This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറെല്‍, അലെക്‌സി (1873-1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറെല്‍, അലെക്‌സി (1873-1944)

Carrel, Alexis

അലെക്‌സി കാറെല്‍

വൈദ്യശാസ്‌ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച ഫ്രഞ്ച്‌അമേരിക്കന്‍ ശസ്‌ത്രക്രിയാവിദഗ്‌ധന്‍.

ഫ്രാന്‍സിലെ സെയ്‌ന്റ്‌ ഫോലെലിയോണില്‍ ഒരു പട്ടുവ്യാപാരിയുടെ പുത്രനായി അലെക്‌സി കാറെല്‍ 1873 ജൂണ്‍ 28നു ജനിച്ചു. ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമധേയം മേരി ജോസഫ്‌ അഗസ്റ്റെ എന്നായിരുന്നു. പിന്നീട്‌ ഇദ്ദേഹം തന്റെ പിതാവിന്റെ പേരായ "അലെക്‌സി' എന്ന സംജ്ഞാനാമം സ്വയം സ്വീകരിക്കുകയുണ്ടായി. ലിയോണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ 1890ല്‍ എല്‍.ബി. ബിരുദവും 1900ല്‍ എം.ഡി. ബിരുദവും നേടിയശേഷം ആ സര്‍വകലാശാലയില്‍ത്തന്നെ അനാറ്റമി അധ്യാപകനായി. രക്തധമനികള്‍ തുന്നിച്ചേര്‍ക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങളില്‍ 1902 മുതല്‌ക്കേ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1904ല്‍ കാനഡയില്‍ കുടിയേറിയെങ്കിലും അധികം താമസിയാതെ ഇദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയിലെ ഹള്‍ ഫിസിയോളജിക്കല്‍ ലബോറട്ടറിയില്‍ ഉദ്യോഗം സ്വീകരിച്ചു. 1906ല്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ചേര്‍ന്ന്‌ ശസ്‌ത്രക്രിയാഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഹള്ളിലും തുടര്‍ന്ന്‌ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വച്ചാണ്‌ രക്തധമനികള്‍ തുന്നിച്ചേര്‍ക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ഗവേഷണം പുരോഗമിച്ചത്‌. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ രക്തധമനികള്‍ തുന്നിച്ചേര്‍ക്കുന്നതിന്‌ കാറെല്‍ ആവിഷ്‌കരിച്ച മാര്‍ഗം "കാറെല്‍ സൂച്ചര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. രക്തധമനികളും അവയവങ്ങളും മാറ്റി വയ്‌ക്കുന്നതിലും ഈ തുന്നിച്ചേര്‍ക്കല്‍ രീതി ഇദ്ദേഹം ഉപയോഗിച്ചു. ഈ രംഗത്തെ ഗവേഷണമാണ്‌ ഇദ്ദേഹത്തിന്‌ 1912ല്‍ നോബല്‍ സമ്മാനം നേടിക്കൊടുത്തത്‌. ഒരു പൂച്ചയുടെ വൃക്ക എടുത്തുമാറ്റി മറ്റൊരു പൂച്ചയുടെശരീരത്തില്‍ വയ്‌ക്കുന്നതില്‍ 1913ല്‍ ഇദ്ദേഹം വിജയിക്കുകയുണ്ടായി.

1914ല്‍ ഫ്രാന്‍സില്‍ എത്തി ഫ്രഞ്ച്‌ ആര്‍മി മെഡിക്കല്‍ കോറില്‍ സേവനം അനുഷ്‌ഠിച്ചു. അവിടെയും ഇദ്ദേഹം തന്റെ ഗവേഷണങ്ങള്‍ തുടരുകയുണ്ടായി. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ സോഡിയം ഹൈപോക്ലോറൈറ്റ്‌ ലായനി കൊണ്ട്‌ മുറിവുകള്‍ കഴുകുന്ന ഒരു രീതി ഇദ്ദേഹവും ഹെന്‌റി ഡാകിന്‍ എന്ന ശാസ്‌ത്രജ്ഞനും ചേര്‍ന്ന്‌ ആവിഷ്‌കരിച്ചു. ഇതിന്റെ ഫലമായി ഗാങ്‌ഗ്രീന്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കുറയ്‌ക്കാന്‍ കഴിഞ്ഞു. കുറച്ചുകാലം റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം അനുഷ്‌ഠിച്ചതൊഴിച്ചാല്‍ ഒന്നാം ലോകയുദ്ധത്തിന്റെ അവസാനം വരെ ഫ്രഞ്ച്‌ ആര്‍മി മെഡിക്കല്‍ കോറില്‍ത്തന്നെയായിരുന്നു കാറെല്‍. യുദ്ധരംഗത്തെ അനുഭവങ്ങളെ പുരസ്‌കരിച്ച്‌ കാറെലും ജോര്‍ജ്‌സ്‌ ഡെ ഹെല്ലിയും ചേര്‍ന്ന്‌ ട്രീറ്റ്‌മെന്റ്‌ ഒഫ്‌ ഇന്‍ഫെക്‌റ്റഡ്‌ വുണ്ട്‌സ്‌ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി (1917).

1919ല്‍ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മടങ്ങിയെത്തിയ കാറെല്‍, ടിഷ്യൂകള്‍ച്ചറില്‍ വ്യാപൃതനായി. 1930 മുതല്‍ 35 വരെ ഇദ്ദേഹവും കേണല്‍ ചാള്‍സ്‌ എ. ലിന്‍ഡ്‌ബെര്‍ഗും ചേര്‍ന്ന്‌ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഒരു യാന്ത്രികഹൃദയം സംവിധാനം ചെയ്യാന്‍ കഴിഞ്ഞു. 1938ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ദ കള്‍ച്ചര്‍ ഒഫ്‌ ഓര്‍ഗന്‍സ്‌ എന്ന പ്രബന്ധം തയ്യാറാക്കി.

രണ്ടാം ലോകയുദ്ധകാലത്ത്‌ കാറെലും ഭാര്യയും ചേര്‍ന്ന്‌ ഫ്രാന്‍സില്‍ ഒരു ലബോറട്ടറിആശുപത്രി തുറന്നു. പിന്നീട്‌ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1939ല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. 1939ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഇദ്ദേഹം പൊതുജനാരോഗ്യമന്ത്രിയായി.

1940ല്‍ ഫ്രഞ്ച്‌ ഗവണ്‍മെന്റിന്റെ പതനത്തിനുശേഷം ജര്‍മനിയുടെ മേധാവിത്വത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ്‌ ഇദ്ദേഹത്തെ "ഫൗണ്ടേഷന്‍ ഫോര്‍ ദി സ്റ്റഡി ഒഫ്‌ ഹ്യൂമന്‍ റിലേഷന്‍സി'ന്റെ ഡയറക്‌ടറാക്കി. 1944ല്‍ പാരിസ്‌ വിമോചിതമായതോടെ കാറെല്‍ പിരിച്ചുവിടപ്പെട്ടു.

ദാര്‍ശനികര്‍, കലാകാരന്മാര്‍, കവികള്‍, ശാസ്‌ത്രകാരന്മാര്‍ എന്നിവരടങ്ങുന്ന ഒരു വന്‍ സുഹൃദ്‌വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു. ശാസ്‌ത്രസാമൂഹികദാര്‍ശനിക വിഷയങ്ങളെ ആധാരമാക്കി അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. അവയില്‍ മാന്‍ ദി അണ്‍നോണ്‍ (1935), ദ്‌ മേക്കിങ്‌ ഒഫ്‌ സിവിലൈസ്‌ഡ്‌ മാന്‍ (1937) ദ്‌ പ്രയര്‍ (1948) എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു. ഇദ്ദേഹം 1944 ന. 5ന്‌ പാരിസില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍