This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറോട്ടമത്സരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറോട്ടമത്സരങ്ങള്‍

പൊതുനിരത്തുകളിലൂടെയോ പ്രത്യേകം സംവിധാനം ചെയ്‌തിട്ടുള്ള പഥത്തിലൂടെയോ കാറോടിച്ചു ചലനവേഗതയും മറ്റും പരീക്ഷിക്കുന്ന വിനോദമത്സരങ്ങള്‍. കാള്‍ ബെന്‍സ്‌ 1885ല്‍ പെട്രാള്‍ കൊണ്ട്‌ ഓടിക്കാവുന്ന കാര്‍ കണ്ടുപിടിച്ചതോടെയാണ്‌ ഇത്തരം മത്സരങ്ങള്‍ ആരംഭിച്ചത്‌. സിംഗിള്‍ സീറ്റര്‍ റേസിങ്‌, ആട്ടോ ക്രാസ്‌, ഡ്രാഗ്‌റേസിങ്‌, ഹില്‍ ക്ലൈംബിങ്‌, കാര്‍ട്ട്‌ റേസിങ്‌, റാലിയിങ്‌ എന്നിവയാണ്‌ പ്രധാന കാറോട്ട മത്സര ഇനങ്ങള്‍. ഇതുകൂടാതെ വ്യത്യസ്‌തമായ നിരവധിയിനം കാറോട്ടമത്സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ട്‌. ഫോര്‍മുലവണ്‍ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഗ്രാന്‍പ്രീ മത്സരങ്ങളാണ്‌ ഏറ്റവും പ്രശസ്‌തമായ കാറോട്ടമത്സരങ്ങള്‍. സിംഗിള്‍ സീറ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ മത്സരങ്ങള്‍, ലോകത്ത്‌ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പ്രക്ഷകരുള്ള കായിക ഇനം കൂടിയാണ്‌.

സിംഗിള്‍ സീറ്റര്‍/ഓപ്പണ്‍ വീല്‍ റേസിങ്‌. ഒരു സീറ്റ്‌ മാത്രമുള്ള, വലിയ ചക്രങ്ങളുള്ള പ്രത്യേകതരം കാറുകളാണ്‌ സിംഗിള്‍ സീറ്റര്‍ ഇനത്തില്‍ മത്സരിക്കുന്നത്‌. സിംഗിള്‍ സീറ്റര്‍ മത്സരങ്ങള്‍ ഇന്ന്‌ പൊതുവേ ഫോര്‍മുല മത്സരങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. ആദ്യകാലത്ത്‌ റോഡ്‌ റേസിങ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മത്സരങ്ങളുടെ ചരിത്രത്തെ മൂന്ന്‌ ഘട്ടങ്ങളായി വിഭജിക്കാം:

(i) 1894നും 1900നും ഇടയ്‌ക്ക്‌ യൂറോപ്പിലെ പൊതുനിരത്തുകളില്‍ നടത്തപ്പെട്ട ദീര്‍ഘദൂര റോഡ്‌ റേസിങ്ങുകള്‍;

(ii) 1905 വരെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ടുകളില്‍ നടത്തപ്പെട്ട ഗോര്‍ഡന്‍ ബെന്നെറ്റ്‌ മത്സരവും മറ്റു മത്സരങ്ങളും;

(iii) 1906ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച ഗ്രാന്‍പ്രീ മത്സരം.

1887 ഏപ്രിലില്‍ നടന്ന പാരിസ്‌വെഴ്‌സയില്‍ (32 കി.മീ. ദൂരം) മത്സരത്തോടെയാണ്‌ ആദ്യഘട്ടം ആരംഭിച്ചത്‌.

മണിക്കൂറില്‍ 80 കി. മീ.ല്‍ കൂടുതല്‍ വേഗതയുള്ള കാറുകള്‍ നിര്‍മിക്കപ്പെട്ടതോടെ റോഡ്‌ റേസിങ്ങിന്‌ അന്താരാഷ്‌ട്ര പ്രാധാന്യമുണ്ടായി. 1901ല്‍ പാരിസില്‍ നിന്നു ബര്‍ലിനിലേക്കും 1902ല്‍ പാരിസില്‍ നിന്നു വിയന്നയിലേക്കും 1903ല്‍ പാരിസില്‍ നിന്നു മാഡ്രിഡിലേക്കും മത്സരങ്ങള്‍ നടത്തപ്പെട്ടു. മത്സരത്തിനിടയിലുണ്ടായ അത്യാഹിതങ്ങളെത്തുടര്‍ന്ന്‌ പാരിസ്‌മാഡ്രിഡ്‌ മത്സരം ഇടയ്‌ക്കുവച്ച്‌ അവസാനിപ്പിക്കേണ്ടിവന്നു. പൊതുനിരത്തിലൂടെയുള്ള റേസിങ്ങിനു ബ്രിട്ടനില്‍ തുടക്കം മുതല്‌ക്കേ വിലക്കു കല്‌പിച്ചിരുന്നു.

പാരിസ്‌-റ്യുവന്‍ കാറോട്ടമത്സരം (1894)

പൊതുനിരത്തിലൂടെയുള്ള റേസിങ്‌ അസാധ്യമായപ്പോള്‍ ഇതിലേക്കായി പ്രത്യേകം ട്രാക്കുകളും റേസിങ്‌ കോഴ്‌സുകളും പണിയാനാരംഭിച്ചു. ഫ്രാന്‍സിലെ "പാ'യിലാണ്‌ ആദ്യമായി ക്ലോസ്‌ഡ്‌ സര്‍ക്യൂട്ടില്‍ റേസിങ്‌ നടത്തിയത്‌ (1900). ഇംഗ്ലണ്ടിലെ എച്ച്‌.എഫ്‌. ലോക്ക്‌കിങ്‌ 1906ല്‍ സറി എസ്റ്റേറ്റില്‍ ബ്രൂക്ക്‌ലാന്‍ഡ്‌സ്‌ എന്ന പേരില്‍ പ്രശസ്‌തമായ സര്‍ക്യൂട്ട്‌ കോഴ്‌സ്‌ സംവിധാനം ചെയ്‌തു. ഈ കോഴ്‌സില്‍ 1907ല്‍ റേസിങ്‌ നടക്കുകയുണ്ടായി.

പാരിസ്‌-വിയന്ന മത്സരത്തിന്റെ തുടക്കം (1902)

ഉത്തര അയര്‍ലന്‍ഡില്‍ 1900ല്‍ ആരംഭിച്ച ഗോര്‍ഡന്‍ ബെന്നെറ്റ്‌ റേസിനെ റോഡ്‌ റേസിങ്ങിന്റെ ചരിത്രത്തിലെ രണ്ടാം ഘട്ടമായി കണക്കാക്കാം. ഈ റേസിലെ മത്സരച്ചട്ടങ്ങളില്‍ അസംതൃപ്‌തരായ ചില രാജ്യങ്ങള്‍ പിന്മാറിയതോടെ 1905ല്‍ ഈ മത്സരം അവസാനിപ്പിച്ചു. 1905ല്‍ ജര്‍മനി ഉള്‍പ്പെടെ 13 രാഷ്‌ട്രങ്ങള്‍ റോഡ്‌ റേസിങ്ങിന്റെ നടത്തിപ്പിനുവേണ്ടി ഒരു സംഘടന രൂപവത്‌കരിച്ചു. 1946ല്‍ ഈ സംഘടന "ഇന്റര്‍നാഷണല്‍ ആട്ടോമൊബൈല്‍ ഫെഡറേഷന്‍' ആയി രൂപം പ്രാപിച്ചു. 1904ല്‍ യു. എസ്സിലെ വില്യം കെ. വാന്‍ഡര്‍ബില്‍റ്റ്‌ 482 കി.മീ. ദൂരംവരുന്ന "വാന്‍ഡര്‍ബില്‍റ്റ്‌ കപ്പ്‌ റേസ്‌' ഏര്‍പ്പെടുത്തി.

ഗോര്‍ഡന്‍ ബെന്നെറ്റ്‌ റേസില്‍നിന്നു പിന്മാറിയ ഫ്രാന്‍സ്‌ 1906ല്‍ ആരംഭിച്ച ഗ്രാന്‍ പ്രീ മത്സരത്തോടെയാണ്‌ മൂന്നാംഘട്ടം ആരംഭിക്കുന്നത്‌. ആദ്യത്തെ ഗ്രാന്‍ പ്രീ മത്സരം നേടിയത്‌ റുമേനിയക്കാരനായ സിസ്‌ ആണ്‌.

ഫ്രഞ്ച്‌ ഗ്രാന്‍പ്രീയുടെ വിജയത്തില്‍നിന്നു പ്രചോദനം കൊണ്ടാണ്‌ മറ്റു രാഷ്‌ട്രങ്ങള്‍ ഈ വിനോദ രംഗത്തേക്കു കടന്നത്‌. 20-ാം ശതകത്തിന്റെ ആദ്യദശകത്തില്‍ത്തന്നെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ റേസിന്‌ യു. എസ്സില്‍ പ്രചാരം ലഭിച്ചിരുന്നു. 1909ല്‍ ഇന്ത്യാനാപൊലീസില്‍ അണ്ഡാകൃതിയിലുള്ള ഒരു പരിപഥം പണിതീര്‍ത്തു. ഈ കോഴ്‌സില്‍ വച്ചാണ്‌ 1911ല്‍ ആദ്യമായി ഇന്ത്യാനാപൊലീസ്‌ 500 (800 കി. മീ.) റേസ്‌ നടന്നത്‌. ഇത്‌ പിന്നീട്‌ "ഇന്‍ഡി 500' എന്ന പേരില്‍ പ്രശസ്‌തമായി. ഒന്നാം ലോകയുദ്ധത്തിനു മുമ്പ്‌ നടത്തപ്പെട്ട പ്രമുഖമത്സരങ്ങള്‍ "ആര്‍ഡെന്നെസ്‌ സര്‍ക്യൂട്ട്‌ റേസ്‌' (1902-07), ഇറ്റലിയിലെ "ടാര്‍ഗാ ഫ്‌ളോറിയോ', 1913ല്‍ ആരംഭിച്ച സ്‌പാനിഷ്‌ ഗ്രാന്‍ പ്രീ എന്നിവയാണ്‌.

ഒന്നാം ലോകയുദ്ധത്തിനു ശേഷം മിക്ക രാഷ്‌ട്രങ്ങളും റോഡ്‌ റേസിങ്ങില്‍ താത്‌പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1920ല്‍ ഇറ്റലിയില്‍ ഫ്‌ളോറന്‍സിനു സമീപം മുഗെല്ലോ സര്‍ക്യൂട്ട്‌ കോഴ്‌സ്‌ തുറന്ന്‌ മത്സരങ്ങള്‍ ആരംഭിച്ചു.

ഗോര്‍ഡന്‍ ബെന്നറ്റ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന റിച്ചാര്‍ഡ്‌ ബ്രസിയര്‍ (1904)

1920കള്‍ റോഡ്‌ റേസിങ്ങിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു കാലഘട്ടമായിരുന്നു. 1915ല്‍ നിര്‍ത്തിവച്ചിരുന്ന ഫ്രഞ്ച്‌ ഗ്രാന്‍ പ്രീ പുനരാരംഭിച്ചതും ഇറ്റാലിയന്‍ ഗ്രാന്‍ പ്രീ ഉദ്‌ഘാടനം ചെയ്‌തതും ഇറ്റലിയിലെ ലെഗോണില്‍ "കോപ്പാസിയാനോ' എന്ന സര്‍ക്യൂട്ട്‌ തുറന്നതും ബെര്‍ലിനിലെ "അവുസ്‌' ട്രാക്ക്‌ കോഴ്‌സ്‌ ആരംഭിച്ചതും 1921ലായിരുന്നു. ഈ വര്‍ഷം തന്നെയാണ്‌ ബ്രിട്ടനിലെ ജൂനിയര്‍ കാര്‍ ക്ലബ്ബ്‌ 200 മൈല്‍ റേസ്‌ ഏര്‍പ്പെടുത്തിയത്‌.

1922ല്‍ മിലാനില്‍ "മോണ്‍സാ' കോഴ്‌സ്‌ ആരംഭിച്ചു. 1923ല്‍ സ്‌പെയിനില്‍ തുടങ്ങിയ സാന്‍സെബാസ്റ്റ്യന്‍ ഗ്രാന്‍ പ്രീ അധികവര്‍ഷം നീണ്ടുനിന്നില്ല. ഈ വര്‍ഷം ഫ്രാന്‍സിലും ചില പുതിയ മത്സരങ്ങള്‍ ആരംഭിക്കുകയുണ്ടായി. 1924ല്‍ ബെല്‍ജിയം കേന്ദ്രമാക്കി "ടൂറിങ്‌ കാര്‍ ഗ്രാന്‍ പ്രീ' ആരംഭിച്ചു. 1925ല്‍ ആണ്‌ ലോകപ്രശസ്‌തമായ ബെല്‍ജിയന്‍ ഗ്രാന്‍ പ്രീ, സ്റ്റുട്ട്‌ഗാര്‍ട്ട്‌ കേന്ദ്രമാക്കി "ജര്‍മന്‍ സോളിറ്റ്യൂഡ്‌ ഗ്രാന്‍ പ്രീ', റോം കേന്ദ്രമാക്കി "റോം ഗ്രാന്‍ പ്രീ', മെല്ലാഹാ കേന്ദ്രമാക്കി "ട്രിപ്പൊളി ഗ്രാന്‍ പ്രീ' (ലിബിയ) എന്നീ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. പ്രശസ്‌തമായ റൈംസ്‌ സര്‍ക്യൂട്ട്‌ തുറന്നതും 1925ലായിരുന്നു.

ഇന്ത്യാനാപൊലീസ്‌ 500 മത്സരത്തില്‍ ജോ ഡേവ്‌സന്റെ വിജയനിമിഷം (1912)

1926ലാണ്‌ ജര്‍മന്‍ ഗ്രാന്‍ പ്രീ ആരംഭിച്ചത്‌. ഈ വര്‍ഷം ഗ്രറ്റ്‌ ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയ ആര്‍.എ.സി. ഗ്രാന്‍ പ്രീ ആണ്‌ 1948ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ബ്രിട്ടീഷ്‌ ഗ്രാന്‍ പ്രീക്ക്‌ വഴിതെളിച്ചത്‌.

1927ല്‍ തുറന്ന ന്യൂര്‍ബുര്‍ഗ്രിങ്‌ കോഴ്‌സില്‍ വച്ചാണ്‌ "ഐഫെല്‍റെന്നെന്‍ റേസ്‌' ആദ്യമായി നടത്തപ്പെട്ടത്‌. ലോകപ്രശസ്‌തമായ "മില്ലെമിഗ്ലിയ' എന്ന ഇറ്റാലിയന്‍ മത്സരവും ടൂണിസ്‌ ഗ്രാന്‍ പ്രീയും ആസ്റ്റ്രലിയന്‍ ഗ്രാന്‍ പ്രീയും മൊണാക്കോ ഗ്രാന്‍ പ്രീയും 1927ല്‍ തന്നെയാണ്‌ ആരംഭിച്ചത്‌. മൊണാക്കോ ഗ്രാന്‍ പ്രീയുടെ വേദിയായ മൊണാക്കോ സര്‍ക്യൂട്ട്‌ റോഡ്‌ സര്‍ക്യൂട്ടുകളില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.

1930കളില്‍ റേസിങ്‌ കലണ്ടറില്‍ പല പുതിയ ഇനങ്ങളും ചേര്‍ക്കപ്പെട്ടു. ബ്രിട്ടീഷ്‌ എംപയര്‍ ട്രാഫി റേസ്‌ (1932), ഡോണിങ്‌ടണ്‍ പാര്‍ക്ക്‌ ഗ്രാന്‍ പ്രീ റേസ്‌ (1932), ആല്‍ബി ഗ്രാന്‍ പ്രീ (1933), നേപ്പിള്‍സ്‌ ഗ്രാന്‍ പ്രീ (1933), പാഗ്രാന്‍പ്രീ (1933), സ്വിസ്‌ ഗ്രാന്‍ പ്രീ (1934) എന്നിവ ഇതില്‍പ്പെടുന്നു. ഇക്കാലത്ത്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രമുഖ റേസ്‌ കോഴ്‌സുകള്‍ ഡെര്‍ബിക്കു സമീപമുള്ള ഡോണിങ്‌ടണ്‍ പാര്‍ക്ക്‌ സര്‍ക്യൂട്ട്‌ (1933), ലണ്ടനു സമീപമുള്ള ക്രിസ്റ്റല്‍ പാലസ്‌ (1937) എന്നിവയാണ്‌.

ലോകയുദ്ധങ്ങള്‍ക്കിടയ്‌ക്കുള്ള കാലത്ത്‌ മെച്ചപ്പെട്ട സ്‌പോര്‍ട്ടിങ്‌ കാറുകള്‍ നിര്‍മിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായി. ഇക്കാലത്തെ മികച്ച സ്‌പോര്‍ട്ടിങ്‌ കാറുകള്‍ ഫിയാറ്റ്‌, സണ്‍ബീം, ബുഗാട്ടി, ആല്‍ഫാ റോമിയോ, ഡെലാഷ്‌ എന്നിവയായിരുന്നു. ഓരോ വര്‍ഷവും പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിലും നിര്‍മാതാക്കള്‍ ശ്രദ്ധിച്ചുവന്നു. വിറ്റോറിയോ ജാനോ രൂപകല്‌പന ചെയ്‌ത പി2 ആല്‍ഫാ റോമിയോ, മോണ്‍സ, മോണോപോസ്റ്റോ; അല്‍ഫീറി സഹോദരന്മാര്‍ രൂപകല്‌പന ചെയ്‌ത മാസൊറാറ്റി തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളാണ്‌. 1934ല്‍ റേസിങ്‌ കാറുകളുടെ ഭാരം 750 കിലോഗ്രാമില്‍ കവിയരുതെന്ന നിയന്ത്രണം ഉണ്ടായതോടെ സങ്കരലോഹങ്ങള്‍ ഉപയോഗിച്ചു കാറുകളുടെ ഭാരം മിതപ്പെടുത്താനും നിര്‍മാതാക്കള്‍ ശ്രമിച്ചുവന്നു. ഇതില്‍ ഡോ. ഫെര്‍ഡിനന്‍സ്‌ പോര്‍ഷെ, ആല്‍ഫ്രഡ്‌ നോയ്‌ബൗവര്‍ എന്നിവര്‍ വിജയിച്ചു. ഇക്കാലത്തുതന്നെയാണ്‌ ഫെറാറി രൂപകല്‌പന ചെയ്‌ത ഫെറാറി കാറും മത്സരരംഗത്തെത്തിയത്‌. 1500 സിസി കാറുകളുടെ കൂട്ടത്തില്‍ ബ്രിട്ടീഷ്‌ ഇ.ആര്‍.എ., ഡെലാഷ്‌, ടിപ്പോ 158, മെഴ്‌സിഡെസ്‌ ബെന്‍സ്‌ ഡബ്‌ള്യൂ 165 തുടങ്ങിയ മോഡലുകള്‍ പ്രശസ്‌തി നേടി.

ഇക്കാലത്ത്‌ മികച്ച പ്രകടനം കാഴ്‌ചവച്ച നിരവധി ഡ്രവര്‍മാരുണ്ട്‌. "ഫ്‌ളൈയിങ്‌ മാന്റുവാന്‍' എന്നറിയപ്പെടുന്ന ഇറ്റലിക്കാരനായ ടാസിയൊ നുവൊലാറി റോഡ്‌ റേസിങ്‌ രംഗത്തെ ഒരു ഇതിഹാസപുരുഷന്‍ തന്നെയായിരുന്നു. മിക്ക ഗ്രാന്‍ പ്രീ മത്സരങ്ങളിലും വിജയിച്ച ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം 1935ലെ ന്യൂര്‍ബുര്‍ഗ്രിങ്‌ജര്‍മന്‍ ഗ്രാന്‍ പ്രീ മത്സരമാണ്‌. ഇദ്ദേഹത്തിന്റെ സമകാലികനായ ബ്രിട്ടനിലെ ഹെന്‌റിസെഗ്രവ്‌ 1923ല്‍ ഫ്രഞ്ച്‌ ഗ്രാന്‍ പ്രീ നേടുകയുണ്ടായി. ജര്‍മന്‍ ഡ്രവറായ റുഡോള്‍ഫ്‌ കറാച്ചിയോളാ, മൊണാക്കോയിലെ ലൂയി ചിറോണ്‍, ഇറ്റലിയിലെ അക്കിലെ വാര്‍സി, ഗിസെപ്പെ ഫാറിനാ, ജര്‍മനിയിലെ ബേണ്‍ഡ്‌ റോസ്‌മേയെര്‍, ബ്രിട്ടനിലെ റിച്ചാര്‍ഡ്‌ സീമാന്‍ എന്നിവരാണ്‌ റേസിങ്‌ കപ്പുകള്‍ വാരിക്കൂട്ടിയ മറ്റു ഡ്രവര്‍മാര്‍.

ഇറ്റലിയിലെ ഫാറിനാ 1950ലും അര്‍ജന്റീനയിലെ ജൂവാന്‍ ഫാംഗിയോ 1951, 54, 55, 56, 57 എന്നീ വര്‍ഷങ്ങളിലും ലോകചാമ്പ്യനായിരുന്നു. 1952-53ല്‍ ലോകചാമ്പ്യനായിരുന്നു ആല്‍ബെര്‍ടോ അസ്‌കാരി. 1952ലെ സ്വിസ്‌ ചാമ്പ്യന്‍ഷിപ്പൊഴികെ മറ്റെല്ലാ മത്സരങ്ങളും വിജയിച്ചു എന്ന പ്രശസ്‌തിയും ഉണ്ട്‌. ജോസ്‌ ഗൊണ്‍സാലെസ്‌ 1951ലെ ബ്രിട്ടീഷ്‌ ഗ്രാന്‍ പ്രീ നേടുകയുണ്ടായി. ബ്രിട്ടനിലെ സ്റ്റിര്‍ലിങ്‌ മോസ്‌ 1952ല്‍ റൈംസ്‌ സ്‌പോര്‍ട്‌സ്‌ കാര്‍ ഗ്രാന്‍ പ്രീയും 1954ല്‍ സെബ്രിങ്ങും 1955ല്‍ മില്ലെ മിഗ്ലിയാ, ടൂറിസ്റ്റ്‌ ട്രാഫി, ടാര്‍ഗാ ഫ്‌ളാറിയോ എന്നിവയും കരസ്ഥമാക്കി. ഇതിനും പുറമേ ഇദ്ദേഹം 1957ലെ ബ്രിട്ടീഷ്‌ ഗ്രാന്‍ പ്രീയും പെസ്‌കാറാ, മോണ്‍സാ എന്നീ കപ്പുകളും നേടി. 1960ലെ യു.എസ്‌. ഗ്രാന്‍ പ്രീയും 1961ലെ ജര്‍മന്‍ ഗ്രാന്‍ പ്രീയും മൊണാക്കോ കപ്പും നേടിയതും മോസ്‌ തന്നെയായിരുന്നു.

ഫ്രഞ്ച്‌ ഗ്രാന്‍ പ്രീ മത്സരത്തില്‍ ബോഡിനൊ (1922)

മൈക്ക്‌ ഹാതോണ്‍ വരിച്ച വിജയങ്ങളില്‍പ്പെട്ടതാണ്‌ ഡെയ്‌ലി എക്‌സ്‌പ്രസ്‌ ട്രാഫി (1953), അള്‍സ്റ്റര്‍ ട്രാഫി , സ്‌പാനിഷ്‌ ഗ്രാന്‍ പ്രീ (1954), ലെമാന്‍ (1955) എന്നിവ. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുത്ത മറ്റു ഡ്രവര്‍മാര്‍ ഇംഗ്ലണ്ടിലെ പീറ്റര്‍ കൊള്ളിന്‍സ്‌, ഇറ്റലിയിലെ കാസ്റ്റെലോറ്റി, ഫ്രാന്‍സിലെ ഷീന്‍ ബേറാ തുടങ്ങിയവരാണ്‌. ജര്‍മനിയില്‍ മന്‍ഹൈമിനു സമീപമുള്ള ഹോക്കെന്‍ഹൈം സര്‍ക്യൂട്ടും എന്നാ സര്‍ക്യൂട്ടും 1960ല്‍ പ്രദര്‍ശനത്തിനു തുറന്ന റേസിങ്‌ കോഴ്‌സുകളാണ്‌. 1950കള്‍ക്കുശേഷം ഭാരം വളരെ കുറഞ്ഞ കാറുകള്‍ നിര്‍മിക്കുന്നതിലായി കാര്‍ നിര്‍മാതാക്കളുടെ ശ്രദ്ധ. ഭാരം കുറഞ്ഞ കാറുകളുടെ നിര്‍മാണത്തിനു നേതൃത്വം നല്‌കിയ കൂപ്പറിന്റെ രൂപകല്‌പന അനുകരിച്ചുകൊണ്ടുള്ള കാറുകളും നിര്‍മിക്കപ്പെട്ടു. 1960കളിലും 70കളിലും ഫെറാറി, കൂപ്പര്‍ബ്രിസ്‌റ്റള്‍, ഫോഡ്‌, ബി.ആര്‍. എം. പോര്‍ഷെ, മാത്രാ, ലോട്ടസ്‌ എന്നീ കാര്‍ നിര്‍മാതാക്കള്‍ മെച്ചപ്പെട്ട പുതിയ സ്‌പോര്‍ട്‌സ്‌ മോഡലുകള്‍ അവതരിപ്പിച്ചു. മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തില്‍ അതുല്യരായ ജപ്പാനിലെ ഹോണ്ടാ കമ്പനിയും 1964ല്‍ ഗ്രാന്‍ പ്രീ കാറുകള്‍ ഇറക്കിത്തുടങ്ങി. ആസ്റ്റ്രലിയന്‍ ഡ്രവറായ ജാക്ക്‌ ബ്രാഭാം സ്വന്തമായി രൂപകല്‌പന ചെയ്‌ത്‌ കാര്‍ നിര്‍മിച്ചു പന്തയത്തില്‍ പങ്കെടുത്തത്‌ ഇക്കാലത്താണ്‌. 1962ല്‍ സ്വന്തം ഗ്രാന്‍ പ്രീ കാറില്‍ മത്സരത്തില്‍ പങ്കെടുത്തു വിജയം വരിച്ച ഇദ്ദേഹം 1966ല്‍ ലോകചാമ്പ്യന്‍ പദവിയും കരസ്ഥമാക്കുകയുണ്ടായി.

ബ്രാഭാമിന്റെ സമകാലികനായ ഗ്രഹാം ഹില്‍ 1962ലും 67ലും ലോകചാമ്പ്യനായിരുന്നു. 1963ലെയും 65ലെയും ഡ്രവേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ സ്‌കോട്ടിഷ്‌ ഡ്രവായ ജിം ക്ലാര്‍ക്ക്‌ 52 ഗ്രാന്‍ പ്രീകള്‍ നേടി (ഇതില്‍ 7 എണ്ണം 1963ല്‍ മാത്രം വിജയിച്ചവയാണ്‌) ഫാംഗിയോയുടെ ഗ്രാന്‍ പ്രീ റിക്കാര്‍ഡ്‌ ഭേദിച്ചു. 1965ലെ ഇന്ത്യാനാപൊലീസും ക്ലാര്‍ക്ക്‌ ആണ്‌ കരസ്ഥമാക്കിയത്‌. മോട്ടോര്‍ സൈക്കിള്‍ റേസില്‍ ഏഴുതവണ ലോകചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ ജോണ്‍ സര്‍ട്ടീസ്‌ 1964ല്‍ റോഡ്‌ റേസിങ്ങില്‍ ലോകചാമ്പ്യനായി. ഇക്കാലത്ത്‌ പേരെടുത്ത ഡ്രവര്‍മാര്‍ 1967ലെ ലോകചാമ്പ്യനായിരുന്ന ഡെനിസ്‌ ഹൂല്‍മെ (ന്യൂസിലന്‍ഡ്‌), ബ്രൂസ്‌ മക്‌ലാറന്‍ (ന്യൂസിലന്‍ഡ്‌), യു.എസ്സിലെ മറിയോ അന്‍ഡ്രറ്റി, ഇറ്റലിയിലെ ലോറെന്‍സോ ബന്‍ഡിനി, സ്വിറ്റ്‌സര്‍ലണ്ടിലെ ജോസഫ്‌ സിഫെര്‍ട്‌, ഇംഗ്ലണ്ടിലെ ജോണ്‍ കാനന്‍, ആസ്‌ട്രിയയിലെ കാള്‍ യോഹെന്‍ റിന്റ്‌, മെക്‌സിക്കോയിലെ പെഡ്രാറോ ഡ്രിഗ്‌സ്‌ എന്നിവരാണ്‌.

ടാസിയൊ നുവൊലാറി മത്സരത്തിനിടെ (1930)

ജിം ക്ലാര്‍ക്കിന്റെ ഗ്രാന്‍ പ്രീ റിക്കാര്‍ഡ്‌ തകര്‍ത്തയാളാണ്‌ സ്‌കോട്ട്‌ലന്‍ഡിലെ ജാക്കി സ്റ്റുവര്‍ട്ട്‌. 27 ഗ്രാന്‍ പ്രീകളും 1969, 71, 73 എന്നീ വര്‍ഷങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പുകളും ഇദ്ദേഹം നേടിയിട്ടുണ്ട്‌.

1911ല്‍ ആരംഭിച്ച ഇന്ത്യാനാപൊലീസിലൂടെ അന്താരാഷ്‌ട്ര റോഡ്‌ റേസിങ്‌ രംഗത്തു കടന്ന യു.എസ്‌. 1958ലാണ്‌ ഗ്രാന്‍ പ്രീ മത്സരം സംഘടിപ്പിച്ചത്‌. യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ആട്ടോക്ലബ്ബ്‌, സ്‌പോര്‍ട്‌സ്‌ കാര്‍ ക്ലബ്ബ്‌ ഒഫ്‌ അമേരിക്ക, ഇന്റര്‍നാഷണല്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ്‌ യു.എസ്സില്‍ ഈ മത്സരം നിയന്ത്രിക്കുന്നത്‌.

മിക്ക യു.എസ്‌. സംസ്ഥാനങ്ങളിലും ആധുനിക സജ്ജീകരണങ്ങളുള്ള റേസ്‌ കോഴ്‌സുകളുണ്ട്‌. ഇന്ത്യാനാപൊലീസ്‌ 500, ഗ്രാന്‍ പ്രീ തുടങ്ങിയ മത്സരങ്ങള്‍ക്കുപുറമേ കനേഡിയന്‍അമേരിക്കന്‍ ചലഞ്ച്‌ കപ്പ്‌ (കാന്‍അം), ട്രാന്‍സ്‌ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ്‌ (ട്രാന്‍സ്‌അം), ഫോര്‍മുല 5000 തുടങ്ങിയ അന്താരാഷ്‌ട്ര മത്സരങ്ങളും യു.എസ്സില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.

ഇന്‍ഡി 500 ആണ്‌ ഏറ്റവും കൂടുതല്‍ ദൂരമുള്ള മത്സരം (800 കി. മീ.). ലോകയുദ്ധങ്ങള്‍ക്കിടയ്‌ക്കുള്ള കാലത്ത്‌ ഈ മത്സരത്തിനുവേണ്ടി മാത്രമായി "ഇന്‍ഡി' എന്ന പേരില്‍ ഒരു കാറ്‌ നിര്‍മിക്കുകയുണ്ടായി.

6 റോഡ്‌ കോഴ്‌സ്‌ മത്സരങ്ങളുള്ള (4എണ്ണം യു.എസ്സിലും 2 എണ്ണം കാനഡയിലും നടത്തപ്പെടുന്നു) ട്രാന്‍സ്‌ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയം വരിച്ച കാറുകള്‍ ഫോഡ്‌ മസ്റ്റാങ്‌, ഷെവര്‍ലെ കമാറോ, എ എം സി ജാവൊലിന്‍, പോര്‍ഷെ കറേ റാ, ഷെവര്‍ലെ കോര്‍വെറ്റ്‌, പോര്‍ഷെ ടര്‍ബോ കറേ റാ എന്നിവയാണ്‌. റോഡ്‌ റേസിങ്ങുകളില്‍ വിജയം വരിച്ച അമേരിക്കന്‍ ഡ്രവര്‍മാരില്‍ പ്രമുഖര്‍ ഇന്‍ഡി 500 മൂന്നുതവണ വിജയിച്ച ലൂയി മെയെര്‍, മാറി റോസ്‌, വില്‍ബര്‍ ഷാ എന്നിവരും രണ്ടുതവണ ഇന്‍ഡി ജയിച്ച ബില്‍ വുകോവിച്ച്‌, റോജര്‍ വാര്‍ഡ്‌ എന്നിവരും ആദ്യ അമേരിക്കന്‍ ലോകചാമ്പ്യനായ ഫില്‍ ഹില്‍, ഗ്രാന്‍ പ്രീ ജേതാവായ ഡാന്‍ ഗുര്‍ണി, ഇന്‍ഡി ഉള്‍പ്പെടെ നിരവധി വിജയങ്ങള്‍ കരസ്ഥമാക്കിയ റാഫസ്‌ ജോണ്‍സ്‌, 45 തവണ യു.എസ്‌.എ.സി. ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ എ.ജെ. ഫോയ്‌റ്റ്‌, നിരവധി ഗ്രാന്‍ പ്രീകള്‍ നേടിയ പീറ്റര്‍ റെവ്‌സണ്‍, മാര്‍ക്‌ ഡൊനോ, അല്‍ ഉണ്‍സെര്‍, ടോമി മില്‍ട്ടണ്‍, റെക്‌സ്‌ മേയ്‌സ്‌, ടെഡ്‌ ഹോണ്‍, ജിമ്മി ബ്യ്രാന്‍, ടോണി അഡാമേവിസ്‌, ജോ ലെനാര്‍ഡ്‌, ഗോര്‍ഡന്‍ ജോണ്‍കോക്ക്‌, ജോണി റൂഥര്‍ഫോര്‍ഡ്‌ എന്നിവരാണ്‌. 1980ലും ഇന്‍ഡി 500 വിജയിച്ച ജോണി റൂഥര്‍ ഫോര്‍ഡ്‌ ആണ്‌ 1980ലെ സീസണ്‍ ചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ടത്‌.

സാന്‍ സെബാസ്റ്റ്യന്‍ ഗ്രാന്‍ പ്രീ മത്സരം (1926)

1980 മുതലാണ്‌ കാറോട്ട മത്സരങ്ങള്‍ വന്‍ വ്യവസായമായി മാറാന്‍ തുടങ്ങിയത്‌. തത്‌സമയ ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ കടന്നുവരവ്‌ ഗ്രാന്‍ പ്രീ മത്സരങ്ങളുടെ പ്രചാരം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ടെലിവിഷന്‍ സംപ്രഷണത്തിലൂടെ വന്‍തോതില്‍ വരുമാനം ഗ്രാന്‍ പ്രീ മത്സരങ്ങള്‍ക്ക്‌ ലഭിച്ചു. കാറുകളുടെ നിര്‍മാണരംഗത്തും സുരക്ഷാസംവിധാനത്തിലും പല പരിഷ്‌കാരങ്ങളും ഇക്കാലത്തുണ്ടായി.

മക്‌ലാറന്‍, വില്യംസ്‌ എന്നീ ടീമുകളായിരുന്നു 1980-90 കാലത്തെ പ്രഗല്‌ഭര്‍. പോര്‍ഷെ, ഹോണ്ട, മെഴ്‌സിഡെസ്‌ ബെന്‍സ്‌ എന്നീ കമ്പനികളുടെ എന്‍ജിനുകളുപയോഗിച്ച്‌ മക്‌ലാറന്‍, 16 ചാമ്പ്യന്‍ഷിപ്പുകള്‍ ഇക്കാലത്ത്‌ നേടി. ഫോര്‍ഡ്‌, ഹോണ്ട, റിനോള്‍ഡ്‌ എന്നീ കമ്പനികളുടെ എന്‍ജിനുകളായിരുന്നു വില്യംസ്‌ ടീം ഇക്കാലയളവില്‍ ഉപയോഗിച്ചത്‌. അയര്‍ട്ടണ്‍ സെന്ന, അലയ്‌ന്‍ പ്രാസ്റ്റ്‌ എന്നീ പ്രഗല്‌ഭ ഡ്രവര്‍മാര്‍ തമ്മിലുള്ള മികച്ച മത്സരങ്ങള്‍ ഇക്കാലത്ത്‌ നടന്നു. ടാലോന്‍, ലോട്ടസ്‌, മക്‌ലോറന്‍, വില്യംസ്‌ എന്നീ ടീമുകളെ വിവിധ വര്‍ഷങ്ങളില്‍ പ്രതിനിധീകരിച്ച അയര്‍ട്ടണ്‍ സെന്ന 1988, 90, 91 എന്നീ വര്‍ഷങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പുകള്‍ നേടി. 1985, 86, 89, 93 എന്നീ വര്‍ഷങ്ങളില്‍ അലയ്‌ന്‍ പ്രാസ്റ്റ്‌ ആയിരുന്നു ലോകചാമ്പ്യന്‍. മക്‌ലോറന്‍, റിനോള്‍ട്ട്‌, ഫെറാരി, വില്യംസ്‌ എന്നീ ടീമുകളെ വിവിധ വര്‍ഷങ്ങളില്‍ പ്രാസ്റ്റ്‌ വിജയത്തിലെത്തിച്ചു. അലന്‍ ജോണ്‍സ്‌ (1980) നെല്‍സണ്‍ പിക്കറ്റ്‌ (1981, 83, 87), നിക്കി ലൗഡ (1975, 77, 84) കെ. കെ. റോസ്‌ബര്‍ഗ്‌ (1982) എന്നിവരാണ്‌ ഇക്കാലത്ത്‌ ലോകചാമ്പ്യന്‍ഷിപ്പ്‌ നേടിയ മറ്റു ഡ്രവര്‍മാര്‍.

1994 സാന്‍മരീനോ ഗ്രാന്‍ പ്രീയില്‍ വെച്ചുണ്ടായ, അയര്‍ട്ടണ്‍ സെന്നയുടെ അപകടമരണം കാറോട്ട മത്സരചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്‌. ഇതേ ഗ്രാന്‍ പ്രീയുടെ യോഗ്യതാ റൗണ്ടില്‍ ആസ്‌ട്രിയന്‍ ഡ്രവറായ റൊണാള്‍ട്ട്‌ റാസ്‌ബെര്‍ഗറും അന്തരിച്ചു. ഗ്രാന്‍ പ്രീ മത്സരങ്ങളിലെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ സംഭവങ്ങള്‍ വഴിതെളിച്ചു. കാറുകളുടെ സുരക്ഷാ ക്രമീകരണങ്ങളിലും ട്രാക്കുകളുടെ വിന്യാസ വീതിയിലും, ടയറുകളുടെ വലുപ്പത്തിലും ഇക്കാലത്ത്‌ പരിഷ്‌കാരങ്ങള്‍ ഉണ്ടായി.

ജിം ക്ലാര്‍ക്ക്‌ - ലോട്ടസ്‌ മത്സരത്തില്‍ (1962)
നിര്‍മാണത്തിലും മത്സരനടത്തിപ്പിലും അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുതുടങ്ങിയത്‌ ഫോര്‍മുല മത്സരങ്ങളുടെ ചെലവ്‌ വര്‍ധിപ്പിച്ചു. മത്സരരംഗത്ത്‌ മക്‌ലാറന്‍, വില്യംസ്‌, റിനോള്‍ട്ട്‌ ഫെറാരി എന്നീ നാല്‌ ടീമുകള്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. ഭീമമായ ചെലവും വമ്പന്‍ ടീമുകളുടെ സാന്നിധ്യവും താരതമ്യേന ചെറിയ ടീമുകള്‍ മത്സരരംഗത്തുനിന്നും പിന്മാറാന്‍ ഇടയാക്കി. 1990-2008 കാലഘട്ടത്തില്‍ ഏകദേശം 28ഓളം ടീമുകള്‍ ഫോര്‍മുല രംഗത്തുനിന്നും പിന്മാറിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

1994 മുതലാണ്‌ ഫോര്‍മുല രംഗത്ത്‌ മൈക്കല്‍ ഷൂമാക്കര്‍ പ്രസിദ്ധിയാര്‍ജിച്ചത്‌. 1994 മുതല്‍ 2004 വരെ വലുതും, ചെറുതുമായ നിരവധി ഫോര്‍മുല റേസിങ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ ഷൂമാക്കര്‍ സ്വന്തമാക്കി. ആദ്യകാലങ്ങളില്‍ ജോര്‍ദാന്‍, ബെനട്ടന്‍ എന്നീ ടീമുകളുടെ ഡ്രവറായിരുന്ന ഷൂമാക്കര്‍ പിന്നീട്‌ ഫെറാരിയുടെ കൂടെ ചേര്‍ന്നു. നിലവിലുണ്ടായിരുന്ന പല റെക്കോര്‍ഡുകളും ഷൂമാക്കറിന്‌ തകര്‍ക്കാനും ഏറ്റവും അധികം ലോകചാമ്പ്യന്‍ഷിപ്പുകള്‍ നേടിയതിനുള്ള ലോകറെക്കോര്‍ഡ്‌ സ്വന്തമാക്കാനും കഴിഞ്ഞു. 1994, 95, 2000, 01, 02, 03, 04 എന്നീ വര്‍ഷങ്ങളിലാണ്‌ ഷൂമാക്കര്‍ ലോകചാമ്പ്യനായത്‌. ഫെറാരി ടീം 16 പ്രാവശ്യം നിര്‍മാതാക്കള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പും 15 പ്രാവശ്യം ഡ്രവര്‍മാര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്‌. ഇതും ലോകറെക്കോര്‍ഡുകളാണ്‌. റിനോള്‍ട്ട്‌ ടീം ഡ്രവറായ ഫെര്‍ണാണ്ടോ അലോണ്‍സോ (2005, 06) ഫെറാരിയുടെ കിമിമാറ്റിയാസ്‌ റെയ്‌ക്കണ്‍ (2007), മക്‌ലാറന്‍ബെന്‍സ്‌ ടീമിന്റെ ലൂവിസ്‌ ഹാമില്‍ട്ടണ്‍ (2008), ജെന്‍സണ്‍ ബട്ടണ്‍ (2009), സെബാസ്റ്റ്യന്‍ വെറ്റല്‍ (2010, 11) എന്നിവരാണ്‌ പില്‌ക്കാലത്തെ മറ്റ്‌ ലോകചാമ്പ്യന്മാര്‍.

ലോകചാമ്പ്യന്‍ഷിപ്പ്‌ കൂടാതെ, യൂറോപ്യന്‍ നോണ്‍ ചാമ്പ്യന്‍ഷിപ്പ്‌ റേസിങ്‌, സൗത്ത്‌ ആഫ്രിക്കന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ്‌, ബ്രിട്ടീഷ്‌ ഫോര്‍മുല വണ്‍ സീരീസ്‌ എന്നിവയാണ്‌ ആധുനിക കാലത്തെ മറ്റ്‌ പ്രധാന ഫോര്‍മുല വണ്‍ മത്സരങ്ങള്‍. അമേരിക്കയിലെ പ്രശസ്‌തമായ ഇന്ത്യാനാ പൊലീസ്‌ 500 (ഇന്‍ഡി 500) മത്സരങ്ങള്‍ 1996 മുതല്‍ ഇന്‍ഡി റേസിങ്‌ ലീഗ്‌ (IRL) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.

അന്താരാഷ്‌ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ ആണ്‌ മത്സരങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ക്രാഡീകരിക്കുന്നതും പരിഷ്‌കരിക്കുന്നതും. യന്ത്രത്തിന്റെ ശേഷി, കാറിന്റെ ഭാരം, സിലിണ്ടറുകളുടെ എണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കാറുകളെ വര്‍ഗീകരിക്കുന്നു. അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ പ്രചാരത്തിലിരിക്കുന്ന വര്‍ഗീകരണങ്ങള്‍ ഇന്റര്‍നാഷണല്‍ ഫോര്‍മുല 1, ഇന്റര്‍നാഷണല്‍ ഫോര്‍മുല 2, ഇന്റര്‍നാഷണല്‍ ഫോര്‍മുല 3, ഫോര്‍മുല എഫ്‌, ഫോര്‍മുല 5000, ഗ്രൂപ്പ്‌ 9 യു.എസ്‌.എ.സി. ഇന്ത്യാനാപൊലിസ്‌ ടൈപ്പ്‌ കാറുകള്‍, ഫോര്‍മുല ബി, ഫോര്‍മുല സി, ഫോര്‍മുല സുഡാം, ഫോര്‍മുല വി, ഫോര്‍മുല സൂപ്പര്‍ വി, ഫോര്‍മുല ലിബ്ര എന്നിവയാണ്‌.

ജാക്ക്‌ ബ്രാഭാം ഒരു ഫോര്‍മുല-2 മത്സരത്തില്‍ (1966)

ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌. ഒരു ഫോര്‍മുല വണ്‍ സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ്‌ ഈ മത്സരങ്ങള്‍ നടക്കുന്നത്‌. ഓരോ മത്സരവും ഗ്രാന്‍ പ്രീ (ഉദാ: ആസ്‌റ്റ്രലിയന്‍ ഗ്രാന്‍ പ്രീ, ബ്രിട്ടീഷ്‌ ഗ്രാന്‍ പ്രീ, ബഹ്‌റിന്‍ ഗ്രാന്‍ പ്രീ) എന്നറിയപ്പെടുന്ന മത്സരാര്‍ഥികളും, കാറുകളും പാലിക്കേണ്ട ഒരു കൂട്ടം നിയമങ്ങള്‍ "ഫോര്‍മുല' എന്ന പേരില്‍ അറിയപ്പെടുന്നു.

ഒരു സീസണില്‍ നടക്കുന്ന എല്ലാ ഗ്രാന്‍ പ്രീ മത്സരങ്ങളില്‍ നിന്നും നേടിയ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം രണ്ട്‌ ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ പ്രഖ്യാപിക്കുന്നു; ഒന്ന്‌ ഡ്രവര്‍മാര്‍ക്കുള്ളതും, മറ്റൊന്ന്‌ കാര്‍ നിര്‍മാതാക്കള്‍ക്കുള്ളതും. 2009 ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 17 ഗ്രാന്‍ പ്രീകള്‍ ഉണ്ടായിരുന്നു. പത്ത്‌ ടീമുകള്‍ ഇതില്‍ മത്സരിച്ചു.

ആഴ്‌ചാവസാനം വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായാണ്‌ മിക്ക ഗ്രാന്‍ പ്രീകളും നടക്കുന്നത്‌. വെള്ളിയാഴ്‌ച രണ്ട്‌ പരിശീലന സെക്ഷനുകള്‍ ഉണ്ടാകും. ഡ്രവര്‍മാര്‍ക്ക്‌ ട്രാക്കുകളും കാറുകളും പരിശോധിക്കാനുള്ള അവസരം കൂടിയാണിത്‌. ശനിയാഴ്‌ച ഒരു പരിശീലന സെക്ഷനും പിന്നീട്‌ യോഗ്യതാ റൗണ്ടും നടക്കുന്നു. ഞായറാഴ്‌ചയായിരിക്കും ഫൈനല്‍ മത്സരം. യോഗ്യതാറൗണ്ടില്‍ ഏറ്റവും വേഗത്തില്‍ ഒരു ലാപ്പ്‌ പൂര്‍ത്തിയാക്കാനാണ്‌ ഡ്രവര്‍മാര്‍ ശ്രമിക്കുന്നത്‌. "ലാപ്പ്‌ ടൈം' (Lap time) എന്നറിയപ്പെടുന്ന ഈ സമയത്തിനനുസരിച്ചാണ്‌ ഫൈനല്‍ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ്‌ പൊസിഷനുകള്‍ ലഭിക്കുന്നത്‌. ഏറ്റവും മികച്ച ലാപ്പ്‌ ടൈം നേടിയ ടീമിന്‌ "പോള്‍ പൊസിഷന്‍' എന്ന പ്രധാന സ്ഥാനം ലഭിക്കുന്നു.

യോഗ്യതാറൗണ്ടില്‍ 20 മിനിട്ട്‌, 15 മിനിട്ട്‌, 10 മിനിട്ട്‌ എന്നിങ്ങനെ സമയദൈര്‍ഘ്യമുള്ള മൂന്ന്‌ റൗണ്ടുകള്‍ ഉണ്ട്‌. ഏഴ്‌ മിനിട്ട്‌ ഇടവേളകള്‍ ഓരോ റൗണ്ടിനുമിടയ്‌ക്ക്‌ ഉണ്ടാകും. മികച്ച ലാപ്പ്‌ടൈം നേടിയ നിശ്ചിത എണ്ണം ടീമുകള്‍ ഫൈനലില്‍ പങ്കെടുക്കുന്നു. റേസിന്റെ ദൂരം ഓരോ ഗ്രാന്‍ പ്രീയിലും വ്യത്യസ്‌തമാണ്‌. 305 കി.മീ. ആണ്‌ ഏറ്റവും കുറഞ്ഞ ദൂരം. നിശ്ചിതഎണ്ണം ലാപ്പുകള്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന കാര്‍ വിജയിക്കുന്നു. ഒരു ഗ്രാന്‍ പ്രീയിലെ ഒന്നാം സ്ഥാനക്കാരായ ടീമിന്‌ 10 പോയിന്റ്‌ ലഭിക്കുന്നു. രണ്ടാം സ്ഥാനത്തിന്‌ 8ഉം മൂന്നാം സ്ഥാനത്തിന്‌ 6ഉം പോയിന്റുകള്‍ ലഭിക്കുന്നു.

കാഴ്‌ചയുടെയും ഡ്രവര്‍മാരുടെയും അത്യാഹിതങ്ങള്‍ക്കു വഴിയൊരുക്കുന്ന അപകടകരമായ ഒരു വിനോദമാണ്‌ ഫോര്‍മുല റേസിങ്‌. പ്രത്യേകമായി സംവിധാനം ചെയ്യപ്പെട്ട റേസിങ്‌ കോഴ്‌സുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും പൊതു നിരത്തിലൂടെയുള്ള റേസിങ്ങുകളും കുറവല്ല. അപകടങ്ങള്‍ കഴിയുന്നത്ര കുറയ്‌ക്കത്തക്കവണ്ണം മത്സരം ക്രമീകരിക്കുവാന്‍ അന്താരാഷ്‌ട്ര സംഘടനകളും ദേശീയ സംഘടനകളും ശ്രമിച്ചുവരുന്നു. മത്സരത്തില്‍ ഏര്‍പ്പെടുന്ന കാറുകള്‍ക്ക്‌ വേണ്ട സജ്ജീകരണങ്ങളും ചട്ടങ്ങളും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. മത്സരത്തില്‍ ഏര്‍പ്പെടുന്ന ഡ്രവര്‍മാര്‍ ക്രാഷ്‌ ഹെല്‍മറ്റും ഗോഗിള്‍സും അഗ്നിരോധന വസ്‌ത്രങ്ങളും ധരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. ഓരോ മത്സരത്തിനുമുമ്പും കാറുകള്‍ നിഷ്‌കൃഷ്‌ട പരിശോധനയ്‌ക്കു വിധേയമാക്കാറുണ്ട്‌. സര്‍ക്യൂട്ടുകളുടെ വലുപ്പം, ട്രാക്കുകളുടെ വീതി എന്നിവയ്‌ക്കും നിബന്ധനകളുണ്ട്‌. മത്സരമധ്യേ ഡ്രവര്‍മാക്ക്‌ നിര്‍ദേശങ്ങള്‍ നല്‌കാന്‍ വിവിധതരം കൊടികള്‍ ഉപയോഗിക്കുന്നു. മത്സരം തുടങ്ങുന്നതിനു സാധാരണ ദേശീയ പതാകകളാണ്‌ കാണിക്കുക. തൊട്ടുപുറകെ ഒരു കാറുണ്ടെങ്കിലോ, തൊട്ടു പുറകിലുള്ള കാര്‍ മുന്‍പിലുള്ള കാറിനെ മറികടക്കണമെങ്കിലോ നീലക്കൊടി കാണിക്കും. അപായസൂചനയ്‌ക്കുള്ളതാണ്‌ മഞ്ഞക്കൊടി. അപായ മേഖല കഴിഞ്ഞുവെന്നുള്ള സൂചന നല്‌കുന്നതാണ്‌ പച്ചക്കൊടി. ട്രാക്കില്‍ എണ്ണയുടെ അംശമുണ്ടെങ്കില്‍ അതു സൂചിപ്പിക്കുന്നതിനും സര്‍വീസ്‌കാര്‍ ട്രാക്കിലുണ്ടെന്നു സൂചിപ്പിക്കുന്നതിനും മറ്റും പ്രത്യേക നിറങ്ങളും വരകളും ഉള്ള കൊടികള്‍ ഉണ്ട്‌. ഒരു നിശ്ചിത നമ്പറുള്ള കാര്‍ നിര്‍ത്തുന്നതിനും പ്രത്യേക കൊടി കാണിക്കും. ചുവപ്പു കൊടി കാണിച്ചാല്‍ എല്ലാ കാറുകളും നിര്‍ത്തേണ്ടതുണ്ട്‌. മത്സരം അവസാനിക്കുന്നിടത്തും പ്രത്യേകം കൊടിയുണ്ടായിരിക്കും.

ഭാരം കുറഞ്ഞ സ്‌പോര്‍ട്ടിങ്‌ കാറുകള്‍ 360 കി.മീ.ലധികം വേഗതയില്‍ അപകടം വരാതെ ഓടിക്കുന്നതിലാണ്‌ റോഡ്‌ റേസിങ്ങില്‍ ഏര്‍പ്പെടുന്ന ഡ്രവറുടെ വൈദഗ്‌ധ്യം പ്രകടമാകുന്നത്‌; പ്രത്യേകിച്ച്‌, വേഗത കുറയ്‌ക്കാതെ വളവുകള്‍ തിരിക്കുമ്പോള്‍. ഇപ്പോള്‍ അതിവേഗതയില്‍ ഓടുന്ന സ്‌പോര്‍ട്ടിങ്‌ കാറുകള്‍ക്കു വേണ്ടി പ്രത്യേക രീതിയില്‍ സംവിധാനം ചെയ്യപ്പെട്ട ടയറുകള്‍ ലഭ്യമാണ്‌.

ബഹുദൂര മത്സരങ്ങളില്‍ ഏര്‍പ്പെടുന്ന കാറുകള്‍ക്ക്‌ ഇന്ധനം നിറയ്‌ക്കാനും പുതിയ ടയറുകള്‍ ഫിറ്റുചെയ്യാനും വേണ്ടി അവിടവിടെ പ്രത്യേകം ട്രഞ്ചുകള്‍ സ്ഥാപിച്ചിരിക്കും. ക്ലോസ്‌ഡ്‌ സര്‍ക്യൂട്ടുകളില്‍ ഇതിനുവേണ്ടി പ്രത്യേകം മെക്കാനിക്കുകള്‍ തന്നെയുണ്ട്‌. കാഴ്‌ചക്കാര്‍ക്കു കാണത്തക്കവണ്ണമാണ്‌ പിറ്റുകള്‍ സജ്ജീകരിച്ചിട്ടുള്ളത്‌. 24 മണിക്കൂര്‍ നീണ്ടു നില്‌ക്കുന്ന മത്സരങ്ങളില്‍ ഇതൊക്കെ വേണ്ടി വരുന്നുണ്ട്‌. 1930കളില്‍ത്തന്നെ 60 സെക്കന്‍ഡുകൊണ്ട്‌ നാല്‌ ടയറുകളും മാറ്റാനും ഇന്ധനം ഒഴിക്കാനും കഴിഞ്ഞിരുന്നുവെന്നത്‌ പിറ്റുകളിലെ വേഗത വ്യക്തമാക്കുന്നു. ഇപ്പോള്‍ മിക്ക ഗ്രാന്‍ പ്രീ മത്സരങ്ങളുടെയും സമയം കുറവായതുകൊണ്ട്‌ ഇന്ധനം നിറയ്‌ക്കേണ്ടതായോ ടയറുകള്‍ മാറ്റേണ്ടതായോ വരുന്നില്ല.

ഹില്‍ ക്ലൈംബിങ്‌. കുത്തനെയുള്ള കുന്നുകള്‍ കയറുന്നതിനു വാഹനങ്ങള്‍ക്കുള്ള ശേഷി പരിശോധിക്കുന്ന ഈ മത്സരത്തിനു കൂടുതല്‍ പ്രചാരമുള്ളത്‌ ബ്രിട്ടനിലും യു.എസ്സിലുമാണ്‌. ബ്രിട്ടനിലെ പ്രധാന ഹില്‍ ക്ലൈംബിങ്‌ മത്സരം 1947ല്‍ ആരംഭിച്ച ബ്രിട്ടീഷ്‌ നാഷണല്‍ ഹില്‍ ക്ലൈംബ്‌ ചാമ്പ്യന്‍ഷിപ്പാണ്‌. യു.എസ്സിലെ പ്രധാന മത്സരം കൊളറാഡോയിലെ പൈക്ക്‌സ്‌ പീക്ക്‌ റേസ്‌ ആണ്‌. 1916ലാണ്‌ ഈ മത്സരം ആരംഭിച്ചത്‌. വെര്‍മോണ്ട്‌ ആസ്ഥാനമാക്കി മറ്റൊരു മത്സരവുമുണ്ട്‌. മാര്‍ട്ടിന്‍ ഗ്രൂവ്‌സ്‌ (2007, 06, 05), ആഡം ഷീറ്റ്‌ വുഡ്‌ (2004, 03), ഡേവിഡ്‌ ഗ്രസ്‌ (2000, 1999, 98) എന്നിവര്‍ ബ്രിട്ടീഷ്‌ നാഷണല്‍ ക്ലൈംബ്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ പ്രശസ്‌ത ഡ്രവര്‍മാരാണ്‌.

കാര്‍ട്ട്‌ റേസിങ്‌. കാര്‍ട്ടിങ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന വാഹനങ്ങള്‍ നന്നെ ചെറുതായിരിക്കും. ഇതിനു ബോഡിയുണ്ടായിരിക്കുകയില്ല. ട്യൂബിന്റെ ആകൃതിയിലുള്ള ഒരു ഫ്രയിം മാത്രമുള്ള ഈ വാഹനം പ്രവര്‍ത്തിക്കുന്നത്‌ ഒരു ഒറ്റ സിലിണ്ടര്‍ രണ്ടു സ്റ്റ്രാക്ക്‌ എന്‍ജിന്‍ കൊണ്ടാണ്‌. കാലിഫോര്‍ണിയയിലെ മെക്കാനിക്കുകളായ ഇംഗെല്‍സും ബോറെല്ലിയും ലാണ്‍ മൂവെറിന്റെ 750 സി.സി. എന്‍ജിന്‍ ഘടിപ്പിച്ച്‌ ഒരു കാര്‍ട്ടുണ്ടാക്കി. ഈ സംരംഭത്തില്‍ വിജയിച്ചതിനെത്തുടര്‍ന്ന്‌ അവര്‍ വന്‍തോതില്‍ കാര്‍ട്ടുകള്‍ നിര്‍മിച്ചുവന്നു. കാര്‍ട്ട്‌ ഉടമകള്‍ കാലിഫോര്‍ണിയയിലെ പസദേനയിലുള്ള റോസ്‌ ബൗള്‍ കാര്‍ പാര്‍ക്കില്‍ അനൗപചാരിക കാര്‍ട്ടിങ്‌ മത്സരത്തില്‍ ഏര്‍പ്പെട്ടു. കാര്‍ട്ട്‌ നിര്‍മാതാക്കളായ ഗോ കാര്‍ട്ട്‌ കമ്പനിയുടെ ആഭിമുഖ്യത്തില്‍ 1957 ഡിസംബറില്‍ ഗോ കാര്‍ട്ട്‌ ക്ലബ്ബ്‌ ഒഫ്‌ അമേരിക്ക ആരംഭിച്ചതോടെ കാര്‍ട്ടിങ്‌ മത്സരങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചു. 1959ല്‍ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ്ബ്‌ ബ്രിട്ടനില്‍ ആദ്യത്തെ കാര്‍ട്ടിങ്‌ മത്സരം സംഘടിപ്പിച്ചു. തുടര്‍ന്ന്‌ ബ്രിട്ടന്‍, ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, ജപ്പാന്‍ എന്നിവിടങ്ങളിലും ഈ മത്സരത്തിനു പ്രചാരം സിദ്ധിച്ചു. 1961ല്‍ റഷ്യയും കാര്‍ട്ട്‌ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു. 1964ല്‍ ഓള്‍ട്ടണ്‍ പാര്‍ക്കില്‍ വന്‍തോതില്‍ ഒരു കാര്‍ട്ടിങ്‌ മത്സരം നടക്കുകയുണ്ടായി. പ്രധാന കാര്‍ട്ടിങ്‌ മത്സരങ്ങള്‍ പാരിസ്‌ സിക്‌സ്‌ അവേഴ്‌സ്‌, ഷെനിങ്‌ടണ്‍ സിക്‌സ്‌ അവേഴ്‌സ്‌, ഡാനിഷ്‌ ഗ്രാന്‍ പ്രീ എന്നിവയാണ്‌. യു.എസ്സില്‍ പല ദീര്‍ഘദൂര മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്‌.

മോട്ടോര്‍ റാലി. സാധാരണ ട്രാഫിക്‌ നിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട്‌ പൊതുറോഡുകളിലൂടെയാണ്‌ മത്സരാടിസ്ഥാനത്തിലുള്ള മോട്ടോര്‍ റാലി സംഘടിപ്പിക്കപ്പെടുക. ഇതില്‍ പങ്കെടുക്കുന്ന കാറുകള്‍ നിര്‍ദിഷ്‌ട സമയങ്ങള്‍ക്കുള്ളില്‍ നിര്‍ദിഷ്‌ടസ്ഥാനങ്ങളില്‍ (Check points)എത്തിയിരിക്കണമെന്നുണ്ട്‌. ഈ നിര്‍ദിഷ്‌ട സ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന്‌ മത്സരം തുടങ്ങുമ്പോള്‍ മാത്രമേ വെളിപ്പെടുത്താറുള്ളൂ. 1907ല്‍ പാരിസിലെ ദിനപത്രമായ ലെ മാര്‍ട്ടിന്‍ സംഘടിപ്പിച്ച പെക്കിങ്‌പാരിസ്‌ റാലിയാണ്‌ (12,000 കി.മീ.) ആദ്യത്തെ ദീര്‍ഘദൂര മോട്ടോര്‍ റാലി. പെക്കിങ്ങില്‍ നിന്ന്‌ ജൂണ്‍ 10ന്‌ ആരംഭിച്ച റാലിയില്‍ 5 കാറുകള്‍ പങ്കെടുത്തിരുന്നു. ഇറ്റലിയിലെ സിപിയോണെ ബോര്‍ഘീസ്‌ ആഗ. 10നു പാരിസില്‍ എത്തി വിജയം വരിച്ചു. 1911ലാണ്‌ പ്രശസ്‌തമായ മോണ്ടി കാര്‍ലോ റാലി സംഘടിപ്പിക്കപ്പെട്ടത്‌. ലോകയുദ്ധങ്ങള്‍ക്കിടയ്‌ക്കാണ്‌ സ്വിറ്റ്‌സര്‍ലണ്ട്‌ ആസ്ഥാനമായുള്ള ആല്‍പൈന്‍ റാലി സംഘടിപ്പിച്ചത്‌. യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാളിഫയിങ്‌ ഇവന്റുകളാണ്‌ മാള്‍ബറോ ആര്‍ട്ടിക്‌ റാലി, സ്‌നോ റാലി, റാലി കോസ്റ്റാബ്രാവാ, റാലി ഒഫ്‌ സാന്‍ മാറിനോ, ഷെല്‍ റാലി, റാലി ഫയര്‍ സ്റ്റോണ്‍, സര്‍ക്യൂട്ട്‌ ഒഫ്‌ അയര്‍ലണ്ട്‌, ടൂളിപ്‌ റാലി, റാലി ദെ ലെദല്‍ബ, ക്രടീറിയം ആല്‍പിന്‍, വെല്‍ഷ്‌ റാലി, വൈ. യു. റാലി, സ്‌കോട്ടിഷ്‌ റാലി, സാംപെറിറ്റ്‌ റാലി, റാലി ദാന്റിബെസ്‌, ജെ.എ.എം.റ്റി. റാലി എന്നിവ. ഇന്റര്‍നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിനുള്ള ക്വാളിഫയിങ്‌ ഇവന്റുകളാണ്‌ സ്വീഡിഷ്‌ റാലി, ടി.എ.പി. റാലി, ഈസ്റ്റ്‌ ആഫ്രിക്കന്‍ സഫാരി, അക്രാ പൊലീസ്‌ റാലി, റാലി ഒഫ്‌ ദ്‌ തൗസന്റ്‌ ലേക്‌സ്‌, സാന്‍ റെമോ റാലി, ആല്‍പൈന്‍ റാലി, റാലി ഒഫ്‌ ദ്‌ റിഡ്യൂ ലേക്‌സ്‌, ആര്‍.എ.സി. റാലി, ടൂര്‍ ദെ കോഴ്‌സ്‌, പ്രസ്‌ ഓണ്‍ റിഗാര്‍ഡ്‌ലെസ്‌ എന്നിവ.

ഇതില്‍ ചില മോട്ടോര്‍ റാലികള്‍ മാരത്തോണുകളാണ്‌. കെനിയ, താന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലൂടെ 6,234 കി. മീ. സഞ്ചരിക്കേണ്ടതാണ്‌ 1953ല്‍ ആരംഭിച്ച ഈസ്റ്റ്‌ ആഫ്രിക്കന്‍ സഫാരി. കെനിയയിലെ ജോഗിന്ദര്‍ സിങ്‌ മൂന്നുതവണ (1965, 74, 76) ഈ റാലിയില്‍ വിജയിയായി. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള മോട്ടോര്‍ റാലി ലണ്ടന്‍സിഡ്‌നി റാലിയാണ്‌ (31,107 കി.മീ.). 1977 ആഗ. 14ന്‌ ആരംഭിച്ച ഈ റാലി സെപ്‌. 28നു പൂര്‍ത്തിയാക്കി വിജയിച്ചത്‌ കോളിന്‍ മാല്‍കിന്‍, ആന്‍ഡ്രൂ കോവാന്‍, മൈക്കല്‍ ബ്രാഡ്‌ എന്നിവരാണ്‌.

രണ്ടാം ലോകയുദ്ധത്തിനുശേഷം കാര്‍ നിര്‍മാതാക്കള്‍ ഈ മത്സരത്തില്‍ വലിയ താത്‌പര്യം കാണിച്ചുവരുന്നുണ്ട്‌. ഡാറ്റ്‌സുണ്‍, ഫോഡ്‌. മെഴ്‌സിഡെസ്‌, സാബ്‌, ഹില്‍മാന്‍ തുടങ്ങി കാര്‍നിര്‍മ്മാതാക്കള്‍ റാലി മത്സരം സുഖകരവും അതേസമയം വിജയകരവുമാക്കാന്‍ തക്കവണ്ണമുള്ള കാര്‍ മോഡലുകള്‍ നിര്‍മിക്കാന്‍ മത്സരിക്കുന്നുണ്ടെന്നുതന്നെ പറയാം. വളരെ അപകടസാധ്യതകള്‍ ഉള്ള ഒരു മത്സരമാണ്‌ മോട്ടോര്‍ റാലി. വേള്‍ഡ്‌ റാലി ചാമ്പ്യന്‍ഷിപ്പ്‌ തുടര്‍ച്ചയായ അഞ്ചുവര്‍ഷം നേടിയ ഡ്രവറാണ്‌ ഫ്രഞ്ചുകാരനായ സെബാസ്റ്റ്യന്‍ ലോബ്‌ (Sebastian Loeb). 2004 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളിലാണ്‌ ലോബ്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിയത്‌.

ഒരു ഡ്രാഗ്‌ റേസിങ്‌ മത്സരം

ഓഫ്‌റോഡ്‌ റേസിങ്‌. പശ്ചിമ യു.എസ്സിലെ മരുപ്രദേശങ്ങളില്‍ ആണ്‌ ആദ്യകാലങ്ങളില്‍ ഈ മത്സരം നടത്തപ്പെട്ടത്‌. ഇപ്പോള്‍ ഈ മത്സരത്തിന്‌ ജപ്പാനിലും ആസ്റ്റ്രലിയയിലും പ്രചാരമുണ്ട്‌. അത്‌ലറ്റ്‌സിന്റെ ക്രാസ്‌ കണ്ട്രി റേസിനോടു സാദൃശ്യമുള്ള ഈ മത്സരം വമ്പിച്ച അപകടസാധ്യതകള്‍ ഉള്ളതാണ്‌. കാറുകള്‍ സാധാരണ പോകുന്ന വഴിയൊഴിച്ച്‌ ഏതുവഴിയിലൂടെയും പ്രതലത്തിലൂടെയും ഓഫ്‌റോഡ്‌ റേസിങ്‌ കാറുകള്‍ക്കു സഞ്ചരിക്കാം. സൈനികരുടെ യുദ്ധാനന്തരവിനോദമായ മോട്ടോര്‍ സൈക്കിള്‍ ട്രയല്‍ റേസിങ്ങില്‍ നിന്നു വികസിച്ചതാണ്‌ ഈ മത്സരം.

ഇതില്‍ പങ്കെടുക്കുന്ന വാഹനങ്ങള്‍ ഭാരം കുറഞ്ഞ ട്രക്കുകള്‍, പ്രത്യേകമായി സംവിധാനം ചെയ്യപ്പെട്ട പാസഞ്ചര്‍ കാറുകള്‍, ബഗ്ഗികള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ്‌. പ്രധാന ഓഫ്‌ റോഡ്‌ റേസുകള്‍ ബജാ 500, മെക്‌സിക്കന്‍ 1000 എന്നിവയാണ്‌. മെക്‌സിക്കന്‍ 1000ല്‍ മത്സരക്കാര്‍ക്ക്‌ പര്‍വതപ്രദേശങ്ങളിലൂടെ 1,339 കി.മീ. സഞ്ചരിക്കേണ്ടതുണ്ട്‌. നഗരങ്ങളുമായി സാമീപ്യമില്ലാത്ത ഈ മത്സരങ്ങള്‍ക്ക്‌ വളരെയാളുകള്‍ പങ്കെടുക്കുന്നുവെന്നത്‌ ഇതിനോടുള്ള താത്‌പര്യത്തിനു തെളിവാണ്‌.

സ്റ്റോക്ക്‌ കാര്‍ റേസിങ്‌. യു.എസ്സില്‍ പ്രചാരം നേടിയതാണ്‌ ഈ മത്സരം. ഈ മത്സരത്തിന്‌ രസകരമായ ഒരു ചരിത്രമുണ്ട്‌. 1920കളില്‍ കള്ളവാറ്റുകാര്‍ പര്‍വതപ്രാന്തങ്ങളില്‍ നിന്ന്‌ വിസ്‌കി നഗരങ്ങളിലെത്തിച്ചിരുന്നത്‌ കാറുകളിലായിരുന്നു. ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെടാതെ വളരെ വേഗതയില്‍ ഓടിക്കാന്‍ കഴിവുള്ള രീതിയില്‍ പ്രത്യേകമായി സംവിധാനം ചെയ്‌തിരുന്ന കൂറ്റന്‍ കാറുകളാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌. ഇവ വേഗതയില്‍ റേസിങ്‌ കാറുകളെ അതിശയിപ്പിക്കുന്നവയായിരുന്നു. കൂറ്റന്‍ കാറുകള്‍ അതിവേഗം ഓടിച്ച്‌ നിശ്ചിത സ്ഥാനങ്ങളില്‍ എത്തുന്നതിനു തക്ക പരിശീലനം ലഭിച്ച ഡ്രവര്‍മാര്‍ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ്‌ സ്റ്റോക്ക്‌ കാര്‍ റേസിങ്‌ ഉരുത്തിരിഞ്ഞത്‌. മദ്യനിരോധനം എടുത്തുകളഞ്ഞതിനു ശേഷവും ഇത്തരത്തിലുള്ള മദ്യവ്യാപാരം തുടരുകയും അത്തരം കാറുകള്‍ നിര്‍മിക്കുന്നതിലുള്ള താത്‌പര്യം വര്‍ധിക്കുകയും ചെയ്‌തു. ഫ്‌ളോറിഡയില്‍ ഡേറ്റോണാ ബീച്ച്‌ ആസ്ഥാനമായി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റോക്ക്‌ കാര്‍ ആട്ടോറേസിങ്‌ (നാസ്‌കാര്‍) ആരംഭിച്ചതോടെ 1947ല്‍ ഈ മത്സരം നിയമവിധേയമായി. വളരെ ഭാരക്കൂടുതലുള്ള സെഡാന്‍ (സലൂണ്‍) കാറുകളാണ്‌ ഈ മത്സരത്തിനുപയോഗിക്കുന്നത്‌; ഏറ്റവും കുറഞ്ഞ ഭാരം 1768.991 കിലോഗ്രാം ആയിരിക്കും. 290 കി.മീ. വേഗതയില്‍ ഓടിമറിഞ്ഞ്‌ കാര്‍ തവിടുപൊടിയായാലും ഡ്രവര്‍ക്ക്‌ കാര്യമായ യാതൊരു കുഴപ്പവും ഉണ്ടാകാത്ത രീതിയിലുള്ള ഒരു കവചം (safety-roll cage) ഈ കാറുകളില്‍ സജ്ജമായിരിക്കും. പ്രധാന സ്റ്റോക്ക്‌ കാര്‍ മത്സരം ഗ്രാന്‍ഡ്‌ നാഷണല്‍ റേസസ്‌ ആണ്‌ (402 മുതല്‍ 965 കി.മീ. വരെ ദൂരമുള്ള മത്സരങ്ങള്‍). ഓട്ടോമൊബൈല്‍ റേസിങ്‌ ക്ലബ്ബ്‌ ഒഫ്‌ അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌, ലേറ്റ്‌ മോഡല്‍ സ്‌പോര്‍ട്‌സ്‌മാന്‍, ഹോബി സ്റ്റോക്ക്‌ ആന്‍ഡ്‌ ഫിഗര്‍ എയിറ്റ്‌, ഇന്റര്‍നാഷണല്‍ മോട്ടോര്‍ കണ്ടസ്റ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള മത്സരങ്ങള്‍ എന്നിവയാണ്‌ മറ്റിനങ്ങള്‍.

സ്റ്റോക്ക്‌ കാര്‍ റേസിങ്‌ മത്സരം

മറ്റിനങ്ങള്‍. കൗതുകകരവും, രസകരവുമായ നിരവധി ഇനം കാറോട്ട മത്സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്‌. പ്രത്യേകതരം കാറുകള്‍ പരസ്‌പരം കൂട്ടിയിടിച്ച്‌ മത്സരിക്കുന്ന ഡിമോളിഷന്‍ ഡെര്‍ബി, ബാജര്‍ റേസിങ്‌ മത്സരങ്ങള്‍, ചെളി നിറഞ്ഞ ട്രാക്കുകളിലൂടെ മത്സരിക്കുന്ന ഡേര്‍ട്ട്‌ ട്രാക്ക്‌ റേസിങ്‌, പുല്ലു പ്രതലം ഉപയോഗപ്പെടുത്തുന്ന ആട്ടോഗ്രാസ്‌, ഐസ്‌ നിറഞ്ഞ ട്രാക്കുകളിലൂടെയുള്ള ഐസ്‌ റേസിങ്‌ എന്നിവ ഇവയില്‍ ചിലതാണ്‌.

വീല്‍ സ്റ്റാന്‍ഡ്‌ മത്സരത്തില്‍ രണ്ട്‌ ചക്രങ്ങളില്‍ സഞ്ചരിക്കാനുള്ള കാറുകളുടെ ക്ഷമതയാണ്‌ അളക്കുന്നത്‌. ഡ്രിഫ്‌റ്റിങ്‌ (drifting) മത്സരങ്ങളില്‍ ഞൊടിയിടകൊണ്ട്‌ കാറുകളുടെ സഞ്ചാരദിശ മാറ്റാനുള്ള കഴിവിനാണ്‌ പ്രാമുഖ്യം.

ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീയില്‍ മത്സരിക്കുന്ന നാരായണ്‍ കാര്‍ത്തികേയന്‍

പഴയകാലത്തെ കാറുകളുടെ മാതൃകകള്‍ പങ്കെടുക്കുന്ന ലെജന്റ്‌സ്‌ കാര്‍ റേസിങ്‌, ചെറിയ പ്രത്യേകതരം കാറുകള്‍ മത്സരിക്കുന്ന മിഡ്‌ജറ്റ്‌ കാര്‍ റേസിങ്‌, പ്രത്യേക രൂപത്തിലൂള്ള കാറുകള്‍ ഉപയോഗിക്കുന്ന ഫോക്‌ (folk) റേസിങ്‌ തുടങ്ങിയ മത്സരങ്ങളും നിലവിലുണ്ട്‌.

സ്‌പിന്റ്‌ കാര്‍ റേസിങ്‌, സ്‌ട്രീറ്റ്‌ റേസിങ്‌, ടൂറിസ്റ്റ്‌ കാര്‍ റേസിങ്‌, പ്രാഡക്ഷന്‍ കാര്‍ റേസിങ്‌, വണ്‍ മേക്‌ റേസിങ്‌, ടാര്‍ഗാ റേസിങ്‌ എന്നിവ ജനപ്രീതിയുള്ള മറ്റ്‌ കാറോട്ട മത്സര വിഭാഗങ്ങളാണ്‌.

ഇന്ത്യയില്‍. 2011 മുതല്‍ ഇന്ത്യയും ഫോര്‍മുല വണ്‍ മത്സരത്തിന്റെ ഭാഗമായി. ഡെല്‍ഹിയിലെ ഗ്രറ്റര്‍ നോയിഡയിലുള്ള ബുദ്ധ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ പ്രീ അരങ്ങേറിയത്‌. നിലവിലെ പ്രമുഖ ടീമുകളെല്ലാം പങ്കെടുത്ത മത്സരത്തില്‍ റെഡ്‌ബുള്‍ ടീമിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി.

ഇന്ത്യന്‍ കമ്പനിയായ ഫോഴ്‌സ്‌ ഇന്ത്യ എഫ്‌ വണ്‍ (Force India F1) 2007ല്‍ നിലവില്‍ വന്ന ഫോര്‍മുല വണ്‍ ടീമാണ്‌. വ്യവസായിയായ വിജയ്‌ മല്ല്യയുടെ ഉടമസ്ഥതയിലുള്ളതാണിത്‌. മേഴ്‌സിഡെസ്‌ കമ്പനിയുടെ എന്‍ജിനാണ്‌ ഫോഴ്‌സ്‌ ഇന്ത്യയുടെ കാറുകളില്‍ ഉപയോഗിക്കുന്നത്‌. 2011 മുതല്‍ സഹാറ ഗ്രൂപ്പുമായിച്ചേര്‍ന്ന ഈ ടീമിന്റെ ഇപ്പോഴത്തെ പേര്‌ സഹാറ ഫോഴ്‌സ്‌ ഇന്ത്യ ഫോര്‍മുല വണ്‍ ടീം എന്നാണ്‌. ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഡ്രവറാണ്‌ നാരായണ്‍ കാര്‍ത്തികേയന്‍. ജോര്‍ദാന്‍ ടീമിലെ ഡ്രവറായിരുന്നു ഇദ്ദേഹം.

ഡിമോളിഷന്‍ ഡെര്‍ബി

ഇന്ത്യയില്‍ നടക്കുന്ന മറ്റ്‌ പ്രധാന കാറോട്ട മത്സരങ്ങള്‍ റാലി ചാമ്പ്യന്‍ഷിപ്പുകളാണ്‌. 1980ല്‍ ആരംഭിച്ച ഹിമാലയന്‍ റാലി ചാമ്പ്യന്‍ഷിപ്പോടെയാണ്‌ ഈ രംഗത്തേക്ക്‌ ഇന്ത്യ കടന്നുവന്നത്‌. ഹിമാലയന്‍ റാലി അസോസിയേഷന്റെ (HRA) നേതൃത്വത്തിലായിരുന്നു ഹിമാലയന്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യയുള്‍പ്പെടെ 14 രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 72 ടീമുകള്‍ 1982ലെ ഹിമാലയന്‍ റാലിയില്‍ പങ്കെടുത്തുവെന്നത്‌ ഇതിന്റെ അന്താരാഷ്‌ട്ര നിലവാരത്തിന്‌ തെളിവാണ്‌. ഹിമാലയനിരകളിലെ അതിദുര്‍ഘടമായ ചുരങ്ങളിലൂടെ കടന്നുപോകേണ്ട ഈ റാലിയുടെ ദൈര്‍ഘ്യം 3,800 കി.മീ. ആയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഹിമാലയന്‍ റാലി മത്സരങ്ങള്‍ നടന്നെങ്കിലും 1990കളുടെ മധ്യത്തോടെ പലകാരണങ്ങള്‍ കൊണ്ട്‌ ഇത്‌ നിലച്ചു. അപ്പോളോ ചലഞ്ച്‌, മൗണ്ടന്‍ ചലഞ്ച്‌ എന്നീ മത്സരങ്ങളാണ്‌ പിന്നീട്‌ ഹിമാലയന്‍ പ്രദേശത്ത്‌ നടന്ന മറ്റ്‌ റാലി ചാമ്പ്യന്‍ഷിപ്പുകള്‍. പഴയകാല കാറുകള്‍ മത്സരിക്കുന്ന "ഹിമാലയന്‍ ക്ലാസ്സിക്‌ റാലി' നിലവിലുള്ള മറ്റൊരു മത്സരമാണ്‌. ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പാണ്‌ (INRC) ഇന്ത്യയില്‍ നിലവിലുള്ള മികച്ച റാലി മത്സരം. 1988 മുതല്‍ 99 വരെ ഫെഡറേഷന്‍ ഒഫ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌സ്‌ ഒഫ്‌ ഇന്ത്യ (FMSCI) ആയിരുന്നു ഈ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചിരുന്നത്‌. 2000 മുതല്‍ നടത്തിപ്പ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ഒഫ്‌ ഇന്ത്യയുടെ (MAI) കീഴിലായി. മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ഒരു വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന പ്രധാന റാലി ചാമ്പ്യന്‍ഷിപ്പുകളാണ്‌ മൈസൂര്‍ റാലി, ബോഷ്‌ K 1000, കേരള റാലി, റാലി ഡി കോയമ്പത്തൂര്‍, റാലി ഒഫ്‌ ദ്‌ സൗത്ത്‌, നാസിക്‌ റാലി എന്നിവ. കേരള ആട്ടോ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ കേരള റാലി.

ഐസ്‌ റേസിങ്‌

വിന്റേജ്‌ കാര്‍ റാലി, മണ്‍സൂണ്‍ കാര്‍ റാലി, ഇന്തോഭൂട്ടാന്‍ റാലി, ചാര്‍മിനാര്‍ ചാലഞ്ച്‌ റാലി, എം.ആര്‍.എഫ്‌ ഇന്ത്യന്‍ റാലി എന്നിവ ഇന്ത്യയില്‍ നടക്കുന്ന മറ്റ്‌ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളാണ്‌.

റാലി ചാമ്പ്യന്‍ഷിപ്പുകള്‍ കൂടാതെ ഇന്ത്യയില്‍ നടക്കുന്ന പ്രധാന കാറോട്ടമത്സരങ്ങള്‍ കാര്‍ട്ടിങ്‌ ചാമ്പ്യന്‍ഷിപ്പുകളാണ്‌. 1997 ലാണ്‌ കാര്‍ട്ട്‌ റേസിങ്‌ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌. മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാര്‍ട്ടിങ്‌ മത്സരമാണ്‌ ഇന്ത്യന്‍ നാഷണല്‍ കാര്‍ട്ടിങ്‌ ചാമ്പ്യന്‍ഷിപ്പ്‌. ഗോവ, കോലാപ്പൂര്‍, കോയമ്പത്തൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായാണ്‌ ഈ മത്സരം നടക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍