This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റിക്കോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറ്റിക്കോള്‍

Catechol

ഫീനോള്‍ വര്‍ഗത്തില്‍പ്പെടുന്ന ഒരു കാര്‍ബണിക യൗഗികം. 1, 2 ഡൈ ഹൈഡ്രാക്‌സിബെന്‍സീന്‍, ഓര്‍ത്തോ ഡൈ ഹൈഡ്രാക്‌സിബെന്‍സീന്‍ എന്നീ രാസനാമങ്ങള്‍ കൂടാതെ പൈറോ കാറ്റിക്കോള്‍ എന്നും പൈറോകാറ്റികുയിക്‌ അമ്ലം (Pyrocatechuic acid) എന്നും പേരുകളുണ്ട്‌. ഫോര്‍മുല: C6H6O2 അഥവാ C6H4(OH)2. സംരചന:

ചെടികളില്‍ വ്യാപകമായി അടങ്ങിയിരിക്കുന്നുണ്ടെങ്കിലും കൃത്രിമമായി സംശ്ലേഷണം ചെയ്യാറുമുണ്ട്‌. കാറ്റിക്കിന്‍ (Catechin) എന്ന ഒരു സസ്യപദാര്‍ഥത്തില്‍നിന്നായിരുന്നു ഇത്‌ ആദ്യമായി ഉത്‌പാദിപ്പിച്ചത്‌ (1839). ഓര്‍ഥോഡൈക്ലോറോബെന്‍സീന്‍ അല്ലെങ്കില്‍ ഓര്‍ഥോക്ലോറോഫീനോള്‍ 20 ശതമാനം ജലീയ സോഡിയം ഹൈഡ്രാക്‌സൈഡും അല്‌പം കോപ്പര്‍ സള്‍ഫേറ്റുമായി ചേര്‍ത്ത്‌ ഉയര്‍ന്ന മര്‍ദത്തിലും 190ബ്ബഇലും പ്രതിപ്രവര്‍ത്തിപ്പിച്ച്‌ കാറ്റിക്കോള്‍ നിര്‍മിക്കാം.

ഫിനോള്‍ 2, 4 ഡൈസള്‍ഫോണിക്ക്‌ അമ്ലവും സോഡിയം ഹൈഡ്രാക്‌സൈഡും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചും കാറ്റിക്കോള്‍ നിര്‍മിക്കാം. ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ ഉപയോഗിച്ച്‌ സാലിസിലാല്‍ഡിഹൈഡിനെ ഓക്‌സീകരിച്ചാണ്‌ പരീക്ഷണശാലയില്‍ കാറ്റിക്കോള്‍ ഉണ്ടാക്കുന്നത്‌.

നിറമില്ലാത്ത ക്രിസ്റ്റലുകളായാണ്‌ കാറ്റിക്കോള്‍ സ്ഥിതി ചെയ്യുന്നത്‌. ദ്രവണാങ്കം 105°C. ജലത്തിലും കാര്‍ബണികലായകങ്ങളിലും ലയിക്കുന്നു. ഉത്‌പതന സ്വഭാവമുണ്ട്‌. തീ പിടിപ്പിക്കാവുന്ന ഒരു പദാര്‍ഥമാണിത്‌. ആപേക്ഷികഘനത്വം 1.371. വായുവിന്റെയും പ്രകാശത്തിന്റെയും നീരാവിയുടെയും സാന്നിധ്യത്തില്‍ ഇതിന്‌ തവിട്ടുനിറം ഉണ്ടാകുന്നു. വിഷാലുവായ ഇത്‌ ഒരു പ്രബല നിരോക്‌സീകാരക(reducing agent)മോണ്‌. സില്‍വര്‍ നൈട്രറ്റ്‌ ലായനി, ഫെല്ലിങ്‌ ലായനി എന്നിവയെ നിരോക്‌സീകരിക്കുന്നു. കാറ്റക്കോളിന്‌ ഓക്‌സീകരണം സംഭവിച്ച്‌ ഓര്‍ഥോബെന്‍സോക്വിനോണ്‍ ഉണ്ടാകുന്നു. ഥാലിക്ക്‌ അന്‍ഹൈഡ്രഡുമായി സള്‍ഫോണിക്ക്‌ അമ്ലത്തിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിച്ച്‌ അലിസാരിന്‍ (alizarin) ഉത്‌പാദിപ്പിക്കുന്നു. കാറ്റിക്കോളിന്റെ ഒരു പ്രധാന വ്യുത്‌പന്നമാണ്‌ അഡ്രിനാലിന്‍. പിപ്പറനോള്‍ എന്നൊരു സുഗന്ധദ്രവ്യവും കാറ്റിക്കോളില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്നു.

ഫോട്ടോഗ്രാഫിക്‌ ഡവലപ്പര്‍, നിരോക്‌സീകാരകം, ടാനിങ്‌ ഏജന്റ്‌ എന്നീ നിലകളിലും ഔഷധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വര്‍ണകങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും കാറ്റിക്കോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍