This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറ്റാടിമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറ്റാടിമരം

Casuarina tree/She-Oak

ദ്വിബീജപത്രവിഭാഗത്തിലെ കാഷ്വാറനേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു നിത്യഹരിത വൃക്ഷം. ശാ.നാ. കാഷ്വറീന ഇക്വിസിറ്റിഫോളിയ (Casuarina equisetifolia). കാസോവരി (cassowary) എന്ന ആസ്റ്റ്രലിയന്‍ പക്ഷിയുടെ തൂവലുകളോട്‌ ഇതിന്റെ ഇലകള്‍ക്കുള്ള സാദൃശ്യമാണ്‌ കാഷ്വറീന എന്ന ജീനസ്‌ നാമത്തിനു കാരണം. ഇക്വിസിറ്റിഫോളിയ എന്നാല്‍ "കുതിരവാലു പോലുള്ള ഇലകള്‍' എന്നാണ്‌ അര്‍ഥം. കാറ്റാടിക്ക്‌ ചൂളമരം, ചവോക്കുമരം എന്നും പേരുകളുണ്ട്‌. ജന്മദേശമായ ആസ്റ്റേലിയയില്‍ ഈ മരം ഷീഓക്‌ (She-Oak) എന്ന പേരില്‍ അറിയപ്പെടുന്നു.

ആസ്റ്റ്രലിയ, ന്യൂകാലിഡോണിയ, ഈസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവിടങ്ങളിലായി ഏകദേശം 35 സ്‌പീഷീസുകള്‍ കാണപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിനു കിഴക്ക്‌ ചിറ്റഗോങ്‌ മുതല്‍ തെക്കോട്ടും, മലയന്‍ ദ്വീപസമൂഹങ്ങളിലും കാറ്റാടിമരം വളരുന്നുണ്ട്‌. 1798ല്‍ കല്‍ക്കത്തയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്‌ ഇന്ത്യയില്‍ ഇത്‌ ആദ്യമായി നട്ടുവളര്‍ത്തിയത്‌. ഇപ്പോള്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും വിശിഷ്യ, തീരപ്രദേശങ്ങളില്‍, ഇത്‌ ധാരാളമായി വളരുന്നുണ്ട്‌. മണല്‍ പ്രദേശമാണ്‌ കാറ്റാടിമരത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഏറ്റവും അനുയോജ്യം.

കാറ്റാടിമരം

അനുകൂലസാഹചര്യങ്ങളില്‍ 3035 മീ. ഉയരത്തില്‍ വളരുന്ന കാറ്റാടിമരം ബാഹ്യപ്രകൃതിയില്‍ പൈന്‍ വൃക്ഷത്തെ അനുസ്‌മരിപ്പിക്കുന്നു. വളരെവേഗം വളരുകയും ദീര്‍ഘകാലം നിലനില്‌ക്കുകയും ചെയ്യുന്ന ഇതിന്റെ തടി ഏകദേശം 5 മീ. വരെ വണ്ണം വയ്‌ക്കുന്നു. ശാഖകളില്‍നിന്നുള്ള ഉപശാഖകള്‍ കേവലം രണ്ടു മില്ലിമീറ്റര്‍ മാത്രം വ്യാസമുള്ള പച്ചനിറത്തിലുള്ള ചരടുകള്‍ പോലെ കാണപ്പെടുന്നു. പര്‍വങ്ങള്‍ (internodes) തെീരെച്ചെറുതാണ്‌. പര്‍വസന്ധി(node)കളില്‍ സൂക്ഷ്‌മശല്‌ക്കങ്ങളായി രൂപാന്തരം പ്രാപിച്ച ഇലകള്‍ കാണാം.

കാറ്റാടിമരം-ഇലയും പൂവും

വര്‍ഷത്തില്‍ രണ്ടു തവണ വൃക്ഷം പൂവണിയുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ആദ്യതവണയും ആറു മാസം കഴിഞ്ഞ്‌ രണ്ടാംതവണയും പുഷ്‌പിക്കുന്നു. ഏകലിംഗികളാണ്‌ പൂക്കള്‍. ചെറുശാഖകളുടെ അഗ്രത്തായി കാറ്റ്‌കിന്‍ (catkin) പുഷ്‌പമഞ്‌ജരികള്‍ കാണപ്പെടുന്നു. ആണ്‍ പുഷ്‌പങ്ങള്‍ അടങ്ങിയ സ്‌പൈക്കുകള്‍ ഒരു ജോടി പാര്‍ശ്വസഹപത്രകങ്ങള്‍ (bracteoles) കൊണ്ട്‌ സംരക്ഷിതമായിരിക്കുന്നു. പരിദളപുട(perianth)വും ഒരൊറ്റ കേസരവും മാത്രമടങ്ങിയ ഓരോ ആണ്‍പൂവും ഒരു സഹപത്രകത്തിന്റെ കക്ഷ്യത്തില്‍ നിന്നുമാണ്‌ പുറപ്പെടുന്നത്‌. വൃത്തങ്ങളായി അടുക്കപ്പെട്ടിരിക്കുന്ന ഇവയുടെ ഒരു വൃത്തത്തിലെ പൂക്കളുടെ സഹപത്രകങ്ങളെല്ലാം ഒന്നുചേര്‍ന്ന്‌ ചെറുപുഷ്‌പങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്ന ഒരു ഷീത്തായിട്ടാണ്‌ കാണപ്പെടുന്നത്‌. പൂവിലെ ഏകകേസരത്തിന്‌ ഒരു ചെറിയ തന്തുകവും രണ്ടുപാളികളുള്ള ഒരു പരാഗകോശവുമുണ്ട്‌. നീളംകുറഞ്ഞ ഉപശാഖകളുടെ അഗ്രത്ത്‌ കൂട്ടംകൂടിയാണ്‌ പെണ്‍പൂക്കള്‍ കാണപ്പെടുന്നത്‌. സഹപത്രങ്ങളുടെ കക്ഷ്യങ്ങളില്‍ കാണപ്പെടുന്ന ഓരോ പൂവിനും ഒരു ജോടി സഹപത്രവും രണ്ട്‌ അണ്‌ഡപര്‍ണങ്ങള്‍ ചേര്‍ന്ന ഒരു അണ്‌ഡാശയവുമുണ്ട്‌. നീളംകൂടിയ രണ്ടു വര്‍ത്തികാഗ്ര(stigma)കളും കാണാം. പക്വമാകുമ്പോള്‍ അണ്‌ഡാശയത്തിന്‌ ഒരു അറ മാത്രമേ ഉണ്ടാകൂ. രണ്ട്‌ ഇന്‍റ്റെഗുമെന്റുകള്‍ വീതമുള്ള ബീജാണ്‌ഡങ്ങള്‍ (ovules) ഉണ്ടായിരിക്കും. ബീജസങ്കലനാനന്തരമുള്ള സ്വഭാവങ്ങള്‍ക്കും പല പ്രത്യേകതകളുണ്ട്‌.

ഫലത്തിന്‌ കോണുകളോട്‌ രൂപസാദൃശ്യമുണ്ട്‌. 1024 മില്ലിമീറ്റര്‍ നീളവും 913 മില്ലിമീറ്റര്‍ വീതിയുമുള്ളവയാണ്‌ ഇവ. ഫലത്തിനുള്ളില്‍ ഒരു വിത്ത്‌ മാത്രമേ കാണപ്പെടുന്നുള്ളൂ. വിത്തുകള്‍ക്ക്‌ മുളയ്‌ക്കാന്‍ പ്രത്യേക പരിചരണം ആവശ്യമാണ്‌. ഈ വൃക്ഷത്തിന്റെ പ്രത്യേകരീതിയിലുള്ള വളര്‍ച്ച കടല്‍ത്തീരത്തെ മണ്ണൊലിപ്പു തടയാന്‍ സഹായകമാണ്‌. ഇളം ചുവപ്പുനിറമുള്ള കാതല്‍ ഈടുള്ളതാണെങ്കിലും എളുപ്പം പൊട്ടിപ്പോകുന്നതുകൊണ്ട്‌ തടി വിറകിനായാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. സാവധാനത്തില്‍ മാത്രം കത്തിയെരിയുന്നുവെന്നതിനാല്‍ ഏറ്റവും നല്ല വിറകിനങ്ങളില്‍ ഒന്നാണിത്‌. തൂണുകള്‍, കൊടിമരം എന്നിവയ്‌ക്കും കാതല്‍ ഉപയോഗിക്കാറുണ്ട്‌. തുകല്‍ ഊറയ്‌ക്കിടുന്നതിനും ഔഷധനിര്‍മാണത്തിനും കാറ്റാടി മരത്തിന്റെ പട്ട ഉപയോഗിക്കുന്നു. തവിട്ടുനിറത്തിലുള്ള ഒരുതരം ചായവും ഇതില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്നുണ്ട്‌.

മനോഹരമായ ആകൃതിയില്‍ കാറ്റാടിമരം വെട്ടിനിര്‍ത്തി ഉദ്യാനങ്ങളും പാര്‍ക്കുകളും മറ്റും മോടിപിടിപ്പിക്കാറുണ്ട്‌. പാതവക്കില്‍ അലങ്കാരച്ചെടിയായും തണല്‍വൃക്ഷമായും ഇത്‌ നട്ടുപിടിപ്പിക്കുന്നു. പരിണാമശൃംഖലയില്‍ അനാവൃതബീജികളെയും ആവൃതബീജികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി സസ്യശാസ്‌ത്രകാരന്മാര്‍ കാറ്റാടിമരത്തെ കരുതിപ്പോരുന്നു.

നാരുപോലെ നേര്‍ത്ത ഹരിതശിഖരങ്ങളുമേന്തി ചെറുകാറ്റില്‍ പ്രത്യേക മര്‍മരശബ്‌ദമുതിര്‍ത്തു നില്‌ക്കുന്ന കാറ്റാടിമരത്തിന്റെ അനന്യഭംഗിയാവാം അതിനെപ്പറ്റി കവിതയെഴുതാന്‍ മഹാകവി രബീന്ദ്രനാഥടാഗൂറിന്‌ പ്രചോദനം നല്‍കിയത്‌. കാറ്റാടിയുടെ മൂളിപ്പാട്ടിനെക്കുറിച്ച്‌ മഹാകവി ജി. ശങ്കരക്കുറുപ്പ്‌ സാഹിത്യകൗതുക (കവിതാസമാഹാരം)ത്തില്‍ "ഗാനം ചെയ്‌വൂ കൃതസുകൃതനാം കൊച്ചു കാറ്റാടിവൃക്ഷം' എന്നിങ്ങനെ പാടിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍