This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലടി

ഏറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ഒരു പഞ്ചായത്ത്‌. ആദിശങ്കരന്റെ ജനനസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കാലടി ആലുവായ്‌ക്ക്‌ 13 കി.മീ.ഉം അങ്കമാലിക്ക്‌ 8 കി.മീ.ഉം കിഴക്കായി പെരിയാര്‍ നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ശ്രീശങ്കരാചാര്യരുടെ ജനനംകൊണ്ടു പവിത്രമായ കാലടി ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്‌. പഞ്ചായത്തിലെ ജനസംഖ്യ: 27,021 (2001).

വി. പി. മാധവറാവു ദിവാനായിരുന്നകാലത്ത്‌ ശ്രീ ശങ്കരന്റെ ജന്മഗൃഹമായ കൈപ്പള്ളി ഇല്ലം സ്ഥിതിചെയ്‌തിരുന്ന കണ്ടക്കര പറമ്പുള്‍ക്കൊള്ളുന്ന 10 ഹെക്‌ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചരിത്രപ്രധാനമായ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ മേഖലയിലുള്ള മൂന്നു ഹൈന്ദവ ദേവാലയങ്ങളില്‍ വിഷ്‌ണുക്ഷേത്രത്തിനാണ്‌ പ്രാമുഖ്യം. കൊ. വ. 1085ല്‍ ശൃങ്‌ഗേരി മഠാധിപതിയാണ്‌ ഇവിടത്തെ പ്രതിഷ്‌ഠാകര്‍മം നിര്‍വഹിച്ചത്‌. ഒരു ക്ഷേത്രത്തില്‍ ശങ്കരാചാര്യരുടെ ഇഷ്‌ടദേവതയായ ശ്രീ ശാരദാ ദേവിയെയാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ഈ രണ്ടു ക്ഷേത്രങ്ങളും അവയുടെ ദേവസ്വങ്ങളും ശൃങ്‌ഗേരി മഠത്തിന്റെ ഭരണത്തിന്‍കീഴിലാണ്‌.

ആദിശങ്കരജന്മഭൂമി ക്ഷേത്രം

പുരാതന ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായിരുന്നു ശ്രീ ശങ്കരന്റെ മാതാവിന്റെ ശ്‌മശാനം. സ്വാമികളുടെ മാതാവിനെ വാര്‍ധക്യദശയില്‍ തൃശൂര്‍ വടക്കുന്നാഥസ്വാമി ഒരു വെളുത്ത മാനിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌ ആശീര്‍വദിക്കുകയുണ്ടായി എന്ന്‌ ഐതിഹ്യമുണ്ട്‌. സ്വാമികളുടെയും അവിടത്തെ അഭിവന്ദ്യമാതാവിന്റെയും സ്‌മരണയുളവാക്കുന്ന പലതും ഇവിടെ കാണാം. തുലാമാസത്തിലെ അമാവാസി ശ്രാദ്ധം ഇവിടെ ഒരു മഹാമഹമാണ്‌. ശ്രാദ്ധത്തിനു വന്നിരുന്ന ഭക്തന്മാര്‍ സ്വാമികളുടെ മാതാവിന്റെ ചുടലയിലെ ഭസ്‌മമെടുത്തു പൂശിയും അശോകദലം ചൂടിയും നിര്‍വൃതി നേടിയിരുന്നു.

1936ല്‍ ആഗമാനന്ദസ്വാമികള്‍ ഇവിടെ ഒരാശ്രമം സ്ഥാപിച്ച്‌, അതിന്‌ ശ്രീരാമകൃഷ്‌ണാദ്വൈതാശ്രമം എന്ന പേരു നല്‌കി. അതോടൊപ്പം ഒരു സംസ്‌കൃത സ്‌കൂളും നടത്തി. പിന്നീട്‌ ശ്രീശങ്കര കോളജ്‌ സ്ഥാപിച്ചു.

കാലടിയെന്ന പേരില്‍ തിരുവനന്തപുരം നഗരത്തിന്റെ തെക്കുഭാഗത്തും പൊന്നാനിത്താലൂക്കില്‍ ഭാരതപ്പുഴയുടെ തീരത്തും ഓരോ സ്ഥലമുണ്ട്‌.

1993 സെപ്‌. 24ന്‌ കാലടിയില്‍ സംസ്‌കൃതഭാഷയ്‌ക്കും, ആ ഭാഷയിലൂടെ വികാസം പ്രാപിച്ച ഭാരതീയ സംസ്‌കാരത്തിനും പ്രാമുഖ്യം നല്‌കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിതമായി. സംസ്‌കൃത വിദ്യാഭ്യാസരംഗത്ത്‌ നിലവിലിരുന്ന പാരമ്പര്യ ബിരുദങ്ങളായ മഹോപാദ്ധ്യായ, ശിരോമണി, ശാസ്‌ത്രഭൂഷണവിദ്വാന്‍, ശാസ്‌ത്രി, ആചാര്യ എന്നിവയ്‌ക്ക്‌ പകരം ബി.എ., എം.എ. പേരുകളില്‍ ആ കോഴ്‌സുകള്‍ ആധുനീകരിച്ച്‌ പുതിയ പാഠ്യസമ്പ്രദായം ഈ സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി മുഖ്യകേന്ദ്രമായുള്ള ഈ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംസ്‌കൃതം, ഇന്തോളജി, ഇന്ത്യന്‍ ഫിലോസഫി, ഇന്ത്യന്‍ ഭാഷകള്‍ എന്നിവ പഠിപ്പിക്കുന്നതിനായി പയ്യന്നൂര്‍, കൊയിലാണ്ടി, തിരൂര്‍, തൃശൂര്‍, ഏറ്റുമാനൂര്‍, തുറവൂര്‍, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍