This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷിക വിപണനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഷിക വിപണനം

ഉത്‌പാദകരായ കൃഷിക്കാരില്‍നിന്നും ശേഖരിച്ച ഉത്‌പന്നങ്ങള്‍ നിര്‍ദിഷ്‌ട ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌, സംസ്‌കരിച്ച്‌, നിശ്ചിത അളവിലും തൂക്കത്തിലും വിലയ്‌ക്കും ഉപഭോക്താവിന്‌ എത്തിച്ചുകൊടുക്കുന്ന പ്രക്രിയ. സ്വയംപര്യാപ്‌തത നിലവിലിരുന്ന പുരാതനകാലത്ത്‌ ജീവിതവൃത്തിക്കുവേണ്ടിയുള്ള കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പില്‌ക്കാലത്തു ജീവിതാവശ്യത്തിനുവേണ്ടിയുള്ള എല്ലാ വിളകളും സ്വയം ഉത്‌പാദിപ്പിക്കാനാവശ്യമായ ഭൂമിയോ മറ്റു വിഭവങ്ങളോ ഇല്ലാതായപ്പോള്‍ കര്‍ഷകര്‍ തൊഴില്‍ വിഭജനത്തില്‍ ഏര്‍പ്പെട്ട്‌ പരസ്‌പരം ആശ്രയിക്കാന്‍ തയ്യാറായി. സ്വന്തം ആവശ്യത്തിനു തികയുന്നതിലുപരി വിളയുത്‌പാദനം ഉണ്ടായപ്പോള്‍ അധികമുള്ളത്‌ കമ്പോളത്തില്‍ വിറ്റഴിച്ചു. അങ്ങനെയാണ്‌ കാര്‍ഷികവിപണനം ആരംഭിച്ചത്‌. ഭക്ഷ്യവിളകളെക്കൂടാതെ വിപണനത്തിനുമാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നാണ്യവിളകളും കൃഷി ചെയ്യപ്പെട്ടുവന്നു. ആധുനിക കൃഷിസാങ്കേതികത്വവും, വര്‍ധിച്ച ഉത്‌പാദനശേഷിയുമുള്ള വിത്ത്‌, രാസവളം, കീടനാശിനി, യന്ത്രവത്‌കരണം, ജലസേചനം, മണ്ണുസംരക്ഷണം, കാര്‍ഷികവായ്‌പ, സഹകരണം, ഉത്തേജന വിലകള്‍ മുതലായവ വിളയുത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായകമായി. തുടര്‍ന്ന്‌ കമ്പോളത്തില്‍ വിപണനം ചെയ്യപ്പെടാവുന്ന കാര്‍ഷികോത്‌പന്നങ്ങളുടെ അളവും വര്‍ധിച്ചു. എന്നാല്‍ ചില കാലങ്ങളില്‍ പ്രതികൂല കാലാവസ്ഥ, കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം, വിളരോഗം എന്നിവ കൊണ്ട്‌ കാര്‍ഷികോത്‌പാദനം മിച്ചത്തില്‍നിന്നു കമ്മിയിലേക്കുമാറി. അത്തരം അവസരങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന ചരക്കുമുഴുവനും സംഭരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ നീതിപൂര്‍വം വിതരണം ചെയ്യുക എന്ന ശ്രമകരമായ ജോലിയും കാര്‍ഷിക വിപണനത്തിന്റെ ഭാഗമായി. ചുരുക്കത്തില്‍ വിളയുത്‌പാദനം മിച്ചമായാലും കമ്മിയായാലും വിപണനപ്രശ്‌നം സ്ഥായിയായി നിലനില്‌ക്കുമെന്നായി.

ഒരു ഗ്രാമീണ കമ്പോളം-തമിഴ്‌നാട്‌

കിടമത്സരം പൂര്‍ണമായി നിലനില്‌ക്കുന്ന കാര്‍ഷിക കമ്പോളത്തില്‍ വിപണന പ്രശ്‌നമേ ഉണ്ടാകുന്നില്ല. കാരണം, എല്ലായ്‌പോഴും സന്തുലിതവില ചരക്കിന്റെ പ്രദാന (supply) ത്തെയും ചോദന (demand) ത്തെയും തുല്യമാക്കുന്നു. എന്നാല്‍ യഥാര്‍ഥ കാര്‍ഷികകമ്പോളത്തില്‍ കിടമത്സരം പൂര്‍ണമല്ല; ശുദ്ധവുമല്ല. പ്രദാനവും ചോദനവും എളുപ്പത്തില്‍ പൊരുത്തപ്പെടുകയില്ല. ഉത്‌പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയ്‌ക്ക്‌ ഇടത്തട്ടുകാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഉപഭോക്താക്കള്‍ കൊടുക്കുന്ന വിലയുടെ ഒരു ഭാഗം മാത്രമേ യഥാര്‍ഥ ഉത്‌പാദകര്‍ക്ക്‌ കിട്ടുകയുള്ളൂ. കൊയ്‌ത്തുനിലത്തെ വിലയും അവസാന കമ്പോളവിലയും തമ്മിലുള്ള അന്തരത്തെ "വിപണനവില വ്യാപ്‌തി' (Market Price Spread) എന്നു വിളിക്കുന്നു. ഇത്‌ എങ്ങനെ ഏറ്റവും ചുരുക്കാം എന്നുള്ളതാണ്‌ കാര്‍ഷിക വിപണനത്തിലെ കാതലായ പ്രശ്‌നം. സഹകരണാടിസ്ഥാനത്തിലുള്ള കാര്‍ഷികവിപണനം വിപണിവില വ്യാപ്‌തി (Price Spread) ചുരുക്കാന്‍ സഹായിക്കുന്നു.

കൊയ്‌ത്തുകാലത്ത്‌ പൊതുവേ ഒരു വിലയിടിവ്‌ എല്ലാവിളകള്‍ക്കും ഉണ്ടാകുന്നു. ചോദനത്തെക്കാള്‍ അധികം പ്രദാനം ഉണ്ടാകുന്നതുകൊണ്ടാണ്‌ ഇത്‌. ചോദനത്തിന്റെ സ്വഭാവമനുസരിച്ച്‌ പ്രദാനത്തെ നിയന്ത്രിക്കുന്നത്‌ കാര്‍ഷികവിപണനമാണ്‌. കാര്‍ഷികോത്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ സമയത്തും സ്ഥലത്തും അളവിലും രൂപത്തിലും നല്‌കുകയാണ്‌ കാര്‍ഷിക വിപണനത്തിന്റെ ധര്‍മം. പ്രദാനം, ചോദനം, വില എന്നിവയിലുണ്ടാകുന്ന അസ്ഥിരത, ഉത്‌പന്നങ്ങള്‍ക്കു പറ്റുന്ന നാശനഷ്‌ടങ്ങള്‍, ഗതാഗത തടസ്സം എന്നിവ കാര്‍ഷികവിപണനത്തെ സങ്കീര്‍ണമാക്കുന്നു. ഉത്‌പാദകരുടെയും ഉപഭോക്താക്കളുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാര്‍ഷിക വിപണനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടിവരുന്നു. വില്‌പന സാധ്യതയുള്ള ഒരു ഉത്‌പന്നം ഉത്‌പാദിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതുമുതല്‍ കാര്‍ഷിക വിപണനം ആരംഭിക്കുന്നു. ഉത്‌പാദനവും ഉപഭോഗവും ത്വരിതപ്പെടുത്തുന്നതുവഴി സമ്പദ്‌ഘടനയെ പുരോഗതിയിലേക്കു നയിക്കുക എന്ന വലിയ ചുമതലയാണ്‌ കാര്‍ഷിക വിപണനംകൊണ്ടു സാധ്യമാക്കുന്നത്‌. കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍വരെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ എത്തുന്നതിനിടയ്‌ക്ക്‌ ധാരാളം ഇടനിലക്കാര്‍, വിപണനം നടത്തുന്ന ഉത്‌പന്നത്തിന്റെ സ്വഭാവം അനുസരിച്ച്‌ കൈകോര്‍ക്കുന്നുണ്ട്‌. പുരാതനകാലത്ത്‌ ജീവിതവൃത്തിക്കുവേണ്ടിയുള്ള കൃഷിമാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ പിന്നീട്‌ ജനസംഖ്യാവര്‍ധന, ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച, പലതരത്തിലുള്ള ഉത്‌പന്നങ്ങളുടെ ആവശ്യകത, ഭൂമിയുടെ അപര്യാപ്‌തത തുടങ്ങിയ വസ്‌തുതകള്‍ പരസ്‌പരം ആശ്രയിക്കാനും ഓരോരുത്തരും ഏറ്റവും അനുയോജ്യമായ ഉത്‌പന്നങ്ങള്‍മാത്രം കൃഷിചെയ്യാനും കര്‍ഷകരെ പ്രരിപ്പിച്ചു. സ്വന്തം ആവശ്യത്തിനുപരിയായി ഉത്‌പാദനം ഉണ്ടായപ്പോള്‍ അത്‌ കമ്പോളത്തില്‍ വിറ്റഴിച്ചു. അങ്ങനെയാണ്‌ കാര്‍ഷിക വിപണനം ആരംഭിച്ചത്‌. പിന്നീട്‌ കാര്‍ഷികവിപണനം കൃഷി ഉത്‌പന്നങ്ങളും കൃഷിക്കാവശ്യമായ വസ്‌തുക്കളും ക്രയവിക്രയം നടത്തുന്ന പ്രക്രിയയായി മാറി.

ഭക്ഷ്യവിളകളെക്കൂടാതെ വിപണനത്തിനുമാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നാണ്യവിളകളും കൃഷിചെയ്‌തുവന്നു. ആധുനികസാങ്കേതികവിദ്യകളും വര്‍ധിച്ച ഉത്‌പാദനശേഷിയുള്ള വിത്ത്‌, നല്ല വിളവ്‌ ലഭിക്കുന്നതിനായി രാസവളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷിക യന്ത്രവത്‌കരണം, ജലസേചനം, മണ്ണുസംരക്ഷണം, കാര്‍ഷിക വായ്‌പാ സഹകരണം, ഉത്തേജകവിലകള്‍ മുതലായവ വിളയുത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായകമായി. അത്‌ വിപണനത്തിനുള്ള ഉത്‌പന്നങ്ങളുടെ അളവ്‌ കൂട്ടുകയും തന്മൂലം വിപണി കൂടുതല്‍ സജീവമാകുകയും പല പുതിയ വിപണന തന്ത്രങ്ങളും ഉരുത്തിരിയുകയും ചെയ്‌തു. പിന്നീട്‌ വിപരീത കാലാവസ്ഥ, കാര്‍ഷിക വിളകള്‍ തമ്മില്‍ മണ്ണിനും വളത്തിനും വെള്ളത്തിനും വേണ്ടിയുള്ള മത്സരങ്ങള്‍, കീടങ്ങളുടെ ആക്രമണം മുതലായവ കാര്‍ഷിക ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിനുള്ള ഉത്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുക എന്നത്‌ ഒരു ശ്രമകരമായ ജോലിയായി മാറി. ഉത്‌പാദനം മിച്ചമാണെങ്കിലും കമ്മിയാണെങ്കിലും കാര്‍ഷിക വിപണനം സമ്പദ്‌ഘടനയുടെ ശ്രദ്ധാകേന്ദ്രമായി മാറി. കാര്‍ഷിക വിപണനം സംസ്ഥാനപ്രസക്തമായ ഒരു കാര്യമാണെങ്കിലും വിപണന നയരൂപീകരണം, ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കല്‍, വിപണിയുടെ നിരീക്ഷണം, ഗവേഷണം, സംസ്ഥാനത്തിനുള്ള ധനസഹായം തുടങ്ങിയ മേഖലകളില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രധാന പങ്കുവഹിക്കുന്നു. ഈ കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ സഹായിക്കുന്നതിനും ഉപദേശങ്ങള്‍ നല്‌കുന്നതിനുമായി കാര്‍ഷിക വിപണന പരിശോധനാ കാര്യാലയവും (ഡയറക്‌ടറേറ്റ്‌ ഒഫ്‌ മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ ഇന്‍സ്‌പെക്ഷന്‍) ദേശീയ കാര്‍ഷിക വിപണന സ്ഥാപനവും (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌) ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക വിപണനമേഖലയെ പ്രധാനമായും നിയന്ത്രിക്കുന്നത്‌ ഉത്‌പാദകര്‍, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍, ഗവണ്‍മെന്റ്‌ എന്നീ നാല്‌ ഏജന്‍സികളാണ്‌. കാര്‍ഷിക വിപണനത്തില്‍ ഇവര്‍ക്ക്‌ വിരുദ്ധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഉത്‌പന്നങ്ങള്‍ ഏറ്റവും മുന്തിയ വിലയ്‌ക്ക്‌ അപ്പോള്‍ത്തന്നെ വില്‍ക്കണമെന്നും ഉപഭോക്താക്കള്‍ നല്‌കുന്ന വില മുഴുവനായും അവര്‍ക്കു ലഭിക്കണമെന്നും കര്‍ഷകര്‍ ആഗ്രഹിക്കുമ്പോള്‍ ഇടനിലക്കാരും കച്ചവടക്കാരും അവര്‍ ക്രയവിക്രയം ചെയ്യുന്ന ഉത്‌പന്നങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കണമെന്ന്‌ ആഗ്രഹിക്കുന്നു. ഉപഭോക്താക്കളാകട്ടെ, അവര്‍ക്കാവശ്യമായ ഉത്‌പന്നങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തിലും ഭാവത്തിലും ഘടനയിലും ഗുണനിലവാരത്തിലും കുറഞ്ഞവിലയ്‌ക്ക്‌ ലഭിക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. ഈ മൂന്നുകൂട്ടരെയും സമന്വയിപ്പിച്ചുകൊണ്ടുപോകുക എന്ന ശ്രമകരമായ ജോലിയാണ്‌ ഗവണ്‍മെന്റിനുള്ളത്‌. സാധാരണയായി ഇടത്തട്ടുകാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഉപഭോക്താവ്‌ കൊടുക്കുന്ന വിലയുടെ 50 മുതല്‍ 85 ശതമാനംവരെ മാത്രമേ ഉത്‌പാദകനു ലഭിക്കാറുള്ളൂ. പാല്‍, മുട്ട, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നീ ചരക്കുകള്‍ വില്‍ക്കുന്ന ഏജന്‍സികള്‍ ചോദനസ്ഥിതി മുന്‍കൂട്ടി കണക്കാക്കി അവരുടെ ആവശ്യങ്ങള്‍ കര്‍ഷകരെ അറിയിക്കുന്നു. കര്‍ഷകര്‍ അത്‌ നിശ്ചിത അളവില്‍ ഉത്‌പാദിപ്പിച്ച്‌, കരാറില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്ന വിലയ്‌ക്കു നല്‌കാന്‍ തയ്യാറാകുന്നു. പൊതുവേ പറഞ്ഞാല്‍ പ്രദാനവും ചോദനവും പൊരുത്തപ്പെടാന്‍ ഈ സമ്പ്രദായം സഹായിക്കുന്നു. കാര്‍ഷികോത്‌പാദനവും വിപണനവും സമന്വയിപ്പിക്കാനും ഇതുകൊണ്ട്‌ സാധിക്കുന്നു. ചരക്കുവാങ്ങാമെന്നേറ്റ ഏജന്‍സികള്‍ കര്‍ഷകര്‍ക്കു വേണ്ട സാങ്കേതിക സഹായവും അക്കൗണ്ടിങ്‌ സഹായവും നല്‌കുന്നു. കരാര്‍ക്കൃഷിക്കു പുറമേ കര്‍ഷകര്‍ തന്നെ അവരുടേതായ സഹകരണസംഘങ്ങള്‍ രൂപവത്‌കരിച്ചും വിപണനം സംഘടിപ്പിക്കാറുണ്ട്‌. ഭക്ഷ്യസംസ്‌കരണവിപണന ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെട്ട്‌ കാര്‍ഷിക വിപണനം കാര്യക്ഷമമാക്കി സംഘാംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ശ്രമിക്കാറുണ്ട്‌.

വികസ്വരരാജ്യമായ ഇന്ത്യയില്‍ കാര്‍ഷികകമ്പോളത്തിന്റെ ഘടനയും വിപണനപ്രശ്‌നങ്ങളും തുലോം വ്യത്യസ്‌തമാണ്‌. ഇന്ത്യയിലെ ഭൂരിഭാഗം കൃഷിക്കാരും ഇന്നും ജീവിതവൃത്തിക്കുള്ള കൃഷിയിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌; ആകെ ഉത്‌പാദനത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്‌ കമ്പോളത്തിന്റെ വില്‌പനയ്‌ക്കു വരുന്നത്‌. എന്നാല്‍ ചണം, പരുത്തി, കരിമ്പ്‌, പുകയില, തേയില, കാപ്പി, റബ്ബര്‍ എന്നീ നാണ്യവിളകള്‍ മുഴുവനും വിപണനത്തിന്‌ എത്തുന്നു. പരമ്പരാഗതമായ കാര്‍ഷിക വിപണന സമ്പ്രദായം കൃഷിക്കാര്‍ക്കെന്നും പ്രതികൂലമായിരുന്നു. അസഹ്യമായ ഋണബാധ്യതയില്‍ മുങ്ങിയ അവര്‍ക്ക്‌ കാലവര്‍ഷത്തെമാത്രം ആശ്രയിച്ചുനിന്നിരുന്ന കൃഷി ഒരു പേടിസ്വപ്‌നമായിരുന്നു. കാലവര്‍ഷക്കെടുതികള്‍ പലപ്പോഴും വിളനാശം ഉണ്ടാക്കാറുണ്ട്‌. പുതിയ കൃഷിയിറക്കുന്നതിനു മുമ്പേതന്നെ കടത്തില്‍ മുങ്ങിയ കൃഷിക്കാര്‍ വരാനിരിക്കുന്ന കൃഷി മുഴുവന്‍ പണയപ്പെടുത്തിയിരിക്കും. കൊയ്‌ത്തിന്‌ എത്രയോ മുമ്പുതന്നെ പണമിടപാടുകാര്‍ വിളവിന്റെ വില നിശ്ചയിക്കുന്നു. വിളവു മുഴുവന്‍ ആ വിലയ്‌ക്ക്‌ അവര്‍ക്ക്‌ വില്‌ക്കാന്‍ കൃഷിക്കാരന്‍ നിര്‍ബന്ധിതനാകുന്നു. ന്യായമായി കിട്ടേണ്ട വില കിട്ടാതെ കൃഷിക്കാരന്‍ ചൂഷണത്തിനടിമപ്പെടുന്നു.

ഇന്ത്യയിലെ ഗ്രാമീണകാര്‍ഷികക്കമ്പോളങ്ങളെ ഹാട്ടുകള്‍ (Hats)എന്നും മാണ്ടികള്‍ (Mandis)എന്നും ഷാന്റികള്‍ (Shanties)എന്നും വിളിക്കുന്നു. ഹാട്ടുകള്‍ ആഴ്‌ചയില്‍ രണ്ടും മൂന്നും പ്രാവശ്യം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രയോജനം 5 മുതല്‍ 10 മൈല്‍ വരെ ചുറ്റളവിലുള്ള കര്‍ഷകര്‍ക്ക്‌ ലഭ്യമാണ്‌. സൗകര്യങ്ങള്‍ വളരെ കുറഞ്ഞ കമ്പോളങ്ങളാണിവ. ഇതുകൂടാതെ ഷാന്റികള്‍ ചില പ്രത്യേത സാഹചര്യങ്ങളിലും നീണ്ട കാലയളവുകളിലും പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളാണ്‌. എന്നാല്‍ മാണ്ടികള്‍ അഥവാ മൊത്ത വ്യാപാരക്കമ്പോളങ്ങള്‍ പട്ടണങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ വ്യാപാരം നടത്തുന്നവരെ അര്‍ഥിയ (arthiya) എന്നുവിളിക്കുന്നു. ഈ ദല്ലാളന്മാര്‍ സംഘടനാബന്ധമില്ലാത്തവരും നിരക്ഷരരും പാവപ്പെട്ടവരുമായ കൃഷിക്കാരെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നു. ഗതാഗതസംവിധാനങ്ങളുടെ അപര്യാപ്‌തത, കമ്പോളത്തില്‍ ഇവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം ഗ്രാമീണ കര്‍ഷകര്‍ ഉത്‌പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്നു വില്‌ക്കാന്‍ മടിക്കുന്നു. അങ്ങനെ ഗ്രാമങ്ങളില്‍ത്തന്നെയുള്ള കച്ചവടക്കാര്‍ക്കും പണമിടപാടുകാര്‍ക്കും ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നതുവഴി ന്യായവില കിട്ടാതെ പോകുന്നു. കര്‍ഷകരില്‍ 92.5 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകര്‍ ആയതിനാല്‍ ഉത്‌പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വിപണനത്തിനായി കമ്പോളത്തിലെത്താറൂള്ളൂ. നിലവിലുള്ള വിലനിലവാരത്തെ സംബന്ധിച്ച അജ്ഞത, ഏകീകൃതമല്ലാത്ത തൂക്കങ്ങളും അളവുകളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന നഷ്‌ടം, മെച്ചപ്പെട്ട ചരക്കും തരംതാണ ചരക്കും തമ്മില്‍ വേര്‍തിരിക്കാനുള്ള കഴിവില്ലായ്‌മ, നീതിക്കു നിരക്കാത്ത കമ്പോളക്കിഴിവുകളും വിപണനക്കമ്മീഷനുകളും, മായം ചേര്‍ക്കല്‍, മെച്ചപ്പെട്ട വില കിട്ടുന്നതുവരെ ചരക്കുവില്‌ക്കാതെ പിടിച്ചു നില്‌ക്കാനുള്ള കഴിവില്ലായ്‌മ, വര്‍ധിച്ച ഗതാഗതച്ചെലവുകള്‍, ഗുദാമുകളുടെ ദൗര്‍ലഭ്യം എന്നിവ ഇന്ത്യയിലെ പരമ്പരാഗത കാര്‍ഷിക വിപണനസമ്പ്രദായത്തിലെ പ്രധാന ദോഷങ്ങളാണ്‌. ഇവയ്‌ക്ക്‌ പരിഹാരം കാണാനായി താഴെപ്പറയുന്ന നടപടികള്‍ വളരെ നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്‌.

1. വിപണന സര്‍വേപഠനം. കമ്പോളങ്ങളെപ്പറ്റിയും ഉത്‌പന്നങ്ങളെപ്പറ്റിയും ഇന്ത്യാഗവണ്‍മെന്റ്‌ പഠനം നടത്തുകയും അതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

2. ഉത്‌പന്നങ്ങളുടെ തരംതിരിക്കല്‍. കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ പരിശോധനയും ഗുണനിലവാരനിയന്ത്രണവും നടത്തുന്നതിന്‌ കാര്‍ഷികവിപണന ഉപദേഷ്‌ടാവിന്റെ കീഴില്‍ ഒരു ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉത്‌പാദകര്‍, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരില്‍നിന്നും ഉത്‌പന്നങ്ങളുടെ സാമ്പിള്‍ ശേഖരിച്ച്‌ ലബോറട്ടറികളില്‍ ഗുണനിലവാരം പരിശോധിക്കുന്നതും ഗുണനിലവാരം കുറഞ്ഞ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതുമാണ്‌. ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ക്ക്‌ "അഗ്‌മാര്‍ക്ക്‌' ലേബല്‍ കൊടുക്കുന്നു. ഉത്‌പന്നങ്ങളുടെ ഗുണവും ശുദ്ധിയുമാണ്‌ അഗ്മാര്‍ക്ക്‌ ചിഹ്നം കാണിക്കുന്നത്‌. ഉത്‌പന്നങ്ങള്‍ക്ക്‌ മുന്തിയവില ലഭിക്കുവാന്‍ ഇത്‌ കാരണമാകുന്നു. കേന്ദ്ര അഗ്‌മാര്‍ക്ക്‌ ലബോറട്ടറി നാഗ്‌പ്പൂരിലും പ്രാദേശിക ലബോറട്ടറികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിതമായിട്ടുണ്ട്‌. (കാര്‍ഷിക ഉത്‌പന്ന തരംതിരിക്കല്‍ ഗുണനിലവാരനിര്‍ണയനിയമം അഴൃശരൗഹൗേൃമഹ ുൃീറൗര ഴേൃമറശിഴ മിറ ങമൃസലശേിഴ അര) 1973-േല്‍ നിര്‍മിച്ചതിന്റെ കീഴിലാണ്‌ അഗ്‌മാര്‍ക്ക്‌ ലേബലിംങ്‌ നടക്കുന്നത്‌. ഇതുകൂടാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എണ്ണകള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമൊക്കെ പ്രത്യേക നിയമങ്ങളുണ്ട്‌.

3. നിയന്ത്രിത വിപണികള്‍. സംസ്ഥാന ഗവണ്‍മെന്റ്‌, ഉത്‌പാദകര്‍, കച്ചവടക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതികളുടെ നിയന്ത്രണത്തില്‍ നിയന്ത്രിത വിപണികള്‍ (Regulated Market) സ്ഥോപിക്കപ്പെട്ടു. കമ്പോളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സമിതികള്‍ നിയന്ത്രിക്കുന്നു. നിയന്ത്രിത കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെല്ലാം സമിതിയില്‍നിന്നും ലൈസന്‍സ്‌ വാങ്ങേണ്ടതാണ്‌. ശരിയായ അളവുകളും തൂക്കങ്ങളും, ആധികാരികമല്ലാത്ത കുറവുവരുത്തലുകള്‍, കമ്പോളത്തിലുള്ള ദല്ലാളന്മാരുടെയും മറ്റ്‌ ഇടനിലക്കാരുടെയും ഫീസ്‌ ഇവയെല്ലാം സമിതി നേരത്തെതന്നെ നിശ്ചയിച്ചിരിക്കുന്നതുകൊണ്ട്‌ യാതൊരുതരത്തിലുള്ള ചൂഷണങ്ങളും കമ്പോളത്തില്‍ ഉണ്ടാവില്ല. ലേലംവഴി ഉത്‌പന്നങ്ങള്‍ വിപണനം നടത്തി അപ്പോള്‍ത്തന്നെ ഉത്‌പാദകന്‌ വില നല്‌കുകയും കമ്പോളത്തില്‍ സാധാരണ കാണുന്ന തെറ്റായ പ്രവണതകള്‍ തടയുകയും ചെയ്യുന്നതിനാല്‍ ഉത്‌പാദകനും ഉപഭോക്താവിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയാണിത്‌. കേരളത്തില്‍ നിയന്ത്രിതവിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല.

4. ഗുദാമുകളുടെയും പണ്ടകശാലകളുടെയും നിര്‍മാണം. ചെറുകിട നാമമാത്ര കര്‍ഷകര്‍ വിളവെടുപ്പ്‌ കഴിഞ്ഞാലുടനെ താഴ്‌ന്ന വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നത്‌ തടയാന്‍ ഗ്രാമങ്ങളില്‍ ഗവണ്‍മെന്റിന്റെ കീഴില്‍ ഗുദാമുകള്‍ നിര്‍മിച്ചു. ഗുദാമുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി 1956ല്‍ കാര്‍ഷിക ഉത്‌പന്നവികസനവും പണ്ടകശാലയും എന്ന നിയമനിര്‍മാണം നടത്തി. അതിന്റെ ഫലമായി ദേശീയ സഹകരണ വികസനത്തിനും പണ്ടകശാലയ്‌ക്കും വേണ്ടിയുള്ള പണ്ടകശാല വികസനഫണ്ട്‌, ദേശീയ പണ്ടകശാല കോര്‍പ്പറേഷന്‍ എന്നിവ സ്ഥാപിതമായി. പിന്നീട്‌ ഓരോ സംസ്ഥാനത്തും പണ്ടകശാലകള്‍ നിര്‍മിക്കാന്‍ കോര്‍പ്പറേഷനുകളും സ്ഥാപിതമായി. പണ്ടകശാലകളില്‍ സൂക്ഷിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ പണ്ടകശാല രസീത്‌ (warehouse receipt) കൊടുക്കുന്നു. ഈ രസീത്‌ ഈടുവച്ച്‌ ഉത്‌പന്നവിലയുടെ 7580 ശതമാനം വരെ വാണിജ്യബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ സാധിക്കും. അങ്ങനെ കുറഞ്ഞ വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതില്‍നിന്നും കര്‍ഷകര്‍ക്ക്‌ ആശ്വാസം ലഭിക്കുന്നു. കാര്‍ഷിക ഉത്‌പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാന്‍ ശീതീകരണപണ്ടകശാലകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ സൂക്ഷിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുമെന്നുള്ളതും ഒരു സവിശേഷതയാണ്‌.

5. സഹകരണ വിപണനം. സഹകരണ വിപണനവും കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്‌. വായ്‌പയും ഉത്‌പാദനോപാധികളും കര്‍ഷകര്‍ക്കു നല്‌കുക, അവരുടെ ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ വിപണനം നടത്തുക, കമ്പോളത്തിലെ വില വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കുക, സംസ്‌കരണം നടത്തുക തുടങ്ങിയവയാണ്‌ പ്രധാനപ്രവര്‍ത്തനങ്ങള്‍.

6. കാര്‍ഷിക വിപണന വാര്‍ത്തകള്‍. കാര്‍ഷിക വിപണനം ത്വരിതവും തടസ്സമില്ലാതെയും കിടമത്സരമില്ലാതെയും സന്തുലിതമായി നടത്തുന്നതിനും കാര്‍ഷിക വിപണന വാര്‍ത്തകള്‍ സഹായകമാണ്‌. ഉത്‌പന്നങ്ങളുടെ വില, ലഭ്യത, വില്‌പന, ശേഖരണം തുടങ്ങിയ കാര്യങ്ങള്‍ കാര്‍ഷിക വിപണന വാര്‍ത്തകള്‍ നല്‍കുന്നു. പലതരം ഉത്‌പന്നങ്ങള്‍ക്ക്‌ വിവിധ വിപണനകേന്ദ്രങ്ങളിലുള്ള നിലവാരം അറിയുന്നത്‌ കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ ആര്‍ക്ക്‌, എവിടെ വില്‍ക്കണമെന്ന സൂചന കൊടുക്കുന്നു. അതുപോലെ തന്നെ ഉത്‌പാദനോപാധികള്‍ എവിടെനിന്നും വാങ്ങാമെന്നുള്ള വിവരവും കാര്‍ഷിക വിപണന വാര്‍ത്തകള്‍ നല്‍കുന്നു. ഇടനിലക്കാര്‍ക്കും വിപണിയിലെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇത്‌ സഹായിക്കുന്നു. ഉപഭോക്താക്കള്‍, പ്രത്യേകിച്ച്‌ വന്‍കിടക്കാര്‍ക്ക്‌, അവര്‍ക്ക്‌ ആവശ്യമായ ഉത്‌പന്നങ്ങള്‍ നീതിയുക്തമായ വിലയ്‌ക്ക്‌ എവിടെനിന്നും കിട്ടുമെന്നും കാര്‍ഷിക വിപണന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാം. ഗവണ്‍മെന്റിന്‌ കാര്‍ഷിക ഉത്‌പാദനം, വിപണനം, വിലസ്ഥിരതയ്‌ക്കുള്ള മാര്‍ഗങ്ങള്‍, വിപണന നിയമനിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കായി കാര്‍ഷിക വിപണന വാര്‍ത്തകള്‍ സഹായകമാകുന്നു. പത്രങ്ങള്‍, കാര്‍ഷികാനുബന്ധമാസികകള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സംവിധാനങ്ങള്‍വഴി ഇന്ത്യയിലെന്നു മാത്രമല്ല ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ ഇന്നു ലഭ്യമാണ്‌. ത്വരിതവും നീതിപൂര്‍വകവുമായ കാര്‍ഷിക വിപണനം സാധ്യമാക്കുന്നതിന്‌ വിപണനകേന്ദ്രങ്ങള്‍ തമ്മിലും ഉത്‌പാദകര്‍, കയറ്റുമതി ചെയ്യുന്നവര്‍, ആഗോള വ്യാപാര സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍, വ്യാപാരസംരംഭകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധം അത്യന്താപേക്ഷിതമാണ്‌. വിവരസാങ്കേതികവിദ്യ ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ഉത്‌പന്നങ്ങളുടെ ലഭ്യത, വിലനിലവാരം, കാര്‍ഷിക വിപണനത്തിലുള്ള പുതിയ പ്രവണതകള്‍, ഗവേഷണം, ആഗോളവ്യാപാരകേന്ദ്രങ്ങള്‍, കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധം പുലര്‍ത്താന്‍ ഇന്റര്‍നെറ്റ്‌ സഹായിക്കുന്നു. ഭൂമി (മണ്ണ്‌), തൊഴിലാളികള്‍, ധനം, സംഘാടനം എന്നിവയെപ്പോലെ കാര്‍ഷികവൃത്തിയില്‍ അഞ്ചാമത്തെ ഘടകം ആയിട്ടാണ്‌ വിവരസാങ്കേതികവിദ്യയെ കണക്കാക്കുന്നത്‌.

7. ഗതാഗതം. ഉത്‌പന്നങ്ങള്‍ കമ്പോളങ്ങളില്‍ എത്തിക്കുന്നതിനായി ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുകയും പുതിയവ നിര്‍മിക്കുകയും ചെയ്‌തിട്ടുണ്ട്‌. കാര്‍ഷിക ഉത്‌പന്നങ്ങള്‍ പലതും വേഗം കേട്‌സംഭവിക്കുന്നതാകയാല്‍ കര്‍ഷകര്‍ക്ക്‌ അനുയോജ്യമായ വില കിട്ടുന്നതിന്‌ നല്ലറോഡുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു.

8. നിയന്ത്രിതവിലകള്‍ (Administered Prices). ഉെത്‌പാദകരെയും ഉപഭോക്താക്കളെയും സമന്വയിപ്പിച്ചുകൊണ്ടു പോകുക എന്നുള്ള ഭാരിച്ച ചുമതല സര്‍ക്കാരിനുണ്ട്‌. വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിച്ച്‌ വിലസ്ഥിരത സ്ഥാപിക്കുന്നതിന്‌ പലതരത്തിലുള്ള കമ്പോള ഇടപെടലുകളും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നടത്താറുണ്ട്‌. അതിനായി 1965ല്‍ കാര്‍ഷികവിളകളുടെ കമ്മിഷന്‍ (Agricultural Prices Commission) സ്ഥാപിക്കുകയും 1985ല്‍ കാര്‍ഷികച്ചെലവും വിലയും നിര്‍ണയിക്കുന്ന കമ്മിഷന്‍ (Agricultural costs and prices) െഎന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ഈ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രണ്ടുതരത്തിലുള്ള വിലകള്‍ കേന്ദ്രസര്‍ക്കാര്‍ സാധാരണയായി പ്രഖ്യാപിക്കാറുണ്ട്‌. വിലകള്‍ ഒരു പരിധിയില്‍നിന്നും താഴേക്ക്‌ പോകാതിരിക്കാന്‍ താങ്ങുവില പ്രഖ്യാപിക്കുന്നു. കമ്പോളവില താങ്ങുവിലയില്‍ കുറവായാല്‍ താങ്ങുവിലയ്‌ക്ക്‌ സര്‍ക്കാര്‍തന്നെ ഉത്‌പന്നങ്ങള്‍ വാങ്ങും എന്നുള്ള ഒരു ഉറപ്പ്‌ കര്‍ഷകര്‍ക്ക്‌ ഇതുവഴി ലഭിക്കുന്നു. അത്‌ സാധാരണയായി കൃഷിയിറക്കുന്നതിനുമുന്‍പായി പ്രഖ്യാപിക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ ധൈര്യമായി കൃഷിയിറക്കാന്‍ കഴിയുന്നു. ഉത്‌പാദനച്ചെലവും ചെറിയ ലാഭവുംകൂട്ടിയായിരിക്കും താങ്ങുവില പ്രഖ്യാപിക്കുന്നത്‌. പ്രധാനമായും ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പരുത്തി, ചണം, കൊപ്ര, കടുക്‌, നിലക്കടല, കരിമ്പ്‌ തുടങ്ങി ഏതാനും വിളകള്‍ക്കുമാത്രമേ താങ്ങുവില പ്രഖ്യാപിക്കാറുള്ളൂ. ഭാവിയില്‍ കൂടുതല്‍ വിളകള്‍ക്കുകൂടി താങ്ങുവില പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ കടബാധ്യതയില്‍ കുടുങ്ങിയിരിക്കുന്ന കര്‍ഷകരെ കൃഷിയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മറ്റൊരു വിലയാണ്‌ സംഭരണവില. കരുതല്‍ശേഖരമായി സൂക്ഷിക്കുന്നതിനും പൊതുവിതരണ ശൃംഖലകളില്‍ക്കൂടി വിതരണം ചെയ്യുന്നതിനുമായി സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക്‌ കൊടുക്കുന്ന വിലയാണ്‌ സംഭരണവില. ഇത്‌ സാധാരണയായി വിളവെടുപ്പ്‌ സമയത്താവും പ്രഖ്യാപിക്കുക. താങ്ങുവിലയില്‍ അല്‌പംകൂട്ടി, എന്നാല്‍ കമ്പോളവിലയില്‍ അല്‌പം കുറവായിട്ടായിരിക്കും സംഭരണവില നിശ്ചയിക്കുക. ഉത്‌പാദനം കുറവായ ധാന്യങ്ങളും മറ്റും ഇറക്കുമതി വഴിയാണ്‌ കരുതല്‍ ശേഖരം സംഭരിക്കുന്നത്‌. ഒരു അഡ്‌ഹോക്ക്‌ പദ്ധതി എന്ന നിലയില്‍ വിപണന ഇടപെടല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും സഹകരിച്ച്‌ (50:50) നടപ്പാക്കുന്ന പദ്ധതിയാണിത്‌. താങ്ങുവില പ്രഖ്യാപനത്തില്‍ ഉള്‍പ്പെടാത്തതും വേഗം നശിച്ചുപോകുന്നതുമായ ഉത്‌പന്നങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കുമാണ്‌ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്‌. ഉത്‌പാദനം വളരെ കൂടുമ്പോഴോ കമ്പോളത്തില്‍ ഉത്‌പന്നങ്ങള്‍ ധാരാളമായി വരുന്നതുകൊണ്ടോ വിലയിടിവ്‌ സംഭവിക്കുന്ന സാഹചര്യത്തില്‍മാത്രമാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. കാര്‍ഷിക വിപണനത്തിലെ പരമ്പരാഗതമായ പല പോരായ്‌മകളും നികത്താന്‍ ഈ നടപടികള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്‌.

9. വിപണന ധനസഹായം. കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഉത്‌പാദനവും ഉപഭോഗവും തമ്മില്‍ വലിയ ഒരു വിടവ്‌ ഉണ്ടാകാറുണ്ട്‌. ഇതിനിടയിലുള്ള ഗതാഗതം, സംസ്‌കരണം, സംഭരണം, തരംതിരിക്കല്‍, പൊതിയല്‍ എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം ആവശ്യമായി വരുന്നു. വാണിജ്യബാങ്കുകളും, കോഓപ്പറേറ്റീവ്‌ സൊസൈറ്റികളും കാര്‍ഷിക വിപണനാവശ്യങ്ങള്‍ക്കായി പണം കടം കൊടുക്കുന്നുണ്ട്‌.

ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, വികസനത്തിന്‌ പുനര്‍ധനസഹായം നല്‌കാറുണ്ട്‌. ഗോഡൗണ്‍ നിര്‍മാണം, സംസ്‌കരണശാലകളുടെ നിര്‍മാണം, ഗതാഗതം എന്നിവയ്‌ക്കും ഈ ബാങ്ക്‌ സഹകരണസംഘങ്ങള്‍വഴി ധനസഹായം നല്‌കാറുണ്ട്‌. കരാര്‍ക്കൃഷി. ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും പ്രത്യേകിച്ചും കാര്‍ഷികോത്‌പാദനത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും വലിയ ഇടിവ്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കര്‍ഷകര്‍ക്ക്‌ ആദായകരമായി വിഭവങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളും പല കാരണങ്ങള്‍ കൊണ്ട്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ വൈവിധ്യവും ചിതറിക്കിടക്കുന്ന കര്‍ഷകരില്‍നിന്ന്‌ ഉത്‌പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള ബുദ്ധിമുട്ടും ചില്ലറ വില്‌പന രംഗത്തേക്ക്‌ ചില്ലറവില്‌പന ഭീമന്മാര്‍ കുടിയേറാന്‍ കാരണമായി. കര്‍ഷകരെ ഒരുമിച്ചുകൂട്ടി സംരംഭകര്‍ ആവശ്യപ്പെടുന്ന സമയത്ത്‌ നിര്‍ദിഷ്‌ട ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വിലയ്‌ക്ക്‌ നല്‍കുന്ന രീതിയാണ്‌ കരാര്‍ക്കൃഷി. വിപണിയിലുണ്ടാകുന്ന അസ്ഥിരതകളില്‍നിന്ന്‌ രക്ഷപ്പെടുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആദായകരമായ വിപണനം നടത്തുന്നതിനും സഹായകരമാകുന്ന രീതിയില്‍ പരസ്‌പരവിശ്വാസത്തിലൂന്നിയുള്ള ഒരു കൃഷിസംവിധാനമാണിത്‌. ഉത്‌പാദനോപാധികളും സാങ്കേതികസഹായവും സംരംഭകര്‍തന്നെ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിക്കൊടുക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആദായകരമായ രീതിയില്‍ വിപണനം നടത്തുന്നതിന്‌ സഹായകരമാകുന്ന ഒരു കൃഷിസംവിധാനമാണിത്‌. ഉത്‌പാദനോപാധികളും സാങ്കേതികസഹായങ്ങളും സംരംഭകര്‍തന്നെ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിക്കൊടുക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്കും ബുദ്ധിമുട്ടില്ലാതെ കൃഷിനടത്താം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കരാര്‍ക്കൃഷിയിലും അപാകതകള്‍ ഉള്ളതായി പറയപ്പെടുന്നു. കമ്പോളവില നിശ്ചയിച്ചുറപ്പിച്ച വിലയിലും കൂടുതലാണെങ്കില്‍ കര്‍ഷകര്‍, ഉത്‌പന്നങ്ങള്‍ സംരംഭകര്‍ക്കു വില്‍ക്കാന്‍ മടിക്കുന്നതും കമ്പോളവില കുറവാണെങ്കില്‍ സംരംഭകര്‍ നിശ്ചയിച്ചുറപ്പിച്ച വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. കരാര്‍ക്കൃഷിക്ക്‌ പ്രത്യേകനിയമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കോടതിവഴിയുള്ള പ്രശ്‌നപരിഹാരവും ബുദ്ധിമുട്ടായിവരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലും നിയമങ്ങളുടെ പിന്‍ബലത്തോടെയും കരാര്‍ക്കൃഷി നടപ്പിലാക്കിയാല്‍ ഉത്‌പാദനവും വിപണനവും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞേക്കാം.

സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വികസനത്തിന്‌ കാര്‍ഷിക വിപണനം മുഖ്യപങ്കുവഹിക്കുന്നു. കാര്‍ഷിക വിപണനത്തെ സംബന്ധിച്ചിടത്തോളം ഉത്‌പാദനത്തിലുപരി കമ്പോളത്തിലെത്തുന്ന ഉത്‌പന്നങ്ങളുടെ അളവാണ്‌ പ്രധാന്യം അര്‍ഹിക്കുന്നത്‌. ഉത്‌പന്നങ്ങള്‍ കാര്യക്ഷമമായി വിപണനം നടത്തിയാല്‍ മാത്രമേ ഉത്‌പാദകന്‌ ന്യായവില ഉറപ്പ്‌ വരുത്താന്‍ സാധിക്കൂ. അതിന്‌ ഉത്‌പന്നങ്ങള്‍ വിളവെടുപ്പ്‌ കഴിഞ്ഞാല്‍ കമ്പോളങ്ങളില്‍ കൂടിക്കിടക്കാതെ വിവിധതരത്തിലുള്ള ഉപഭോക്താക്കളുടെ കൈയില്‍ അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തും സമയത്തും രീതിയിലും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി എത്തിയെങ്കില്‍ മാത്രമേ ഉത്‌പാദകന്‌ ആഗ്രഹിക്കുന്ന വില ലഭിക്കുകയുള്ളൂ; വിപണനം കാര്യക്ഷമമാണെന്നുപറയാനും സാധിക്കൂ. വര്‍ധിച്ച ഉത്‌പാദനവും അതുവഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും കാര്യക്ഷമമായ വിപണനം കൂടിയേതീരൂ.

ഒരു നല്ല വിപണനക്രമം, കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ന്യായവില കൊടുക്കാന്‍ പര്യാപ്‌തമായിരിക്കണം. ഇടനിലക്കാരുടെ എണ്ണം കുറയ്‌ക്കുക, ഇടനിലക്കാരുടെയും ഗ്രാമീണ പണമിടപാടുകാരുടെയും ചൂഷണം അവസാനിപ്പിക്കുക, ഗതാഗതവും ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കുവാനുള്ള പണ്ടകശാലകളും കൂടുതലായി സ്ഥാപിക്കുക, വിപണനസംബന്ധമായ വിവരങ്ങള്‍ സമയത്ത്‌ കര്‍ഷകരില്‍ എത്തിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍വഴി ഇത്‌ സാധ്യമാക്കാം. സഹകരണ വിപണനശൃംഖല വികസിപ്പിക്കുകയും നിയന്ത്രിതവിപണന കമ്പോളങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുകവഴി പലവിധ ചൂഷണങ്ങളും നിയന്ത്രിച്ച്‌ കര്‍ഷകര്‍ക്ക്‌ ന്യായവില ഉറപ്പാക്കാം.

അടുത്തകാലത്ത്‌ ബജറ്റില്‍ കാര്‍ഷികസംസ്‌കരണ ഉപകരണങ്ങള്‍ക്കും ശീതീകരിച്ച്‌ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ക്കുമുള്ള തീരുവയില്‍ കുറവുവരുത്തിയിരിക്കുന്നതും ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ വയ്‌ക്കുന്നതിനുള്ള സംവിധാനം വിപുലീകരിക്കുന്നതിന്‌ ഊന്നല്‍ നല്‍കിയിരിക്കുന്നതും മറ്റും കാര്‍ഷിക വിപണനത്തിന്‌ ഗുണകരമാകും എന്ന്‌ പ്രതീക്ഷിക്കാം.

2008 മാര്‍ച്ച്‌ വരെ ഇന്ത്യയില്‍ 60 കാര്‍ഷിക അന്തര്‍ദേശീയ വിപണനകേന്ദ്രങ്ങള്‍ ഗവണ്‍മെന്റ്‌ ആരംഭിച്ചിട്ടുണ്ട്‌. ഓരോ മേഖലയില്‍നിന്നും കയറ്റുമതി ചെയ്യേണ്ട ഉത്‌പന്നങ്ങളുടെ വിശദവിവരങ്ങള്‍ കയറ്റിറക്കുനിയമങ്ങളില്‍ നല്‌കിയിട്ടുണ്ട്‌. കേരളത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കും ഔഷധസസ്യങ്ങള്‍ക്കുമായി രണ്ട്‌ കാര്‍ഷിക അന്തര്‍ദേശീയ വിപണനമേഖലകള്‍ ഉണ്ട്‌. ഇവിടെനിന്നും ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങളായ ഏത്തക്കായ, കൈതച്ചക്ക, പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്‌. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ പാലക്കാട്‌ വരെയുള്ള ഒന്‍പത്‌ ജില്ലകള്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കായി ഒരു മേഖലയും തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്‌ എന്നീ ജില്ലകള്‍ക്കായി ഔഷധസസ്യങ്ങള്‍ക്കായി ഒരു പ്രത്യേക മേഖലയും ഉണ്ട്‌.

ആഗോളവ്യാപാരക്കരാറും മറ്റു പ്രാദേശിക കരാറുകളും പ്രാബല്യത്തില്‍ വന്നതോടെ ഉദാരവത്‌കൃതവ്യാപാരത്തിന്റെ അതിരുകള്‍ വിപുലമായി. വിപണനത്തിന്‌ ധാരാളം സാധ്യതകള്‍ ഉള്ളതുപോലെ അവയുടെ പ്രതികൂല വശങ്ങളെപ്പറ്റിയും വിശദമായ പഠനങ്ങളും വിശകലനങ്ങളും നടത്തേണ്ടതാണ്‌. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളു(ASEAN)മായുള്ള ഉദാരവത്‌കൃത വ്യാപാരം കേരളത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന്‌ നോക്കണം. നമുക്ക്‌ പ്രയോജനപ്രദമായ രീതിയില്‍ (ചര്‍ച്ചകളില്‍ പങ്കെടുത്ത്‌) നിയമനിര്‍മാണം നടത്തേണ്ടതായുണ്ട്‌. തെക്ക്‌ കിഴക്കന്‍ രാജ്യങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതില്‍ കൂടുതലും സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളാണ്‌. അന്തര്‍ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗുണമേന്മയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനുള്ള സംരംഭങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. മറ്റ്‌ രാജ്യങ്ങളുമായി മത്സരിച്ച്‌ മുന്നേറാനുള്ള ഇച്ഛാശക്തിയാണ്‌ ആവശ്യം.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍, ഡോ. എല്‍സമ്മ ജോസഫ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍