This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷിക എന്‍ജിനീയറിങും ടെക്‌നോളജിയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഷിക എന്‍ജിനീയറിങും ടെക്‌നോളജിയും

കാര്‍ഷികോത്‌പാദനത്തിനും സംസ്‌കരണത്തിനും ആയി എന്‍ജിനീയറിങ്‌ ശാസ്‌ത്രവും സാങ്കേതികവിദ്യയും പ്രയോഗിക്കുന്ന എന്‍ജിനീയറിങ്‌ ശാഖ. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ ഉത്‌പാദനം, ഉപകരണങ്ങളുടെ രൂപകല്‌പന, മണ്ണുസംരക്ഷണം, ജലനിയന്ത്രണം എന്നിവ ഇതിന്റെ പരിധിയില്‍പ്പെടുന്നു. അത്യുത്‌പാദനശേഷിയുള്ളതും രോഗകീടപ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങളും നൂതനകൃഷിരീതികളും കാര്‍ഷിക ജൈവസാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ വികസിതമായിട്ടുണ്ട്‌.

വിശാലമായ അര്‍ഥത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാനവസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്‌. ഇതിന്റെ ചരിത്രം, ഇണക്കിയ മൃഗങ്ങളെ വളര്‍ത്തുന്നതിനായി പുരാതന മനുഷ്യരുണ്ടാക്കിയ ഗുഹകള്‍, ചായ്‌പുകള്‍ തുടങ്ങിയ ആധുനിക യന്ത്രവത്‌കൃത ഗവ്യോത്‌പാദനശാലകള്‍വരെ എത്തിനില്‌ക്കുന്നു. അതുപോലെ മരക്കലപ്പ യന്ത്രക്കലപ്പയ്‌ക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. അരിവാള്‍ ഉപയോഗിച്ചുള്ള കൊയ്‌ത്തിനു പകരം കൊയ്‌ത്തും മെതിയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓട്ടോമാറ്റിക്‌ യന്ത്രങ്ങളുപയോഗിച്ച്‌ നിര്‍വഹിക്കാമെന്നു വന്നുകഴിഞ്ഞിരിക്കുന്നു. കാര്‍ഷിക രംഗത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ കാര്‍ഷിക എന്‍ജിനീയര്‍മാര്‍ക്കുള്ള പങ്ക്‌ നിര്‍ണായകമാണ്‌.

ആവിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ഷികോപകരണം

കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളാണ്‌ കാലാവസ്ഥാ മാറ്റങ്ങള്‍, ജൈവശാസ്‌ത്രപരമായ പ്രതിബന്ധങ്ങള്‍, മണ്ണിന്റെ വൈവിധ്യം മുതലായവ. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുള്ള പരിശീലനം കാര്‍ഷിക എന്‍ജിനീയര്‍ സ്വായത്തമാക്കിയിരിക്കേണ്ടതാണ്‌. കാര്‍ഷിക എന്‍ജിനീയറിങ്ങിനുള്ള പാഠ്യപദ്ധതികള്‍ ഇതിന്‌ അനുയോജ്യവും ആയിരിക്കണം. 1950കള്‍ക്കുശേഷം കാര്‍ഷിക എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിനു കൈവന്നിട്ടുള്ള പുരോഗതി അദ്‌ഭുതാവഹമാണ്‌. ഈ കാലഘട്ടത്തില്‍ ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലുണ്ടായ പൊതുവായ മുന്നേറ്റം കാര്‍ഷിക എന്‍ജിനീയറിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്‌.

കാര്‍ഷിക യന്ത്രാപകരണങ്ങളുടെ ഗവേഷണം, ഡിസൈന്‍, വികസനം, ഉത്‌പാദനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളില്‍ കാര്‍ഷിക എന്‍ജിനീയര്‍മാരെ വിപുലമായ തോതില്‍ നിയമിച്ചുവരുന്നു. കര്‍ഷകന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ അവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ യന്ത്രാപകരണങ്ങള്‍ ഡിസൈന്‍ ചെയ്‌തു നിര്‍മിക്കുന്നതില്‍ കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. പഴയ കാര്‍ഷികോപകരണങ്ങള്‍ക്ക്‌ പകരം ട്രാക്‌റ്റര്‍, പവര്‍ റ്റില്ലര്‍, കൊയ്‌ത്തുമെതിയന്ത്രങ്ങള്‍ തുടങ്ങിയവ പ്രചരിച്ചിട്ടുണ്ട്‌. ലഗ്‌വീല്‍ പുഡ്‌ലര്‍ കൊയ്‌ത്ത്‌യന്ത്രം, പച്ചക്കറികൃഷിക്കുള്ള ന്യൂമാറ്റിക്ക്‌ പ്ലാന്റര്‍, ഇരട്ടവരിയില്‍ പച്ചക്കറി ഇനങ്ങള്‍ നടാനുള്ള ട്രാന്‍സ്‌പ്ലാന്റര്‍, ഗോതമ്പ്‌ വിളയ്‌ക്ക്‌ വിത്തും വളവും ഒരുമിച്ച്‌ വിതറാനുള്ള യന്ത്രം, മള്‍ട്ടിക്രാപ്പ്‌ പ്ലാന്റര്‍, സെമി ആട്ടോമാറ്റിക്‌ പൊട്ടറ്റോ പ്ലാന്റര്‍ തുടങ്ങിയവ ട്രാക്‌റ്ററില്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്‌. ഇങ്ങനെ എല്ലാത്തരം കൃഷിക്കും വിവിധ ഘട്ടങ്ങളില്‍ അനായാസമായി ഉപയോഗിക്കാവുന്ന യന്ത്രസാമഗ്രികള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗ്രാ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷനുകള്‍ കൃഷി ഉപകരണങ്ങളുടെ നിര്‍മാണം, വിതരണം എന്നിവയില്‍ വ്യാപൃതമാണ്‌.

ആധുനിക ട്രാക്‌റ്റര്‍

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സംരചനകളുടെ ഡിസൈന്‍, നിര്‍മാണം എന്നിവയും കാര്‍ഷിക എന്‍ജിനീയറുടെ പ്രവര്‍ത്തനമേഖലയില്‍പ്പെടുന്നു. കൃഷിക്കാരുടെ പാര്‍പ്പിടങ്ങള്‍, കാര്‍ഷിക യന്ത്രാപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കെട്ടിടങ്ങള്‍, ധാന്യസംഭരണശാലകള്‍, കാലിത്തൊഴുത്തുകള്‍, കോഴിതാറാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മുതലായവ കാര്‍ഷിക സംരചനകളാണ്‌. വികസിതരാജ്യങ്ങളിലെ കൃഷിക്കാര്‍ അവരുടെ മൊത്തത്തിലുള്ള കൃഷിച്ചെലവിന്റെ 20 ശതമാനത്തോളം കാര്‍ഷിക സംരചനകള്‍ക്കുവേണ്ടിയാണ്‌ ചെലവഴിക്കുന്നതെങ്കിലും വികസ്വര രാജ്യങ്ങളിലെ കൃഷിക്കാര്‍ ഇതിനുവേണ്ടി ചെലവഴിക്കുന്നത്‌ താരതമ്യേന കുറഞ്ഞ തുക മാത്രമാണ്‌. ആധുനിക കെട്ടിടനിര്‍മാണവിദ്യയും ചെലവുകുറഞ്ഞ നിര്‍മാണ പദാര്‍ഥങ്ങളുമായി അടുത്തു പരിചയിച്ച കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ഈ രംഗത്ത്‌ വിജയിക്കാന്‍ എളുപ്പമാണ്‌. 40 മുതല്‍ 50 കൊല്ലം വരെ കേടുകൂടാതെ നിലനില്‌ക്കത്തക്കവിധത്തില്‍ വേണം കാര്‍ഷിക സംരചനകള്‍ ഡിസൈന്‍ ചെയ്യേണ്ടത്‌.

വിസ്‌താരമേറിയ കൃഷി ഇടങ്ങളുടെ ആവിര്‍ഭാവഫലമായി കൃഷിയിടം പ്രതിയുള്ള കന്നുകാലികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. കോഴി, താറാവ്‌ മുതലായവയുടെ എണ്ണത്തിലും ആ വര്‍ധനവ്‌ കാണാം. ഇത്‌ പരിസരമലിനീകരണ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയാക്കുന്ന ഒരു ഘടകമാണ്‌. കന്നുകാലികള്‍ക്കും കോഴി, താറാവ്‌ മുതലായവയ്‌ക്കും ആവശ്യമായ തൊഴുത്തുകളും കൂടുകളും ശാസ്‌ത്രീയമായി നിര്‍മിക്കേണ്ടതും ആവശ്യമാണ്‌. പരിസരമലിനീകരണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും, ഉപയോഗം കഴിഞ്ഞ വസ്‌തുക്കള്‍ പരിസരമലിനീകരണത്തിനിടയാകാത്തവിധം നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങളുംകണ്ടെത്തേണ്ടത്‌ കാര്‍ഷിക എന്‍ജിനീയറുടെ ചുമതലയാണ്‌. കന്നുകാലികളെ തീറ്റുന്നതിനുള്ള ഓട്ടോമാറ്റിക്‌ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുക; വന്‍തോതില്‍ വളര്‍ത്തപ്പെടുന്ന കോഴി, താറാവ്‌ മുതലായവകളില്‍നിന്ന്‌ ലഭിക്കുന്ന മുട്ടകള്‍ അവയുടെ തൂക്കവും നിറവും അനുസരിച്ച്‌ ഓട്ടോമാറ്റിക്‌ രീതിയില്‍ തരംതിരിക്കുക മുതലായ പ്രവര്‍ത്തനങ്ങളും കാര്‍ഷിക എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍പ്പെട്ടവയാണ്‌.

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ ഉത്‌പാദനവും വിതരണവും കാര്‍ഷിക എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍പ്പെടുന്നു. ഒരു കൃഷിസ്ഥലത്തെ സംബന്ധിച്ചിടത്തോളം പലപ്പോഴും, വൈദ്യുതീകരണമാണ്‌ ഒരു കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ആദ്യമായി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നം; കൃഷിക്കുവേണ്ട വളംകൈകാര്യം ചെയ്യേണ്ട പ്രശ്‌നവും നേരിടേണ്ടിവരും. ടണ്‍കണക്കിന്‌ വളമാണ്‌ വികസിതരാജ്യങ്ങളില്‍ കൃഷിയിടങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്‌. കൃഷിക്കു യോഗ്യമായ വിധത്തില്‍ വിവിധ ഇനം മണ്ണ്‌ സംരക്ഷിക്കുക എന്നതും, പലതരം കാര്‍ഷിക വിളകള്‍ക്കുവേണ്ടിയുള്ള ജലനിയന്ത്രണവും കാര്‍ഷിക എന്‍ജിനീയര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്‌. ഓരോ കാര്‍ഷിക വിളയ്‌ക്കും എപ്പോള്‍ എത്രമാത്രം ജലസേചനം ആവശ്യമാണെന്നും മണ്ണിന്റെ വൈവിധ്യത്തിനനുസൃതമായുള്ള ജലസേചനത്തിന്റെ ഏറ്റക്കുറച്ചിലുകളും മണ്ണൊലിപ്പിന്റെ കാര്യകാരണങ്ങളും അവയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങളും അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. ഒരു പ്രത്യേക പ്രശ്‌നത്തിന്‌ കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ഒറ്റയ്‌ക്ക്‌ പരിഹാരം കണ്ടെത്താനായില്ലെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍, മണ്ണുഗവേഷണവിദഗ്‌ധന്മാര്‍, സസ്യശാസ്‌ത്രജ്ഞര്‍ തുടങ്ങിയ വിദഗ്‌ധന്മാരുടെ സഹകരണം തേടേണ്ടിവരും.

കൊയ്‌ത്തു-മെതി യന്ത്രങ്ങള്‍

കാര്‍ഷിക ജൈവസാങ്കേതികവിദ്യ. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വിളകള്‍ ഇന്നത്തേതിനെക്കാള്‍ മുക്കാല്‍ ഭാഗം കൂടെ വര്‍ധിപ്പിച്ചാല്‍ മാത്രമേ ഭാവിയിലെ ഭക്ഷ്യവിഭവാവശ്യങ്ങള്‍ നിറവേറ്റാനാകൂ എന്നാണ്‌ അന്താരാഷ്‌ട്ര ഭക്ഷ്യകൃഷി സംഘടന (എഅഛ) കണക്കാക്കുന്നത്‌. പുതിയ സങ്കേതങ്ങളും തന്ത്രങ്ങളും പ്രയോഗത്തിലാക്കിവേണം ഈ ലക്ഷ്യം സാക്ഷാത്‌കരിക്കേണ്ടത്‌. ഇതിലേക്ക്‌ ജനറ്റിക്‌ എഞ്ചിനീയറിങ്‌ ഉള്‍പ്പെടെയുള്ള ആധുനിക ബയോടെക്‌നോളജി വികസിപ്പിക്കണം. 2003ല്‍ ഇന്ത്യയും ഈ രംഗത്ത്‌ വമ്പിച്ച മുന്നേറ്റം നടത്തുകയുണ്ടായി. ജനിതകപരിവര്‍ത്തനം വരുത്തിയ പരുത്തി ഇനങ്ങളുടെ കൃഷിയിലാണ്‌ ഇന്ത്യയില്‍ ബയോടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കണ്ടത്‌. ബയോടെക്‌നോളജി തത്ത്വങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഉചിതമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്‌. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു റഗുലേറ്ററി സംവിധാനം ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ശരിയായ പാതയിലൂടെ കൊണ്ടുപോകുന്നതിന്‌ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ചെയര്‍മാനായി കേന്ദ്രഗവണ്‍മെന്റ്‌ ഒരു ടാസ്‌ക്‌ഫോഴ്‌സ്‌ രൂപീകരിച്ചു.

ജനിതകമായി പരിവര്‍ത്തിപ്പിച്ച (Genetically modified) വിളകളെയും, ഹൈബ്രിഡ്‌ (സങ്കര) വിളകളെയും സംബന്ധിച്ച്‌ വിശദമായ പഠനങ്ങള്‍ നടത്തുകയും, കാര്‍ഷിക ബയോടെക്‌ പാര്‍ക്കുകള്‍ നിര്‍മിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ഈ സങ്കേതങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുകയും ചെയ്യണമെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ അഭിപ്രായപ്പെടുന്നു. കാര്‍ഷിക എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ ഫങ്‌ഷണല്‍ ജീനോമിക്‌സ്‌, പ്രാട്യോമിക്‌സ്‌, ഡി.എന്‍.എ ടെക്‌നോളജി, നാനോ ബയോടെക്‌നോളജി എന്നിവയില്‍ പരിശീലനവും പ്രവര്‍ത്തനപരിചയം നേടാനുള്ള അവസരവും നല്‌കണമെന്ന്‌ കമ്മിറ്റി നിര്‍ദേശിക്കുന്നു. വരുംകാല കൃഷിയും അതിനോടനുബന്ധിച്ചുള്ള കീടനാശിനി പ്രയോഗം, രോഗപ്രതിരോധം, മണ്ണ്‌ സംരക്ഷണം, ഗുണമേന്മ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളും ബയോടെക്‌നോളജി തുറക്കുന്ന പാതകളിലൂടെയാവും സഞ്ചരിക്കുക.

കേരളത്തില്‍ തെങ്ങ്‌, അടയ്‌ക്ക, റബ്ബര്‍, പഴവര്‍ഗങ്ങള്‍, പൂക്കൃഷി എന്നിവയുടെ ടിഷ്യൂകള്‍ച്ചറിലും രോഗപ്രതിരോധം തെങ്ങിനെ ബാധിക്കുന്ന കാറ്റുവീഴ്‌ച തടയല്‍ തുടങ്ങിയ രംഗങ്ങളിലും ബയോടെക്‌നോളജിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ചോളം എന്നിവയുടെ ഉത്‌പാദനം മെച്ചപ്പെടുത്താനും അവയുടെ ഇറക്കുമതി കുറയ്‌ക്കാനും ഭക്ഷ്യഎണ്ണകളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനും ആയി ഒരു ടെക്‌നോളജി മിഷന്‍ കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 1986 മുതല്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍