This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാറല്‍മാന്‍ ചരിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാറല്‍മാന്‍ ചരിത്രം

വിദ്വാനും കവിയും നടനുമായിരുന്ന കൊച്ചിക്കാരന്‍ വറിച്ചനുണ്ണാവി രചിച്ച ചവിട്ടുനാടകം. എ.ഡി. 8-ാം ശതകത്തില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വിശുദ്ധ റോമന്‍ ചക്രവര്‍ത്തി കാറല്‍മാന്‍ (Charlemagne) എമ്പ്രദോരും അദ്ദേഹത്തിന്റെ "പാരിമാരും' (Paladias) കൂടി തുര്‍ക്കികളെ തോല്‌പിച്ചു ക്രിസ്‌തുമതാവലംബികളാക്കിയത്‌ ആണ്‌ ഇതിന്റെ ഇതിവൃത്തം. ഇതില്‍ പല യുദ്ധവര്‍ണനകളും പ്രണയരംഗങ്ങളും പാതാള പര്യടനങ്ങളുടെയും ധീരകൃത്യങ്ങളുടെയും അദ്‌ഭുതസംഭവങ്ങളുടെയും വിവരണങ്ങളും നിബന്ധിച്ചിട്ടുണ്ട്‌. എണ്‍പതോളം കഥാപാത്രങ്ങള്‍ ഉള്ള ഈ നാടകം അഭിനയിച്ചുതീര്‍ക്കുവാന്‍ ഏഴുദിവസമെടുത്തിരുന്നു.

ചവിട്ടുനാടകത്തിലെ ഒരു രംഗം

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ കൊടുംതമിഴാണ്‌. സന്ദര്‍ഭാനുസരണം സംസ്‌കൃതപദങ്ങളും പ്രയോഗിച്ചിട്ടുണ്ട്‌. സാഹിത്യഭംഗിയിലെന്നപോലെ രസാവിഷ്‌കരണത്തിലും ഇതു മറ്റു ചവിട്ടുനാടകങ്ങളെ അതിശയിപ്പിക്കുന്നു. രസങ്ങളില്‍ വീരത്തിനാണ്‌ പ്രാമുഖ്യം. എന്നാല്‍ ശൃംഗാരം, കരുണം, ശാന്തം തുടങ്ങിയ മറ്റു രസങ്ങള്‍ക്കും സ്ഥാനം നല്‌കിയിട്ടുണ്ട്‌. കവിയുടെ പ്രാര്‍ഥനയോടുകൂടി നാടകം ആരംഭിക്കുന്നു. തുടര്‍ന്ന്‌ "കട്ടിയന്‍' അഥവാ "കട്ടിയക്കാരന്‍' (വിദൂഷകന്‍) പ്രവേശിക്കുന്നു. കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പ്രക്ഷകര്‍ക്കു വിവരിച്ചുകൊടുക്കുന്ന ചുമതല കട്ടിയക്കാരനുള്ളതാണ്‌. ആദ്യം രംഗപ്രവേശം ചെയ്യുന്നത്‌ കാറല്‍മാന്‍ ആണ്‌. "തങ്കരത്‌നമകുടം ചൂടി', സാമന്തന്മാര്‍ സന്തുഷ്‌ടരാകുമാറു ചെങ്കോല്‍ ധരിച്ച്‌, ആന, കുതിര, കാലാള്‍പ്പടകളുടെ അകമ്പടിയോടുകൂടി, ഇരുപാര്‍ശ്വങ്ങളിലും വെഞ്ചാമരങ്ങളാല്‍ വീജിതനായി. ശ്രുതിമധുരമായ സംഗീതധ്വനികളുടെയും ആകാശം പിളര്‍ക്കുന്ന ആചാരവെടികളുടെയും മുഴക്കങ്ങള്‍ക്കിടയില്‍ ഇതാ "സിംഹപരാക്രമനായ കാറല്‍മാന്‍ എഴുന്നെള്ളുന്നു' എന്ന അര്‍ഥത്തിലുള്ള ഒരു "വിരുത്തം' പാടിത്തീരുമ്പോഴാണ്‌ പ്രവേശനം. പരിജനങ്ങളുടെ ചൊല്ലിയാട്ടവും രാജാവിന്റെ "കോലുഹല്‍തരു' (സ്വന്തം പ്രഭാവത്തെ വര്‍ണിച്ചു രാജാവുതന്നെ പാടുന്ന പാട്ട്‌) വും കഴിഞ്ഞു രാജാവും മന്ത്രിമാരും തമ്മില്‍ "നാട്ടുവളമ' (രാജ്യകാര്യങ്ങള്‍) വിചിന്തനം ചെയ്യുന്നു. പിന്നെ ദ്വിഗ്വിജയത്തിനുള്ള പുറപ്പാടാണ്‌. ശത്രുരാജാക്കന്മാരുമായി ചില വീരവാദങ്ങള്‍ (കല) കൈമാറിയ ശേഷം യുദ്ധം തുടങ്ങുന്നു. മന്ത്രിമാരോ സൈന്യാധിപന്മാരോ പാടുന്ന "യുദ്ധത്തരു' വിന്റെ താളത്തിന്‌ ഒപ്പിച്ചാണ്‌ വാള്‍, കുന്തം മുതലായവ ഉപയോഗിച്ചുള്ള പയറ്റ്‌. യുദ്ധങ്ങള്‍ക്കിടയില്‍ ചില പ്രമബന്ധങ്ങള്‍ ഉരുത്തിരിയുന്നു. കാറല്‍മാന്റെ മരുമകന്‍ റോള്‍ദോനും അവദറുമാന്‍ (അബ്‌ദുറഹിമാന്‍) എന്ന ശത്രുരാജാവിന്റെ മകള്‍ ആഞ്ചലിക്കയും തമ്മില്‍ പ്രമബദ്ധരാകുന്നു. ആഞ്ചലിക്കയുടെ രൂപലാവണ്യം റോള്‍ദോന്‍ ഇങ്ങനെ വര്‍ണിക്കുന്നു:

""അമ്പരത്തിലുതിത്തിലകും ചന്ദ്രന്‍ താനോ
അരിവൈമുകം താമരയോ വേലോ നേത്രം
പമ്പരമോ കടൈന്തെടുത്ത  ചിമിഴോ കൊങ്കൈ
പാകവെ കുതര്‍ച്ചിലയോ മുകിലോ കൂന്തല്‍
ഇപ്പുവിയിലവള്‍ക്കിണൈ മറ്റൊരുവരുണ്ടോ
ഏന്‍ ചെയ്‌വേനുനൈക്കാണായിടൈയെപ്പോതോ
തുമ്പിപോല്‍ പറന്തുനാന്‍ ഉന്നൈക്കാണ
സുകൃതമെനക്കേകിടുവീര്‍ തോകയാരെ''
 

(ആകാശത്തില്‍ ഉദിച്ചുശോഭിക്കുന്ന ചന്ദ്രന്‍ തന്നെയോ ഇത്‌? ഇവളുടെ മുഖം താമരയാണോ? കണ്ണുകള്‍ വേല്‍ത്തന്നെയോ? കുചങ്ങള്‍ പമ്പരമാണോ? അതോ കടഞ്ഞെടുത്ത ചിമിഴോ? ആശ്ചര്യകരമാംവണ്ണം പാകപ്പെടുത്തിയ അഞ്‌ജനക്കല്ലോ, കാര്‍മേഘമോ ഈ മുടി? ഈ ലോകത്ത്‌ ഇവള്‍ക്ക്‌ സമം മറ്റൊരാളെ കാണാന്‍ സാധിക്കുമോ? ചിത്രശലഭംപോലെ പറന്നുവന്നു ഞാന്‍ നിന്നെ കാണും. അതിലേക്ക്‌ നിന്റെ സുകൃതം എന്റെമേല്‍ ചൊരിഞ്ഞാലും.)

വീരപരാക്രമിയായ റോള്‍ദോന്‍ കാറല്‍മാന്റെ സ്യാലനായ ഗളളോന്റെ ചതിപ്രയോഗം മൂലം ശത്രുക്കളുടെ പിടിയില്‍പ്പെടുകയും മാരകമായ മുറിവേററു നിലംപതിക്കുകയും ചെയ്യുന്നു. മരണത്തിനുമുമ്പ്‌ ആ വീരഭടന്‍ മുഴക്കിയ അപകടസൂചകമായ കാഹളം കേട്ട്‌ ഓടിയെത്തിയ ചക്രവര്‍ത്തി മരുമകന്റെ മൃതശരീരം വാരിയെടുത്തു, മാറോടണച്ചു ചെയ്യുന്ന വിലാപം കരുണരസത്തിന്‌ ഉത്തമോദാഹരണമാണ്‌. ആ "തുയരത്തരു' (വിലാപഗാനം) ഇങ്ങനെ അവസാനിക്കുന്നു.

""ഉന്തന്‍ മുകം പാര്‍ക്കവന്തോം ഉളം മെലിന്തുവാടി മികവാനേന്‍  ഇപ്പോ 
തുറിതിപെറു മൂന്നുയിര്‍ പോച്ചിരുളടൈന്തിനെനക്കു കണ്‍മകനേ''
 

(ദുഃഖപരവശനായി നിന്റെ മുഖം ഒരു നോക്കു കാണാം എന്നു ആശിച്ച്‌ ഇവിടെ എത്തിയ ഞാന്‍, ചൈതന്യമറ്റ നിന്റെ ഈ ശരീരം കാണുകയാല്‍ എന്റെ കണ്ണുകള്‍ ഇരുളുകയും ഈ ലോകം തന്നെ എനിക്ക്‌ അന്ധകാരമയമായിത്തോന്നുകയും ചെയ്യുന്നു).

ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളിലൂടെയും നാടകം കടന്നുപോകുന്നു. നാടകാന്ത്യത്തില്‍ എല്ലാ നടന്മാരും രംഗത്തുവന്നു മംഗളം പാടിപ്പിരിയുന്നു. കൊച്ചിക്കാരന്‍ കുരിശിങ്കല്‍ ജേക്കബ്‌ ക്ലേരി എന്നൊരാള്‍ പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള കാറല്‍മാന്‍ കഥ മലയാളത്തിലേക്ക്‌ (ആഖ്യായികാ രൂപത്തില്‍) വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍