This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷിക വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഷിക വിദ്യാഭ്യാസം

കൃഷിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അറിവുപകരുന്ന വിദ്യാഭ്യാസം. സസ്യപോഷണം, സസ്യാരോഗ്യം, സസ്യരോഗനിവാരണം, കൃഷിഭൂമി പരിഷ്‌കരണം, മണ്ണു തരംതിരിക്കല്‍, കാര്‍ഷികോപകരണനിര്‍മാണം, ഉയര്‍ന്ന ഉത്‌പാദനശേഷിയും മേന്മയുമുള്ള സങ്കരവിത്തുകളുടെ ഉത്‌പാദനം, ആദായകരമായ വിളവിറക്കു സമ്പ്രദായവും വിളവെടുപ്പുരീതിയും, മൃഗസംരക്ഷണം, കാലിത്തീറ്റ നിര്‍മാണം, കാര്‍ഷിക ശേഖരങ്ങളുടെ സംരക്ഷണം, കാര്‍ഷികോത്‌പന്നങ്ങളുടെ നിര്‍മാണം, വാണിജ്യം എന്നീ വിഷയങ്ങള്‍ക്കാണ്‌ കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്‌. കാര്‍ഷിക വിദ്യാഭ്യാസത്തിനു വളരെക്കാലത്തെ പഴക്കമുണ്ടെങ്കിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിമാത്രമാണ്‌ ശാസ്‌ത്രീയമായ ഒരടിത്തറ ഉണ്ടായത്‌. ഇന്ന്‌ ലോകത്തുള്ള എല്ലാ വികസിത രാഷ്‌ട്രങ്ങള്‍ക്കും ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്‌ട്രങ്ങള്‍ക്കും കാര്‍ഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്‌.

സെന്‍ട്രല്‍ ആരിഡ്‌സോണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌-രാജസ്ഥാന്‍

കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാവുന്നതാണ്‌: കൃഷിജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ ഉപദേശവും സഹായവും നല്‌കുന്ന പ്രചാരണപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള കാര്‍ഷിക പരിശീലനം; തൊഴിലധിഷ്‌ഠിത ലക്ഷ്യത്തോടുകൂടി സ്‌കൂള്‍ തലത്തില്‍ നല്‌കപ്പെടുന്ന കാര്‍ഷിക വിദ്യാഭ്യാസം; കാര്‍ഷിക വിദഗ്‌ധന്മാര്‍ക്കും അധ്യാപകര്‍ക്കും പ്രയോജനകരമാംവിധം സര്‍വകലാശാല നിലവാരത്തില്‍ നല്‌കപ്പെടുന്ന കാര്‍ഷിക വിദ്യാഭ്യാസം. കാര്‍ഷിക സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കാര്‍ഷിക കോളജുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, റേഡിയോ, ടെലിവിഷന്‍, കാര്‍ഷിക മേളകള്‍, കാര്‍ഷിക സമ്മേളനങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയെയാണ്‌ കാര്‍ഷിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചിട്ടുള്ളത്‌.

ശാസ്‌ത്രീയമായ കാര്‍ഷികവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച്‌ ആദ്യത്തെ "ഇന്ത്യന്‍ ഫാമിന്‍ കമ്മീഷന്‍' 1880ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതാണ്‌ ഇന്ത്യയില്‍ കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ തുടക്കത്തിനു കാരണമായതെന്ന്‌ പറയാവുന്നതാണ്‌. 1903ല്‍ പൂസാ ഗവേഷണ കേന്ദ്രം (Pusa Research Institute) സ്ഥാപിതമായതോടുകൂടി കാര്‍ഷിക ഗവേഷണം ഇന്ത്യയില്‍ വ്യാപകവും കാര്യക്ഷമവുമായിത്തീര്‍ന്നു. നല്ലതരം ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌ എന്നിവ ഉത്‌പാദിപ്പിക്കുന്നതിലും പാല്‍ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിലും കീടങ്ങളെ നിയന്ത്രിക്കുന്നതിലും ഈ ഗവേഷണകേന്ദ്രം ഗണ്യമായ പുരോഗതി നേടിയിരുന്നു.

1905ല്‍ കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി പല പ്രവിശ്യകളിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകള്‍ തുറക്കുകയുണ്ടായി. ഇതോടുകൂടി ഇന്ത്യയുടെ പല ഭാഗത്തും കാര്‍ഷികകോളജുകളും ഗവേഷണ കേന്ദ്രങ്ങളും നിലവില്‍വന്നു. നാഗ്‌പൂര്‍, പൂണെ (പൂനെ), ലാഹോര്‍ എന്നിവിടങ്ങളിലെ കാര്‍ഷിക കോളജുകള്‍ അക്കാലത്തെ പ്രശസ്‌തഗവേഷണ സ്ഥാപനങ്ങളാണ്‌.

സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌-ഡല്‍ഹി

1926ല്‍ രൂപീകൃതമായ ലിന്‍ലിത്ത്‌ഗോ കമ്മിഷന്‍ (Linlthgow Commission) ഇന്ത്യയിലെ ആകമാനം കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും പ്രാവര്‍ത്തികമാക്കുന്നതിനു നേതൃത്വം നല്‌കാന്‍ പ്രാപ്‌തമായ ഒരു സ്ഥാപനം ആവശ്യമാണെന്നു ശിപാര്‍ശ ചെയ്‌തു. ഇതനുസരിച്ച്‌ 1929ല്‍ "ഇംപീരിയല്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌' (ഐ.സി.എ.ആര്‍.) എന്ന സംഘടന നിലവില്‍ വന്നു. ഭൂകമ്പംമൂലം പൂസാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നശിച്ചതിനാല്‍ 1936ല്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കാര്‍ഷിക ഗവേഷണകേന്ദ്രമാണ്‌ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (IARI). 1956ല്‍ ഇതിന്‌ കല്‌പിത സര്‍വകലാശാലാ പദവി ലഭിച്ചു.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം 1947 ജൂലായില്‍ ഇംപീരിയല്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ എന്ന സംഘടനയുടെ പേര്‍ "ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌' (ICAR) എന്നു മാറ്റി. പല സംസ്ഥാനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം തത്ത്വത്തില്‍ സ്വീകരിക്കുകയും കൃഷി ഒരു പ്രധാന ക്രാഫ്‌റ്റായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു.

കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ (DARE) വകുപ്പിനാണ്‌ ഇന്ത്യയിലെ കാര്‍ഷിക മൃഗസംരക്ഷണ മത്സ്യബന്ധന രംഗങ്ങളിലെ ഗവേഷണ വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‌ (ICAR) രാജ്യത്ത്‌ കാര്‍ഷിക വിഭവങ്ങളില്‍ സ്വയം പര്യാപ്‌തത നേടുന്നതിനുള്ള കാര്‍ഷിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും, ശാസ്‌ത്രീയ അടിത്തറ ബലപ്പെടുത്തുന്നതിനും അടിസ്ഥാനസന്നാഹങ്ങള്‍ ഒരുക്കുന്നതിനും ഈ വകുപ്പു സഹായവും സഹകരണവും നയപരമായ മാര്‍ഗനിര്‍ദേശവും നല്‌കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ രാജ്യത്തൊട്ടാകെ വിപുലമായ ശൃംഖല കാര്‍ഷിക ഗവേഷണ കൗണ്‍സിലിനുണ്ട്‌. സെന്‍ട്രല്‍ ആരിഡ്‌സോണ്‍ (വരള്‍ച്ച മേഖല) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ ഷീപ്പ്‌ ആന്‍ഡ്‌ വൂള്‍ (ചെമ്മരിയാടും കമ്പിളിയും) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ രാജസ്‌ഥാനില്‍ സ്ഥാപിച്ചിരിക്കുന്നു. കോട്ടണ്‍ ടെക്‌നോളജിക്കല്‍ ലബോറട്ടറി, സെന്‍ട്രല്‍ കോട്ടണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, നാഷണല്‍ ബ്യൂറോ ഓഫ്‌ സോയില്‍ സര്‍വേ എന്നീ ദേശീയ സ്ഥാപനങ്ങളുടെ ആസ്ഥാനം മഹാരാഷ്‌ട്രത്തിലാണ്‌. പശ്ചിമബംഗാളിലാണ്‌ ജൂട്ട്‌ (ചണം) അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ജൂട്ട്‌ ടെക്‌നോളജിക്കല്‍ ലബോറട്ടറി, സെന്‍ട്രല്‍ ഇന്‍ലാന്‍ഡ്‌ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ മൂന്നും സ്ഥിതിചെയ്യുന്നത്‌. ഇന്ത്യന്‍ ഗ്രാസ്‌ലാന്‍ഡ്‌ ആന്‍ഡ്‌ ഫോഡര്‍ (മേച്ചില്‍ സ്ഥലവും കാലിവിളകളും) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഷുഗര്‍ കെയിന്‍ റിസര്‍ച്ച്‌, സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ (മണ്ണ്‌ജലസംഭരണം) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, വിവേകാനന്ദ പാര്‍വാറിയ കൃഷി അനുസന്ധാനശാല എന്നീ ദേശീയ സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിച്ചുവരുന്നു. കര്‍ണാടകത്തിലാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹോര്‍ട്ടികള്‍ച്ചറല്‍ (ഉദ്യാനകൃഷി) റിസര്‍ച്ചിന്റെ ആസ്ഥാനം. സെന്‍ട്രല്‍ സോയില്‍ സലൈനിറ്റി (മണ്ണിലെ ഓര്‌) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ ഹരിയാനയിലാണ്‌. ഇന്ത്യന്‍ ലോണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബിഹാറിലും സെന്‍ട്രല്‍ പൊട്ടറ്റൊ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഹിമാചല്‍ പ്രദേശിലും സെന്‍ട്രല്‍ റൈസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഡിഷയിലും ഷുഗര്‍ കെയിന്‍ ബ്രീഡിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തമിഴ്‌നാട്ടിലുമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ സ്റ്റാഫ്‌ കോളജ്‌ എന്നിവ ആന്ധ്രയിലാണ്‌. നാഷണല്‍ ബ്യൂറോ ഒഫ്‌ പ്ലാന്റ്‌ ജെനറ്റിക്‌ റിസോഴ്‌സ്‌, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ റിസര്‍ച്ച്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്നിവ ഡല്‍ഹിയിലും റിസര്‍ച്ച്‌ കോംപ്ലക്‌സ്‌ മേഘാലയയിലും സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പോര്‍ട്ട്‌ബ്ലയറിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്രകിഴങ്ങുവര്‍ഗ ഗവേഷണസ്ഥാപനം, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിഷറീസ്‌ ടെക്‌നോളജി എന്നിവയാണ്‌ കൗണ്‍സിലിന്റെ കേരളത്തിലുള്ള സ്ഥാപനങ്ങള്‍.

കൃഷി വിഷയത്തിലെ ഉന്നതപരിശീലനത്തിന്‌ നാലു ഡീംഡ്‌ യൂണിവേഴ്‌സിറ്റികളും 45 സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റികളും ഇംഫാലില്‍ ഒരു സെന്‍ട്രല്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലുണ്ട്‌. കേരളത്തില്‍ കൃഷിയുടെ ശാസ്‌ത്രീയ വികസനത്തിനുള്ള സാങ്കേതികവും പ്രായോഗികവും ആയ എല്ലാ വിവരങ്ങളും നല്‌കി കാര്‍ഷിക നവീകരണത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‌കേണ്ട ചുമതല തൃശൂര്‍ ജില്ലയില്‍ മണ്ണുത്തിയില്‍ സ്ഥിതിചെയ്യുന്ന കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിക്ഷിപ്‌തമാണ്‌. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നിരവധി കോളജുകളും ഗവേഷണകേന്ദ്രങ്ങളും വിജ്ഞാനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിള വര്‍ധനയ്‌ക്കാവശ്യമായ പ്രജനന അടിത്തറ സൃഷ്‌ടിക്കുക, കൃഷി പരിചരണ മാര്‍ഗങ്ങള്‍, കീടശല്യ നിയന്ത്രണം തുടങ്ങിയവയില്‍ കൃഷിക്കാരുടെ അറിവും വൈദഗ്‌ധ്യവും വര്‍ധിപ്പിക്കല്‍, പുതിയ വിളകളുടെ പ്രചാരം, കൃഷിയുടെ യന്ത്രവത്‌കരണം, പ്രവര്‍ത്തനാവലോകനം, വിവര വിശകലനം, കാര്‍ഷികോല്‌പന്ന (commodity) ബോര്‍ഡുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഗവേഷണ സംരംഭങ്ങള്‍ ഏറ്റെടുക്കല്‍, എക്‌സ്റ്റന്‍ഷന്‍ നെറ്റ്‌വര്‍ക്ക്‌ ബലപ്പെടുത്തല്‍, ആധുനിക ശാസ്‌ത്രസാങ്കേതിക അറിവുകളുടെ നിര്‍വഹണം ഇവയെല്ലാം കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍