This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷിക സ്ഥിതിവിവരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഷിക സ്ഥിതിവിവരം

കാര്‍ഷികകാര്യങ്ങളെ സംബന്ധിച്ച സാംഖ്യകീയ (statistical) വിവരങ്ങളും അവയുടെ ശാസ്‌ത്രീയമായ വിശകലനവും. നിരവധി കാര്‍ഷികവിളകളും വൈവിധ്യം നിറഞ്ഞ കാര്‍ഷികമുറകളുമുള്ള കൃഷിമേഖല സംബന്ധിച്ച വിശദമായ ഏതുവിവരവും ഒരു രാഷ്‌ട്രത്തിന്റെ സമ്പദ്‌ഘടനയില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമായി അറിയുന്നതിന്‌ കാര്‍ഷികസ്ഥിതിവിവരം സഹായിക്കുന്നു. ഓരോ വിളയും കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണം, കൃഷിച്ചെലവുകള്‍, മൊത്തം ഉത്‌പാദനം, വിപണനം തുടങ്ങിയ വിവരങ്ങള്‍ കാര്‍ഷിക സ്ഥിതിവിവരത്തിന്റെ പരിധിയില്‍പ്പെടുന്നു. സ്ഥിതിവിവരം ശേഖരിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുന്ന വിധവും പരീക്ഷണങ്ങള്‍വഴി ലഭിക്കുന്ന വിവരങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്‌ത്‌ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനായി അവ ഉപയോഗപ്പെടുത്തുന്ന രീതികളും അതുമായി ബന്ധപ്പെടുന്ന മറ്റെല്ലാ വസ്‌തുതകളും ഈ വിജ്ഞാനശാഖ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യയില്‍. കാര്‍ഷികപ്രധാനമായ സമ്പദ്‌വ്യവസ്ഥ നിലവിലുള്ള ഇന്ത്യയുടെ സാമ്പത്തിക വികസനത്തില്‍ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ബി.സി. 3-ാം ശതകത്തില്‍ത്തന്നെ ഇന്ത്യയില്‍ കൃഷിസംബന്ധമായ കണക്കെടുപ്പ്‌ നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തിലും കാര്‍ഷിക സ്ഥിതിവിവരങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആസൂത്രിത സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കാനേഷുമാരി കണക്കെടുപ്പുപോലെതന്നെ ശാസ്‌ത്രീയമായ രീതിയില്‍ കാര്‍ഷികസ്ഥിതിഗതികളെക്കുറിച്ചും കൃത്യമായ കണക്കെടുപ്പ്‌ നടത്തിവരുന്നുണ്ട്‌. 194060 കാലങ്ങളില്‍ കാര്‍ഷിക മേഖലയെക്കുറിച്ച്‌ നാഷണല്‍ സാമ്പിള്‍ സര്‍വേ (National Sample Survey) നാമമാത്രമായ വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും സമഗ്രമായ ആദ്യത്തെ കാര്‍ഷിക കണക്കെടുപ്പ്‌ (Agricultural Census) നെടന്നത്‌ 197071 ല്‍ മാത്രമായിരുന്നു. ഭക്ഷ്യ കാര്‍ഷിക സംഘടന (F.A.O) യുടെ സാങ്കേതിക സഹായത്തോടെയാണ്‌ പ്രസ്‌തുത കണക്കെടുപ്പ്‌ നടത്തിയത്‌.

ഒരുലക്ഷത്തില്‍പ്പരം ഗ്രാമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഈ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടില്‍ (All India Report on Agricultural Census 1970-71) നെിന്ന്‌ ഇന്ത്യന്‍ കാര്‍ഷികരംഗത്തെക്കുറിച്ച്‌ പല പ്രസക്തവിവരങ്ങളും ലഭിച്ചു. ഈ കണക്കെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ പഞ്ചവത്സരപദ്ധതികളുടെ ആസൂത്രണത്തിലും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മറ്റു ക്ഷേമനടപടികള്‍ക്കും വളരെയേറെ പ്രയോജനപ്പെട്ടു.

കാര്‍ഷികസ്ഥിതിവിവരത്തെ പ്രധാനമായും രണ്ടു ഭാഗങ്ങളായി തിരിക്കാം.

1. അടിസ്ഥാന വിവരങ്ങള്‍ (basic statistics): ഇടയ്‌ക്കിടെ മാറ്റം സംഭവിക്കാത്ത സ്ഥിതിവിവരങ്ങള്‍ ആണ്‌ ഇവിടെ ശേഖരിക്കപ്പെടുന്നത്‌. ഉദാ. ആകെ വിസ്‌തീര്‍ണം, കൃഷി ചെയ്യുന്ന ഭൂമി, വനപ്രദേശം, കൃഷിഭൂമിയുള്ള കര്‍ഷകരുടെ എണ്ണം തുടങ്ങിയവ.

2. നടപ്പുസ്ഥിതിവിവരങ്ങള്‍ (current-statistics): ഇെടയ്‌ക്കിടെ മാറ്റം സംഭവിക്കുന്ന വിവരങ്ങളാണ്‌ ഇവിടെ കണക്കാക്കപ്പെടുന്നത്‌. ഉദാ. വിളവ്‌, കാര്‍ഷികോത്‌പന്നങ്ങളുടെ വിലനിലവാരം, കൂലിവിവരം തുടങ്ങിയവ.

അടിസ്ഥാന വിവരങ്ങള്‍ ഇടയ്‌ക്കിടെ ശേഖരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ കാലക്രമേണ അവയില്‍ മാറ്റം വരുമെന്നതുകൊണ്ട്‌ പത്തുവര്‍ഷത്തിലൊരിക്കല്‍ അത്തരം വിവരങ്ങള്‍ വിശദമായും പൂര്‍ണമായും ശേഖരിക്കുക എന്നതാണ്‌ ഇന്ന്‌ പൊതുവേ അംഗീകരിച്ചിട്ടുള്ള തത്ത്വം. നടപ്പു സ്ഥിതിവിവരങ്ങള്‍ ശേഖരിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ കൊല്ലന്തോറുമോ ചിലപ്പോള്‍ മാസന്തോറുമോ പ്രസ്‌തുത വിവരങ്ങള്‍ ശേഖരിച്ച്‌ നമ്മുടെ നിത്യജീവിതത്തിനു സഹായകമാംവിധം ഉപയോഗപ്പെടുത്തുന്നു. സാധനങ്ങളുടെ വില നിശ്ചയിക്കുന്നതും ജീവിതസൂചിക നിശ്ചയിക്കുന്നതും മറ്റും നടപ്പുസ്ഥിതി വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്‌.

ഓരോ സംസ്ഥാനത്തും വിവര ശേഖരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഏജന്‍സികള്‍ (Reporting Agency), കൃഷിഭൂമി, വനം, തരിശുഭൂമി, കാര്‍ഷികോത്‌പന്നങ്ങള്‍ മുതലായവയെക്കുറിച്ച്‌ സാമ്പിള്‍സര്‍വേയും (sample survey) മറ്റും നടത്തി ഒരേകദേശരൂപം ഗ്രഹിച്ച്‌ ഒരു തോത്‌ തയ്യാറാക്കുന്നു. ദേശീയതലത്തില്‍ കൃഷിമന്ത്രാലയത്തിനുകീഴിലുള്ള ഡിപ്പാര്‍ട്ടുമെന്റ്‌ ഒഫ്‌ അഗ്രികള്‍ച്ചര്‍ ആന്‍ഡ്‌ കോഓപ്പറേഷനും സംസ്ഥാനതലത്തില്‍ "ബ്യൂറോ ഒഫ്‌ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സും' ആണ്‌ സ്ഥിതിവിവരശേഖരണത്തിനു നേതൃത്വം നല്‌കുന്നതും ലഭ്യമായ വിവരങ്ങള്‍ സാംഖ്യികീയസാമ്പത്തിക വിശകലനം നടത്തി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതും.

ആഗോളവാണിജ്യസംഘടന (WTO) യിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയിലും (ASEANRF) അംഗമായ ഇന്ത്യയ്‌ക്ക്‌ കാര്‍ഷിക കണക്കെടുപ്പ്‌ ഇന്ന്‌ വളരെ പ്രാധാന്യമുള്ളതാണ്‌. അന്തര്‍ദേശീയ കാര്‍ഷിക സ്ഥിതിവിവരങ്ങളുമായി താരതമ്യപ്പെടുത്തി വിളകള്‍ക്കുവേണ്ട സംരക്ഷണം നല്‌കുന്നതിനാവശ്യമായ ആസൂത്രണത്തിനും നയരൂപീകരണത്തിനും ഉതകുന്നതായിരിക്കണം ശേഖരിക്കപ്പെടുന്ന സ്ഥിതിവിവരം. ദേശീയ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്കും ഉപഭോക്താവിനും യോജിച്ച രീതിയില്‍ വിളയുടെ ക്രയമൂല്യം നിശ്ചയിക്കുന്നതിനും ജീവിതസൂചിക നിശ്ചയിക്കുന്നതിനും ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ അനിവാര്യമാണ്‌. ഭൂവിനിയോഗം, കാര്‍ഷികാദായം, കൃഷിഭൂമിയുടെ വിസ്‌തൃതി, പ്രധാനകാര്‍ഷികവിളകളുടെ വിസ്‌തൃതി, ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നീ വിവരങ്ങളാണ്‌ കാര്‍ഷിക കണക്കെടുപ്പില്‍ സാധാരണഗതിയില്‍ ശേഖരിക്കുന്നത്‌.

കേരളത്തിലെ പ്രായോഗിക പുരയിടങ്ങളില്‍ 95 ശതമാനത്തിലധികവും ഒരു ഹെക്‌ടറിന്‌ താഴെയുള്ളവയാണ്‌. ഈ പുരയിടങ്ങളുടെ ശരാശരി വിസ്‌തീര്‍ണം 0.14 ഹെക്‌ടര്‍; അതായത്‌ 35 സെന്റ്‌ മാത്രമാണ്‌. ഇങ്ങനെയുള്ള കൃഷിസ്ഥലങ്ങളില്‍ സാധാരണയായി പലതരത്തിലുള്ള വിളകള്‍ കൃഷിചെയ്‌തുപോരുന്നു.

ആകെയുള്ള 38.86 ലക്ഷം ഹെക്‌ടറില്‍ 54.46 ശതമാനമാണ്‌ കൃഷിചെയ്യുവാനുപയോഗിക്കുന്നത്‌. വനഭൂമിയുടെ വിസ്‌തീര്‍ണം 27.83 ശതമാനവും കാര്‍ഷികേതരാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്‌ 11.63 ശതമാനവുമാണ്‌.

മൊത്തം കൃഷിസ്ഥലമായ 2.71 ലക്ഷം ഹെക്‌ടര്‍ സ്ഥലത്തില്‍ (2008-09) 12.05 ശതമാനം മാത്രമാണ്‌ ഭക്ഷ്യവിളകളായ നെല്ല്‌, പയറുവര്‍ഗങ്ങള്‍, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നത്‌. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യവിളകളുടെ നാമമാത്രമായ കൃഷിസ്ഥലം നിലനിര്‍ത്തുക എന്നത്‌ ഒരു വലിയ വെല്ലുവിളിയാണ്‌. നമ്മുടെ കാര്‍ഷികസമ്പദ്‌ഘടനയില്‍ പരമ്പരാഗത ഭക്ഷ്യവിളകളായ നെല്ല്‌, മരച്ചീനി തുടങ്ങിയവ കൂടുതല്‍ ആദായം നല്‌കുന്ന റബ്ബര്‍, നാളികേരം തുടങ്ങിയവയിലേക്കു മാറുന്ന ഒരു സ്ഥിതിവിശേഷം 1970കളുടെ മധ്യകാലം മുതല്‍ കണ്ടുതുടങ്ങിയിരുന്നു.

നെല്‍ക്കൃഷി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നെല്‍ക്കൃഷി ചെയ്‌തിരുന്ന പാടങ്ങളുടെ വിസ്‌തൃതിയില്‍ ഏതാണ്ട്‌ 65000ത്തിലധികം ഹെക്‌ടര്‍ കുറവ്‌ വന്നിട്ടുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ ആകമാനം നെല്‍ക്കൃഷിയുടെ വിസ്‌തീര്‍ണത്തില്‍ കുറവ്‌ വന്നിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത വളരെക്കൂടുതല്‍ അനുഭവപ്പെടുന്നത്‌ നമ്മുടെ സംസ്ഥാനത്തിലാണ്‌. എന്നാല്‍ 200809 വര്‍ഷത്തില്‍ 200708 വര്‍ഷത്തെക്കാളും വിസ്‌തൃതിയില്‍ വളര്‍ച്ച ഉള്ളതായി കാണുന്നു. വിസ്‌തീര്‍ണം കുറഞ്ഞതിന്റെ പ്രതിഫലനം ഉത്‌പാദനത്തിലും പ്രകടമാകുന്നുണ്ട്‌. ഉത്‌പാദനക്ഷമതയില്‍ കേരളം ദേശീയശരാശരിയെക്കാളും മുന്നില്‍ നില്‌ക്കുന്നു. കേരളത്തിനാവശ്യമുള്ള നെല്ല്‌ ഉത്‌പാദനത്തിന്റെ 19 ശതമാനം മാത്രമാണ്‌ സംസ്ഥാനത്ത്‌ ഉത്‌പാദിപ്പിക്കുന്നത്‌. നമ്മുടെ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ നെല്‍ക്കൃഷിയുടെ വിസ്‌തീര്‍ണം കൂട്ടേണ്ടത്‌ അനിവാര്യമാണെന്ന്‌ ഈ കണക്കുകള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച്‌ 1.02 ദശലക്ഷം ജനങ്ങള്‍ ലോകത്ത്‌ പോഷകാഹാരം ലഭിക്കാത്തവരാണ്‌. ഉത്‌പാദനം കുറയുന്നതോടെ വിലകള്‍ വര്‍ധിക്കുകയും പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ അപ്രാപ്യമാവുകയും ചെയ്യുന്നു.

നാളികേരം. ലോകത്തൊട്ടാകെ 86 രാജ്യങ്ങളിലായി 5400 കോടി നാളികേരം ഉത്‌പാദിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്തോനേഷ്യയെയും ഫിലിപൈന്‍സിനെയും മറികടന്ന്‌ ഉത്‌പാദനത്തില്‍ ഇന്ത്യ മുന്‍നിരയിലെത്തിയിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ നാളികേരത്തിന്റെ വിസ്‌തൃതിയും ഉത്‌പാദനവും കുറേവര്‍ഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഉത്‌പാദനക്ഷമതയില്‍ നമ്മുടെ സംസ്ഥാനം ദേശീയ ശരാശരിയിലും താഴ്‌ന്നുനില്‌ക്കുന്നു.

നമ്മുടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നാളികേരക്കൃഷിയുടെ വിസ്‌തൃതി 1992-93 ല്‍ 29 ശതമാനവും 2007-08 ല്‍ 41.43 ശതമാനവും കൂടുകയുണ്ടായി. കേരളത്തിലെ നാളികേരക്കൃഷി മൊത്തം കൃഷിസ്ഥലത്തിന്റെ 38 ശതമാനമാണ്‌. ആകെ നാളികേരക്കൃഷി സ്ഥലത്തിന്റെ പങ്ക്‌ 1991-92ല്‍ 57 ശതമാനമായും 2007-08ല്‍ 43 ശതമാനമായും കുറഞ്ഞു. എന്നാല്‍ 200809 ല്‍ ഉത്‌പാദനത്തില്‍ 2.17 ശതമാനം വര്‍ധനവ്‌ ഉണ്ടായതായും കാണുന്നു.

നാളികേരത്തിന്റെ വിലയിടിവും തെങ്ങിന്റെ പലവിധ രോഗങ്ങളും കൃഷിപ്പണികള്‍ ചെയ്യാനുള്ള ജോലിക്കാരുടെ ദൗര്‍ലഭ്യവും ആണ്‌ കര്‍ഷകരെ നാളികേരക്കൃഷിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രധാനകാരണങ്ങള്‍, കൂടുതല്‍ ആദായം നല്‍കുന്നതും രോഗങ്ങളും കൃഷിച്ചെലവുകളും താരതമ്യേന കുറഞ്ഞതുമായ റബ്ബര്‍ കൃഷിയിലേക്കു കര്‍ഷകര്‍ തിരിയുന്നതാണ്‌ മറ്റൊരു പ്രധാനകാരണം. കുരുമുളക്‌. കുരുമുളക്‌ കൃഷിയിലും മുന്നിട്ടുനിന്ന ഇന്ത്യ ഇപ്പോള്‍ ഉത്‌പാദനത്തില്‍ വളരെ പിന്നോക്കം പോയിരിക്കുന്നു. ഇന്തോനേഷ്യയ്‌ക്കും ഫിലിപ്പൈന്‍സിനും പിറകിലായി മൂന്നാം സ്ഥാനമാണ്‌ കുരുമുളക്‌ ഉത്‌പാദനത്തില്‍ നമ്മുടേത്‌. ഉത്‌പാദനക്ഷമതയില്‍ ഒരു ഹെക്‌ടറില്‍ 376 കിലോഗ്രാം വരെ 1998-99 ല്‍ എത്തിയിരുന്നു. കുരുമുളകിന്റെ ഉത്‌പാദനക്ഷമത 2008-09 ല്‍ ഹെക്‌ടര്‍ ഒന്നിന്‌ 231 കിലോഗ്രാം ആയി കുറഞ്ഞു. ഓരോ വര്‍ഷവും ഉത്‌പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്‌പാദനം 2007-08 ല്‍ 41,952 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2008-09 ആയപ്പോഴേക്ക്‌ 40,641 മെട്രിക്‌ ടണ്‍ ആയി കുറഞ്ഞു.

ഗുണമേന്മയില്‍ കേരളത്തിന്റെ കുരുമുളക്‌ പണ്ടുകാലം മുതല്‌ക്കേ പ്രസിദ്ധമാണ്‌. കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കുരുമുളകിന്‌ ആഗോളമാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചിരുന്നു. കുരുമുളകിനുണ്ടാകുന്ന വിവിധരോഗങ്ങളും കുരുമുളക്‌ ചെടിയുടെ താങ്ങായ മുരിക്കിന്റെ കേടുകളുമാണ്‌ കേരളത്തിലെ കുരുമുളകുകൃഷിയെ പ്രതിസന്ധിയിലാക്കിയത്‌.

ഇറക്കുമതി ഉദാരവത്‌ക്കരിക്കപ്പെട്ടതോടെ മറ്റു രാജ്യങ്ങളില്‍നിന്നും ഗുണമേന്മ കുറഞ്ഞ കുരുമുളക്‌ നമ്മുടെ രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നതായി പറയപ്പെടുന്നു. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രകാരം കേരളത്തിലേക്ക്‌ ശ്രീലങ്ക ഡ്യൂട്ടിനല്‍കാതെ നടത്തുന്ന കുരുമുളക്‌ ഇറക്കുമതി ഇവിടുത്തെ കര്‍ഷകരുടെ താത്‌പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായി പരാതിയുണ്ട്‌. കുരുമുളക്‌ ഇറക്കുമതി 2000-01ല്‍ 4028 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2006-07ല്‍ ആയപ്പോഴേക്കും 15,750 മെട്രിക്‌ ടണ്‍ ആയി വര്‍ധിക്കുകയുണ്ടായി. ഇന്ത്യയുടെ കുരുമുളക്‌ കയറ്റുമതി ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 1999-2000 ല്‍ 42,806 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2007-08 ആയപ്പോഴേക്കും 35000 മെട്രിക്‌ ടണ്‍ ആയും 2008-09ല്‍ 25,250 മെട്രിക്‌ ടണ്‍ ആയും കുറയുകയുണ്ടായി.

കശുവണ്ടി. പ്രമുഖ കശുവണ്ടി ഉത്‌പാദന രാജ്യങ്ങളില്‍ ഇന്ത്യ വിയറ്റ്‌നാമിന്‌ പിന്നിലായി രണ്ടാം സ്ഥാനത്തില്‍ നില്‌ക്കുന്നു. ഇവിടുത്തെ കശുവണ്ടി ഉത്‌പാദനം 2008ല്‍ ഏകദേശം 6.45 മെട്രിക്‌ ടണ്‍ ആയിരുന്നു.

ദേശീയതലത്തില്‍ കശുവണ്ടിക്കൃഷിയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും വര്‍ഷന്തോറും കൂടിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ ഇവ രണ്ടും ഓരോവര്‍ഷവും കുറയുന്നതായാണ്‌ കാണുന്നത്‌. ദേശീയതലത്തിലെ കശുവണ്ടിക്കൃഷിയുടെ 23 ശതമാനം 198788 ല്‍ കേരളത്തിലായിരുന്നെങ്കില്‍ 2008-09 ആയപ്പോഴേക്കും അത്‌ വെറും 5.93 ശതമാനമായി കുറഞ്ഞു. സമാനസമയത്ത്‌ ഉത്‌പാദനത്തിലുണ്ടായ കുറവ്‌ 31 ശതമാനവും 6.09 ശതമാനവുമാണ്‌.

ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പ്‌ കയറ്റുമതി 2008-09ല്‍ 2988.40 കോടി രൂപയുടെതും കശുവണ്ടിയുടെ ഇറക്കുമതി 2632.40 കോടി രൂപയുടെതുമായിരുന്നു. അതുവഴി 356 കോടി രൂപയുടെ വിദേശമൂലധനം നമുക്ക്‌ ലഭിക്കുകയുണ്ടായി.

തോട്ടവിളകള്‍. കയറ്റുമതിക്കുതകുന്നതും ഇറക്കുമതിക്കു ബദലായി നില്‌ക്കുന്നതുമായ തോട്ടവിളകള്‍ ദേശീയതലത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന വിളകളാണ്‌. കേരളത്തില്‍ ഏകദേശം 14 ലക്ഷത്തോളം കുടുംബങ്ങള്‍ തോട്ടമേഖലയെ ആശ്രയിച്ചുകഴിയുന്നവരാണ്‌. റബ്ബര്‍, കാപ്പി, തേയില, ഏലം എന്നീ പ്രധാന നാലു തോട്ടവിളകള്‍ 6.80 ലക്ഷം ഹെക്‌ടറില്‍ മൊത്തം കൃഷിഭൂമിയുടെ 32.15 ശതമാനം വിസ്‌തീര്‍ണത്തില്‍ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ഈ നാലുവിളകളുടെ വിസ്‌തീര്‍ണത്തിന്റെ 43 ശതമാനം കേരളത്തിലാണ്‌ കൃഷിചെയ്യുന്നത്‌. ഇന്ത്യയിലെ മൊത്തം റബ്ബറിന്റെ 91 ശതമാനം, ഏലത്തിന്റെ 75 ശതമാനവും കാപ്പിയുടെ 22 ശതമാനവും തേയിലയുടെ 5 ശതമാനവും 2008-09 ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. റബ്ബര്‍. ആഗോള റബ്ബര്‍ ഉത്‌പാദനത്തിന്റെ എട്ടു ശതമാനവുമായി തായ്‌ലന്‍ഡ്‌, മലേഷ്യ, ഇന്തോനേഷ്യ എന്നിവയ്‌ക്കു പിന്നിലായി ഇന്ത്യ നാലാംസ്ഥാനത്ത്‌ നില്‍ക്കുന്നു. സ്വാഭാവികറബ്ബറിന്റെ ഇന്ത്യയിലെ ഉത്‌പാദനം 2008-09 ല്‍ 8.65 ലക്ഷം മെട്രിക്‌ ടണ്‍ ആയിരുന്നു. റബ്ബര്‍ ഉത്‌പാദനത്തില്‍ 2007-08 നെക്കാള്‍ 4.74 ശതമാനം വര്‍ധനയുണ്ടായി.

കേരളത്തില്‍ റബ്ബര്‍ക്കൃഷിയുടെ വിസ്‌തീര്‍ണം, ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നിവയില്‍ പുരോഗതി ഉള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ റബ്ബര്‍ക്കൃഷിയുടെ 81 ശതമാനവും കേരളത്തിലാണ്‌ കാണപ്പെടുന്നത്‌. കേരളത്തില്‍ 2008-09ല്‍ 5.17 ലക്ഷം ഹെക്‌ടറില്‍ റബ്ബര്‍ക്കൃഷി ചെയ്‌തിരുന്നു. ഇവിടുത്തെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും യഥാക്രമം 7.83 ലക്ഷം ടണ്ണും 1514 കിലോഗ്രാമും ആയിരുന്നു.

കാപ്പി. ദേശീയതലത്തില്‍ 3.94 ലക്ഷം ഹെക്‌ടറില്‍ കാപ്പിക്കൃഷിയുണ്ടായിരുന്നതില്‍ (200809) 0.85 ലക്ഷം ഹെക്‌ടര്‍, അതായത്‌ 21 ശതമാനം കേരളത്തിലായിരുന്നു. ഇന്ത്യയില്‍ 2.62 ലക്ഷം മെട്രിക്‌ ടണ്‍ കാപ്പി ഉത്‌പാദിപ്പിച്ചതില്‍ 0.57 മെട്രിക്‌ ടണ്‍, അതായത്‌ 22 ശതമാനം മാത്രമാണ്‌ കേരളത്തിന്റെ പങ്ക്‌. കാപ്പിയുടെ ഉത്‌പാദനക്ഷമതയില്‍ കേരളം ദേശീയ ശരാശരി(748 കി.ഗ്രാം/ഹെക്‌ടറിന്‌)യേക്കാളും പിന്നിലാണ്‌ (675 കി.ഗ്രാം).

കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഒരു തോട്ടവിളയാണ്‌. നമ്മുടെ കാപ്പി ഉത്‌പാദനത്തിന്റെ 80 ശതമാനത്തിലധികം കയറ്റി അയയ്‌ക്കപ്പെടുന്നു. കാപ്പിയുടെ കയറ്റുമതിയിലും 200809 ല്‍ കുറവുണ്ടായതായി കാണാം. 200708 ല്‍ അത്‌ 1.96 ലക്ഷം ടണ്‍ ആയി കുറഞ്ഞു. കാപ്പിയുടെ വിലക്കുറവാണ്‌ കാപ്പിക്കൃഷി കേരളത്തില്‍ കുറഞ്ഞുവരാനുള്ള പ്രധാനകാരണം.

തേയില. 2010ല്‍ യു.എന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2008ല്‍ 4.73 ദശലക്ഷം ടണ്‍ തേയില ആഗോളതലത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ടു. 12,75,384 ടണ്‍ ഉത്‌പാദിപ്പിച്ച ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്‌; 8,05,180 ടണ്‍ ഉത്‌പാദിപ്പിച്ച ഇന്ത്യ രണ്ടാം സ്ഥാനത്തും. തേയിലയുടെ ഉപയോഗത്തില്‍ ആഗോളതലത്തില്‍ മുന്നില്‍ നില്‌ക്കുന്നത്‌ ഇന്ത്യയാണ്‌.

തേയിലയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും

തേയില ഇറക്കുമതി 2000ല്‍ 13.4 മില്ല്യന്‍ കിലോഗ്രാം ആയിരുന്നത്‌ 2009 ആയപ്പോഴേക്കും 20.28 മില്ല്യന്‍ ടണ്‍ ആയി വര്‍ധിച്ചു. ഇന്ത്യയിലേക്ക്‌ പ്രധാനമായും തേയില ഇറക്കുമതി ചെയ്യുന്നത്‌ നേപ്പാള്‍ (31 ശ.മാ.), വിയറ്റ്‌നാം (25 ശ.മാ.), ഇന്തോനേഷ്യ (11 ശ.മാ.) എന്നിവിടങ്ങളില്‍ നിന്നാണ്‌. വന്‍കിടകമ്പനികളുടെ തേയിലത്തോട്ടങ്ങളില്‍ 84,000 ലധികം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌. ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നിവയുടെ കുറവും ഗുണനിലവാരമില്ലാത്ത തേയിലയുടെ ഇറക്കുമതി തുടങ്ങിയ കാരണങ്ങള്‍കൊണ്ട്‌ ഇന്ത്യയിലെ തേയില വ്യവസായം ഇന്ന്‌ പ്രതിസന്ധിഘട്ടത്തിലാണ്‌.

ഏലം. ഏലത്തിന്റെ ഉത്‌പാദനക്ഷമത 1980കളില്‍ 50 കി.ഗ്രാം/ഹെക്‌ടര്‍ ആയിരുന്നത്‌ 2008-09 ആയപ്പോഴേക്കും 206 കി.ഗ്രാം/ഹെക്‌ടര്‍ എന്ന നിലയിലെത്തി. ഏലക്കൃഷിയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും മറ്റുവിളകളെപ്പോലെ കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 200809 ല്‍ ഏലംകൃഷിക്ക്‌ അല്‌പം ഉണര്‍വുണ്ടാകുകയും വിസ്‌തീര്‍ണവും ഉത്‌പാദനവും കൂടുകയും ചെയ്‌തു. ഇന്ത്യയും ഗ്വാട്ടിമാലയുമാണ്‌ ലോകത്തെ മുന്തിയ ഏലം ഉത്‌പാദനരാജ്യങ്ങള്‍. ഗ്വാട്ടിമാല അവരുടെ ഉത്‌പാദനത്തിന്റെ 73 ശതമാനം കയറ്റിയയ്‌ക്കുമ്പോള്‍ ഇന്ത്യ കയറ്റിയയച്ചത്‌ എട്ടുശതമാനം മാത്രമാണ്‌.

ഫലവര്‍ഗങ്ങള്‍. മാങ്ങ, നേന്ത്രപ്പഴം, മാതളം, സപ്പോട്ട തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതില്‍ ഇന്ത്യയ്‌ക്ക്‌ ഒന്നാം സ്ഥാനമാണുള്ളത്‌. മുന്തിരിയുടെ ഉത്‌പാദനക്ഷമതയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്‌. നേന്ത്രപ്പഴം, സപ്പോട്ട എന്നിവയുടെ ദേശീയ ഉത്‌പാദനക്ഷമത, ലോകശരാശരി ഉത്‌പാദനക്ഷമതയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ 0.32 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ മാവ്‌, പ്ലാവ്‌, നേന്ത്രന്‍, മറ്റുവാഴകള്‍, കൈത തുടങ്ങിയ പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നു. നേന്ത്രനും മറ്റു വാഴയിനങ്ങളും കൂടിയുള്ള ഉത്‌പാദനം ഒന്‍പത്‌ ലക്ഷം ടണ്‍ ആണ്‌. മാങ്ങ 4.5 ലക്ഷം ടണും കൈതച്ചക്ക ഒരു ലക്ഷം ടണ്ണും ഉത്‌പാദിപ്പിക്കപ്പെടുന്നു.

പച്ചക്കറികള്‍. വെണ്ടയുടെ ഉത്‌പാദനത്തില്‍ ഒന്നാം സ്ഥാനത്തും വഴുതന, കാബേജ്‌, കോളിഫ്‌ളവര്‍, ഉള്ളി, തക്കാളി എന്നിവയുടെ ഉത്‌പാദനത്തില്‍ രണ്ടാം സ്ഥാനത്തും ഉരുളക്കിഴങ്ങ്‌ ഉത്‌പാദനത്തില്‍ മൂന്നാം സ്ഥാനവുമാണ്‌ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം.

കേരളത്തില്‍ 48,148 ഹെക്‌ടര്‍ സ്ഥലത്ത്‌ പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്‌. പാവല്‍, പടവലം, വെണ്ട, വെള്ളരി, മുളക്‌, മത്തന്‍, ചീര തുടങ്ങിയവയാണ്‌ പ്രധാനമായി കൃഷിചെയ്യുന്നത്‌. ശീതമേഖല പച്ചക്കറികളായ കാബേജ്‌, കോളിഫ്‌ളവര്‍ തുടങ്ങിയവയും ചെറിയതോതില്‍ കൃഷിചെയ്‌തുവരുന്നു.

ഔഷധസസ്യങ്ങള്‍. ഇന്ത്യയില്‍ 15,00020,000 ഔഷധസസ്യങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതില്‍ മൂന്നിലൊരുഭാഗം വൃക്ഷങ്ങളും മൂന്നിലൊന്ന്‌ കുറ്റിച്ചെടികളും വള്ളിച്ചെടികളും ബാക്കിയുള്ളവ പുല്‍ച്ചെടികളുമാണ്‌.

120 ബില്യന്‍ ഡോളറിന്റെ ആഗോളവിപണിയുള്ളതില്‍ 1210 കോടിയാണ്‌ ഇന്ത്യയുടെ വിഹിതം. ഔഷധസസ്യഭാഗങ്ങളും ഔഷധസസ്യങ്ങളുടെ സത്തും ഇന്ത്യയില്‍ നിന്നും കയറ്റി അയയ്‌ക്കപ്പെടുന്നു. എന്നാല്‍ 40 ശതമാനത്തോളം കമ്പോളം പിടിച്ചതോടെ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.

ഇന്ത്യ കയറ്റി അയയ്‌ക്കുന്ന ഔഷധസസ്യങ്ങളില്‍ 50 ശതമാനവും അമേരിക്കയിലേക്കാണ്‌. അമേരിക്ക കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനാണ്‌ ഇന്ത്യയുടെ പ്രധാന കമ്പോളം. മൂല്യവര്‍ധിത ഉത്‌പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഔഷധസസ്യകയറ്റുമതി 2000ത്തിനുശേഷം 3040 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. പുതിന, ഇസാബഗോള്‍, സെന്റ്‌ ജോണ്‍സ്‌ വര്‍ട്ട്‌, കറ്റാര്‍വാഴ, കുടങ്ങല്‍, ഔഷധനെല്ലി, തുളസി, വേപ്പ്‌, ചിറ്റമൃത്‌ തുടങ്ങി അനേകം ഔഷധസസ്യങ്ങളും സത്തും കയറ്റി അയയ്‌ക്കപ്പെടുന്നു. ഔഷധസസ്യങ്ങളുടെ കേരളത്തിലെ പ്രതിവര്‍ഷ ഉപഭോഗം (വാര്‍ഷിക, ദ്വിവാര്‍ഷിക സസ്യങ്ങള്‍)


വിലവിവരം. വിളവുപ്രവചനം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലവിവരവും. തോട്ടവിലഅതായത്‌ കര്‍ഷകര്‍ക്ക്‌ കൃഷിസ്ഥലത്തുകിട്ടുന്ന വില, മൊത്തവില ((wholesale price), ചില്ലറവില (retail price) എന്നിങ്ങനെ വിലവിവരത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.

കമ്പോളത്തിലെ വിലനിലവാരം കുറയുമ്പോള്‍ ഇതുകൂടാതെ കര്‍ഷകര്‍ക്കു ന്യായമായ വില ലഭിക്കുന്നതിനായി താങ്ങുവില (support price), ഗവണ്‍മെന്റ്‌ വാങ്ങുന്നവില (procurement price), പ്രത്യേകസാഹചര്യങ്ങളിലും പ്രത്യേകവിഭാഗക്കാര്‍ക്കും സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്കുകൊടുക്കുന്ന വില (Issue price) എന്നീ വിലകളും സമയാസമയങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ്‌ നിശ്ചയിക്കാറുണ്ട്‌.

കാര്‍ഷികാദായം. കേരളത്തില്‍ കാര്‍ഷികാദായം കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. മൊത്തം ദേശീയവരുമാനത്തില്‍ കേരളത്തിന്റെ പങ്ക്‌ വളരെ ചെറുതായിട്ടാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കേരളത്തിന്റെ പങ്ക്‌ 2002-03 ല്‍ ദേശീയവരുമാനത്തിന്റെ 20.13 ശതമാനം ആയിരുന്നെങ്കില്‍ 2008-09 ആയപ്പോഴേക്കും അത്‌ 11.90 ശതമാനമായി കുറഞ്ഞു. കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്നോക്കം പോകുന്നതും ഉത്‌പന്നങ്ങളുടെ വിലക്കുറവും കാര്‍ഷികേതര മേഖലയുടെ പുരോഗതിയുമാണ്‌ ഇതിന്റെ പ്രധാന കാരണങ്ങള്‍.

വിളവ്‌ പ്രവചനം (Crop Forecast). ആസൂത്രണത്തിനും നിയമനിര്‍മാണത്തിനും സ്ഥിതിവിവരക്കണക്കുകള്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ വിളവുപ്രവചനവും.

ദേശീയവിളപ്രവചനകേന്ദ്രം (National crop Forcasting Centre-NFC) 1998ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷിമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം, കൃഷി ഡിപ്പാര്‍ട്ടുമെന്റ്‌, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ തുടങ്ങി അനേകം കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ ഏകദേശം നാല്‌പതോളം വിളകളുടെ മൊത്ത ഉത്‌പാദനം വിളവുപ്രവചനത്തിലൂടെ മുന്‍കൂട്ടി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം, മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌, വരള്‍ച്ച, രോഗകീടബാധ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ ഋതുക്കളിലെയും വിളയുത്‌പാദനം കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്നു പ്രവചിക്കാന്‍ സാധിക്കുന്നുണ്ട്‌. വളരെ ശരിയായ ഒരു പ്രവചനം പലകാരണങ്ങളാലും അസാധ്യമാണെങ്കിലും ചെറിയ തോതിലുള്ള ഒരു ആസൂത്രണം നടത്താന്‍ ഈ പ്രവചനം സഹായിക്കുന്നു.

(ഡോ. പി. ബാലകൃഷ്‌ണപിള്ള, ഡോ. എല്‍സമ്മ ജോബ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍