This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷിക സസ്യശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഷിക സസ്യശാസ്‌ത്രം

സസ്യശാസ്‌ത്രത്തിലെ ഒരു മുഖ്യ പ്രയുക്തമേഖല. സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുക, അവയുടെ ഉപയോഗം മനസ്സിലാക്കുക, ഉപയോഗപ്രദമായ സസ്യഭാഗങ്ങളെ തിരിച്ചറിയുക, ഓരോന്നിന്റെയും ഘടന, ശരീരക്രിയാവര്‍ഗീകരണം, കാര്‍ഷിക വര്‍ഗീകരണം, കോശജനിതകം, സസ്യപ്രജനനം എന്നിവ മനസ്സിലാക്കുക തുടങ്ങിയവയാണ്‌ ഈ ശാസ്‌ത്രശാഖയിലെ പഠനവിഷയങ്ങള്‍.

മണ്ണിലും കാലാവസ്ഥയിലുമുള്ള വൈവിധ്യം കാരണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ സസ്യശേഖരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്‌. വിസ്‌തൃതമായ കരഭാഗമുള്ള ഇന്ത്യയില്‍ മറ്റു രാജ്യങ്ങളില്‍ ലഭ്യമാകുന്നതിനെക്കാള്‍ വലിയൊരു സസ്യസമ്പത്ത്‌ പ്രകൃത്യാ ലഭ്യമാണ്‌. ഇന്ത്യയിലെ ഉഷ്‌ണം, ഉപോഷ്‌ണം, ശീതം, ഹിമാലയന്‍ എന്നീ വ്യത്യസ്‌ത കാലാവസ്ഥാമേഖലകളിലെ സസ്യശേഖരത്തില്‍ തദനുസരണമായ വ്യത്യാസങ്ങള്‍ കാണാം. സസ്യശേഖരത്തിലെ വൈജാത്യം ഭൂമിയുടെ കിടപ്പ്‌, ഉയരം, വാര്‍ഷിക ദിനരാത്രതാപനില, ഉഷ്‌ണകാലത്തിന്റെയും മഞ്ഞുകാലത്തിന്റെയും തീവ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ വളരുന്ന വൃക്ഷങ്ങളുടെ നാലായിരത്തില്‍പ്പരം സ്‌പീഷീസുകളില്‍ 50ല്‍പ്പരം ഇനങ്ങള്‍ മനുഷ്യന്‌ ഏറ്റവുമധികം ഉപകാരപ്രദമായിട്ടുള്ളവയാണ്‌.

ഗോത്രവര്‍ഗക്കാര്‍മാത്രം ഉപയോഗിച്ചിരുന്ന 500 വന്യസ്‌പീഷീസുകളില്‍പ്പെടുന്ന സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ആഹാരത്തിനുവേണ്ടിമാത്രം കൃഷിചെയ്യുന്നവയെല്ലാംകൂടി 250 സ്‌പീഷീസുകളില്‍ കവിയില്ല. ഇവയില്‍ 35 സ്‌പീഷീസുകളുടെ ഉദ്‌ഭവം ഇന്ത്യയിലോ, ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലോ ആണെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ത്തന്നെ ഉള്ളവയാണ്‌ കരിമ്പ്‌, കടുക്‌, പരുത്തി, ചണം, കിഴങ്ങുവര്‍ഗങ്ങള്‍, കുരുമുളക്‌, കറുവ, മഞ്ഞള്‍, മാവ്‌, വാഴ, നാരകം, പ്ലാവ്‌ തുടങ്ങിയ വിളകളുടെ അനേകം ഇനങ്ങള്‍. വടക്കുകിഴക്കന്‍ ഹിമാലയമേഖലയില്‍ നെല്ല്‌, ചോളം, നാരകം എന്നിവയുടെ അനേകം ജനുസുകള്‍ കാണപ്പെടുന്നു. അസമിലെ ഗാരോമലകളില്‍ നല്ല നീളമുള്ള കായ്‌ ഉണ്ടാകുന്ന ഒരിനം പരുത്തിച്ചെടി വളരുന്നു. മേഘാലയയിലുള്ള ജോവയ്‌മലയില്‍ കൊല്ലങ്ങളോളം കായ്‌ഫലം തരുന്ന ഒരു തരം മധുരനാരകവും കണ്ടെത്തിയിട്ടുണ്ട്‌. ഒഡിഷയിലെ ജജ്‌പൂര്‍ നിരവധി നെല്ലിനങ്ങളുടെ ഉറവിടമാണ്‌. മധ്യേന്ത്യയില്‍നിന്നും ധാരാളം പയറിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ ഇന്ത്യയിലെ മലമ്പ്രദേശങ്ങള്‍ ഔഷധഗുണമുള്ള ധാരാളം കാച്ചില്‍ വര്‍ഗങ്ങളുടെയും മറ്റു സസ്യങ്ങളുടെയും സിരാകേന്ദ്രമാണ്‌.

കാര്‍ഷിക വിളകളെ പ്രധാനമായി വര്‍ഗീകരണത്തിന്റെയും വാണിജ്യത്തിന്റെയും കൃഷിയുടെയും അടിസ്ഥാനത്തില്‍ മൂന്നായിട്ടാണ്‌ വിഭജിച്ചിട്ടുള്ളത്‌.

I. വര്‍ഗീകരണനിയമമനുസരിച്ചുള്ള വിഭജനം. കാര്‍ഷികവിളകളെ അവ പ്രകൃത്യാ ഉള്‍ക്കൊള്ളുന്ന കുടുംബത്തെ ആസ്‌പദമാക്കി വിഭജിച്ചിരിക്കുന്നു. കാര്‍ഷികോപയോഗപ്രദമായ സസ്യങ്ങളെ ക്രൂസിഫെറ, ട്രണ്‍സ്‌റ്റ്രാമിയേസീ, മാല്‍വേസീ, റ്റീലിയേസീ, റൂട്ടേസീ, ലഗുനിനേസീ, ഗ്രാമിനേ തുടങ്ങിയ കുടുംബത്തില്‍പ്പെടുത്തി വിവിധതരം സസ്യഗ്രൂപ്പുകളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള വിഭജനത്തില്‍ ഒരു കുടുംബത്തില്‍പ്പെടുന്ന എല്ലാ കാര്‍ഷിക വിളകളെയും ഒന്നായിച്ചേര്‍ത്തിരിക്കും. ഉദാ. ക്രൂസിഫെറ കുടുംബത്തില്‍ എണ്ണക്കുരുവായ കടുക്‌ (ബ്രാസിക്കാ ജന്‍സിയ), ഇലക്കറിയായി ഉപയോഗിക്കുന്ന കാബേജ്‌ (ബ്രാസിക്കാ ഒലിറേസീ; ഇനംകാപ്പിറ്റാറൊ), കിഴങ്ങുവര്‍ഗമായ ടേണിപ്‌ (ബ്രാസിക്കാ ഒലിറേസീ; ഇനംറാപാ) എന്നിവയെ ഒരു ഗ്രൂപ്പായും ഗ്രാമിനേ കുടുംബത്തില്‍ ധാന്യവിളകളായ നെല്ല്‌, ഗോതമ്പ്‌, പഞ്ചസാര വിളയായ കരിമ്പ്‌, പേപ്പര്‍ പള്‍പ്പിനുവേണ്ടി കൃഷിചെയ്യുന്ന മുള എന്നിവയെ ഒരു ഗ്രൂപ്പായും ചേര്‍ത്തിരിക്കുന്നു. ഇത്തരത്തിലുള്ള വിഭജനം കൊണ്ട്‌ ഒരു കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്യങ്ങളുടെ ആകൃതിക വിജ്ഞാനം വളരെ എളുപ്പമാണെങ്കിലും വിവിധോപയോഗങ്ങളുള്ള പല വിളകളെ ഒരു കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട്‌ അവയുടെ ഉപയോഗവും സാമ്പത്തിക പ്രാധാന്യവും പെട്ടെന്ന്‌ തിരിച്ചറിയുക പ്രയാസമായിത്തീരുന്നു. ഒരു വിളയെ സംബന്ധിച്ചിടത്തോളം അതിന്റെ ആകൃതികവിജ്ഞാനമല്ല പരമപ്രധാനം.

II. വാണിജ്യാടിസ്ഥാനത്തിലുള്ള വിഭജനം. ഇതനുസരിച്ച്‌ സസ്യങ്ങളെ ഭക്ഷ്യവിള, വ്യാവസായികവിള, ഭക്ഷ്യസഹായികള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. നെല്ല്‌, ഗോതമ്പ്‌, ചോളം, മണിച്ചോളം, കൂവരക്‌ തുടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗങ്ങള്‍, ഫലപച്ചക്കറിവിളകള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷ്യവിളകളായി പരിഗണിക്കുന്നു. റബ്ബര്‍, തെങ്ങ്‌, പരുത്തി, കരിമ്പ്‌, പുകയിലച്ചെടി, നിലക്കടല, കടുക്‌, എള്ള്‌, മരച്ചീനി എന്നിവയെ വ്യാവസായിക വിളകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മൂന്നാമത്തെ വിഭാഗമായ ഭക്ഷ്യസഹായികള്‍ക്ക്‌ മേല്‌പറഞ്ഞ രണ്ട്‌ ഗ്രൂപ്പുകള്‍ക്കും ഇടയ്‌ക്കായി സ്ഥാനം കൊടുത്തിരിക്കുകയാണ്‌. എന്നാല്‍ ഇവയെ ഭക്ഷ്യവിളകളില്‍നിന്നും വ്യാവസായിക വിളകളില്‍നിന്നും വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഇക്കൂട്ടത്തില്‍ സുഗന്ധദ്രവ്യവിളകള്‍, രുചിവര്‍ധകവിളകള്‍, പാനീയവിളകള്‍, ഔഷധവിളകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള സസ്യവിഭജനത്തെ പൊതുവിഭജനമായി മാത്രമേ കരുതാന്‍ പറ്റുകയുള്ളൂ. എന്തെന്നാല്‍ ഒരു കാലത്ത്‌ ഭക്ഷ്യവിളകള്‍ മാത്രമായിരുന്നവ പില്‌ക്കാലത്ത്‌ വ്യാവസായിക വിളകള്‍കൂടി ആയിത്തീരാറുണ്ട്‌. ഉദാ. ചോളം, മരച്ചീനി.

III. കാര്‍ഷിക വിഭജനം. മുകളില്‍ പറഞ്ഞ വിഭജനങ്ങളിലെ അപാകതകളെ ഒരു പരിധിവരെ ദൂരീകരിക്കുന്നതാണ്‌ സസ്യോത്‌പന്നങ്ങളുടെ ഉപയോഗത്തെ ആസ്‌പദമാക്കിയുള്ള ഈ വിഭജനം. കാര്‍ഷികോത്‌പന്നങ്ങളുടെ ഉപയോഗത്തെ ആധാരമാക്കി വിളകളെ ധാന്യവിളകള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറിഫലവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഞ്ചസാരവിളകള്‍, നാരുവിളകള്‍, പാനീയവിളകള്‍, ഔഷധവിളകള്‍, സുഗന്ധരുചിവര്‍ധകവിളകള്‍, റബ്ബര്‍ വിളകള്‍, കാലിത്തീറ്റ വിളകള്‍, പച്ചിലവിളകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

1. ധാന്യവിളകള്‍. ധാന്യങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന വിളകളെ പ്രധാനമായും "സീറിയല്‍സ്‌' എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. "സീറിയല്‍സ്‌' എന്ന വാക്ക്‌ "സീറസ്‌' എന്ന റോമന്‍ ദൈവനാമത്തില്‍ നിന്നാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. സീറസ്‌ എന്ന വാക്കിന്റെ അര്‍ഥം "കൊയ്‌ത്തിന്റെ ദേവി'യെന്നാണ്‌. സീറിയല്‍സ്‌ എന്ന ഗ്രൂപ്പില്‍പ്പെട്ട ധാന്യച്ചെടികളെല്ലാം തന്നെ ഗ്രാമിനേ കുടുംബത്തില്‍പ്പെട്ടവയാണ്‌. നെല്ല്‌, ഗോതമ്പ്‌, ചോളം, മണിച്ചോളം, കൂവരക്‌ എന്നീ മുഖ്യാഹാരവിളകളെ ഇക്കൂട്ടത്തില്‍പ്പെടുത്തിയിരിക്കുന്നു. ചെറുമണിധാന്യങ്ങളെ മില്ലറ്റ്‌സ്‌ എന്നും നാമകരണം ചെയ്‌തിട്ടുണ്ട്‌.

അതിപുരാതനകാലത്ത്‌, മനുഷ്യര്‍ ആഹാരസമ്പാദനത്തിനുവേണ്ടി അലഞ്ഞുതിരിഞ്ഞു വേട്ടയാടി നടന്നകാലത്തുപോലും വന്യപ്പുല്‍വര്‍ഗങ്ങളുടെ ധാന്യങ്ങള്‍ ആഹാരത്തിനായി സംഭരിച്ചിരുന്നു. മനുഷ്യന്‍ ഒരു സ്ഥലത്ത്‌ സ്ഥിരമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി കൃഷിചെയ്‌തത്‌ ധാന്യങ്ങളായിരുന്നു. 9,000 കൊല്ലങ്ങള്‍ക്കുമുമ്പ്‌ പശ്ചിമേഷ്യയില്‍ ബാര്‍ലിയും ഗോതമ്പും കൃഷിചെയ്‌തിരുന്നതായി ചരിത്രരേഖകളുണ്ട്‌. മനുഷ്യര്‍ സ്ഥിരമായി താമസിക്കാനുള്ള കാരണംതന്നെ ഗോതമ്പ്‌, ബാര്‍ലി എന്നീ മുഖ്യാഹാരവിളകളെ തുടര്‍ച്ചയായി ഒരു സ്ഥലത്ത്‌ കൃഷിചെയ്യാമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌. ആദ്യമായി കൃഷിചെയ്‌ത വിളകള്‍ ഇരട്ടവരി ബാര്‍ലിയും ഗോതമ്പുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാതനസംസ്‌കാരങ്ങള്‍ക്കടിസ്ഥാനമായി പലപ്പോഴും ഒരു കാര്‍ഷികവിളയുണ്ടായിരുന്നു. സുമാട്രന്‍ഈജിപ്‌ഷ്യന്‍ സംസ്‌കാരങ്ങളുടെ കാലത്തുപോലും ഗോതമ്പും ബാര്‍ലിയും മനുഷ്യജീവിതത്തിന്റെ ഒരു മുഖ്യഭാഗമായിരുന്നു. ആധുനികകാലത്ത്‌ ഗോതമ്പും ബാര്‍ലിയും മധ്യപൂര്‍വദേശത്തും മെഡിറ്ററേനിയന്‍ പ്രദേശത്തും നെല്ല്‌ തെക്കനേഷ്യന്‍ മേഖലയിലും, ഗോതമ്പ്‌ ലോകത്തൊട്ടാകെത്തന്നെയും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ധാന്യമണികള്‍ ഉത്‌പാദിപ്പിക്കുന്ന വളരെയധികം പുല്‍ജീനസുകള്‍ ലഭ്യമാണെങ്കിലും വളരെക്കുറച്ച്‌ ഇനങ്ങള്‍ മാത്രമേ മനുഷ്യന്‍ തിരഞ്ഞെടുത്ത്‌ കൃഷിചെയ്‌തുവരുന്നുള്ളൂ. ക്ഷാമകാലത്ത്‌ വന്യപ്പുല്ലിനങ്ങളുടെ മണികള്‍ ശേഖരിച്ച്‌ ഉപയോഗിച്ചിരുന്നെങ്കിലും അവയെ കാര്‍ഷികവിളയാക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടില്ല, കാരണം കൃഷി ചെയ്യുന്ന ഇനങ്ങള്‍ നല്ലപോലെ പ്രചരിച്ചിട്ടുണ്ടെന്നതുതന്നെ.

ചൂടിന്റെയും മഴയുടെയും ലഭ്യതയെ അടിസ്ഥാനമാക്കിയാണ്‌ കാര്‍ഷികവിളകളുടെ വിതരണം നടത്തിയിരിക്കുന്നതെന്ന്‌ കാണാന്‍ സാധിക്കും. ഓട്‌സും റൈയും വളരെ തണുപ്പേറിയ ഉത്തരധ്രുവപ്രദേശങ്ങളില്‍ കൃഷിചെയ്‌തുവരുന്നു. ശീതമേഖലയിലെ മറ്റുവിളകളാണ്‌ ഗോതമ്പും ബാര്‍ലിയും. ചൂട്‌ കൂടിയ ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ നെല്ല്‌, ചോളം, മണിച്ചോളം, മറ്റു ചെറുധാന്യവിളകള്‍ എന്നിവ ധാരാളം കൃഷിചെയ്യുന്നു. മഴയും മണ്ണിന്റെ ഫലപുഷ്‌ടിയും കുറയുന്നതിനനുസൃതമായി കൃഷിചെയ്യാന്‍ പറ്റിയ വിളകള്‍ നെല്ല്‌, ചോളം, കൂവരക്‌, മണിച്ചോളം, ചെറുധാന്യവിളകള്‍ എന്നിവയാണ്‌. ഗോതമ്പ്‌, പശ്ചിമമേഖലയിലും നെല്ല്‌ പൂര്‍വമേഖലയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുഖ്യവിളയായ ചോളം, മണിച്ചോളം, ചെറുമണികള്‍ എന്നിവ പരിഷ്‌കൃത രാജ്യങ്ങളില്‍ കന്നുകാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു.

ധാന്യമണികള്‍ അവയ്‌ക്കുള്ള ആഹാരമായ അന്നജം ബീജാന്നത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. അതാണ്‌ മനുഷ്യര്‍ ആഹാരമായി ഉപയോഗിക്കുന്നത്‌. ബീജാന്നത്തിന്റെ ഏറ്റവും പുറത്തുള്ള അല്യുറോണ്‍സ്‌തരം വളരെയധികം മാംസ്യം അടങ്ങിയതാണ്‌. വിത്തിനകത്തു സ്ഥിതിചെയ്യുന്ന ഭ്രൂണത്തില്‍ ധാരാളം കൊഴുപ്പ്‌, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. ചില ധാന്യങ്ങളില്‍ പെരികാര്‍പ്പ്‌ (ഫലഭിത്തി), അല്യുറോണ്‍സ്‌തരം, ഭ്രൂണം എന്നിവ മാറ്റുന്ന സമയത്ത്‌ വലിയൊരു പങ്ക്‌ മാംസ്യവും കൊഴുപ്പും ധാതുലവണങ്ങളും ജീവകങ്ങളും നഷ്‌ടപ്പെടുന്നുണ്ട്‌. ഉദാ. നല്ലപോലെ വെളുപ്പിച്ചെടുത്ത അരിയിലും ഗോതമ്പിലും ഇതു സംഭവിക്കുന്നു. ചില മില്ലറ്റുകള്‍ക്ക്‌ നല്ല പോഷകമൂല്യമുണ്ട്‌. ധാന്യമണികളില്‍നിന്നെടുക്കുന്ന ബീയറില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പ്‌, നെല്ല്‌, ചോളം, മണിച്ചോളം, ബാര്‍ലി, ബജ്‌റ, കൂവരക്‌ എന്നിവയാണ്‌ പ്രധാന ധാന്യവിളകള്‍.

2. പയറുവര്‍ഗവിളകള്‍. ധാന്യങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യാഹാരത്തില്‍ വളരെ പ്രാധാന്യമുള്ള ഭക്ഷ്യവിളയാണ്‌ പയറുവര്‍ഗങ്ങള്‍. ലെഗ്യൂമിനസ്‌ സസ്യവിഭാഗത്തില്‍ മനുഷ്യാഹാരത്തിന്‌ ഉപയോഗിക്കുന്ന എല്ലാ ചെടികളെയും "പള്‍സസ്‌' എന്നു നാമകരണം ചെയ്‌തിരിക്കുന്നു. സസ്യാഹാരത്തില്‍ ഏറ്റവും കൂടുതല്‍ മാംസ്യം നല്‌കുന്നത്‌ പയറുവര്‍ഗങ്ങളാണ്‌. ഇവയുടെ വിത്തുകളാണ്‌ സാധാരണയായി ആഹാരമായി ഉപയോഗിക്കുന്നത്‌; ഇളംപ്രായത്തിലുള്ള കായ്‌ പച്ചക്കറിയായും ഉപയോഗിക്കുന്നുണ്ട്‌. ചില ബാക്‌റ്റീരിയകളുടെ സഹായത്തോടുകൂടി അന്തരീക്ഷത്തിലെ നൈട്രജനെ വേരുകളില്‍ സംഭരിച്ചുവയ്‌ക്കുന്നതിനുള്ള കഴിവ്‌ പയറുവര്‍ഗങ്ങള്‍ക്കുണ്ട്‌. വേരുകളിലുള്ള നൈട്രജനുപുറമേ മറ്റു സസ്യഭാഗങ്ങളില്‍ വളരെയധികം മാംസ്യവും അടങ്ങിയിരിക്കുന്നു. എല്ലാ പയറുവിളകളും ലെഗ്യൂമിനോസെയിലെ, പാപ്പിലിയോനേസ്യേ എന്ന ഉപകുടുംബത്തിലെ അംഗങ്ങളാണ്‌. ഉഴുന്ന്‌, ചെറുപയര്‍, കടല, മുതിര, അമര, തുവര, പെരുംപയര്‍, പട്ടാണിപ്പയര്‍, സോയാബീന്‍, ഫ്രഞ്ച്‌ബീന്‍സ്‌ എന്നിവയാണ്‌ പ്രധാന പയറുവിളകള്‍.

3. പച്ചക്കറിഫലവര്‍ഗങ്ങള്‍. പച്ചക്കറിവിളകളെ കുറിച്ചുള്ള പഠനം "ഒലറിക്കള്‍ച്ചര്‍' എന്നും ഫലവര്‍ഗങ്ങളെക്കുറിച്ചുള്ളത്‌ "പോമോളജി' എന്നും അറിയപ്പെടുന്നു. പച്ചക്കറിവിളകളെ പലതരത്തില്‍ വിഭജിച്ചിട്ടുണ്ടെങ്കിലും കൃഷിരീതി ആസ്‌പദമാക്കിയുള്ള വിഭജനമാണ്‌ വളരെ ഉചിതമായിട്ടുള്ളത്‌. ഈ രീതിയനുസരിച്ച്‌ പച്ചക്കറി വിളകളെ ചിരസ്ഥായി വിളകള്‍, ഔഷധികള്‍, സലാഡ്‌ വിളകള്‍, കോള്‍വിളകള്‍, കിഴങ്ങുവിളകള്‍, ഉള്ളിവിളകള്‍, സോളാനേസീ വിളകള്‍, മത്തന്‍, വെണ്ട, ചേന എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വെണ്ട, വഴുതന, തക്കാളി, മുളക്‌, മത്തന്‍, വെള്ളരി, തണ്ണിമത്തന്‍, ഉള്ളി, ബീറ്റ്‌റൂട്ട്‌, കാബേജ്‌, റാഡിഷ്‌, കാരറ്റ്‌, പടവലം, പാവല്‍ എന്നിവയാണ്‌ പ്രധാന പച്ചക്കറി വിളകള്‍. മാങ്ങ, കശുമാങ്ങ, വാഴയ്‌ക്ക, കൈതച്ചക്ക, പപ്പായ എന്നിവ ഫലവര്‍ഗവിളകളില്‍പ്പെടുന്നു.

4. പഞ്ചസാരസ്റ്റാര്‍ച്ച്‌ വിളകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ശര്‍ക്കര, പഞ്ചസാര ഇവ ഉണ്ടാക്കുന്നതിന്‌ കരിമ്പ്‌ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട്‌. ഇന്ത്യയില്‍ കരിമ്പില്‍ നിന്നാണ്‌ പഞ്ചസാര ഉത്‌പാദിപ്പിക്കുന്നത്‌. യൂറോപ്പ്‌, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ ഷുഗര്‍ബീറ്റ്‌ എന്ന കിഴങ്ങുവിളയില്‍ നിന്നും ധാരാളം പഞ്ചസാര ഉണ്ടാക്കുന്നുണ്ട്‌. ഇതിനു പ്രധാനകാരണം ശീതമേഖലയില്‍ കരിമ്പ്‌ വളരില്ല എന്നതാണ്‌. കരിമ്പന, തെങ്ങ്‌, ഈന്തപ്പന എന്നിവയില്‍നിന്ന്‌ പഞ്ചസാര ഉത്‌പാദിപ്പിക്കുവാന്‍ കഴിയും. ആഹാരസാധനങ്ങളില്‍ മധുരത്തിനുവേണ്ടി ചേര്‍ക്കുന്ന പഞ്ചസാര നല്ലൊരു ഊര്‍ജദായകവസ്‌തു കൂടിയാണ്‌.

ഇന്ത്യയില്‍ സ്റ്റാര്‍ച്ചിന്റെ നല്ലൊരു ശതമാനം ധാന്യമണികളായ നെല്ല്‌, ഗോതമ്പ്‌, ചോളം എന്നിവയില്‍ നിന്നും കിട്ടുന്നു. മധുരക്കിഴങ്ങ്‌, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും സ്റ്റാര്‍ച്ച്‌ പ്രദാനം ചെയ്യുന്നുണ്ട്‌.

കരിമ്പ്‌, ഷുഗര്‍ ബീറ്റ്‌, ഷുഗര്‍മാപിള്‍, പാംഷുഗര്‍, മധുരച്ചോളം എന്നിവയാണ്‌ പ്രധാനപ്പെട്ട പഞ്ചസാരവിളകള്‍. ഉഷ്‌ണമേഖലാരാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചസാരവിള കരിമ്പ്‌ തന്നെയാണ്‌.

മരച്ചീനി, മധുരക്കിഴങ്ങ്‌, ഉരുളക്കിഴങ്ങ്‌, ചവ്വരി, കൂവ എന്നിവ പ്രധാനസ്റ്റാര്‍ച്ച്‌ വിളകളില്‍പ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാന സ്റ്റാര്‍ച്ച്‌ വിള മരച്ചീനി ആണ്‌.

5. എണ്ണക്കുരുക്കള്‍. വ്യവസായം, ആഹാരം എന്നിവയില്‍ ഒരുപോലെ പ്രാധാന്യമുള്ളതാണ്‌ എണ്ണക്കുരുവിളകള്‍. മനുഷ്യാഹാരത്തില്‍ കൊഴുപ്പിന്റെ അംശം പ്രധാനമായും പ്രദാനം ചെയ്യുന്നത്‌ എണ്ണകളാണ്‌. അവ ആഹാരത്തിന്‌ രുചി വര്‍ധിപ്പിക്കുന്നത്‌ കൂടാതെ ഉപാപചയത്തിനുവേണ്ട ഊര്‍ജവും നല്‌കുന്നു. ഔഷധങ്ങള്‍, സോപ്പ്‌, സുഗന്ധവസ്‌തുക്കള്‍ എന്നിവയുണ്ടാക്കാനും സ്‌നേഹനത്തിനു (lubrication) വേണ്ടിയും എണ്ണ ഉപയോഗിച്ചുവരുന്നു. വെളിച്ചെണ്ണ, നിലക്കടലയെണ്ണ, ആവണക്കെണ്ണ എന്നിവ വിദേശങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നുമുണ്ട്‌.

പ്രകാശസംശ്ലേഷണ ഫലമായുണ്ടാകുന്ന കാര്‍ബോഹൈഡ്രറ്റുകളെ സംശ്ലേഷണം നടത്തിയാണ്‌ സസ്യങ്ങള്‍ എണ്ണയുണ്ടാക്കുന്നത്‌. സസ്യത്തിന്റെ ശരീരകലകളില്‍ വെള്ളത്തില്‍ ലയിക്കാത്ത കണങ്ങളായി എണ്ണ സ്ഥിതി ചെയ്യുന്നു. കോശഭിത്തികളിലും കോശത്തിനകത്തും ഇതു ശേഖരിക്കപ്പെടുന്നുണ്ട്‌.

സസ്യഎണ്ണകളെ സ്ഥിരക്കൊഴുപ്പുള്ള എണ്ണകളെന്നും ബാഷ്‌പശീല എണ്ണകളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സ്ഥിരക്കൊഴുപ്പുള്ള എണ്ണകള്‍ സസ്യങ്ങളുടെ വിത്തിലും ഫലങ്ങളിലും തണ്ടിലും കാണുന്നു. അന്നജത്തിനുപകരം കൊഴുപ്പുള്ള എണ്ണകള്‍ ശേഖരിച്ച്‌ വച്ചിരിക്കുന്നതുകൊണ്ട്‌ ചെടികള്‍ക്ക്‌ ധാരാളം ഊര്‍ജം ലഭ്യമാകുന്നുണ്ട്‌. മാത്രമല്ല ഈ എണ്ണകളുടെ ആപേക്ഷിതഘനത്വം വളരെ കുറവായതുകൊണ്ട്‌ വിത്തുകളുടെ വിതരണപ്രക്രിയ വളരെ എളുപ്പമുള്ളതായിത്തീരുന്നു. ഇത്തരം എണ്ണകളെ ശുഷ്‌കതൈലം, അര്‍ധശുഷ്‌കതൈലം, സാധാരണ തൈലം, കൊഴുപ്പുകള്‍ എന്ന്‌ നാലായി തരംതിരിച്ചിരിക്കുന്നു.

ശുഷ്‌കതൈലങ്ങള്‍ തുറന്നുവയ്‌ക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ സംഭരിച്ച്‌ നേരിയ ഇലാസ്‌തികസ്വഭാവം കൈക്കൊള്ളുന്നു. സോപ്പ്‌, വാര്‍ണീഷ്‌, പെയിന്റ്‌ എന്നിവ ഉണ്ടാക്കാനും ആഹാരം പാകംചെയ്യാനും വിളക്കുകത്തിക്കാനും ഇവ ഉപയോഗിച്ചുവരുന്നു. ലിന്‍സീഡ്‌, നൈഗര്‍, സാഫ്‌ളവര്‍, ടങ്‌, കാന്‍ഡില്‍നട്ട്‌, സോയാബീന്‍ എന്നിവ ശുഷ്‌കതൈലങ്ങള്‍ തരുന്ന ചെടികളാണ്‌.

സ്ഥിരമായി തുറന്നുവച്ചിരുന്നാല്‍മാത്രം സാവധാനം വറ്റിപ്പോകുന്നവയാണ്‌ അര്‍ധശുഷ്‌ക തൈലങ്ങള്‍. വളരെ സാവധാനത്തില്‍ കുറഞ്ഞതോതില്‍ മാത്രമേ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള കഴിവ്‌ ഇവയ്‌ക്കുള്ളൂ. എള്ള്‌, കടുക്‌, പരുത്തി, ചോളം, സൂര്യകാന്തി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

സാധാരണ എണ്ണകള്‍ ദ്രാവകരൂപത്തില്‍ത്തന്നെ സ്ഥിരമായിരിക്കുന്നു. വളരെക്കൂടിയ ചൂടിലും വറ്റിപ്പോകാത്തതുകൊണ്ട്‌ ഇവയെ സോപ്പുണ്ടാക്കുന്നതിന്‌ ഉപയോഗിച്ചുവരുന്നു. ആവണക്കെണ്ണ സ്‌നേഹനത്തിനുവേണ്ടിയും ഉപയോഗിക്കുന്നുണ്ട്‌. സാധാരണ എണ്ണകള്‍ക്ക്‌ ആവണക്ക്‌, നിലക്കടല, നാളികേരം, എണ്ണപ്പന, ഒലീവ്‌ എന്നിവയുടെ എണ്ണകള്‍ ഉദാഹരണങ്ങളാണ്‌. കൊഴുപ്പെണ്ണകള്‍ സാധാരണ ഊഷ്‌മാവില്‍ ഘനരൂപത്തിലോ അര്‍ധഘനരൂപത്തിലോ സ്ഥിതിചെയ്യുന്നു. സോപ്പ്‌, മെഴുകുതിരി എന്നിവ ഉണ്ടാക്കാന്‍ ഇവ ഏറ്റവും യോജിച്ചതാണ്‌. ഉദാ. മാഹുവാ, മോവൂര്‍, കൊക്കോ.

ഇന്ത്യയില്‍ എണ്ണക്കുരു സസ്യങ്ങളെ (i) മുഖ്യഎണ്ണക്കുരുക്കള്‍ (നിലക്കടല, എള്ള്‌, ആവണക്ക്‌, റേപ്പ്‌, കടുക്‌, ലിന്‍സീഡ്‌, നാളികേരം); (ii) ലഘുഎണ്ണക്കുരുക്കള്‍ (സാഫ്‌ളവര്‍, നൈഗര്‍, പുകയില, വേപ്പ്‌, ടങ്‌) എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു.

ബാഷ്‌പശീലതൈലങ്ങള്‍ തുറന്നു വച്ചിരുന്നാല്‍ അന്തരീക്ഷ വായുവില്‍ ബാഷ്‌പീകരിക്കുകയും വറ്റുമ്പോള്‍ യാതൊന്നും അവശേഷിക്കാതിരിക്കുകയും ചെയ്യുന്നു. പല ചെടികളിലും ഇത്‌ പശ, മരക്കറ എന്നീ തരത്തില്‍ കാണപ്പെടുന്നു. ചില ചെടികളുടെയും മരങ്ങളുടെയും പ്രത്യേക മണത്തിനുകാരണം ഇത്തരം എണ്ണകളുടെ സാന്നിധ്യമാണ്‌.

ചെടികളില്‍ നേരിട്ടല്ലെങ്കിലും പ്രകാശസംശ്ലേഷണത്തോടനുബന്ധിച്ച്‌ പരോക്ഷമായി ഉത്‌പാദിപ്പിക്കുന്നവയാണ്‌ ബാഷ്‌പശീല എണ്ണകള്‍. എന്നാല്‍ ചില സസ്യങ്ങളില്‍ ഗ്ലൂക്കോസൈഡ്‌ വിഘടിക്കുമ്പോള്‍ ഇവ ഉണ്ടാകുന്നുണ്ട്‌. അമ്പെലിഫേറേ, റൂട്ടേസി, മിര്‍ട്ടേസി, പൈപ്പെറേസീ, ലേബിയേറ്റിയേ, ലാറേസീ, ഫൈനാസീ എന്നീ കുടുംബങ്ങളില്‍പ്പെട്ട ചെടികളിലെ എല്ലാ ഭാഗങ്ങളിലും ബാഷ്‌പശീല എണ്ണകള്‍ ഉണ്ട്‌. ഇതിനുംപുറമേ ഗ്രാമിനേ, പന്‍ഡനേസീ, സിന്‍ജിബെറേസീ, ലിലിയേസീ, കീനോപോഡിയേസീ, മഗ്നോളിയേസീ, ക്രൂസിഫേറേ, റോസേസീ, ഒലിയേസീ, ജെറാഷിയേസീ, സാന്‍ഡലേസീ, യൂഫോര്‍ബിയേസീ, ബര്‍സിറേസീ, വെര്‍ബിനേസീ, വാല്‍വാറിയാനേസീ, കമ്പോസിറ്റേ, ഓര്‍ക്കിഡേസീ തുടങ്ങിയവയിലും ബാഷ്‌പശീല എണ്ണകള്‍ കാണാവുന്നതാണ്‌. സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളില്‍നിന്നും ബാഷ്‌പശീല എണ്ണകള്‍ എടുക്കുന്നുണ്ട്‌. രാമച്ചത്തിന്റെ വേരില്‍നിന്നും ഇഞ്ചിയുടെ ഭൂകാണ്ഡങ്ങളില്‍നിന്നും ജെറാനിയം, മെന്ത എന്നിവയുടെ തണ്ട്‌, ഇല എന്നിവയില്‍ നിന്നും യൂക്കാലിപ്‌റ്റസിന്റെ ഇലയില്‍നിന്നും റോസ്‌, മുല്ല എന്നിവയുടെ പൂവില്‍നിന്നും ചന്ദനത്തിന്റെ തടിയില്‍നിന്നും കൊത്തമല്ലി, വാനില എന്നിവയുടെ കായില്‍ നിന്നും ഈ എണ്ണകള്‍ കിട്ടുന്നുണ്ട്‌. വിത്തില്‍ ഈ എണ്ണ സ്വതവേ ലഭ്യമല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഏലത്തിന്റെ കായില്‍നിന്നാണ്‌ എണ്ണ ശേഖരിക്കുന്നത്‌.

ഉപയോഗരീതിയെ ആസ്‌പദമാക്കി ബാഷ്‌പശീലതൈലങ്ങളെ സുഗന്ധഎണ്ണകള്‍, രുചിയും വാസനയും തരുന്ന എണ്ണകള്‍, ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ള എണ്ണകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സുഗന്ധ എണ്ണകള്‍ തരുന്ന ചെടികളാണ്‌ ചന്ദനം, വെട്ടിവേര്‍, ഇഞ്ചിപ്പുല്ല്‌, സിട്രാനെല്ലാ, ജെറാനിയം, മാര്‍ജോറം, അത്തര്‍, ലാവന്‍ഡര്‍ തുടങ്ങിയവ. രുചിയും വാസനയുമുള്ള എണ്ണകള്‍ തരുന്ന ചെടികളാണ്‌ പെപ്പര്‍മിന്റ്‌, സ്‌പിയര്‍മിന്റ്‌, വാനില, ജാതി, കൊത്തമല്ലി, കരയാമ്പൂ, കറുവ, ഇഞ്ചി, ഏലം തുടങ്ങിയവ. ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ളവയാണ്‌ യൂക്കാലിപ്‌റ്റസ്‌, കര്‍പ്പൂരം, ഇഞ്ചിപ്പുല്ല്‌, അജോവന്‍ തുടങ്ങിയ ചെടികള്‍. എണ്ണ എടുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സസ്യഭാഗങ്ങളെ ആസ്‌പദമാക്കിയുള്ള വിഭജനം:

(i) വേര്‌, കിഴങ്ങ്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവവെറ്റിവീരിയ സൈനാനി ഓയിഡസ്‌; കോളിയസ്‌ വെറ്റിവീറോയിഡസ്‌; സിഞ്ചിബര്‍ ഒഫിസിനാലിസ്‌. (ii) ഇല, ചെറുതണ്ട്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവയൂക്കാലിപ്‌റ്റസ്‌ സ്‌പീഷീസുകള്‍; സിംബോപോഗണ്‍ സിട്രാറ്റസ്‌; സിനമോമം ക്യാംഫോറ; സിംബോപോഗണ്‍ ഫ്‌ളെക്‌സ്‌ ഓസസ്‌; സിനമോമം സെയ്‌ലാനികം; സിംബോപോഗണ്‍ നാര്‍ഡസ്‌; സിംബോപോഗണ്‍ മാര്‍ട്ടീനിയയ്‌; പെലാര്‍ഗോണിയം സ്‌പീഷീസുകള്‍; മെന്താ പൈപെറിറ്റാ; പോഗോസ്റ്റിമണ്‍ പാറ്റ്‌ ചൗളി; മെന്താ സ്‌പൈക്കേറ്റാ; ലാവന്‍ഡൂലാ ഒഫിസിനാലിസ്‌; ഓഗിഗാനം മെജറാനാ; റോസിമാരിനസ്‌ ഒഫിസിനാലിസ്‌. (iii) മരപ്പട്ട, ചില്ല എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവസന്റാലം ആല്‍ബം, സിനമോമം സെയ്‌ലാനികം, സിനമോമം ക്യാംഫോറ. (iv) പൂക്കളില്‍നിന്ന്‌ എണ്ണ കിട്ടുന്നവ. റോസ സ്‌പീഷിസുകള്‍; ജാസ്‌മീനം സ്‌പീഷീസുകള്‍; യ്യൂജീനിയാ ക്യാരിയോഫില്ലോ. (v) കായ്‌, വിത്ത്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവസിറ്റ്രസ്‌ സ്‌പീഷീസുകള്‍; വാനില പ്‌ളാനികോലിയാ; ക്യാരംകോപ്‌റ്റികം; പ്യൂസിഡാനം ഗ്രാവിഓലെന്‍സ്‌ മിരിസ്റ്റിക്കാ ഫ്രാഗ്രന്‍സ്‌; എലിറ്റേ റിയാ കാര്‍ഡമോമം.

6. നാരുവര്‍ഗങ്ങള്‍. സസ്യനാരുകള്‍ കൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ഉണ്ടാക്കുന്നത്‌. നാരുത്‌പാദനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ പരുത്തിച്ചെടിയാണ്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മനുഷ്യര്‍ പരുത്തിക്കൃഷി ചെയ്‌തിരുന്നതായി ചരിത്രരേഖകളുണ്ട്‌. ശീതമേഖലകളില്‍ ഉപയോഗിക്കുന്ന ലിനന്‍തുണി ഫ്‌ളാക്‌സ്‌ അഥവാ ലിന്‍സീഡ്‌ എന്ന ചെടിയില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്നതാണ്‌. ഇന്ന്‌ തടി അരച്ച്‌ പാകപ്പെടുത്തിയെടുക്കുന്ന നാരുകള്‍ ആണ്‌ വസ്‌ത്രനിര്‍മിതിയില്‍ കൂടുതലായി ഉപയോഗിക്കുന്നത്‌. ചണനാര്‌, മെസ്‌താ എന്നിവ ഉപയോഗിച്ച്‌ ചാക്ക്‌, ഹെസ്സിയന്‍ തുണി എന്നിവ ഉണ്ടാക്കുന്ന വ്യവസായം വളരെ പുരോഗമിച്ചിട്ടുണ്ട്‌. തെങ്ങ്‌, മെസ്‌താ, ചണം എന്നിവയുടെ നാരുകളില്‍നിന്നാണ്‌ കയര്‍, ചാക്ക്‌, കപ്പല്‍ പായ്‌, ട്വയിന്‍ എന്നിവ ഉണ്ടാക്കുന്നത്‌. തറവിരിപ്പ്‌, തഴപ്പായ, കയറ്റുപായ, ചകിരിമെത്ത, ബ്രഷ്‌ തുടങ്ങിയവയും സസ്യനാരുകളില്‍ നിന്നും ഉണ്ടാക്കിവരുന്നു. വാഴനാര്‌, കൈതനാര്‌ തുടങ്ങിയവ ഉപയോഗിച്ച്‌ നിത്യോപയോഗസാധനങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളും ഉണ്ട്‌.

ചെടികളിലെ ദൃഢകലകളിലെ കോശങ്ങളില്‍ നിന്നാണ്‌ നാരുകള്‍ കിട്ടുന്നത്‌. ഈ നാരുകള്‍ സെലുലോസ്‌ അര്‍ധസെലുലോസ്‌ കോശങ്ങള്‍ കൊണ്ടുണ്ടാക്കിയവയാണ്‌. ആധുനിക കാലത്ത്‌ സിന്തറ്റിക്‌ സെലുലോസുകളില്‍ നിന്നുണ്ടാക്കുന്ന കൃത്രിമനാരുകള്‍ തുണിയുത്‌പാദനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്‌.

സസ്യത്തിന്റെ ഏതുഭാഗത്തുനിന്നാണോ നാരുകള്‍ എടുക്കുന്നത്‌ അതിനെ ആസ്‌പദമാക്കി സസ്യനാരുകളെ ബാസ്റ്റ്‌ നാരുകള്‍, ഇലനാരുകള്‍, കായ്‌വിത്തുനാരുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ചെടിയുടെ തണ്ടില്‍ നിന്നെടുക്കുന്നതാണ്‌ ബാസ്റ്റ്‌ നാരുകള്‍. ഓരോ നാരും ഓരോ നീണ്ട കോശമാണ്‌. പെക്‌ടിന്‍ എന്ന രാസവസ്‌തുവിന്റെ സാന്നിധ്യംകൊണ്ട്‌ വളരെയധികം കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ കെട്ടുകളായി സ്ഥിതിചെയ്യുന്നു. ഈ കോശങ്ങള്‍ക്ക്‌ സെലുലോസ്‌ കൊണ്ടുള്ള ഭിത്തികളും ഉണ്ട്‌. ചെടിത്തണ്ടിനെ അഴുക്ക-ി ചതച്ചാണ്‌ നാരു വേര്‍തിരിച്ചെടുക്കുന്നത്‌. അഴുക്കലിന്റെ ഫലമായി ഉണ്ടാകുന്ന ചില ബാക്‌റ്റീരിയകളുടെ പ്രവര്‍ത്തനഫലമായി നാരുകള്‍ വേര്‍പെടുന്നു. അഗേവ്‌, മാനിലാ ഹെമ്പ്‌, സാല്‍സിവീരിയ തുടങ്ങിയ ചെടികളുടെ ഇലയില്‍നിന്നുമാണ്‌ നാരുകള്‍ എടുക്കുന്നത്‌. ഈ നാരുകള്‍ ചെറുതെങ്കിലും നല്ല കട്ടിയുള്ളവയാണ്‌. ഈ നാരുകളെ കൂട്ടംകൂട്ടമായി വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. കായുടെയോ വിത്തിന്റെയോ പുറംതോടില്‍ നിന്നെടുക്കുന്ന നാരുകളെ കോശനാരുകള്‍ എന്നു പറയുന്നു. പരുത്തിയില്‍ വിത്തിന്റെ ഉപഅധിചര്‍മമാണ്‌ നാരായിത്തീരുന്നത്‌. കാപോക്കില്‍ കായുടെ ആന്തരിക അണ്ഡപര്‍ണച്ചട്ടയുടെ ആന്തരികഭാഗമാണ്‌ പഞ്ഞിയായി തീരുന്നത്‌.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തെ ആസ്‌പദമാക്കി നാരുകളെ തുണിനാരുകള്‍, കയര്‍നാരുകള്‍, ബ്രഷ്‌നാരുകള്‍, മെടച്ചില്‍നാരുകള്‍, നിറയ്‌ക്കുന്നതിനുള്ള നാരുകള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌.

പരുത്തി (ജൂട്ട്‌), കെനാഫ്‌, റോസല്ലെ, ചണം (ജൂട്ട്‌, ഫ്‌ളാക്‌സ്‌, ഹെമ്പ്‌), റാമി, കള്ളി, അഗേവ്‌ സ്‌പീഷീസുകള്‍; തെങ്ങ്‌, കൈതച്ചെടി, വാഴ എന്നിവയാണ്‌ സാധാരണ നാരുവര്‍ഗചെടികള്‍.

7. സുഗന്ധരുചിവര്‍ധകവിളകള്‍. സുഗന്ധരുചിവര്‍ധകവസ്‌തുക്കള്‍ ചേര്‍ക്കുമ്പോള്‍ ആഹാരസാധനങ്ങളുടെ മണവും രുചിയും വര്‍ധിക്കുന്നു. വിശപ്പും ആഹാരത്തോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ദഹനരസം സ്രവിപ്പിക്കുന്നതിന്‌ ദഹനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇവയ്‌ക്കു കഴിവുണ്ട്‌. മിക്കയിനവും ഉഷ്‌ണമേഖലാകാലാവസ്ഥയില്‍ വളരുന്നവയാണ്‌. പ്രധാനവിളകള്‍: കുരുമുളക്‌, മുളക്‌, മഞ്ഞള്‍, ഇഞ്ചി, ഏലം, ഉള്ളി, വെളുത്തുള്ളി, കടുക്‌, ജീരകം, മല്ലി, ഓമം, കായം, കരയാമ്പൂ, ജാതി, കറുവ, വാനില, കുങ്കുമം.

8. ഔഷധവിളകളും പാനീയവിളകളും. പുകയില, കഞ്ചാവ്‌, കറുപ്പ്‌ മുതലായവയെ ഔഷധവിളകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതുവേ വിഷവസ്‌തുക്കളായ ഇവ ചെറിയ മാത്രകളില്‍ മയക്കുമരുന്നായും ഉപയോഗിക്കുന്നുണ്ട്‌. പുകയില, കഞ്ചാവ്‌ തുടങ്ങിയവയെ ധൂമികവിളകള്‍ എന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചവയ്‌ക്കുമ്പോഴോ നീര്‌ കഴിക്കുമ്പോഴോ ലഹരി അനുഭവപ്പെടുന്നതായ വെറ്റില, അടയ്‌ക്ക എന്നിവയെ ചര്‍വണ വിളകളില്‍പ്പെടുത്തിയിരിക്കുന്നു. ചര്‍വണ വിളകളില്‍ പെടുന്നവയാണ്‌ പുകയിലയും. പലതരത്തിലുള്ള മരുന്നുകളും ഇത്തരം ചെടികളില്‍നിന്നുത്‌പാദിപ്പിക്കുന്നുണ്ട്‌. പ്രധാന ഔഷധപാനീയവിളകള്‍ പുകയിലച്ചെടി, വെററിലച്ചെടി, ചിക്കറി തുടങ്ങിയവയാണ്‌.

9. റബ്ബര്‍വിള. നിത്യജീവിതത്തില്‍ റബ്ബര്‍ ഉത്‌പന്നങ്ങളുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ മുഖ്യമായും ഒരു ഉഷ്‌ണമേഖലാവിളയാണ്‌. തെക്കേ അമേരിക്കയാണ്‌ റബ്ബറിന്റെ ജന്മസ്ഥലം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ റബ്ബര്‍ നല്ലതുപോലെ സ്വാധീനിക്കുന്നുണ്ട്‌. ബ്രസീലില്‍നിന്നും ഇറക്കുമതിചെയ്‌ത ഹീവിയ ബ്രസീലിയന്‍സീസ്‌ എന്ന ഇനത്തില്‍ നിന്നാണ്‌ ഇന്ത്യയില്‍ റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നത്‌. റബ്ബര്‍ മരത്തിന്റെ കറ (ലാറ്റക്‌സ്‌) യാണ്‌ റബ്ബറായി രൂപാന്തരപ്പെടുന്നത്‌. മാനിഹൊട്ട്‌ ഗ്ലാസിയോവൈ, ക്രിപ്‌റ്റോസ്റ്റീജിയ ടാരക്‌സാകം എന്നീ ഇനം മരങ്ങളില്‍ നിന്നും റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ലാറ്റക്‌സ്‌ ലഭിക്കുന്നത്‌ ഹീവിയ ബ്രസീലിയന്‍സിസ്‌ എന്ന ഇനത്തില്‍നിന്നാണ്‌.

10. പച്ചിലവള വിളകള്‍. ഇവ രണ്ടുതരമുണ്ട്‌: ലഗ്യൂമിനേസീ കുടുംബത്തില്‍പ്പെട്ട പയറുവര്‍ഗച്ചെടികള്‍ (പാടത്തുവളര്‍ത്തുകയും നേരിട്ടു ഉഴുതുചേര്‍ക്കുന്നവയും), മറ്റു ചെടികളുടെ ഇലകള്‍. പച്ചിലവളവിളകള്‍ കാര്‍ഷിക സാമ്പത്തിക വികസനത്തില്‍ നല്ലൊരു പങ്കുവഹിക്കുന്നു. പയറുവര്‍ഗങ്ങളില്‍പ്പെട്ടതും അന്തരീക്ഷ നൈട്രജന്‍ സംഭരിച്ചുവയ്‌ക്കാന്‍ കഴിവുള്ളതുമായ ഡെയിഞ്ചാ, ചണമ്പ്‌, കൊഴിഞ്ഞില്‍ എന്നിവ പച്ചിലവളങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. മരങ്ങളുടെ ഇലകളും വളമായി ഉപയോഗിക്കുന്നുണ്ട്‌. ഉദാ. ശീമക്കൊന്ന, പൂവരശ്‌.

11. ഫോഡര്‍ വിളകള്‍. കന്നുകാലിത്തീറ്റയ്‌ക്കുവേണ്ടി വളര്‍ത്തുന്നവയാണ്‌ ഫോഡര്‍ വിളകള്‍. നേരിട്ട്‌ കാലിത്തീറ്റയായി ഉപയോഗിക്കുന്നവ, മേച്ചിലിനുവേണ്ടി വളര്‍ത്തുന്നവ, വയ്‌ക്കോലിനായി വളര്‍ത്തുന്നവ തുടങ്ങിയവയെല്ലാം ഫോഡര്‍ വിളകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഫോഡര്‍ വിളകളെ ഉഷ്‌ണമേഖലയിലെ വിളകള്‍, ശീതമേഖലയിലെ വിളകള്‍ എന്നു രണ്ടായി വര്‍ഗീകരിക്കാം. ഇവയിലോരോന്നിലും പുല്‍വര്‍ഗ ഫോഡര്‍വിളകള്‍, പയറുവര്‍ഗ ഫോഡര്‍വിളകള്‍ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്‌. രണ്ടിനത്തിലും ചിരസ്ഥായികളും ഔഷധികളുമുണ്ട്‌. സാധാരണ പയറുവര്‍ഗങ്ങള്‍ എല്ലാംതന്നെ കാലിത്തീറ്റ വിളകളായും ഉപയോഗിക്കാന്‍ കഴിയും. കേരളത്തില്‍ മുഖ്യമായി വന്‍പയര്‍ (വിഗ്നാ സെനെന്‍സീസ്‌) ഈ രീതിയില്‍ കൃഷിചെയ്യുന്നു. ഇവ കൃഷിചെയ്യുന്നതുകൊണ്ട്‌ മണ്ണിന്റെ ഫലപുഷ്‌ടി വര്‍ധിക്കുമെന്ന മെച്ചവുമുണ്ട്‌.

കൃഷിയുടെ വൈപുല്യവും ഉത്‌പന്നത്തിന്റെ അളവും പരിഗണിക്കുമ്പോള്‍ പുല്‍വര്‍ഗ ഫോഡര്‍വിളകളാണ്‌ കാലിത്തീറ്റയായി ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യം. കേരളത്തില്‍ മുഖ്യമായി കൃഷി ചെയ്‌തുവരുന്ന പുല്‍വര്‍ഗ ഫോഡര്‍വിളകള്‍ ഗിനിപ്പുല്ല്‌, നേപ്പിയര്‍ പുല്ല്‌, പാരാപ്പുല്ല്‌ എന്നിവയാണ്‌. ചോളം, മണിച്ചോളം, ബജ്‌റ എന്നീ ധാന്യവിളകളും കാലിത്തീറ്റയായി കൃഷി ചെയ്‌തുവരുന്നുണ്ട്‌. ധാന്യവിളകളില്‍നിന്നു കിട്ടുന്ന വയ്‌ക്കോലും കാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു.

(ഡോ. എന്‍. കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍