This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലങ്കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലങ്കോഴി

Mottled Wood Owl

കാലങ്കോഴി

ഗരുഡനോളം വലുപ്പമുള്ള ഒരിനം മൂങ്ങ. സ്‌ട്രിഗിഡേ പക്ഷികുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാ.നാ. സ്‌ട്രിക്‌സ്‌ ഓസില്ലേറ്റ (Strix ocellata) എന്നാണ്‌. "കൊള്ളിക്കുറവന്‍', "കുത്തിച്ചൂടാന്‍', "നെടൂളാന്‍' തുടങ്ങി പല പേരുകളിലും ഇതറിയപ്പെടുന്നു. "കാലങ്കോഴി' എന്ന പേരാണ്‌ ഏറ്റവും പ്രചാരത്തിലുള്ളത്‌.

ഇതിന്റെ ദേഹത്തിന്‌ മൊത്തത്തില്‍ ഇളംതവിട്ടുനിറമാണ്‌. കറുപ്പ്‌, വെള്ള, മങ്ങിയ മഞ്ഞ എന്നീ നിറങ്ങളിലുള്ള പൊട്ടുകളും വരകളും കുറികളുംകൊണ്ട്‌ ശരീരമാകെ മനോഹരമാക്കപ്പെട്ടിരിക്കുന്നു. പക്ഷിയുടെ മുഖം ആകപ്പാടെ കരിതേച്ചു ധൃതിയിലൊന്ന്‌ തുടച്ചതുപോലെ തോന്നും. മുഴുവന്‍ വെളുപ്പായ മുഖത്ത്‌ നേരിയ കറുപ്പുവരകള്‍ വലയാകൃതിയില്‍ കാണുന്നതാണ്‌ ഇതിനുകാരണം. കൊക്കിനു താഴെയായി വെളുത്തനിറത്തില്‍ ഒരു ചെറിയ "കോളര്‍' പോലെയുള്ള അടയാളം വളരെ വ്യക്തമായി കാണാം. ബാക്കിയുള്ള അടിഭാഗം മുഴുവന്‍ സ്വര്‍ണച്ഛവി കലര്‍ന്ന വെള്ളനിറമായിരിക്കും. ഇതില്‍ നേരിയ കറുപ്പുവരകള്‍ കാണപ്പെടുന്നു. കണ്ണിന്‌ കടുത്ത തവിട്ടുനിറമാണ്‌. കാല്‍ തൂവലുകളാല്‍ ആവൃതമായിരിക്കും. ആണിനെയും പെണ്ണിനെയും കാഴ്‌ചയില്‍ തിരിച്ചറിയുക അസാധ്യമാണ്‌. ഇണകളായും കുടുംബമായും കാണാം.

കാലങ്കോഴി പ്രധാനമായും രാത്രിയിലാണ്‌ സഞ്ചരിക്കുകയെങ്കിലും പകല്‍ സമയങ്ങളിലും ഇതിനെ കണ്ടെത്താവുന്നതാണ്‌. വലുപ്പമേറിയ പുളിമരങ്ങള്‍, അരയാല്‍ തുടങ്ങിയവയാണ്‌ ഇതിന്റെ പകല്‍ത്താവളങ്ങള്‍. എലി, ഓന്ത്‌, ഗൗളി തുടങ്ങിയവയാണ്‌ പഥ്യാഹാരം. എന്നാല്‍ ഞണ്ടും വണ്ടും പോലും ഇതിന്റെ ഭക്ഷണമായിത്തീരുക അപൂര്‍വമല്ല. വിഷമുള്ളോടുകൂടിയ ഒരു വലിയ തേളിനെ ഒരു കാലങ്കോഴിയുടെ വയറ്റില്‍നിന്ന്‌ കിട്ടിയതായി സുപ്രസിദ്ധ പക്ഷിനിരീക്ഷകനായ സലിം ആലി രേഖപ്പെടുത്തിയിട്ടുണ്ട്‌. കാലങ്കോഴി കൊന്നൊടുക്കുന്ന എലികള്‍ക്കു കണക്കില്ലാത്തതിനാല്‍ മനുഷ്യന്റെ മിത്രമായിവേണം ഇതിനെ കരുതുവാന്‍.

കാലങ്കോഴി വിവിധതരത്തിലുള്ള ശബ്‌ദങ്ങളുണ്ടാക്കാറുണ്ട്‌. പാതിരാവിന്റെ നിശ്ശബ്‌ദതയില്‍, "ചൂഹ്വാ-ാ-ാ-ാ-ാ' എന്നും "ഗുഗുഗൂഗു' എന്നും മറ്റും കേള്‍ക്കുന്ന ഭീതിദമായ കരച്ചിലുകള്‍ ഈ മൂങ്ങ പുറപ്പെടുവിക്കുന്നതാണ്‌. ഈ കരച്ചില്‍ സമീപത്തുള്ള ആരുടെയോ മരണത്തെ സൂചിപ്പിക്കുന്നു എന്നൊരു അന്ധവിശ്വാസം ഗ്രാമീണരുടെയിടയിലുണ്ട്‌. "കുത്തിച്ചുടു' എന്നാണ്‌ പക്ഷി പറയുന്നത്‌ എന്നു തോന്നും അതിന്റെ "ഗുഗുഗൂഗു'കരച്ചില്‍ കേട്ടാല്‍. "കുത്തിച്ചൂടാന്‍' എന്ന പേരിനു കാരണവും ഈ കരച്ചില്‍തന്നെ. ഭയങ്കരമായ ഈ ശബ്‌ദം പക്ഷിയുടെ ഇണചേരലുമായി ബന്ധപ്പെട്ടതാണെന്നാണ്‌ കരുതപ്പെടുന്നത്‌. കാരണം പക്ഷിയുടെ സന്താനോത്‌പാദനകാലം തുടങ്ങുന്നതോടെ മാത്രമേ ഈ പ്രത്യേകകരച്ചില്‍ കേള്‍ക്കാനാകുന്നുള്ളൂ. മാത്രവുമല്ല, രണ്ടുപക്ഷികള്‍ അടുത്തെത്തിച്ചേര്‍ന്നശേഷമാണ്‌ "കുത്തിച്ചുടു' എന്ന്‌ ഉച്ചരിച്ചു തുടങ്ങുന്നതും. നല്ല ഉച്ചത്തിലും ലയത്തിലും താളലയത്തോടെ "ഗൂബ്‌ഗൂബ്‌' എന്നു മൂളുന്നതും ഈ മൂങ്ങയുടെ പതിവാണ്‌. എന്നാല്‍ ഈ ശബ്‌ദം ഭയമോ അസുഖമോ തീരെ ഉളവാക്കാറില്ല. പ്രഭാതത്തിലും പ്രദോഷത്തിലുമാണ്‌ സാധാരണയായി ഈ ശബ്‌ദം കേള്‍ക്കുക.

കേരളത്തില്‍ സ്ഥിരമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്‌. വേമ്പനാട്ടുകായലിന്റെ തീരപ്രദേശങ്ങളായ അരൂക്കുറ്റി മുതല്‍ വൈക്കം വരെയും, പെരുമ്പളത്തും, തൃശൂര്‍ ജില്ല മുഴുവനും ഈ പക്ഷി സുലഭമാണ്‌. കായല്‍ത്തീരത്തുള്ള തെങ്ങിന്‍തോപ്പുകളും വീട്ടുവളപ്പുകളുമാണ്‌ കാലങ്കോഴിയുടെ പ്രധാന സങ്കേതങ്ങള്‍. കേരളത്തിനുപുറത്ത്‌, കന്യാകുമാരി മുതല്‍ ഹിമാലയം വരെയും, പടിഞ്ഞാറന്‍ പാകിസ്‌താന്റെ അതിര്‍ത്തി തുടങ്ങി കിഴക്കന്‍ ബംഗാള്‍ വരെയും ഇതിനെ കണ്ടെത്താം. ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന രണ്ട്‌ ഇനങ്ങളാണ്‌ സൗരാഷ്‌ട്രയിലെ ഗ്രാന്‍ഡിസും (grandis), ഉത്തര്‍പ്രദേശിലെ ഗ്രസെസന്‍സും.

കേരളത്തില്‍ കാലങ്കോഴി കൂടുണ്ടാക്കുന്ന സമയം ഏതാണെന്ന്‌ ഇതുവരെയും ആധികാരികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മറ്റിടങ്ങളില്‍ ഇത്‌ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്‌. നൈസര്‍ഗികമായി വൃക്ഷങ്ങളിലുണ്ടാകുന്ന പൊത്തുകള്‍ കൂടായി തെരഞ്ഞെടുക്കുകയാണ്‌ ഈ പക്ഷി സാധാരണ ചെയ്യുന്നത്‌. മങ്ങിയ വെള്ളനിറമുള്ള രണ്ടോ, അപൂര്‍വമായി മൂന്നോ മുട്ടകള്‍ ഒരു തവണ ഇത്‌ ഇടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍