This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റ്‌സ്‌, ബര്‍ണാഡ്‌ (1911 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറ്റ്‌സ്‌, ബര്‍ണാഡ്‌ (1911 - 2003)

Katz, Bernard

ബര്‍ണാഡ്‌ കാറ്റ്‌സ്‌

ജര്‍മന്‍ വംശജനായ ജൈവഭൗതികജ്ഞന്‍. ഉള്‍ഫ്‌ ഫൊന്‍ ഓയ്‌ലര്‍ (Ulf Von Euler), ജൂലിയസ്‌ ആക്‌സെല്‍റോഡ്‌ എന്നിവര്‍ക്കൊപ്പം 1970ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. നാഡീപ്രഷകങ്ങളെ (Neurotransmitter) സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണ്‌ ഇദ്ദേഹത്തിന്‌ പുരസ്‌കാരം ലഭിച്ചത്‌.

1911 മാ. 6ന്‌ ജര്‍മനിയിലെ ലിപ്‌സിഗിലാണ്‌ കാറ്റ്‌സ്‌ ജനിച്ചത്‌. ലിപ്‌സിഗിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം യൂണിവേഴ്‌സിറ്റി ഒഫ്‌ ലീപ്‌സിഗില്‍നിന്നും വൈദ്യശാസ്‌ത്രത്തില്‍ എം.ഡി. ബിരുദം കരസ്ഥമാക്കി. 1935ല്‍ ലണ്ടനിലെത്തിയ ബര്‍ണാഡ്‌ പ്രാഫസര്‍ എ.വി. ഹില്ലിന്റെ പരീക്ഷണശാലയില്‍ ഗവേഷണമാരംഭിച്ചു. 1938ല്‍ ഇദ്ദേഹത്തിന്‌ ഗവേഷണബിരുദം ലഭിച്ചു. തുടര്‍ന്ന്‌ ആസ്റ്റ്രലിയയിലെ സിഡ്‌നി ഹോസ്‌പിറ്റലില്‍ ജെ.സി. എക്‌ലെസ്‌, എസ്‌.ഡബ്‌ളിയു. കുഫ്‌ളര്‍ എന്നിവരുമായി സഹകരിച്ച്‌ നാഡീപേശീ സംബന്ധിയായ ഗവേഷണത്തിലേര്‍പ്പെട്ടു. 1942ല്‍ റോയല്‍ ആസ്റ്റ്രലിയന്‍ എയര്‍ഫോഴ്‌സില്‍ അംഗമായ ഇദ്ദേഹം റഡാര്‍ ഓഫീസറായി സേവനമനുഷ്‌ഠിച്ചു. 1946ല്‍ ആസ്റ്റ്രലിയയില്‍നിന്നും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ തിരിച്ചെത്തിയ കാറ്റ്‌സ്‌, എ.വി. ഹില്ലിന്റെ ഗവേഷണസംഘത്തില്‍ അസിസ്റ്റന്റ്‌ ഡയറക്‌ടറായി നിയമിതനായി. തുടര്‍ന്ന്‌ ശരീരക്രിയാവിജ്ഞാനീയത്തില്‍ റീഡറായും 1952ല്‍ ജൈവഭൗതികത്തില്‍ പ്രാഫസറായും സേവനമനുഷ്‌ഠിച്ചു.

നാഡീപേശീ പ്രഷണ(Neuromuscular transmission)ത്തിന്റെ ഭൗതികവും രാസികവുമായ ക്രിയാവിധികളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു കാറ്റ്‌സിന്റെ പ്രമുഖ ഗവേഷണമേഖല. നാഡീപ്രഷകങ്ങളുടെ ക്വാണ്ടം സ്വഭാവം കണ്ടെത്തിയതാണ്‌ കാറ്റ്‌സ്‌ ബര്‍ണാഡിനെ നോബല്‍ സമ്മാനത്തിനര്‍ഹനാക്കിയത്‌. നാഡീആവേഗങ്ങളുടെ സ്വാധീനത്താല്‍ നാഡീ അഗ്രങ്ങളില്‍ ഒരു നിശ്ചിത അളവ്‌ നാഡിപ്രഷക(അസറ്റെല്‍ കൊളിന്‍)മാണ്‌ സ്വതന്ത്രമാക്കപ്പെടുന്നതെന്ന്‌ കാറ്റ്‌സ്‌ കണ്ടെത്തി. ഈ അളവില്‍ കുറവുണ്ടാകുകയില്ലെങ്കിലും വര്‍ധനവുണ്ടാകാം. എല്ലായ്‌പ്പോഴും ഈ നിശ്ചിത അളവിന്റെ പൂര്‍ണസംഖ്യ ഗുണിതങ്ങളായി മാത്രമേ വര്‍ധനവുണ്ടാകുന്നുള്ളു എന്നും ഉള്ള കാറ്റ്‌സിന്റെ കണ്ടെത്തല്‍ നാഡീപ്രഷകങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനം സുഗമമാക്കുകയും സിനാപ്‌സുകളുടെ ശരീരക്രിയാ പഠനങ്ങള്‍ക്ക്‌ അടിത്തറപാകുകയും ചെയ്‌തു. ഒരേ വലുപ്പത്തിലുള്ള സിനാപ്‌റ്റിക്‌ സഞ്ചികളിലാണ്‌ ഈ നാഡീപ്രഷകങ്ങള്‍ സംഭരിച്ചിരിക്കുന്നത്‌ എന്നതാണ്‌ ഈ സ്രവങ്ങളുടെ ക്വാണ്ടം സ്വഭാവത്തിന്‌ കാരണമെന്ന്‌ പില്‌ക്കാല ഗവേഷണങ്ങളില്‍ നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

റോയല്‍ സൊസൈറ്റി, റോയല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സ്‌ എന്നിവിടങ്ങളില്‍ കാറ്റ്‌സ്‌ അംഗമായിരുന്നു. നോബല്‍ സമ്മാനത്തിനു പുറമേ, ഫെല്‍ഡ്‌ബെര്‍ഗ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌ (1965), റോയല്‍ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സിന്റെ ബാലി മെഡല്‍ (1967), റോയല്‍ സൊസൈറ്റിയുടെ കോപ്‌ലി മെഡല്‍ (1967) എന്നീ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 1969ല്‍ കാറ്റ്‌സ്‌ ബര്‍ണാഡിനെ പ്രഭു പദവി നല്‌കി ആദരിക്കുകയുണ്ടായി. 2003 ഏ. 23ന്‌ ലണ്ടനില്‍വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍