This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലഹോര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലഹോര

ഒരു ദിവസത്തിന്റെ ഇരുപത്തിനാലിലൊന്നുവരുന്ന കാലയളവ്‌. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടരനാഴിക (ഒരു ദിവസത്തിനു അറുപത്‌ നാഴികയാണ്‌) സമയം എന്ന്‌ അര്‍ഥമുള്ള "കാല' എന്ന പദവും "അഹോരാത്രം' എന്ന പദത്തിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ വിട്ടുകളയുമ്പോള്‍ കിട്ടുന്നതും "ഇരുപത്തിനാലിലൊന്ന്‌' എന്നുകൂടി അര്‍ഥമുള്ളതുമായ "ഹോര' എന്ന പദവും ചേര്‍ന്നാണ്‌ "കാലഹോര' എന്ന പദം ഉണ്ടായതെന്നു ജ്യോതിഷികള്‍ കരുതുന്നു. മണിക്കൂര്‍ (Hour) എന്നര്‍ഥമുള്ള "ഹോര' എന്ന ഗ്രീക്കുപദം ഗ്രീക്‌ ജ്യോതിഷത്തോടൊപ്പം ഇന്ത്യയിലും എത്തിപ്പെട്ടതാണ്‌ എന്ന്‌ ജ്യോതിശ്ശാസ്‌ത്ര ചരിത്രകാരന്മാര്‍ പറയുന്നു.

ജ്യോതിഷ വിശ്വാസമനുസരിച്ച്‌ ഓരോ കാലഹോരയ്‌ക്കും അധിപന്മാരുമുണ്ട്‌. സൂര്യോദയം തുടങ്ങിയുള്ള ആദ്യത്തെ രണ്ടരനാഴിക (ഒരു മണിക്കൂര്‍) ആണ്‌ ആദ്യത്തെ കാലഹോര. അതിന്റെ അധിപന്‍ ആ ആഴ്‌ചയുടെ അധിപനും തുടര്‍ന്നുള്ള കാലഹോരകളുടെ അധിപന്മാര്‍ സൂര്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, ശനി, ഗുരു, കുജന്‍ എന്നീ ക്രമമനുസരിച്ചുള്ള ഗ്രഹങ്ങളുമാണ്‌. തിങ്കളാഴ്‌ചയുടെ ആദ്യഹോരയുടെയും ആ ദിവസത്തിന്റെയും അധിപന്‍ ചന്ദ്രനും (Moon), ചൊവ്വയുടേത്‌ കുജനും (Mars), ബുധന്റേത്‌ ബുധനും (Mercury), വ്യാഴത്തിന്റേത്‌ വ്യാഴവും (Jupiter), വെള്ളിയുടേത്‌ ശുക്രനും (Venus), ശനിയുടേത്‌ ശനിയും (Saturn), ഞായറാഴ്‌ചയുടേത്‌ സൂര്യനും (Sun) ആണ്‌.

സൂര്യന്‍, കുജന്‍, ശനി എന്നിവ പാപഗ്രഹങ്ങളും ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവ ശുഭഗ്രഹങ്ങളുമാണെന്ന്‌ സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു. ശുഭഗ്രഹങ്ങളുടെ കാലഹോരകളില്‍ തുടങ്ങുന്ന എല്ലാ കാര്യങ്ങളും ശുഭമായി കലാശിക്കുമെന്നും പാപഗ്രഹങ്ങളുടെ കാലഹോരകളില്‍ തുടങ്ങുന്നവ അശുഭമായി അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മുഹൂര്‍ത്തങ്ങള്‍ നിശ്ചയിക്കുന്നതില്‍ കാലഹോരയ്‌ക്ക്‌ വളരെയധികം പ്രാധാന്യം നല്‌കപ്പെടാറുണ്ട്‌, ശുഭഗ്രഹങ്ങളുടെ കാലഹോരകളില്‍ ജനിക്കുന്നവര്‍ക്ക്‌ ശുഭാനുഭവങ്ങളും പാപഗ്രഹങ്ങളുടേതില്‍ ജനിക്കുന്നവര്‍ക്ക്‌ അശുഭാനുഭവങ്ങളും ഉണ്ടാകുമെന്നു ജ്യോതിഷം പറയുന്നു. പൊതുവേ കാലഹോര എന്ന സങ്കല്‌പത്തിന്‌ ഭാരതീയ ജ്യോതിശ്ശാസ്‌ത്രത്തില്‍ വളരെയേറെ പ്രാധാന്യം നല്‌കപ്പെട്ടിട്ടുണ്ട്‌. വരാഹമിഹിരന്‍ ബൃഹത്‌സംഹിതയില്‍ ജാതകവിഭാഗത്തിനു നല്‌കിയിട്ടുള്ള സംജ്‌ഞതന്നെ "ഹോര' എന്നാണ്‌. പൃഥുയശസ്സും ഭട്ടോത്‌പലനും അവരുടെ ജ്യോതിഷഗ്രന്ഥങ്ങള്‍ക്ക്‌ യഥാക്രമം ഹോരാസാരമെന്നും ഹോരാശാസ്‌ത്രമെന്നും ആണ്‌ പേരിട്ടുള്ളത്‌.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B2%E0%B4%B9%E0%B5%8B%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍