This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍

Karst Topography

ലാപീസ്‌ -യോര്‍ക്‌ഷെയര്‍, ഇംഗ്ലണ്ട്‌

ഭൂജലത്തിന്റെ അപരദന പ്രക്രിയകളുടെ ഫലമായി, വിലായക സ്വഭാവമുള്ളതും പ്രത്യേകിച്ച്‌ ചുണ്ണാമ്പു ശിലാപ്രദേശങ്ങളില്‍ ഉണ്ടാകുന്നതുമായ ചില പ്രത്യേകതരം സ്ഥലരൂപങ്ങള്‍. യൂഗോസ്ലാവിയയിലെ ഒരു ജില്ലയും ഒരു പീഠഭൂമിയും കാര്‍സ്റ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്‌. ഇവിടത്തെ ഡാല്‍മേഷ്യന്‍ തീരപ്രദേശത്തുള്ള ചുണ്ണാമ്പു പ്രദേശത്തിന്റെ പേരായ കാര്‍സോ(Carso)യില്‍ നിന്നാണ്‌ "കാര്‍സ്റ്റ്‌' (Karst)എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. പടിഞ്ഞാറന്‍ യൂഗോസ്ലാവിയയിലെ ഇടതിങ്ങിയതും വളരെ ആഴത്തിലുള്ളതും ആയ ഉയര്‍ന്ന ചുണ്ണാമ്പുപ്രദേശങ്ങളാണ്‌ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളായി അറിയപ്പെട്ടിരുന്നത്‌. ആഡ്രിയാറ്റിക്‌ കടലിന്റെ തീരപ്രദേശത്തുള്ള യൂഗോസ്ലാവിയയുടെ കാര്‍സ്റ്റ്‌ പ്രദേശത്തിന്‌ ഏതാണ്ട്‌ 475 കി.മീ. നീളവും 100 കി.മീ. വീതിയും 1,330നും 2,000 മീറ്ററിനും ഇടയില്‍ ഉയരവുമുണ്ട്‌. ഇന്ന്‌ ഇത്തരത്തിലുള്ള സ്വഭാവവിശേഷങ്ങളുള്ള എല്ലാ പ്രദേശങ്ങളും ഈ നാമത്താല്‍ അറിയപ്പെടുന്നു. സാധാരണയായി ഈ സ്ഥലരൂപങ്ങളില്‍ ഉപരിതല അരുവികളും തടാകങ്ങളും നന്നേ കുറവായിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ കാണപ്പെടുന്നുണ്ട്‌. യൂഗോസ്ലാവിയയുടെ വിവിധ ഭാഗങ്ങള്‍, സ്വിറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സ്‌ പര്‍വതനിരകള്‍, ഇംഗ്ലണ്ടിലെ പെന്നയിന്‍ നിരകള്‍, യു.എസ്സിന്റെ പടിഞ്ഞാറന്‍ മധ്യദേശം, തെക്ക്‌ പടിഞ്ഞാറെ ഇല്ലിനോയ്‌, ദക്ഷിണ ഇന്‍ഡ്യാനാ, കെന്റക്കിയിലെ മാമത്‌ ഗുഹകള്‍, ഫ്‌ളോറിഡയുടെ വടക്കുഭാഗങ്ങള്‍, ക്യൂബ, മെക്‌സിക്കോ, ആസ്റ്റ്രലിയ, യുക്കാട്ടന്‍ ഉപദ്വീപ്‌, ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങള്‍, റഷ്യയിലെ യുറാള്‍ മലനിരകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ കാണപ്പെടുന്നു.

കാര്‍സ്റ്റ്‌ രൂപീകരണം-ഒരു ചിത്രീകരണം

മൂന്നു ഘട്ടങ്ങളില്‍ക്കൂടിയാണ്‌ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ വികാസം പ്രാപിക്കുന്നത്‌. ലാപീസ്‌ (Lapies), സ്വൊളോ ഹോള്‍സ്‌ (Swallow holes), ഡോളൈന്‍സ്‌ (Dolines)എന്നിവ ആദ്യത്തെ ഘട്ടത്തില്‍ നിര്‍മിക്കപ്പെടുന്നവയാണ്‌. രണ്ടാംഘട്ടത്തില്‍ ഭൂഗര്‍ഭതട്ടുകളും ഗുഹകളും ഉണ്ടാകുകയും, സ്വാളോ ഹോള്‍സ്‌, ഡോളൈന്‍സ്‌, സിങ്ക്‌ ഹോള്‍സ്‌ മുതലായവ വലുതാകുകയും ചെയ്യുന്നു. ഇവിടെ ജലവിഭാജകത്തിന്റെ (watershed) അളവു കുറയുന്നു. പ്രൗഢാവസ്ഥയില്‍ ഡോളൈന്‍സും, സ്വാളോ ഹോള്‍സും ഇടിഞ്ഞു തകര്‍ന്ന്‌ ഉവാലകള്‍ നിര്‍മിക്കപ്പെടുന്നു. 80125 കി.മീ. വിസ്‌തൃതി ഉണ്ടായേക്കും. മൂന്നാമത്തേതും അവസാനത്തേതുമായ അവസ്ഥയിലാണ്‌ ഗുഹകള്‍ ഇടിഞ്ഞമര്‍ന്ന്‌ പോള്‍ജകള്‍ (Polje) രൂപം കൊള്ളുന്നത്‌.

ഡോളൈന്‍

പൊതുവായി, കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളെ രണ്ടായി തിരിക്കാം; ഉപരിതല കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളും ഭൂഗര്‍ഭ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളും. ഉപരിതലത്തിലുണ്ടാകുന്നവയ്‌ക്ക്‌ വീതികുറഞ്ഞ ധാരാളം കിടങ്ങുകള്‍, ചാനലുകള്‍, സുഷിരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഇതിന്‌ 1 സെ.മീ. മുതല്‍ 2 മീ. വരെ ആഴവും കാണും. ചില സ്ഥലങ്ങളില്‍ ഇവയൊക്കെ അന്യോന്യം സമാന്തരമായും ചിലപ്പോള്‍ യാതൊരു ക്രമവും കൂടാതെയും ഉപരിതലങ്ങള്‍ കൂട്ടിമുട്ടിയും ആയിരിക്കും കാണപ്പെടുക. അന്തരീക്ഷജലം ഉള്‍പ്പെടെയുള്ള ഒഴുകുന്ന ജലത്തിന്റെ അപരദന പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്റെ വികാസത്തില്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ശിലാസന്ധികളില്‍ക്കൂടി ജലം ഊര്‍ന്നിറങ്ങി ക്രമേണ ചുണ്ണാമ്പുശിലകളിലെ ധാതുക്കളെ അലിയിക്കുകയും തന്മൂലം ഘടകങ്ങള്‍ വേര്‍തിരിഞ്ഞ്‌ ഈ സന്ധികള്‍ ക്രമേണ വലുതാവുകയും ചെയ്യുന്നു. സ്വാളോ ഹോള്‍സ്‌ അന്തരീക്ഷജലം ഭൂഗര്‍ഭത്തിലേക്കു കടക്കുന്നതിനുള്ള ലംബരൂപത്തിലുള്ള ഒരു വഴിയാണ്‌. മിക്കപ്പോഴും മറ്റു കാര്‍സ്റ്റ്‌ രൂപങ്ങളോടുകൂടിച്ചേര്‍ന്നാണ്‌ ഇവ കാണപ്പെടുക. കാര്‍സ്റ്റ് പ്രദേശങ്ങളിലെ പൊതുവായ ഒരു രൂപമാണ്‌ വെള്ളക്കുഴി(sink)മെഡിറ്ററേനിയന്‍ കടലിന്റെയും കരിങ്കടലിന്റെയും തീരപ്രദേശങ്ങള്‍ യൂഗോസ്ലാവിയയുടെ തെക്കു ഭാഗങ്ങള്‍, പടിഞ്ഞാറെ ഇല്ലിനോയി, ആസ്റ്റ്രലിയയുടെ ചില ഭാഗങ്ങള്‍, ലെനിന്‍ഗ്രാഡ്‌, അങ്കാറ എനിസി തടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ ഇവ സര്‍വസാധാരണമാണ്‌.

വെള്ളക്കുഴികള്‍ പല ആകൃതിയില്‍ കാണപ്പെടുന്നു. ചിലത്‌ ചോര്‍പ്പിന്റെ ആകൃതിയില്‍ വശങ്ങള്‍ കുത്തനെയുള്ളതായിരിക്കും. എന്നാല്‍ മറ്റു ചിലത്‌ ചെറുതടങ്ങള്‍ പോലെയോ, വശങ്ങള്‍ ചെറുചരിവുകളോടുകൂടിയ തട്ടത്തിന്റെ ആകൃതിയിലോ ആയിരിക്കും, സാധാരണയായി എല്ലാ വെള്ളക്കുഴികള്‍ക്കും 1 മീ. മുതല്‍ 50 മീ. വരെ വ്യാസം ഉണ്ടായിരിക്കും. അപൂര്‍വമായി ചിലതിന്‌ 100 മീ. വ്യാസവും കാണാം. ഇതിന്റെ ആഴം 15 മീറ്ററിനും 20 മീറ്ററിനും ഇടയ്‌ക്കായിരിക്കും. വെള്ളക്കുഴിയുടെ അടിഭാഗത്തുള്ള സുഷിരങ്ങള്‍ വഴിയാണ്‌ ഉപരിതലജലം അടിഭാഗത്തേക്ക്‌ കടക്കുന്നത്‌. റഷ്യയിലെ ക്രിമിയന്‍ എയില(Crimean Yaila)യിലെ ചില പ്രദേശങ്ങളില്‍ ച.കി.മീ.ന്‌ 80 വെള്ളക്കുഴികളില്‍ക്കൂടുതല്‍ കാണുന്നു. യൂറാളിന്റെ പടിഞ്ഞാറേ ചരിവിലുള്ള കൈസല്‍ കല്‍ക്കരി തടത്തില്‍ ച.കി.മീ.ന്‌ 30നും 120നും ഇടയ്‌ക്ക്‌ വെള്ളക്കുഴികള്‍ ഉണ്ട്‌.


ഭൂഗര്‍ഭ കാര്‍സ്റ്റ്‌ ഗുഹകളുടെ മുകള്‍ത്തട്ട്‌ ഇടിഞ്ഞുവീണും വെള്ളക്കുഴികള്‍ സൃഷ്‌ടിക്കപ്പെടാം. ലേയശിലകളുടെ (soluble rock) മുകളിലായി കട്ടിയുള്ള അലേയശിലകള്‍ (insoluble rocks) സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണമാണ്‌. കാര്‍സ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌ ഭൂഗര്‍ഭത്തിലാണ്‌. ഇവിടെ മറ്റ്‌ അറകളെല്ലാം ഇല്ലാതാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളക്കുഴി ദ്വാരങ്ങള്‍ (sink holes) താരതമ്യേന വലുതായിരിക്കും. ഇവ റഷ്യയിലെ ലെനിന്‍ഗ്രാഡ്‌, ട്യൂളാ, ഇവാനോവാ മുതലായ പ്രദേശത്തും മെക്‌സിക്കോ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌ മുതലായ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലും സാധാരണമാണ്‌. ചില സ്ഥലത്ത്‌ ഇവ ഒരു ശൃംഖലയായി കാണപ്പെടുന്നു. അപരദനത്തിന്റെ ഫലമായി ഇത്തരം ശൃംഖലകള്‍ കാര്‍സ്റ്റ്‌ കൊല്ലികളുടെ സൃഷ്‌ടിക്കു കാരണമാകുന്നു.

കാര്‍സ്റ്റ്‌ തടാകം-ഇറ്റലി

കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളിലെ മറ്റു രൂപങ്ങളാണ്‌ കോള്‍ഡ്രണ്‍സും (Karst Cauldrons) പോള്‍ജയും (Polje). ഒന്നിലധികം കാര്‍സ്റ്റ്‌ വെള്ളക്കുഴികള്‍ ഒത്തുചേര്‍ന്നും വലിയ കാര്‍സ്റ്റ്‌ അറകളുടെ മുകള്‍ഭാഗം ഇടിഞ്ഞമര്‍ന്നും ആണ്‌ ഇതുണ്ടാകുന്നത്‌. സാധാരണയായി വിവര്‍ത്തനിക (tectonic) പ്രവൃത്തികളുമായി കൂടിച്ചേര്‍ന്നാണ്‌ ഇവ രൂപവത്‌കൃതമാകുന്നത്‌. അപരദനവും അപക്ഷയ പ്രവൃത്തികളും ഇതിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. കോള്‍ഡ്രണ്‍സിന്റെയും പോള്‍ജയുടെയും ഭൂതലത്തിലുള്ള സ്വാളോ ഹോള്‍സ്‌ ജലനിര്‍ഗമനത്തിന്‌ സഹായിക്കുന്നു. ഇതിന്റെ ചുവരുകള്‍ക്ക്‌ ചിലപ്പോള്‍ 100 മീറ്ററുകളോളം ഉയരം ഉണ്ടാകും. യൂഗോസ്ലാവിയയുടെ കാര്‍സ്റ്റ്‌ പീഠഭൂമികളിലും, കാക്കസ്സിലും യുക്കാട്ടന്‍ ഉപദ്വീപിലും ഇവ രണ്ടും കാണപ്പെടുന്നുണ്ട്‌. പെട്ടെന്ന്‌ അപ്രത്യക്ഷമാകുന്ന തടാകങ്ങളും ഇടവിട്ടിടവിട്ട്‌ ഉദ്‌ഭവിക്കുന്ന നദികളും (intermittent rivers) ഉെപരിതല കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളുടെ പ്രത്യേകതകളാണ്‌. റഷ്യയിലെ സുവക്‌സു(Suvk Su)വിലുള്ള ക്രിമിയന്‍ നദി ഇതിന്‌ ഉത്തമോദാഹരണമാണ്‌. ഇത്‌ 4 കിലോമീറ്ററോളം ഉപരിതലത്തിലൂടെ ഒഴുകി അപ്രത്യക്ഷമായി, കാരന്‍ലിക്‌കോബാ ഗുഹയില്‍ (Kharanlyk-Khoba) വീണ്ടും ഉദ്‌ഭവിക്കുന്നു. ഇതുപോലുള്ള അനവധി നദികള്‍ വിവിധ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളില്‍ ഉണ്ട്‌. റഷ്യയിലെ ഇവാനോവാ പ്രദേശത്തെ സ്യംഗോ (Syamgo) തടാകവും ലെനിന്‍ഗ്രാഡിലെ മെസ്‌വെഡ്‌കോ തടാകങ്ങളും ഇപ്രകാരമുള്ളവയാണ്‌. ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ വൃക്ഷങ്ങള്‍, ചെടികള്‍, തൂണുകള്‍ എന്നിവയുടെ ആകൃതിപോലെ തോന്നിക്കുന്ന കാര്‍സ്റ്റ്‌ രൂപങ്ങള്‍ കാണാം. തദ്ദേശവാസികള്‍ ഇതിനെ സ്റ്റോണ്‍ ഫോറസ്റ്റ്‌ (Stone forest)എന്നു വിളിക്കുന്നു.

ഉപരിതല കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളെ കൂടാതെ ഭൂഗര്‍ഭരൂപങ്ങളും സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ലംബമായതും തിരശ്ചീനമായതും ആയ ഭൂഗര്‍ഭചാലുകളും ഗുഹകളും വിശാലമായ കിടങ്ങുകളും ഇതിനുദാഹരണങ്ങളാണ്‌. ഭൂഗര്‍ഭജലത്തിന്റെ പ്രവൃത്തികള്‍ കൊണ്ടാണ്‌ ഇത്തരം ഭൂരൂപങ്ങള്‍ ഉടലെടുക്കുന്നത്‌. മഴവെള്ളത്തിന്റെ ഒരു ഭാഗം മണ്ണിന്റെ അടിയിലേക്ക്‌ ഊര്‍ന്നിറങ്ങിയാണ്‌ ഭൂഗര്‍ഭജലം ഉണ്ടാകുന്നത്‌. ഈ വെള്ളത്തെയാണ്‌ അടിവെള്ളം എന്ന്‌ പറയുന്നത്‌. ചിലയിടങ്ങളില്‍ അടിവെള്ളം കൂടിയും മറ്റുചിലയിടത്ത്‌ കുറഞ്ഞും ഇരിക്കും. ഇത്‌ അതാതു പ്രദേശങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും നിലകൊള്ളുക. ഭൂമുഖത്താകെയുള്ള വാര്‍ഷിക വര്‍ഷപാതത്തിന്റെ പത്തിരട്ടി ഭൂഗര്‍ഭത്തില്‍ ജലരൂപത്തില്‍ തങ്ങിനില്‌ക്കുന്നുവെന്നാണ്‌ വിശ്വാസം. പ്രവേശ്യശിലാതലങ്ങളിലുള്ള രന്ധ്രങ്ങള്‍, വിടവുകള്‍ തുടങ്ങിയവയിലൂടെ ഊര്‍ന്നിറങ്ങുന്ന ജലം രാസപ്രവര്‍ത്തനംകൊണ്ട്‌ ശിലാംശങ്ങളെ ധാരാളമായി ലയിപ്പിക്കുന്നു. അടിഭാഗത്തിന്റെ സുഷിരത കൂടിയും കുറഞ്ഞുമിരിക്കുന്നതനുസരിച്ച്‌ ഉറവകള്‍, കിണറുകള്‍ മുതലായവയുടെ ജലനിരപ്പ്‌ കൂടിയും കുറഞ്ഞും കാണാം. ഭൂതലത്തെ രൂപാന്തരപ്പെടുത്തുന്നതില്‍ ഈ അടിവെള്ളത്തിന്‌ സാരമായ പങ്കുണ്ട്‌. ഇത്‌, അടിയില്‍ ചുണ്ണാമ്പുപാറകളാണെങ്കില്‍ ഭൂമിക്കടിയില്‍ വിശാലമായ കിടങ്ങുകള്‍, താഴ്‌വരകള്‍, വലിയ പോതുകള്‍, സ്റ്റാലഗ്‌റ്റൈറ്റുകള്‍, സ്റ്റാലഗ്‌മൈറ്റുകള്‍ മുതലായ വിചിത്രഭൂരൂപങ്ങളെ സൃഷ്‌ടിക്കുന്നു. ഭൂഗതജലം ക്രമേണ വിള്ളലുകളെ വലുതാക്കി ഗുഹാരൂപത്തിലാക്കുകയും പരുപരുത്തതും ചാലുകളോടുകൂടിയതുമായ ഭൂരൂപങ്ങളെ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഇവ ലാപീസ്‌ എന്നറിയപ്പെടുന്നു.

വിള്ളലുകളിലൂടെ ഒഴുകുന്ന ഭൂഗര്‍ഭജലം വിസ്‌താരമേറിയ ഗുഹകളോ കിടങ്ങുകളോ ഭൂഗര്‍ഭചാലുകളോ ആകുന്നതുവരെ വിള്ളലുകളെ വലുതാക്കിക്കൊണ്ടിരിക്കും. എന്നാല്‍ ലോകത്തിലെ എല്ലാ ഗുഹാപ്രദേശങ്ങളും ഇത്തരം കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളാകണമെന്നില്ല. ഗുഹാപ്രതലം വളരെ വലുതാകുകയും മുകള്‍ഭാഗം ഉപരിതലത്തിനോട്‌ അടുക്കുകയും ചെയ്യുമ്പോള്‍ ഇടിഞ്ഞമര്‍ന്നാണ്‌ വിശാലമായ കിടങ്ങുകളും മറ്റും ഉണ്ടാകുന്നത്‌. ഇവയാണ്‌ ഡോളൈന്‍സ്‌ എന്ന്‌ അറിയപ്പെടുന്നത്‌. കാര്‍സ്റ്റ്‌ പ്രദേശങ്ങളിലെ പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു രൂപമാണ്‌ ഡോളൈനുകള്‍. ഇതിലൂടെയാണ്‌ ഉപരിതലജലം അടിവെള്ളമായി മാറുന്നത്‌. ഇത്‌ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളുടെ ഒരു സവിശേഷതയാണ്‌. മൂന്നു മീറ്ററിനും 10 മീറ്ററിനും മധ്യേ വ്യാസമുള്ളതും മുകള്‍ഭാഗം ചോര്‍പ്പിന്റെ ആകൃതിയിലുള്ളതും ആയ കാര്‍സ്റ്റ്‌ രൂപങ്ങള-ാണ്‌ ഡോളൈനുകള്‍. ചില സ്ഥലത്ത്‌ ഇവയ്‌ക്ക്‌ ആഴം കുറവും വ്യാസം കൂടുതലും ആയിരിക്കും. ശുഷ്‌കപ്രദേശങ്ങളില്‍ ഇവ കുത്തനെയുള്ള വശങ്ങളുള്ളതും ആഴം കൂടിയതുമായിരിക്കും. എന്നാല്‍ സസ്യജാലങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ഇവ വൃത്താകാരത്തില്‍ ആഴം കുറഞ്ഞതും ആയിരിക്കും. സിങ്കുഹോളും സ്വാളോ ഹോളും ഇതിന്റെ രണ്ടു വകഭേദങ്ങളാണ്‌. ഗോളസ്‌തംഭാകൃതിയില്‍ (cylindrical) ഉള്ളതും ശുഷ്‌കവുമായ ഒരു രന്ധ്രത്തെയാണ്‌ ബ്രിട്ടീഷ്‌ ഭൂമിശാസ്‌ത്രജ്ഞന്മാര്‍ സ്വാളോ ഹോള്‍ എന്നു പറയുന്നത്‌. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറിലുള്ള ഗ്യാപിങ്‌ ഗില്‍ (Gaping Ghyll) ഇതിന്‌ ഉദാഹരണമാണ്‌. ഇത്‌ ക്രമേണ വലുതായി കൊണ്ടിരിക്കുന്നു. ഇതേ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാകുന്ന ഗുഹകളുടെ ഉപരിഭാഗം തകരുമ്പോള്‍ ചെദ്‌ദാര്‍ ചുരം (Cheddar gorge) പോലെയുള്ള ചുണ്ണാമ്പു ശിലാചുരങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു.

കാര്‍സ്റ്റ്‌ പ്രദേശങ്ങളിലെ വൃത്താകാരത്തിലുള്ള ഒരു ചെറിയ ചതുപ്പുനിലത്തെയാണ്‌ യു.എസ്സില്‍ സിങ്ക്‌ഹോള്‍ എന്നു പറയുന്നത്‌. ഒന്നിലധികം ഡോളൈന്‍സ്‌ ചേര്‍ന്ന്‌ താണുപോകുന്നതിന്റെ ഫലമായി ഉവാല (Uvala) എന്നറിയപ്പെടുന്ന ഒരുതരം കിടങ്ങുകള്‍ ഉണ്ടാകുന്നു. ഇതില്‍ ചിലതിന്‌ കിലോമീറ്ററുകളോളം വലുപ്പം ഉണ്ടായിരിക്കും. കൂടാതെ കളിമണ്ണ്‌ അടിഞ്ഞുകൂടിയിരിക്കും. ഉവാലകള്‍ ഇടിഞ്ഞുതകര്‍ന്നു പോള്‍ജ രൂപം കൊള്ളുന്നു. കുത്തനെയുള്ള വശങ്ങളോടു കൂടിയതും നാലുവശവും അടയ്‌ക്കപ്പെട്ടതുമായ തടങ്ങളാണ്‌ ഇവ. പ്രതലം നിരപ്പുള്ളതും, നീര്‍ച്ചാലുകളോടുകൂടിയതുമാണ്‌. കാര്‍സ്റ്റ്‌ പ്രദേശത്തെ ഭ്രംശതാഴ്‌വര (Rift Valley) എന്നും ഇത്‌ അറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ഇവയ്‌ക്ക്‌ 100 ച.കി.മീ.ല്‍ കൂടുതല്‍ വിസ്‌തീര്‍ണമുണ്ടാകും. സാധാരണയായി ഭ്രംശനം കാരണം ആണ്‌ ഇത്‌ ഉണ്ടാകുന്നത്‌. ഇതിന്റെ അടിത്തട്ടില്‍ അപരദനത്തിന്റെയും അപക്ഷയത്തിന്റെയും ഫലമായുണ്ടായ ചില ധാതുലവണങ്ങളടങ്ങിയ മണ്ണ്‌ അടിഞ്ഞുകൂടുന്നു. ഈ മണ്ണിന്‌ നല്ല ഫലപുഷ്‌ടിയുള്ളതിനാല്‍ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളില്‍ പോള്‍ജ മാത്രമേ കൃഷി ചെയ്യാനുപയോഗിക്കുന്നുള്ളൂ. വളരെയധികം മഴ ലഭിക്കുന്ന ചില പ്രദേശങ്ങളില്‍ കാര്‍സ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ കാരണം ലഭ്യമാകുന്ന ജലാംശം മുഴുവന്‍ ഭൂഗര്‍ഭജലമായി മാറുന്നു. ഇവിടങ്ങളില്‍ നിത്യോപയോഗത്തിനുള്ള ജലത്തിനുപോലും ക്ഷാമം അനുഭവപ്പെടുന്നു. സിങ്ക്‌ഹോളിന്റെ അടിത്തട്ടിലുള്ള ചെറിയ ഉറവകളാണ്‌ ഇവിടെ ജലത്തിനുള്ള ഒരേ ഒരാശ്രയം.

ചുണ്ണാമ്പുശിലാ ഗുഹകളിലെ മനോഹരമായ ഭൂരൂപങ്ങളാണ്‌ സ്റ്റാലക്‌റ്റൈറ്റ്‌സ്‌ (stalactites), സ്റ്റൊലഗ്‌മൈറ്റ്‌സ്‌ (stalagmites), വെില്ലേര്‍സ്‌ എന്നിവ. ചുണ്ണാമ്പു ശിലാപടലങ്ങളിലെ ഗുഹകളുടെ മുകള്‍ഭാഗത്തുനിന്നും രാസാപക്ഷയം കാരണം താഴേക്കു വളരുന്ന കൂര്‍ത്തതും കനം കുറഞ്ഞതുമായ ഒരു ശിലാശിഖരമാണ്‌ സ്റ്റാലക്‌റ്റൈറ്റ്‌. ഇത്‌ ക്രമേണ ഗുഹാഗ്രത്തുനിന്നും താഴേക്കു വളര്‍ന്നുവരുന്നു. ഇതില്‍നിന്നും കാത്സ്യം അടങ്ങുന്ന ജലത്തുള്ളികള്‍ ഗുഹയുടെ പ്രതലഭാഗത്തു വീഴുന്നതുമൂലം അടിയില്‍നിന്ന്‌ മുകളിലേക്ക്‌ വളര്‍ന്നുവരുന്ന മറ്റൊരു ഭൂരൂപമാണ്‌ സ്റ്റാലഗ്‌മൈറ്റ്‌. ഇത്‌ സ്റ്റാലക്‌റ്റൈറ്റിനെ അപേക്ഷിച്ച്‌ ചെറുതും കട്ടിയുള്ളതും ഉരുണ്ടതുമാണ്‌. ക്രമേണ വളരെക്കാലങ്ങള്‍ക്കുശേഷം ഇതു രണ്ടും കൂടിച്ചേര്‍ന്ന്‌ ഒരു തൂണിന്റെ രൂപത്തിലായിത്തീരുന്നു. കുലാലംപൂരിലെ ഗുഹകളിലും കെന്റകിയിലെ മാമത്‌ ഗുഹകളിലും ന്യൂമെക്‌സിക്കോയിലെ കാരിസ്‌ബാദ്‌ ഗുഹകളിലും യൂഗോസ്ലാവിയയിലെ പോസ്റ്റോജ്‌നാ ഗുഹകളിലും ഇത്തരം കാര്‍സ്റ്റ്‌ രൂപങ്ങള്‍ കാണാം. നദീതടാപരദനവും കാര്‍സ്റ്റ്‌ ഗുഹകളും തമ്മില്‍ സാരമായ ബന്ധമുണ്ട്‌. ഗുഹാമുഖം നദീതടത്തിന്റെ വശങ്ങളിലായിരിക്കും സാധാരണ കാണുക. ജലവിതാനത്തിനു സമീപമുള്ള ഗുഹാമുഖങ്ങളുടെ വശങ്ങള്‍ പെട്ടെന്നുള്ള അപരദനത്തിന്റെ ഫലമായി വേഗം തകര്‍ന്നുപോകാന്‍ കാരണമാകും. അതുകൊണ്ട്‌ നദീതടത്തിലെ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ ആ പ്രദേശത്തെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും ഉണ്ടാവുന്നത്‌.

കാര്‍സ്റ്റ്‌ വിഭാഗങ്ങള്‍. കാര്‍സ്റ്റ്‌ പ്രവൃത്തികളുടെ വികസനസ്വഭാവം, കാലാവസ്ഥയെ ആശ്രയിച്ചുള്ള കാസ്റ്റ്‌ രൂപങ്ങളുടെ യോജിപ്പ്‌, ശിലകളില്‍ കാണപ്പെടുന്ന വിടവുകളുടെ രീതി എന്നിവയെ കണക്കിലെടുത്ത്‌ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു.

(i) മെഡിറ്ററേനിയന്‍ അഥവാ തുറന്നയിനം. (Mediterranean or open type). മെഡിറ്ററേനിയന്റെ സമീപപ്രദേശങ്ങളിലും കാക്കസസ്സിലും ക്രിമിയയിലും ഇന്തോനേഷ്യയുടെ ചില പ്രദേശങ്ങളിലും ഫിലിപ്പീന്‍സിന്റെ തെക്കുഭാഗത്തും ഇത്തരം കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ ഉണ്ട്‌. കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളുടെ ഒരു സമ്മിശ്രണം ഇവിടെ കാണാം. വെള്ളക്കുഴികള്‍, സ്വാളോ ഹോള്‍, കോള്‍ഡ്രണ്‍സ്‌, ബേസിന്‍സ്‌, പോള്‍ജ, ഇന്റര്‍മിറ്റന്റ്‌ നദികള്‍, ഗുഹകള്‍ മുതലായവ ഇവിടെ കാണപ്പെടുന്നു.

(ii) മിഡ്‌ യൂറോപ്യന്‍ അഥവാ അടഞ്ഞയിനം (Mid European or closed type). മിതമായ ആര്‍ദ്രകാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ്‌ ഇത്തരം കാര്‍സ്റ്റ്‌ രൂപങ്ങള്‍ സാധാരണയായി കണ്ടുവരുന്നത്‌. റഷ്യയുടെ യൂറോപ്യന്‍ ഭാഗങ്ങളിലും സൈബീരിയയിലും യുറാലിലും മെക്‌സിക്കോയിലും ഇന്‍ഡ്യാന മുതലായ സ്ഥലങ്ങളിലും ഇവ കാണപ്പെടുന്നു. ഇവിടെ വിഘടിത നിക്ഷേപങ്ങളുടെ ആവരണത്തിലാണ്‌ കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍ ഉടലെടുക്കുന്നത്‌. അതിനാല്‍ പല കാര്‍സ്റ്റ്‌ രൂപങ്ങളും അപ്രത്യക്ഷമായിരിക്കും. കാര്‍സ്റ്റ്‌ തടങ്ങളോ, പോള്‍ജയോ ഇവിടെ കാണാന്‍ കഴിയില്ല. പ്രധാന കാര്‍സ്റ്റ്‌ രൂപം അടിഭാഗത്തു സുഷിരം ഉള്ള വെള്ളക്കുഴികള്‍ ആണ്‌. വളരെ അപൂര്‍വമായി കാര്‍സ്റ്റ്‌ കൊല്ലികളും ഇന്റര്‍മിറ്റന്റ്‌ നദികളും കാണപ്പെടുന്നു.

യൂറോപ്പിലെ ഒരു കാര്‍സ്റ്റ്‌ പ്രദേശം

ഗുണങ്ങള്‍. ഖനികളില്‍ സംഭവിക്കാവുന്ന വെള്ളപ്പൊക്കത്തെയും ജനത്തിരക്കുള്ള വ്യാവസായിക പ്രദേശത്തുള്ള ജലവിതരണത്തെയും കാലേകൂട്ടി മനസ്സിലാക്കാന്‍ ആ പ്രദേശത്തെ കാര്‍സ്റ്റിനെപ്പറ്റിയുള്ള അറിവ്‌ ഉപകരിക്കുന്നു. മിക്ക കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങളും ശുഷ്‌കമായ പ്രദേശങ്ങളാണ്‌. എന്നാല്‍ ചിലയിടങ്ങളില്‍ മണ്ണു കലര്‍ന്ന നേര്‍മയേറിയ പാളിയുണ്ട്‌. വിള്ളലുകളും സുഷിരതയും കാരണം ഇത്തരം പ്രദേശങ്ങളില്‍ സസ്യങ്ങളുടെ വളര്‍ച്ച നന്നേ കുറവാണ്‌. ചില സ്ഥലങ്ങളില്‍ ചെറിയ പുല്‍ച്ചെടികളും കുറ്റിച്ചെടികളും വളരുന്നു. ഇവ മേച്ചില്‍സ്ഥലങ്ങളായി രൂപാന്തരപ്പെടുന്നു. ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ താരതമ്യേന മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ സസ്യജാലങ്ങള്‍ വളരുന്നു. ജനവാസം പലയിടത്തും നന്നേ കുറവാണ്‌. പ്രധാന ധാതു കാരീയം (ലെഡ്‌) ആണ്‌. ഇത്‌ ശിലാസിരകളില്‍ ചുണ്ണാമ്പുപാറയുമായി ചേര്‍ന്നിരിക്കുന്നു. നല്ലതരം ചുണ്ണാമ്പുപാറകള്‍ സിമെന്റിന്റെ നിര്‍മാണത്തിനും കെട്ടിടനിര്‍മാണത്തിനും ഉപയോഗിച്ചുവരുന്നു. പടിഞ്ഞാറന്‍ മലേഷ്യയിലെ ലെഡാങ്‌ മലനിരകളിലെയും മെയിന്‍ നിരകളിലെയും ചുണ്ണാമ്പുപാറകള്‍ സിമെന്റ്‌ കമ്പനികള്‍ ഖനനം ചെയ്‌ത്‌ എടുക്കുന്നുണ്ട്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍