചെറിയ ഘടകം സെക്ഷന്‍ എന്ന പേരിലും ഏറ്റവും വലിയ ഘടകം ഡിവിഷന്‍ എന്ന പേരിലും അറിയപ്പെടുന്നു. കാലാള്‍പ്പടയുടെ ഘടനയിലും സൈനികരുടെ സ്ഥാനമാനങ്ങളിലും (rank and function) ഓരോ രാജ്യത്തിലും ചെറിയ വ്യത്യാസങ്ങള്‍ കാണാം. സാമാന്യമായി, താഴെപ്പറയുന്ന രീതിയിലാണ്‌ കാലാള്‍പ്പടകള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.

സെക്ഷന്‍. പത്തുഭടന്മാരടങ്ങുന്ന ഏറ്റവും ചെറിയ ഘടകം സെക്ഷന്‍ എന്ന പേരിലാണറിയപ്പെടുന്നത്‌. ഇതിനെ നയിക്കുന്നത്‌ ഒരു സെക്ഷന്‍ കമാന്‍ഡര്‍ ആയിരിക്കും. ഇന്ത്യയില്‍ "നായ്‌ക്‌' എന്ന ഉദ്യോഗപ്പദവിയാണ്‌ ഈ ഉദ്യോഗസ്ഥനുണ്ടായിരിക്കുക. നായ്‌കിനെ സഹായിക്കാന്‍ ഒരു ലാന്‍സ്‌നായ്‌കും ഉണ്ടായിരിക്കും. ചില രാജ്യങ്ങളില്‍ ഇവരെ യഥാക്രമം "കോര്‍പറല്‍' എന്നും "ലാന്‍സ്‌കോര്‍പറല്‍' എന്നും വിളിക്കുന്നു.

പ്ലറ്റൂണ്‍. മൂന്നു സെക്ഷനുകള്‍ ചേര്‍ത്ത്‌ ഒരു പ്ലറ്റൂണ്‍ സംഘടിപ്പിക്കുന്നു. ഇതിനെ നയിക്കുന്നത്‌ പ്ലറ്റൂണ്‍ കമാന്‍ഡറാണ്‌. ഇന്ത്യയില്‍ ഇവര്‍ക്ക്‌ നല്‌കപ്പെടുന്ന റാങ്ക്‌ നയ്‌ബ്‌ സുബേദാര്‍ അഥവാ സുബേദാര്‍ എന്നായിരിക്കും. ചില രാജ്യങ്ങളില്‍ പ്ലറ്റൂണ്‍ കമാന്‍ഡറുടെ റാങ്ക്‌ സാര്‍ജന്റ്‌ എന്നോ, സാര്‍ജന്റ്‌ മേജര്‍ എന്നോ ആയിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ പ്ലറ്റൂണുകളെ നയിക്കുന്നത്‌ ഒരു കമ്മിഷന്‍ഡ്‌ ഓഫീസര്‍ ആയിരിക്കും.

പ്ലറ്റൂണുകള്‍ക്ക്‌ അവര്‍ നിര്‍വഹിക്കുന്ന ജോലിക്കനുസൃതമായി പ്രത്യേക പേരുകള്‍ നല്‌കിവരുന്നു. ഉദാഹരണമായി റൈഫിള്‍ പ്ലറ്റൂണ്‍, മീഡിയം മെഷീന്‍ഗണ്‍ പ്ലറ്റൂണ്‍, മോര്‍ട്ടര്‍ പ്ലറ്റൂണ്‍, റീകോയില്‍ലെസ്‌ പ്ലറ്റൂണ്‍, സിഗ്നല്‍ പ്ലറ്റൂണ്‍, ട്രാന്‍സ്‌പോര്‍ട്ട്‌ പ്ലറ്റൂണ്‍, പയനിയര്‍ പ്ലറ്റൂണ്‍, മെഡിക്കല്‍ പ്ലറ്റൂണ്‍, ക്വാര്‍ട്ടര്‍ മാസ്റ്റര്‍ പ്ലറ്റൂണ്‍ തുടങ്ങിയവ.

കമ്പനി. മൂന്നു പ്ലറ്റൂണുകള്‍ ചേര്‍ത്ത്‌ ഒരു കമ്പനി സംഘടിപ്പിക്കുന്നു. ഇതിനെ നയിക്കുന്ന കമ്പനി കമാന്‍ഡര്‍, ക്യാപ്‌റ്റന്‍ റാങ്കുള്ള ഒരു കമ്മിഷന്‍ഡ്‌ ഓഫീസറായിരിക്കും. കമ്പനി കമാന്‍ഡര്‍മാരായി മേജര്‍ റാങ്കുള്ള ഉദ്യോഗസ്ഥന്മാരെയും നിയമിക്കാറുണ്ട്‌. കമ്പനികള്‍ വിവിധ പേരില്‍ അറിയപ്പെടുന്നു. ഉദാഹരണമായി റൈഫിള്‍ കമ്പനി, സപ്പോര്‍ട്ട്‌ കമ്പനി, ഭരണനിര്‍വഹണക്കമ്പനി തുടങ്ങിയവ.

ബറ്റാലിയന്‍. സാധാരണയായി താഴെപ്പറയുന്ന സൈന്യസന്നാഹങ്ങള്‍ അടങ്ങുന്നതാണ്‌ ഒരു ബറ്റാലിയന്‍ എന്ന പേരിലറിയപ്പെടുന്നത്‌; (i) നാലു റൈഫിള്‍ കമ്പനികള്‍, (ii) ഒരു സപ്പോര്‍ട്ട്‌ കമ്പനി, (iii) ഒരു ഭരണനിര്‍വഹണക്കമ്പനി, (iv) മിലിറ്ററി ഇന്റലിജന്റ്‌സ്‌, റജിമെന്റല്‍ പൊലിസ്‌ യൂണിറ്റുകള്‍ മുതലായവ. യുദ്ധരംഗത്ത്‌ അടരാടാന്‍ സാമാന്യം സ്വയംപര്യാപ്‌തമായ ഘടകമാണ്‌ ബറ്റാലിയന്‍. ഇതിനെ നയിക്കുന്ന ബറ്റാലിയന്‍ കമാന്‍ഡര്‍ (കമാന്‍ഡിങ്‌ ഓഫീസര്‍) ഒരു ലഫ്‌റ്റനന്റ്‌ കേണലിന്റെ പദവിയുള്ള ആളായിരിക്കും.

ബ്രിഗേഡ്‌. മൂന്നു ബറ്റാലിയനുകള്‍ ചേര്‍ന്നാല്‍ ഒരു ബ്രിഗേഡായി. എന്നാല്‍ ബറ്റാലിയന്റെ ഭരണസംവിധാനത്തെ സുഗമമാക്കാനും യുദ്ധരംഗത്ത്‌ പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ കാര്യക്ഷമതയ്‌ക്കു കോട്ടം തട്ടാതിരിക്കാനും വേണ്ടി പ്രത്യേക തസ്‌തികകള്‍ സൃഷ്‌ടിച്ചിരിക്കും. ഒരു ബ്രിഗേഡ്‌ കമാന്‍ഡര്‍ക്കു ബ്രിഗേഡിയര്‍ എന്ന പദവിയാണുണ്ടായിരിക്കുക.

ഇന്ത്യന്‍ കാലാള്‍പ്പടയിലെ ഒരു പരിശീലനം

ഡിവിഷന്‍. നിരവധി ബ്രിഗേഡുകള്‍ അടങ്ങിയ, കരസേനയിലെ ഏറ്റവും വലിയ വിഭാഗമാണ്‌ ഒരു ഡിവിഷന്‍. സ്വതന്ത്രമായി ഒരാക്രമണം നടത്താന്‍ കഴിവുള്ള കരസേനാ വിഭാഗമാണിത്‌. സാധാരണ 10,000 മുതല്‍ 15,000 വരെ സൈനികര്‍ ഒരു ഡിവിഷനിലുണ്ടാകും. ഇന്ത്യന്‍ കരസേനയ്‌ക്ക്‌ നിലവില്‍ 37 ഡിവിഷനുകള്‍ ഉണ്ട്‌. ഒരു ഡിവിഷന്റെ സഹായസേനാവിഭാഗത്തില്‍പ്പെട്ട യൂണിറ്റുകളെ നയിക്കുന്നത്‌ അതാതു ഘടകങ്ങളുടെ കമാന്‍ഡിങ്‌ ഓഫീസര്‍മാരായിരിക്കുമെങ്കിലും ഇവരെല്ലാം ഡിവിഷന്‍ കമാന്‍ഡറുടെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും. മേജര്‍ ജനറല്‍ റാങ്കുള്ള ആളായിരിക്കും ഡിവിഷന്‍ കമാന്‍ഡര്‍.

പല ഡിവിഷനുകളിലും മേല്‍വിവരിച്ച സേനാഘടകങ്ങള്‍ക്കുപുറമേ കാലാള്‍പ്പടയിലെതന്നെ യന്ത്രവത്‌കൃത ബറ്റാലിയനുകളും, പാരട്രൂപ്പ്‌ ബറ്റാലിയനുകളും ആവശ്യാനുസരണമുണ്ടായിരിക്കും. ഒരു രാജ്യത്തിലെതന്നെ എല്ലാ കാലാള്‍പ്പട ഡിവിഷന്റെയും ഘടന ഒരേതരത്തിലായിരിക്കയില്ല. ഉദാഹരണമായി, ചില ഡിവിഷനുകളെ സംഘടിപ്പിക്കുന്നത്‌ മണലാരണ്യങ്ങളിലും സമതലപ്രദേശങ്ങളിലും മാത്രം യുദ്ധംചെയ്യുന്നതിനായിരിക്കും. മറ്റു ചില ഡിവിഷനുകളെ മലമ്പ്രദേശങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്ന ദുര്‍ഗങ്ങളിലും യുദ്ധം ചെയ്യുന്നതിനായിട്ടായിരിക്കും സംഘടിപ്പിച്ചിരിക്കുക. അങ്ങനെ വരുമ്പോള്‍ ഈ ഡിവിഷനുകള്‍ തമ്മില്‍ സൈനികരുടെ എണ്ണത്തിലും, അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും വാര്‍ത്താവിനിമയ സജ്ജീകരണങ്ങളിലും ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളിലും ചില മാറ്റങ്ങള്‍ അനിവാര്യമായിത്തീരുന്നു. അതുപോലെതന്നെ ഈ വിഭാഗങ്ങള്‍ക്ക്‌ വ്യത്യസ്‌തങ്ങളായ ഭക്ഷണങ്ങളും ഉടുപ്പുചമയങ്ങളും നല്‌കപ്പെടേണ്ടതുണ്ട്‌.

ഇങ്ങനെ പ്രത്യേകരീതിയില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ഡിവിഷന്‍ മുഴുവനോ, അതിലെ ഏതെങ്കിലും ബ്രിഗേഡുകളെയോ അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ടിവരുമ്പോള്‍ (ഉദാഹരണത്തിന്‌ മൗണ്ടന്‍ ഡിവിഷനില്‍നിന്ന്‌ സമതല ഡിവിഷനിലേക്കോ മറിച്ചോ) അവര്‍ക്ക്‌ പുതുതായി നിയമിക്കപ്പെടുന്ന ഡിവിഷന്റെയോ, ബ്രിഗേഡിന്റെയോ പ്രവര്‍ത്തനശൈലിയും, ആയുധപ്രയോഗങ്ങളുമായി പൊരുത്തപ്പെടാനും കാര്യക്ഷമത കൈവിട്ടുപോകാതിരിക്കാനും വേണ്ടി പ്രത്യേകമായി കൊടുക്കുന്ന പരിശീലനത്തെ കണ്‍വര്‍ഷന്‍ ട്രയിനിങ്‌ എന്നുപറയുന്നു.

അതുപോലെതന്നെ കാലാള്‍പ്പടയില്‍ അതുവരെ ഉപയോഗത്തിലിരിക്കുന്ന ആയുധങ്ങളും പടക്കോപ്പുകളും നവീകരിക്കുമ്പോഴോ അത്യന്താധുനികങ്ങളായ ആയുധങ്ങളോ പടക്കോപ്പുകളോ ആര്‍ജിക്കുമ്പോഴോ മേല്‍വിവരിച്ച കണ്‍വെര്‍ഷന്‍ ട്രയിനിങില്‍ക്കൂടി സൈനികരെ പുതിയ ആയുധങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സന്നദ്ധരാക്കുന്നതിനുള്ള ഏര്‍പ്പാടുകളുമുണ്ടായിരിക്കും. നോ. ഇന്ത്യ; ഇന്ത്യന്‍ കരസേന; കരസേന; കവചിതസേന

ആര്‍മികോര്‍. മേല്‍വിവരിച്ച തരത്തിലുള്ള മൂന്നു ഡിവിഷനുകള്‍ (ചില രാജ്യങ്ങളില്‍ രണ്ടു ഡിവിഷന്‍) ചേര്‍ത്താണ്‌ ഒരു കോറിനെ സംഘടിപ്പിക്കുന്നത്‌. ഒരു കോറിനെ നയിക്കുന്നത്‌ ലഫ്‌റ്റനന്റ്‌ ജനറല്‍ പദവിയുള്ള ഉദ്യോഗസ്ഥനായിരിക്കും.

ആര്‍മി. രണ്ടോ അതിലധികമോ കോറുകളെ ചേര്‍ത്താണ്‌ ഒരു ആര്‍മി സംഘടിപ്പിക്കുന്നത്‌. ഒരു യുദ്ധമേഖലയെ പരിപൂര്‍ണമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ്‌ ഒരു ആര്‍മിക്കുണ്ടായിരിക്കും. ഇതിന്റെ അധിപനെ ആര്‍മി കമാന്‍ഡര്‍ എന്നു പറയുന്നു. ഒരു സീനിയര്‍ ലഫ്‌റ്റനന്റ്‌ ജനറലിന്റെ പദവി ഇദ്ദേഹത്തിനുണ്ടായിരിക്കും. ഇവരുടെ ഔദ്യോഗിക സ്ഥാനപ്പേര്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്‌ഇന്‍ചീഫ്‌ (G. O. C. in. C.) എന്നായിരിക്കും.

ഒരു യു.എസ്‌. കാലാള്‍പ്പടയാളി

ആര്‍മിഗ്രൂപ്പ്‌. ഒന്നിലധികം ആര്‍മിയെ കൂട്ടിയിണക്കി ഒരു ആര്‍മി ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്നു. ഇതിന്റെ കമാന്‍ഡര്‍, ജനറല്‍ പദവിയുള്ള ആളായിരിക്കും.

ഓരോ രാജ്യത്തെയും കരസേനയില്‍ ഒന്നില്‍ക്കൂടുതല്‍ ആര്‍മി കമാന്‍ഡുകളോ, ഗ്രൂപ്പുകളോ ഉണ്ടായിരിക്കും. ഉദാഹരണത്തിന്‌ ഇന്ത്യയില്‍ മൊത്തം ആറ്‌ ആര്‍മി കമാന്‍ഡുകള്‍ ഇന്നും നിലവിലുണ്ട്‌ (2005). അവ യഥാക്രമം സതേണ്‍ കമാന്‍ഡ്‌ (കേന്ദ്രംപൂണെ), സെന്‍ട്രല്‍ കമാന്‍ഡ്‌ (ലഖ്‌നൗ), ഈസ്റ്റേണ്‍ കമാന്‍ഡ്‌ (കൊല്‍ക്കൊത്ത), നോര്‍തേണ്‍ കമാന്‍ഡ്‌ (ഉധംപൂര്‍), വെസ്റ്റേണ്‍ കമാന്‍ഡ്‌ (ചണ്‌ഡീഗഡ്‌) സൗത്ത്‌ വെസ്റ്റേണ്‍ കമാന്‍ഡ്‌ (ജയ്‌പൂര്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഓരോ കമാന്‍ഡിനെയും പല ഏരിയകളായോ, സബ്‌ ഏരിയകളായോ തിരിച്ച്‌ അതിന്റെ ചുമതല ഏരിയാ കമാന്‍ഡര്‍ക്കോ സബ്‌ ഏരിയാ കമാന്‍ഡര്‍ക്കോ നല്‌കുന്നു. ഇവര്‍ക്ക്‌ മേജര്‍ ജനറലിന്റെയോ, ബ്രിഗേഡിയറുടെയോ റാങ്കുണ്ടായിരിക്കും. കരസേനയിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ചീഫ്‌ഒഫ്‌ ആര്‍മി സ്റ്റാഫ്‌ എന്നോ കമാന്‍ഡര്‍ഇന്‍ചീഫ്‌ എന്നോ അറിയപ്പെടുന്നു. ഇവര്‍ക്ക്‌ ജനറല്‍ പദവിയോ ഫീല്‍ഡ്‌ മാര്‍ഷല്‍ പദവിയോ ഉണ്ടായിരിക്കും.

ഇന്തോ-യു.എസ്‌. കാലാള്‍പ്പടകളുടെ സംയുക്ത പരിശീലനം

പരിശീലനങ്ങളും യുദ്ധരീതികളും. ഏറ്റവും നല്ല ആരോഗ്യമുള്ളവരെയായിരിക്കും കാലാള്‍പ്പടയിലേക്കു തെരഞ്ഞെടുക്കുന്നത്‌. ഏതു ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രവൃത്തി ചെയ്യാന്‍ കഴിവുള്ളവരായിരിക്കും ഇവര്‍. അപൂര്‍വം ചില രാജ്യങ്ങളില്‍ യുവതികളെയും കാലാള്‍പ്പടയില്‍ ചേര്‍ക്കുന്ന പതിവുണ്ട്‌.

ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആദ്യമായി ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പരിശീലനങ്ങള്‍ (ഫിസിക്കല്‍ ട്രയിനിങ്‌) നല്‌കുന്നു. അതോടൊപ്പംതന്നെ ശുചിത്വപരിപാലനത്തിനുള്ള പരിശീലനങ്ങളും സിദ്ധിക്കുന്നു. തുടര്‍ന്ന്‌ ആയുധപരിശീലനങ്ങളും നടക്കുന്നു. പരിശീലനങ്ങളുടെ ഓരോ ഘട്ടത്തിലും ഓരോ കാലാള്‍പ്പടയാളിയും (കമാന്‍ഡര്‍മാരടക്കം) നേടുന്ന പരിശീലനത്തിന്റെ നിലവാരം കര്‍ശനമായി പരീക്ഷിക്കപ്പെടുന്നു. എല്ലാ സൈനികരും ഒരു നിശ്ചിതനിലവാരം പുലര്‍ത്തണമെന്ന്‌ നിര്‍ബന്ധമാണ്‌. യുദ്ധരംഗത്ത്‌ കാലാള്‍പ്പട നിര്‍വഹിക്കേണ്ട സങ്കീര്‍ണമായ ജോലികള്‍ ഏതു പ്രതികൂല പരിതഃസ്ഥിതിയിലും നിറവേറ്റുന്നതിനുള്ള കഴിവ്‌ ഓരോ ഭടനും നേടിയിരിക്കണം. ഇതിനുള്ള പരീക്ഷണങ്ങളില്‍ പരാജിതരാകുന്നവര്‍ക്ക്‌ തുടര്‍ന്ന്‌ കാലാള്‍പ്പടയില്‍ സേവനമനുഷ്‌ഠിക്കാന്‍ സാധിക്കുകയില്ല.

മേല്‍വിവരിച്ച സാമാന്യപരിശീലനങ്ങള്‍ തൃപ്‌തികരമായി നിറവേറ്റിയവര്‍ക്ക്‌ ഒരു ബറ്റാലിയന്‍ നിലവാരത്തില്‍ പ്രത്യേക പരിശീലനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇതു തൃപ്‌തികരമായി പൂര്‍ത്തിയാക്കുന്നവര്‍ കാലാള്‍പ്പടയിലെ സൈനികരായി അംഗീകരിക്കപ്പെടുന്നു.

ഇതിനുമേല്‍ ബ്രിഗേഡ്‌ നിലവാരത്തിലും, ഡിവിഷന്‍ നിലവാരത്തിലും നടത്തുന്ന യുദ്ധപരിശീലനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള പരിശീലനങ്ങള്‍ ലഭിക്കുന്ന അവസരത്തില്‍ സ്വാഭാവികമായും ഇവര്‍ക്ക്‌ കരസേനയിലെ മറ്റു ഘടകങ്ങളായ കവചിതസേന, പീരങ്കിപ്പട, സിഗ്നല്‍സ്‌, എന്‍ജിനിയേഴ്‌സ്‌ തുടങ്ങിയ ഘടകങ്ങളുമായി ഒത്തുചേര്‍ന്ന്‌ യുദ്ധംചെയ്യുന്നതിനുള്ള സന്ദര്‍ഭം ലഭിക്കുന്നു. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ (കംബൈന്‍ഡ്‌ ട്രയിനിങ്‌) കാലാള്‍പ്പടയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌. കാരണം കാലാള്‍പ്പട യുദ്ധരംഗത്ത്‌ പലപ്പോഴും കവചിതസേനയോടും, പീരങ്കിപ്പടയോടും മറ്റും ചേര്‍ന്ന്‌ പടവെട്ടേണ്ടവരാണ്‌. അതുകൊണ്ട്‌ ആ ഘടകങ്ങള്‍ തമ്മില്‍ പരസ്‌പരധാരണ വളര്‍ത്തേണ്ടതുണ്ട്‌. കൂടാതെ മറ്റുവിഭാഗങ്ങളുടെ പ്രവര്‍ത്തനശൈലിയും കാലാള്‍പ്പട അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഉദാഹരണത്തിന്‌ കവചിതസേന യുദ്ധരംഗത്ത്‌ ശത്രുനിരയിലേക്ക്‌ പാഞ്ഞുകയറുമ്പോള്‍ (ടാങ്കുകളും വന്‍തോക്കുകളുമായി) അവരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെടുന്ന കാലാള്‍പ്പടയ്‌ക്ക്‌ കവചിതസേനയുടെ സുരക്ഷിതത്വവും അവര്‍ ശത്രുവിനേല്‌പിക്കുന്ന മാരകമായ പ്രഹരവും തദ്വാരാ ശത്രുവിനു നേരിടുന്ന നഷ്‌ടങ്ങളും കണക്കിലെടുത്തുകൊണ്ട്‌ ആ യുദ്ധരംഗത്തെ മുന്‍കൈ നിലനിര്‍ത്തുവാനും തുടര്‍ന്ന്‌ അവശേഷിക്കുന്ന ശത്രുവിനെ നിഷ്‌ക്രിയരാക്കി നശിപ്പിക്കുകയോ തടവുകാരാക്കുകയോ ചെയ്‌ത്‌ ആ ഭൂവിഭാഗത്തെ കയ്യടക്കാനും സാധിക്കണം. അതുപോലെതന്നെ ശത്രുനിരയെയും സങ്കേതങ്ങളെയും ആഞ്ഞടിച്ചു തളര്‍ത്താനായി മുന്നേറുന്ന പീരങ്കിപ്പടയോടൊപ്പം കാലാള്‍പ്പടയും മുന്നേറി ശത്രുവിനെ അടിയറവ്‌ പറയിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.

ചില സന്ദര്‍ഭങ്ങളില്‍ അപ്രതിരോധ്യമെന്നു കരുതുന്ന ശത്രുസങ്കേതങ്ങളിലോ നിരകളിലോ ബോംബുപ്രയോഗംകൊണ്ടോ, കവചിതസേനയുടെയോ പീരങ്കിപ്പടയുടെയോ തന്ത്രപരമായ ആക്രമണങ്ങള്‍വഴിയോ വിടവുകള്‍ സൃഷ്‌ടിച്ചതിനുശേഷം കാലാള്‍പ്പട നേരിട്ടുള്ള ഒരു യുദ്ധത്തിന്‌ മുന്നേറേണ്ടതായിവരും. ഈ ഘട്ടങ്ങളില്‍ ശത്രുനിരയിലേക്ക്‌ തള്ളിക്കയറി യുദ്ധംചെയ്യാനുള്ള തന്ത്രങ്ങളും അതുല്യമായ മനോവീര്യവും മികച്ച അച്ചടക്കബോധവും കൈവിടാതെ യുദ്ധംചെയ്യാന്‍ കാലാള്‍പ്പടയെ സജ്ജമാക്കേണ്ടതാണ്‌. അതുപോലെതന്നെ ശത്രുവിന്റെ കോട്ടകൊത്തളങ്ങളെയും അപ്രതിരോധ്യനിരകളെയും മൈനുകള്‍ സ്ഥാപിച്ച പടനിലങ്ങളെയും എന്‍ജിനീയര്‍ കോറിന്റെ സഹായത്തോടെ സുരക്ഷിതമായി താണ്ടിക്കടന്ന്‌ യുദ്ധംചെയ്യുന്നതിനുള്ള അടവുകളും മികച്ച മനക്കരുത്തും കാലാള്‍പ്പട ആര്‍ജിക്കേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള നിരവധി വരുംവരായ്‌കകളെ കണക്കിലെടുത്ത്‌ അവ മറികടന്ന്‌ ശത്രുവിന്‌ അവസാനത്തെ പ്രഹരമേല്‌പിച്ച്‌ അവരെ കീഴടക്കാനുള്ള വമ്പിച്ച ചുമതലയും കാലാള്‍പ്പടയുടേതാണ്‌. അവരെ ഇതിനു സജ്ജമാക്കുവാന്‍ ഓരോ ഡിവിഷന്റെയും കോറിന്റെയും ആസ്ഥാനത്തോടനുബന്ധിച്ച്‌ ഒരു യുദ്ധതന്ത്രനിര്‍ണയ (Tactical Headquarters) കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും. കാലാള്‍പ്പടയുടെ യുദ്ധരംഗത്തെ നീക്കങ്ങളുടെ പൂര്‍ണഉത്തരവാദിത്വം ഈ കേന്ദ്രത്തിനും അതിന്റെ കമാന്‍ഡറായ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങിനുമായിരിക്കും.

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍