This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റുവീഴ്‌ച (വേരുചീയല്‍ രോഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറ്റുവീഴ്‌ച (വേരുചീയല്‍ രോഗം)

Root wilt disease

ഒരു തെങ്ങുരോഗം. ഒരു നൂറ്റാണ്ടിലധികമായി കണ്ടുവരുന്ന ഈ രോഗം ഇന്ത്യയില്‍ എപ്പോള്‍ എവിടെ ആരംഭിച്ചു എന്ന്‌ കൃത്യമായി പറയുക സാധ്യമല്ല; 1870കളില്‍ മീനച്ചില്‍ താലൂക്കിലുള്ള ഈരാറ്റുപേട്ട പരിസരങ്ങളിലാണ്‌ ഇത്‌ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്‌. ഈര്‍ക്കിലും ഓലമടലും ബലഹീനമായി ഓലകള്‍ ചുരുളുക, വലുപ്പവും എണ്ണവും കുറയുക, മഞ്ഞളിപ്പുണ്ടാകുക, മണ്ട ചെറുതാകുക, പൂക്കളും മച്ചിങ്ങകളും ക്രമാതീതമായി കൊഴിയുക, വേരുകള്‍ ക്ഷയിക്കുക തുടങ്ങിയവയാണ്‌ ഈ രോഗത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പ്രധാന ലക്ഷണങ്ങള്‍. ദീര്‍ഘനാളത്തെ ഗവേഷണങ്ങള്‍ക്കുശേഷം രോഗകാരണം ഫൈറ്റോപ്ലാസ്‌മയാണെന്ന്‌ തെളിഞ്ഞു.

ചരിത്രം. 1880ല്‍ ഈ രോഗം ഈരാറ്റുപേട്ട തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളിലും തീരപ്രദേശങ്ങളായ കൊല്ലം മുതല്‍ ചേര്‍ത്തല വരെയും വ്യാപിച്ചിരുന്നു. 1882ലെ അസാധാരണമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ ഈരാറ്റുപേട്ട, കവിയൂര്‍, കല്ലൂപ്പാറ എന്നീ സ്ഥലങ്ങളില്‍ "ഒരിനം വസന്ത' തെങ്ങുകള്‍ക്കു ബാധിച്ചിരിക്കുന്നതായി കര്‍ഷകര്‍ മനസ്സിലാക്കി. 1897 ഏപ്രിലില്‍ കവിയൂര്‍കല്ലൂപ്പാറ നിവാസികള്‍ ഒരു ഹര്‍ജി വഴി ഈ രോഗം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഫലമായി 1900ല്‍ കരമനയിലെ കാര്‍ഷിക ഫാം സൂപ്രണ്ടായിരുന്ന ബി.എസ്‌. നാരായണസ്വാമി അയ്യര്‍ ഈ രോഗത്തെപ്പറ്റി അന്വേഷിക്കാന്‍ നിയുക്തനായി. മണ്ണിന്റെ ഫലപുഷ്‌ടി കുറഞ്ഞുപോകുന്നതുകൊണ്ടോ, ഏതോ ഒരു കീടത്തിന്റെയോ കുമിളിന്റെയോ ബാധകൊണ്ടോ ആവാം ഈ രോഗം ഉണ്ടാകുന്നതെന്ന്‌ അദ്ദേഹം സംശയിച്ചു. തുടര്‍ന്ന്‌ 1906ല്‍ സംസ്ഥാന വനം കണ്‍സര്‍വേറ്റര്‍ ആയിരുന്ന റ്റി. എഫ്‌. ബോര്‍ഡിലര്‍ ഇതിനെക്കുറിച്ച്‌ പഠനം നടത്തി (1907) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ രോഗം അക്കാലത്തു സിലോണില്‍ തെങ്ങുകള്‍ക്കുണ്ടായിരുന്ന നാമ്പുചീയല്‍ (bud rot) പോലെയോ ഗോദാവരി ജില്ലയില്‍ വ്യാപിച്ചിരുന്ന പിത്തിയം ചീയല്‍ (pythium rot) പോലെയോ ഉള്ള ഒരു കുമിള്‍രോഗമാണെന്ന്‌ പരാമര്‍ശിച്ചിരുന്നു. മണ്ണിലെ നീര്‍വാര്‍ച്ചക്കുറവും ധാതുക്കളുടെ അഭാവവും രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂസായിലെ കുമിള്‍ശാസ്‌ത്രവിദഗ്‌ധനായിരുന്ന ഇ.ജെ. ബട്ട്‌ലറും രോഗബാധിത പ്രദേശങ്ങള്‍ സമഗ്രമായി സര്‍വേ ചെയ്‌ത്‌ 1908ല്‍ ഒരു റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ബട്ട്‌ലര്‍ തന്റെ റിപ്പോര്‍ട്ടില്‍ രോഗലക്ഷണങ്ങള്‍ കൃത്യമായി വിവരിക്കുകയും രോഗം നാമ്പുചീയലില്‍നിന്നു ഭിന്നമാണെന്നു സമര്‍ഥിക്കുകയും ചെയ്‌തിരുന്നു. രോഗം ബാധിച്ച തെങ്ങുകളില്‍ വേരുജീര്‍ണിക്കല്‍ ക്രമാതീതമായ തോതില്‍ ഉള്ളതായി മനസ്സിലാക്കിയ ബട്ട്‌ലര്‍ ജീര്‍ണിച്ച വേരുകളില്‍നിന്നും "ബോട്രിയോ ഡിപ്ലോഡിയാ' എന്ന കുമിളിനെ വേര്‍തിരിച്ചെടുത്തു. സംസ്ഥാന കൃഷിവകുപ്പില്‍ 1929ല്‍ ആരംഭിക്കപ്പെട്ട കുമിള്‍ശാസ്‌ത്രവിഭാഗത്തിലെ മൈക്കോളജിസ്റ്റായിരുന്ന എം.കെ. വറുഗീസ്‌ കായംകുളം പ്രദേശത്തുള്ള 60,545 തെങ്ങുകള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. അവയില്‍ 59.4 ശതമാനത്തിന്‌ കാറ്റുവീഴ്‌ച ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ രോഗകാരണങ്ങള്‍ കൃത്യമായി സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ രോഗനിയന്ത്രണത്തിനായി ശാസ്‌ത്രീയമായ കൃഷിരീതികള്‍ സ്വീകരിക്കുക, മണ്ണില്‍ ആവശ്യമുള്ള വളപ്രയോഗവും നീര്‍വാര്‍ച്ചയും ഉറപ്പുവരുത്തുക എന്നീ നടപടികള്‍ നിര്‍ദേശിച്ചിരുന്നു. രൂക്ഷമായ രോഗബാധയെത്തുടര്‍ന്ന്‌ ഉത്‌പാദനക്ഷമമല്ലാതായ തെങ്ങുകള്‍ വെട്ടിമാറ്റുന്നത്‌ രോഗനിയന്ത്രണോപാധിയായി ഇദ്ദേഹം ശുപാര്‍ശ ചെയ്‌തിരുന്നു.

കാറ്റുവീഴ്‌ച ബാധിച്ച തെങ്ങ്‌

മദ്രാസ്‌ സംസ്ഥാനത്തെ എണ്ണക്കുരുവിദഗ്‌ധനായിരുന്ന ഡോ. ജെ.എസ്‌. പട്ടേല്‍ തെക്കേ ഇന്ത്യയിലെ തെങ്ങുകളെപ്പറ്റി നടത്തിയ പഠനത്തിലും (1934) മുറപ്രകാരമുള്ള കൃഷിരീതികളും വളപ്രയോഗവുംമൂലം രോഗം നിയന്ത്രിക്കാമെന്നു കണ്ടെത്തി. 1944ലെ തിരുവിതാംകൂര്‍ കോക്കനട്ട്‌ കമ്മിറ്റി ആക്‌റ്റ്‌ പാസ്സായതിനെത്തുടര്‍ന്ന്‌ 1949ല്‍ കായംകുളത്ത്‌ കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം (ഇപ്പോള്‍ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപന മേഖലാകേന്ദ്രം) സ്ഥാപിതമായി. ഈ കേന്ദ്രത്തില്‍ നാളികേരരോഗകീടഗവേഷണത്തിനു പൊതുവെയും കാറ്റുവീഴ്‌ചാപഠനത്തിനു പ്രത്യേകമായും പ്രധാന്യം നല്‌കിയിരിക്കുന്നു. ഇന്ത്യന്‍ കേന്ദ്ര നാളികേര കമ്മിറ്റി 1945ല്‍ ഈ രോഗത്തെപ്പറ്റി ഗവേഷണപഠനങ്ങള്‍ ആരംഭിച്ചു. 1966ല്‍ ഉത്‌പന്നക്കമ്മിറ്റികള്‍ നിര്‍ത്തലാക്കിയെങ്കിലും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ചുമതലയില്‍ ഈ രോഗം സംബന്ധിച്ച പഠനങ്ങള്‍ തുടര്‍ന്നുവന്നു. കാസര്‍ക്കോട്ടും കായംകുളത്തും പ്രവര്‍ത്തിച്ചുവന്ന കേന്ദ്രഗവേഷണശാലകളും വിറ്റലിലെ (കര്‍ണാടക) കേന്ദ്ര അടയ്‌ക്കാ ഗവേഷണശാലയും സംയോജിപ്പിച്ചുകൊണ്ട്‌ 1970ല്‍ കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം (Central Plantation Crops Research Institute - C.P.C.R.I) രൂപവത്‌കരിച്ചതോടെ നാളികേരരോഗകീട ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ രൂപവും വ്യാപ്‌തിയും ലഭിച്ചു. രോഗനിയന്ത്രണപ്രതിരോധ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതിനുപുറമേ രോഗം ബാധിച്ച തെങ്ങിന്‍തോട്ടങ്ങള്‍ ആദായകരമായി സംരക്ഷിക്കുന്നതിനുള്ള ഒരു പാക്കേജ്‌ പദ്ധതിയും നിര്‍ദേശിക്കാന്‍ പ്രസ്‌തുത ഗവേഷണസ്ഥാപനത്തിനു കഴിഞ്ഞു. "കാറ്റുവീഴ്‌ച' തെങ്ങിനെ ക്ഷീണിപ്പിക്കുമെന്നല്ലാതെ ഉടനെ നശിപ്പിക്കുകയില്ല എന്ന വസ്‌തുതയാണ്‌ പില്‌ക്കാലത്ത്‌ ഫലപ്രദമെന്ന്‌ കണ്ട പാക്കേജ്‌ പദ്ധതിക്കു വഴിതെളിച്ചത്‌. മിശ്ര കൃഷിസമ്പ്രദായത്തിലൂടെ കാറ്റുവീഴ്‌ചമൂലമുള്ള നഷ്‌ടം ഒരു പരിധിവരെ ഒഴിവാക്കാമെന്നു കണ്ടു; ഉത്‌പാദനത്തില്‍ 25 ശതമാനം വര്‍ധനവുണ്ടാക്കുന്നതിനും രോഗലക്ഷണങ്ങളിലൊന്നായ ഓല മഞ്ഞളിപ്പ്‌ കുറയ്‌ക്കുന്നതിനും പാക്കേജ്‌ പദ്ധതി സഹായകമായി. തെങ്ങൊന്നിന്‌ പ്രതിവര്‍ഷഉത്‌പാദനം 31 തേങ്ങ എന്നത്‌ അഞ്ചുവര്‍ഷത്തിനുശേഷം 41 ആയി വര്‍ധിച്ചു. രോഗം ബാധിച്ച തോട്ടങ്ങളില്‍ വിളസംരക്ഷണം ഏര്‍പ്പെടുത്താനും ഹ്രസ്വകാല വിളകളും ദീര്‍ഘകാല വിളകളും ഉള്‍പ്പെടെ മിശ്രകൃഷി ഊര്‍ജിതപ്പെടുത്താനും ഇതുസഹായകമായി. കാറ്റുവീഴ്‌ചയുടെ നാശനഷ്‌ടങ്ങള്‍ കുറയ്‌ക്കുവാന്‍ ചില വിളകളെങ്കിലും സഹായകരമായിത്തീര്‍ന്നിട്ടുണ്ടെന്ന്‌ നാളിതുവരെയുള്ള പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. 1978നുശേഷം "കാറ്റുവീഴ്‌ചയുമായി പൊരുത്തപ്പെടുക' എന്ന ആശയംതന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്‌. കായംകുളം തോട്ടവിള ഗവേഷണസ്ഥാപനത്തിലെ 50 ശാസ്‌ത്രജ്ഞന്മാരില്‍ 35 പേരും നിലവിലുള്ള 29 പ്രാജക്‌റ്റുകളിലായി കാറ്റുവീഴ്‌ച സംബന്ധിച്ച ഗവേഷണങ്ങളില്‍ വ്യാപൃതരാണ്‌. നാലു തലങ്ങളിലാണ്‌ രോഗനിയന്ത്രണം സംവിധാനം ചെയ്‌തിട്ടുള്ളത്‌.

(i) കാറ്റുവീഴ്‌ച നിയന്ത്രണവിധേയമാക്കി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കാതെ നോക്കുക.

(ii) രോഗബാധിതത്തോട്ടങ്ങളിലെ ഉത്‌പാദനക്ഷമത ഉയര്‍ത്താന്‍ പര്യാപ്‌തമായ കൃഷിരീതികള്‍ നടപ്പിലാക്കുക.

(iii) കാറ്റുവീഴ്‌ചമൂലം ഉത്‌പാദനശേഷി പൂര്‍ണമായി നഷ്‌ടപ്പെട്ട തെങ്ങുകള്‍ വെട്ടിമാറ്റിയും രോഗപ്രതിരോധ ശക്തിയും ഉത്‌പാദനശേഷിയും കൂടിയ പുതിയ ഇനം തെങ്ങിന്‍തൈകള്‍ നട്ടും രോഗസാന്ദ്രത കുറയ്‌ക്കുക.

(iv) രോഗകാരണങ്ങള്‍, നിവാരണമാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച പഠനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക.

രോഗലക്ഷണങ്ങള്‍. ഈര്‍ക്കിലുകളുടെ ബലം കുറഞ്ഞ്‌ ഓലക്കുടകള്‍ ഉള്ളിലേക്കു വളയുകയോ തളര്‍ന്നുകിടക്കുകയോ ആണ്‌ പ്രകടമായ പ്രാരംഭലക്ഷണം. ഇളംഓലയുടെ മധ്യഭാഗത്തുള്ള ഓലക്കാലുകളിലാണ്‌ ഈ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്‌. കാലക്രമേണ ഓലകളുടെ എണ്ണവും വലുപ്പവും കുറയുക, ഓലകള്‍ മഞ്ഞളിക്കുക,ഓലക്കാലുകളുടെ അരികുകള്‍ കരിയുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗം വര്‍ധിക്കുന്നതോടെ മണ്ട ശോഷിക്കുകയും വളര്‍ച്ച മുരടിക്കുകയും മച്ചിങ്ങയും മൂപ്പെത്താത്ത തേങ്ങകളും ക്രമാതീതമായി കൊഴിഞ്ഞുപോകുകയും ചെയ്യും. രോഗം മൂര്‍ച്ഛിക്കുന്നതോടെ കൂമ്പിന്റെയും പൂങ്കുലയുടെയും അഗ്രഭാഗം കരിഞ്ഞമാതിരി കാണപ്പെടുകയും ഉത്‌പാദനശേഷി സാരമായി കുറയുകയും ചെയ്യുന്നു; തത്‌ഫലമായി നാളികേരത്തിന്റെ എണ്ണവും ഗുണവും കുറഞ്ഞുപോകുകയും ഉള്‍ക്കാമ്പിനു കട്ടിയും കടുപ്പവും കുറഞ്ഞ്‌ കൊപ്ര വഴുവഴുപ്പുള്ളതായിത്തീരുകയും ചെയ്യുന്നു; എണ്ണയുടെ അളവിലും ഗുണത്തിലും കുറവുവരുന്നു. ഇതോടൊപ്പം വേരുകളും ക്രമാതീതമായി ജീര്‍ണിച്ചു നശിക്കുന്നു. പുതിയ വേരുകള്‍ ഉത്‌പാദിപ്പിക്കാന്‍ കെല്‌പില്ലാതാകുന്നതോടെ തെങ്ങു ക്ഷയിച്ചുതുടങ്ങുന്നു. കാറ്റുവീഴ്‌ച ബാധിച്ച തെങ്ങുകളില്‍ 20 ശതമാനത്തിന്‌ "ഓലചീയല്‍' എന്ന കുമിള്‍രോഗം കൂടി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്‌. കാറ്റുവീഴ്‌ചകൊണ്ടുമാത്രം തെങ്ങ്‌ വേഗം നശിക്കാറില്ല. കാറ്റുവീഴ്‌ച ബാധിച്ചാലും തെങ്ങ്‌ സാധാരണയായി 1015 വര്‍ഷത്തോളം നിലനില്‌ക്കും. എന്നാല്‍ ഓലചീയല്‍കൂടി ബാധിക്കുമ്പോള്‍ തെങ്ങിന്റെ നാശം വേഗത്തിലാകുന്നു. തെങ്ങ്‌ കായ്‌ക്കാറാകുമ്പോഴും കായ്‌ഫലം തരുന്ന ഉടനെയും ആണ്‌ സാധാരണയായി കാറ്റുവീഴ്‌ച കൂടുതലായി ബാധിക്കുന്നത്‌. അപൂര്‍വമായി തൈകള്‍ നട്ടുരണ്ടുവര്‍ഷം ആകുമ്പോള്‍തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌; പ്രായമായ തെങ്ങുകളെയും കുറഞ്ഞതോതില്‍ ഈ രോഗം ബാധിക്കാറുണ്ട്‌. ചെറുപ്രായത്തില്‍ കാറ്റുവീഴ്‌ചയുടെ ആക്രമണത്തിനു വിധേയമാകുന്ന തെങ്ങുകളില്‍ രോഗം വളരെവേഗം രൂക്ഷമാകുകയും കായ്‌ക്കുന്നതിനു വളരെ താമസം നേരിടുകയും ചെയ്യുന്നു. ചിലപ്പോള്‍ കായ്‌ക്കാതെതന്നെ നശിക്കുന്നതിനും ഇടയാകാറുണ്ട്‌. രോഗം മൂര്‍ഛിക്കുന്നതോടുകൂടി കായ്‌ഫലം 10 മുതല്‍ 80 ശതമാനം വരെ കുറയുന്നു. കേരളത്തില്‍ കാറ്റുവീഴ്‌ച വ്യാപിച്ചതായി റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ള എട്ടുജില്ലകളില്‍ 30 മുതല്‍ 55 ശതമാനം വരെ തെങ്ങുകള്‍ക്കു രോഗംബാധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

രോഗത്തിന്റെ വ്യാപ്‌തിയും കാഠിന്യവും

ഈ രോഗം ആദ്യമായി കണ്ടുപിടിച്ചത്‌ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട, തിരുവല്ല താലൂക്കുകളിലെ കവിയൂരും കല്ലൂപ്പാറയിലും കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം എന്നീ സ്ഥലങ്ങളിലുമാണ്‌. 1972ല്‍ പൂര്‍ത്തിയാക്കിയ സര്‍വേപ്രകാരം കേരളത്തിലാകെയുള്ള 7.7 ലക്ഷം ഹെക്‌ടര്‍ തെങ്ങിന്‍തോട്ടങ്ങളില്‍ 2.5 ലക്ഷം ഹെക്‌ടറിലും ഈ രോഗം വ്യാപിച്ചിട്ടുണ്ട്‌. അതായത്‌ ഈ പ്രദേശങ്ങളിലെ 713 ദശലക്ഷം തെങ്ങുകളില്‍ 193 ദശലക്ഷം തെങ്ങുകള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്‌. രോഗത്തിന്റെ വ്യാപ്‌തിയിലും കാഠിന്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിക്കൊണ്ടിരുന്നു. രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും പ്രതിവര്‍ഷം 1 മുതല്‍ 4 കി.മീ. ദൂരംവരെ രോഗവ്യാപനം നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. രോഗബാധമൂലം 34 കോടി തേങ്ങ വര്‍ഷന്തോറും നഷ്‌ടപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. സാധനവിലയും മറ്റു കൂലിച്ചെലവുകളും കണക്കിലെടുത്താല്‍ കാറ്റുവീഴ്‌ചമൂലം 76.5 കോടി രൂപയുടെ വാര്‍ഷികനഷ്‌ടം ഉണ്ടാകുന്നുണ്ട്‌. 198485 ലെ സര്‍വേ പ്രകാരം കേരളത്തില്‍ ആകെയുള്ള 14 ജില്ലകളില്‍ 8 ജില്ലകളില്‍ 41000 ഹെക്‌ടര്‍ സ്ഥലങ്ങളിലെ തെങ്ങുകളില്‍ ഈ രോഗം കണ്ടുവരുന്നു. കൂടാതെ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും തമിഴ്‌നാടിനോടു ചേര്‍ന്നുകിടക്കുന്ന ജില്ലകളിലും അവിടവിടെയായി ഈ രോഗം കണ്ടുവരുന്നു. രോഗതീവ്രത 1.5 ശതമാനം മുതല്‍ 75 ശതമാനം വരെ രേഖപ്പെടുത്തിയിരുന്നു. ഈ കണക്കനുസരിച്ച്‌ 968 മില്യണ്‍ തേങ്ങയും കൂടാതെ മറ്റ്‌ അസംസ്‌കൃതവസ്‌തുക്കളായ തൊണ്ട്‌ തേങ്ങ ഒന്നിന്‌ 25.8 ശതമാനവും കൊപ്രയ്‌ക്കും എണ്ണയ്‌ക്കും 9 ശതമാനവും അതില്‍ എണ്ണമാത്രം 11.3 ശതമാനവും നഷ്‌ടം കണക്കാക്കുന്നു. ആരോഗ്യമുള്ള തെങ്ങിനെ അപേക്ഷിച്ച്‌ രോഗം വന്ന തെങ്ങിന്റെ ഓലയ്‌ക്കും തേങ്ങയ്‌ക്കും 60 ശതമാനം കുറവ്‌ കണക്കാക്കപ്പെടുന്നു. എന്നാല്‍ 1997ലെ സര്‍വേപ്രകാരം രോഗത്തിന്റെ കാഠിന്യവും വ്യാപ്‌തിയും 24.05 ശതമാനം കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രത്യേകിച്ചും ആലപ്പുഴ, കോട്ടയം ജില്ലകളില്‍. ശരിയായ ശാസ്‌ത്രീയ കൃഷിരീതി അനുവര്‍ത്തിച്ചതുകൊണ്ടാകാം ഇത്‌. എന്നാല്‍ തൃശൂര്‍ ജില്ലയില്‍ രോഗം മറ്റ്‌ സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നതായി കാണപ്പെടുന്നു.

ഏതുപ്രായത്തിലുള്ള തെങ്ങുകള്‍ക്കും കാറ്റുവീഴ്‌ച പിടിപെടാമെങ്കിലും 5 മുതല്‍ 10 വരെ വര്‍ഷം പ്രായമുള്ള തെങ്ങുകള്‍ക്കാണ്‌ രോഗം കൂടുതലായി പിടിപെടുന്നത്‌. അതായത്‌ തെങ്ങ്‌ കായ്‌ക്കുന്നതിനുമുന്‍പും കായ്‌ഫലമായ ഉടനെയും കൂടുതല്‍ രോഗബാധയുണ്ടാകുന്നു. തെങ്ങിന്‍ തൈകള്‍ നട്ട്‌ 23 മാസത്തിനുശേഷം തന്നെ രോഗബാധയുണ്ടായിട്ടുള്ളതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന ഭൂമിയിലുള്ള തെങ്ങുകളെക്കാള്‍ താഴ്‌ന്നതും ജലനിര്‍ഗമനം കുറഞ്ഞതും ജലസാമീപ്യം ഉള്ളതുമായ തെങ്ങുകളെയാണ്‌ ഈ രോഗം കൂടുതലായി ബാധിച്ചുകാണുന്നത്‌. ചെങ്കല്‍ പ്രദേശത്തുള്ളതിനെക്കാള്‍ നികത്തിയെടുത്ത ചെളി പ്രദേശങ്ങളിലും അലൂവിയല്‍ മണ്ണിലും അതു കഴിഞ്ഞാല്‍ തീരദേശ ചൊരിമണല്‍ പ്രദേശങ്ങളിലും രോഗസാന്ദ്രത കൂടുതലായി കാണുന്നു. രോഗഹേതുവും മണ്ണിലുള്ള മുഖ്യസൂക്ഷ്‌മമൂലകങ്ങളുമായി ബന്ധമുള്ളതായി കണ്ടിട്ടില്ല.

രോഗകാരണം. 1934 മുതല്‍ കാറ്റുവീഴ്‌ച സംബന്ധിച്ച ഗവേഷണപഠനങ്ങള്‍ നടത്തപ്പെടുന്നുണ്ടെങ്കിലും രോഗകാരണങ്ങള്‍ ഇതുവരെയും സംശയാതീതമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മണ്ണ്‌, തെങ്ങിന്റെ നീര്‌, ഉരസല്‍, പ്രാണികള്‍ എന്നിവ മുഖേന പകരാവുന്ന ഒരുതരം വൈറസ്‌ ആയിരിക്കാം കാറ്റുവീഴ്‌ചയുടെ കാരണം എന്ന നിഗമനത്തിലാണ്‌ ഗവേഷണഫലങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്‌. രോഗവുമായി ബന്ധപ്പെട്ട ഒട്ടേറെ കുമിളുകളെയും സൂക്ഷ്‌മാണുക്കളെയും തിരിച്ചറിയാനും ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. റൈസക്‌ട്രാണിയ സൊളാനി, റൈസക്‌ട്രാണിയ ബറ്റാറ്റിക്കോലാ, ബോട്രിയാ ഡിപ്ലോഡിയോതിയോബ്രാമെ തുടങ്ങിയ കുമിളുകള്‍ക്കും സൂസോമൊണാസ്‌, എന്ററോബാക്‌ടര്‍ ഇലേക്കേ മുതലായ ബാക്‌റ്റീരിയകള്‍ക്കും വേരുജീര്‍ണിക്കലിനെ സഹായിക്കാനും ത്വരിതപ്പെടുത്താനും കഴിവുണ്ടെന്നും "റഡോഫോളസ്‌ സിമിലിസ്‌', സിഫിനിമ, ലോഞ്ചിഡോറസ്‌ എന്നീ നിമാവിരകള്‍ക്ക്‌ വേരുകളില്‍ മുറിവുണ്ടാക്കുന്നതിനുള്ള പ്രത്യേക കഴിവുണ്ടെന്നും കണ്ടുപിടിക്കപ്പെട്ടു.

റ്റുബാക്കോ മൊസെക്ക്‌ വൈറസിനെ രോഗം വന്ന തെങ്ങുകളുടെ ഓലകളില്‍നിന്ന്‌ വേര്‍തിരിച്ചെടുത്തെങ്കിലും ഇതാണ്‌ യഥാര്‍ഥ രോഗകാരിയെന്ന്‌ തെളിയിക്കാന്‍ സാധിച്ചില്ല. രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനുവേണ്ടി പല തുടര്‍ഗവേഷണങ്ങളും നടത്തുകയുണ്ടായി. രോഗമുള്ള തെങ്ങുകളുടെ ഓലകളില്‍ കോശവിഘടനപഠനം നടത്തിയപ്പോള്‍ അവയില്‍ പലതരം ഘടനാവ്യത്യാസവും നിറവ്യത്യാസവും ഉള്ളതായി കാണപ്പെട്ടു. ഇതിനുള്ളില്‍ ഉള്ള ഏതോ ഒരു സൂക്ഷ്‌മാണുവിന്റെ പ്രവര്‍ത്തനഫലമായാണ്‌ ഈ വ്യത്യാസമെന്ന്‌ സൂചന ലഭിച്ചു.

ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിന്റെ സഹായത്തോടെ നടത്തിയ പഠനങ്ങളില്‍ രോഗം വന്ന തെങ്ങുകളുടെ തളിരോലകളിലും കൂമ്പ്‌, ക്ലാഞ്ഞില്‍, വേരിന്റെ അഗ്രഭാഗങ്ങളിലുള്ള സൈലം,ഫ്‌ളോയം കോശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു സൂക്ഷ്‌മാണുവിന്റെ സാന്നിധ്യം ഉള്ളതായി തെളിഞ്ഞു.

ഓലചീയല്‍ രോഗം ബാധിച്ച തെങ്ങ്‌

തുടര്‍പഠനത്തില്‍ ഈ സൂക്ഷ്‌മാണുക്കള്‍ ഫ്‌ളോയം കോശങ്ങളിലും സീവ്‌ വാഹിനികളിലും മാത്രമാണ്‌ കാണുന്നതെന്ന്‌ തെളിഞ്ഞു. ഇവ സ്ഥിരമായ ആകൃതി ഇല്ലാത്തവയാണ്‌. ഇവ ദീര്‍ഘവൃത്താകൃതി, വൃത്താകൃതി, മുത്തുമാലപോലെ, നാരുപോലെ എന്നിങ്ങനെ രൂപമാറ്റമുണ്ടാകുന്നവയും ചുറ്റിനും സുതാര്യമായ ആവരണത്തോടുകൂടിയതും ഘടനയില്‍ വലുപ്പമുള്ളതുമായ സൂക്ഷ്‌മാണുവാണെന്ന്‌ തെളിഞ്ഞു.

ഈ സൂക്ഷ്‌മാണുവിനെ ആരോഗ്യമുള്ള തെങ്ങുകളിലേക്ക്‌ രോഗസംക്രമണത്തിനായി പല പഠനവും നടത്തി. പ്രാറ്റിസ്റ്റ മോയിസ്റ്റ എന്ന ചാഴിക്കും സ്റ്റഫാനിറ്റിസ്‌ സ്റ്റിഫിക്കസ്‌ എന്ന റേന്തപ്രാണിക്കും രോഗം പരത്താനുള്ള കഴിവുണ്ടെന്ന്‌ തെളിഞ്ഞു. ട്രാന്‍സ്‌മിഷന്‍ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിയും കീമോതെറാപ്പിയുംവഴി ഈ സൂക്ഷ്‌മാണുതന്നെയാണ്‌ രോഗകാരിയെന്ന നിഗമനത്തിലെത്തി.

രോഗമുള്ള ഭാഗങ്ങളുടെ ഫ്‌ളോയം കലകളിലും സൈലം കലകളിലും ഡെയിന്‍ സ്റ്റെയിന്‍ അല്ലെങ്കില്‍ ഡി.എ.പി.എ. (4,6, ഡൈ അമിനോ 2 ഫിനോള്‍ ഇന്‍ഡോള്‍ ആസിഡ്‌/ഹീസ്റ്റ്‌ 33258) ഉപയോഗിച്ച്‌ ഫ്‌ളൂറസെന്റ്‌ മൈക്രാസ്‌കോപ്പിയുടെ സഹായത്തോടെ നോക്കിയപ്പോള്‍ സീവ്‌ നാളങ്ങളില്‍ ഈ രോഗാണുക്കള്‍ നീലനിറത്തില്‍ കാണപ്പെട്ടു. ഇത്‌ മൈക്കോപ്ലാസ്‌മയാണെന്ന സംശയത്തിനിടയാക്കി.

ഫിലിഫോമിസ്‌ എന്ന പരാദസസ്യംവഴി രോഗകാരിയെ തെങ്ങില്‍നിന്നും കതാറാന്തിസ്‌ റോസിയസ്‌ എന്ന ചെടിയില്‍ കടത്തിവിട്ടപ്പോള്‍ ചെടിയില്‍ ഇത്‌ കൊച്ചിലരോഗം ഉണ്ടാക്കി. ഇത്‌ മൈക്കോപ്ലാസ്‌മപോലുള്ള സൂക്ഷ്‌മാണു ആണെന്ന്‌ ആവര്‍ത്തിച്ചുതെളിയിച്ചു.

ചെടികളില്‍ രോഗം ഉണ്ടാക്കുന്ന മൈക്കോപ്ലാസ്‌മയെ ഫൈറ്റോപ്ലാസ്‌മയെന്നു പറയുന്നു. ചാഴിയുടെയും റേന്തപ്രാണിയുടെയും ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്നും ഫൈറ്റോപ്ലാസ്‌മയെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. ഇത്‌ ഫൈറ്റോപ്ലാസ്‌മയുടെ സാന്നിധ്യം കൂടുതല്‍ തെളിയിച്ചു.

കൂടാതെ ടെട്രാസൈക്ലിന്‍ ഇനത്തില്‍പ്പെട്ട ഓക്‌സി ടെട്രാസൈക്ലിന്‍ ഹൈഡ്രാക്ലോറൈഡ്‌ എന്ന പ്രതിജൈവവസ്‌തു രോഗമുള്ളപ്പോള്‍ തെങ്ങില്‍ കുത്തിവച്ചപ്പോള്‍ താത്‌കാലികമായി രോഗലക്ഷണങ്ങള്‍ കുറഞ്ഞുകണ്ടു. ഈ കാരണങ്ങള്‍ എല്ലാം കൊണ്ട്‌ വേരുചീയലിന്റെ രോഗകാരി ഫൈറ്റോപ്ലാസ്‌മയാണെന്ന്‌ അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു.

രോഗനിയന്ത്രണം. ഫൈറ്റോപ്ലാസ്‌മ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ഒരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ നന്നായി പരിപാലിച്ചാല്‍ ഈ രോഗം ബാധിച്ച തെങ്ങുകളില്‍ നിന്നും ഏറെ നാള്‍ മെച്ചപ്പെട്ട വിളവ്‌ ലഭിക്കും. വേരുചീയല്‍ ബാധ സംശയിക്കുന്ന തെങ്ങുകളില്‍ വളപ്രയോഗം, സസ്യസംരക്ഷണം, മറ്റ്‌ പരിപാലനമുറകള്‍ എന്നിവ യഥാക്രമം അനുവര്‍ത്തിക്കേണ്ടത്‌ ആവശ്യമാണ്‌.

രോഗനിയന്ത്രണത്തിന്‌ ശിപാര്‍ശ ചെയ്‌തിട്ടുള്ള പരിപാലന മുറകള്‍ താഴെക്കൊടുക്കുന്നു.

1. വര്‍ഷത്തില്‍ 10 തേങ്ങയില്‍കുറവ്‌ ഉത്‌പാദനമുള്ളതും സാരമായ രോഗബാധയുള്ളതുമായ തെങ്ങുകളും രോഗബാധിതമായ തൈത്തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം ചന്ദ്രസങ്കരപോലെ രോഗപ്രതിരോധശേഷിയും അത്യുത്‌പാദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം.

2. ശരാശരി പരിപാലനത്തില്‍ തെങ്ങൊന്നിന്‌ ഒരു വര്‍ഷം 0.34 കിലോഗ്രാം നൈട്രജനും 0.17 കിലോഗ്രാം ഭാവഹവും 0.68 കിലോഗ്രാം പൊട്ടാഷും (യൂറിയ, റോക്ക്‌ ഫോസ്‌ഫേറ്റ്‌, മ്യൂറിയേറ്റ്‌ ഒഫ്‌ പൊട്ടാഷ്‌ എന്നിവയുടെ രൂപത്തില്‍) നല്‍കണം. നല്ലപരിപാലനമുള്ള തെങ്ങുകള്‍ക്ക്‌ ഇവ യഥാക്രമം 0.5, 0.32, 1.2 കിലോഗ്രാം വീതം നല്‍കേണ്ടതാണ്‌. ഓണാട്ടുകരയിലെ മണല്‍മണ്ണില്‍ തെങ്ങൊന്നിന്‌ ഒരു വര്‍ഷം 500 ഗ്രാം മഗ്നീഷ്യം (ങഴീ) നല്‍കണം. മറ്റു പ്രദേശങ്ങളില്‍ 100 ഗ്രാം മഗ്നീഷ്യം മതിയാകും. ഏറ്റവും ചിലവ്‌ കുറവ്‌, മാഗ്നസൈറ്റ്‌ ഉപയോഗിക്കുമ്പോഴാണ്‌. എന്നാല്‍ ഇത്‌ അമ്ലത്വം കൂടുതല്‍ ഉള്ള മണ്ണില്‍ മാത്രമേ ഉപയോഗിക്കാവൂ.

3. മേല്‌പറഞ്ഞ രാസവളങ്ങള്‍ക്ക്‌ പുറമേ 50 കിലോഗ്രാം കാലിവളമോ പച്ചിലവളമോ ഓരോ വര്‍ഷവും തെങ്ങിന്‌ ആവശ്യമാണ്‌. കൂടാതെ ഒരു കിലോഗ്രാം കുമ്മായവും ചേര്‍ക്കണം.

4. തെങ്ങിന്‍തടത്തില്‍ 5 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌ മൂന്നുപ്രാവശ്യമായി നല്‍കുക.

5. മഴയെ ആശ്രയിച്ച്‌ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ രാസവളത്തിന്റെ മൂന്നിലൊരു ഭാഗം കാലവര്‍ഷത്തോടെയും രണ്ടില്‍ മൂന്നുഭാഗം തുലാവര്‍ഷത്തിനുമുന്‍പും ചേര്‍ക്കണം. ജലസേചിത കൃഷിയില്‍ മൂന്നു തുല്യഗഡുക്കളായി (ഏപ്രില്‍മേയ്‌, ആഗസ്റ്റ്‌സെപ്‌തംബര്‍, ഡിസംബ-ര്‍ജനുവരി) വളം നല്‍കണം.

6. തെങ്ങിന്റെ ചുവട്ടില്‍ നിന്ന്‌ 2 മീ. വ്യാസാര്‍ധത്തിലും 10 സെ.മീ. ആഴത്തിലും തടമെടുത്തുവേണം വളം ചേര്‍ക്കാന്‍.

7. പച്ചിലവളച്ചെടികളായ ചണമ്പ്‌, ഡെയിഞ്ച, മാമ്പയര്‍, നിലപ്പയര്‍ എന്നിവ തെങ്ങിന്റെ തടത്തില്‍ വളര്‍ത്തി, പൂക്കുന്നതോടെ തടത്തില്‍ ഉഴുതുചേര്‍ക്കുന്നത്‌ കാറ്റുവീഴ്‌ചയുടെ തീവ്രത കുറയ്‌ക്കുന്നതിനും വിളവ്‌ കൂട്ടുന്നതിനും ഉപകരിക്കും. മണല്‍പ്രദേശങ്ങളില്‍ മാമ്പയറും എക്കല്‍മണ്ണില്‍ ഡെയിഞ്ചയും നന്നായി വളരും.

8. ഇടവിളയായി മരച്ചീനി, ചേന, ചേമ്പ്‌, കൈതച്ചക്ക മുതലായവ നടുക.

9. ബണ്ടുകളില്‍ കൃഷിചെയ്യുമ്പോള്‍ വേനല്‍ക്കാലത്ത്‌ കനാലിലെ മണ്ണ്‌ മാറ്റുകയും ബണ്ടുകള്‍ ശക്തിപ്പെടുത്തുകയും വേണം.

10. നീര്‍വാര്‍ച്ച ഇല്ലാത്ത സ്ഥലങ്ങളില്‍ അതിന്‌ സൗകര്യം നല്‍കണം.

11. വേനല്‍ക്കാലത്ത്‌ കൃത്യമായ ജലസേചനം നടത്തുക, 600900 ലിറ്റര്‍ വെള്ളം തെങ്ങൊന്നിന്‌ 46 ദിവസം ഇടവിട്ട്‌ കൊടുക്കണം.

12. ഓലചീയല്‍ രോഗം, കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിവയ്‌ക്ക്‌ എതിരെ മുന്‍കരുതല്‍ എടുക്കണം.

13. ഓലചീയല്‍ കാണുന്ന തെങ്ങുകളില്‍ ബോഡോമിശ്രിതം 1 ശതമാനം/ഇന്‍ഡോഫിന്‍ ങ 45 0.3 ശതമാനം/കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ 0.3 ശതമാനം/ജനുവരി, ഏപ്രില്‍, മേയ്‌, സെപ്‌തംബര്‍ മാസങ്ങളില്‍ തെങ്ങോലകളില്‍ തളിച്ചുകൊടുക്കുക. മരുന്ന്‌ കൂമ്പോലകളില്‍ വീഴാന്‍ പ്രത്യേകിച്ച്‌ ശ്രദ്ധിക്കണം.

14. ഹെക്‌സോകൊണോസോള്‍ (കോണ്‍ഡാഫ്‌ 5 ഇ.സി.) 2 മില്ലി അല്ലെങ്കില്‍ ഇന്‍ഡോഫിന്‍ ങ 45 3 ഗ്രാം, 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി നാമ്പോലയ്‌ക്കുചുറ്റും ഒഴിച്ചുകൊടുക്കുക.

15. ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി എന്നിവയ്‌ക്കെതിരെ ഡെവിഡോള്‍ 8ഏ 25 ഗ്രാം, 200 ഗ്രാം മണലുമായി ചേര്‍ത്തമിശ്രിതം ഏപ്രില്‍മേയ്‌, സെപ്‌തംബര്‍ഒക്‌ടോബര്‍, ഡിസംബര്‍ജനുവരി മാസങ്ങളില്‍ കൂമ്പിനുചുറ്റിലുമുള്ള മൂന്ന്‌ ഓലക്കവിളുകളില്‍ നിറയ്‌ക്കുക.

(തോമസ്‌ കട്ടക്കയം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍