This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍വേ, ധോണ്‍ഡോ കേശവ (1858 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍വേ, ധോണ്‍ഡോ കേശവ (1858 - 1962)

ധോണ്‍ഡോ കേശവ കാര്‍വേ

ഇന്ത്യന്‍ സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനും. വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും സ്‌ത്രീകളുടെ സാമൂഹികസ്ഥിതി ഉയര്‍ത്തുന്നതിലും ജാതി ഇല്ലാതാക്കുന്നതിലും പങ്കുവഹിച്ച കാര്‍വേ, "മഹര്‍ഷി' പ്രമുഖ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇദ്ദേഹം പൂണെയിലെ രത്‌നഗിരി ജില്ലയില്‍ ഖെഡ്‌ (Khed) താലൂക്കിലെ മുറൂദില്‍ കേശവ ബാപ്പുന്ന കാര്‍വേയുടെ രണ്ടാമത്തെ പുത്രനായി 1858 ഏ. 18നു ജനിച്ചു. മറാഠി 6-ാം ക്ലാസ്‌ പരീക്ഷ കോല്‍ഹാപ്പൂരില്‍നിന്ന്‌ പാസ്സായ കാര്‍വേ കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടരുന്നതിനുവേണ്ടി ഇദ്ദേഹം ബോംബെയില്‍ റോബര്‍ട്ട്‌ മണി (Robert Money) സ്‌കൂളില്‍ ചേര്‍ന്നു. 23-ാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായി. വില്‍സണ്‍ കോളജ്‌, എല്‍ഫിസ്റ്റണ്‍ കോളജ്‌ എന്നീ കലാലയങ്ങളില്‍ പഠിച്ച്‌ 27-ാമത്തെ വയസ്സില്‍ ഗണിതശാസ്‌ത്രത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട്‌ ബി.എ. പാസ്സായി. തുടര്‍ന്ന്‌ എല്‍ഫിസ്റ്റണ്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്‌ത്രാധ്യാപകനായി ചേര്‍ന്നു. രസതന്ത്രം, ഊര്‍ജതന്ത്രം എന്നിവ ഐച്ഛികവിഷയങ്ങളായി സ്വീകരിച്ച്‌ എം.എ. പരീക്ഷയ്‌ക്കു ചേര്‍ന്നെങ്കിലും അതില്‍ പരാജിതനായി (1887). 1888നും 91നുമിടയ്‌ക്ക്‌ കത്തീഡ്രല്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍, അലക്‌സാണ്ട്ര ഗേള്‍സ്‌ സ്‌കൂള്‍, മറാഠി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഗണിതശാസ്‌ത്രാധ്യാപകനായി പ്രവര്‍ത്തിച്ചു. ഗോപാലകൃഷ്‌ണ ഗോഖലെയുടെ ക്ഷണപ്രകാരം 1891 നവംബറില്‍ പൂണെയിലെ ഫെര്‍ഗുസണ്‍ കോളജില്‍ ഗണിതശാസ്‌ത്ര പ്രാഫസറായി ജോലി നോക്കി. 1892 ഏപ്രിലില്‍ ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആജീവനാംഗമായിത്തീര്‍ന്ന കാര്‍വേ, ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരുന്ന ന്യൂസ്‌കൂളില്‍ ഒരു വര്‍ഷത്തോളം ഗണിതശാസ്‌ത്രം പഠിപ്പിച്ചു. 1914ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. അക്കാലത്ത്‌ പൂണെ സമുദായ പരിഷ്‌കരണങ്ങളുടെ കേന്ദ്രമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഥമപത്‌നി രാധാബായി 1891ല്‍ അന്തരിച്ചതിനെ തുടര്‍ന്ന്‌ വിധവാവിവാഹം സാധാരണമല്ലാതിരുന്ന അക്കാലത്ത്‌ ഗോദുബായി എന്ന വിധവയെ 1893 മാ. 23നു കാര്‍വേ വിവാഹം കഴിച്ച്‌ മാതൃക കാട്ടി. സമുദായത്തില്‍ ഇത്‌ വലിയ കോലാഹലം സൃഷ്‌ടിച്ചു. കാര്‍വെയെയും പത്‌നിയെയും അടുത്ത ബന്ധുക്കള്‍ പോലും ബഹിഷ്‌കരിച്ചിരുന്നു. വിധവാവിവാഹത്തിനു വേണ്ട പ്രചാരവേല ചെയ്യുവാനും ഇഷ്‌ടമുള്ള വിധവകള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യുന്നതിന്‌ പ്രാത്സാഹനം നല്‌കുവാനും ഒരു സംഘടന ഉണ്ടാകണമെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ 1893 ഡി. 31ന്‌ "വിധവാ പുനര്‍വിവാഹസംഘം' സ്ഥാപിച്ചു. വിധവകളുടെ ഉന്നമനത്തിനായി 1896 ജൂണ്‍ 14ന്‌ "അനാഥബാലികാശ്രമം അസോസിയേഷന്‍' എന്നൊരു സംഘടനയും രൂപവത്‌കരിച്ചു. അതോടനുബന്ധിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു മഹിളാവിദ്യാലയവും കാര്‍വേ പൂണെയില്‍ ആരംഭിച്ചു (1907 മാ. 4). സാമൂഹിക പ്രവര്‍ത്തകരെ കണ്ടുപിടിക്കുവാനും അവര്‍ക്ക്‌ ആവശ്യമായ പരിശീലനം കൊടുക്കുവാനുമായി 1908 ന. 4ന്‌ ബോംബെയില്‍ സേവാസദനത്തില്‍വച്ച്‌ "നിഷ്‌കാമ കര്‍മമഠം' സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നിസ്‌തന്ദ്ര ശ്രമഫലമായാണ്‌ മഹാരാഷ്‌ട്ര വനിതാ സര്‍വകലാശാല രൂപം കൊണ്ടത്‌ (1916). സര്‍വകലാശാലയുടെ കീഴിലുള്ള മഹിളാപാഠശാല ഹിംഗ്‌ണേയില്‍ സ്ഥാപിതമായി. സര്‍വകലാശാലയുടെ പേര്‍ പിന്നീട്‌ "ശ്രീമതി നഥീബായ്‌ ദാമോദര്‍ താക്കര്‍സി (S.N.D.T.) വിമന്‍സ്‌ യൂണിവേഴ്‌സിറ്റി' എന്നാക്കി മാറ്റി.

1929 മാര്‍ച്ച്‌ മുതല്‍ ഒന്നരവര്‍ഷക്കാലം ബ്രിട്ടനിലും യു.എസ്സിലും പര്യടനം നടത്തിയ കാര്‍വേ അവിടെ കണ്ട വിദ്യാഭ്യാസരീതികള്‍ മാതൃകയാക്കി.

ഗ്രാമംതോറും പ്രാഥമിക വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനും വയോജന വിദ്യാഭ്യാസത്തിന്‌ പ്രാത്സാഹനം നല്‌കുന്നതിനും അനവരതം യത്‌നിച്ചു. "മഹാരാഷ്‌ട്ര വില്ലേജ്‌ പ്രമറി എഡ്യൂക്കേഷന്‍ സൊസൈറ്റി' എന്ന പേരില്‍ ഒരു സംഘടന തന്റെ 76-ാമത്തെ വയസ്സില്‍ കാര്‍വേ സ്ഥാപിച്ചു. 1948ല്‍ രൂപവത്‌കൃതമായ "ജാതി നിര്‍മൂലന സംസ്ഥ' എന്ന സംഘടനയ്‌ക്കു പ്രരണ നല്‌കിയതും കാര്‍വേയായിരുന്നു.

"സമതസംഘ'ത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക്‌ പ്രചാരണം നല്‌കുവാനായി 1947 ജൂലായില്‍ മാനവി (Manavi Samatha) എന്നൊരു മാസിക ആരംഭിച്ചു. ആത്മവ്രത (Atmavritta-1928) ലുക്കിങ്‌ ബാക്ക്‌ (Looking Back-1936) എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യപ്രസിദ്ധീകരണങ്ങളില്‍പ്പെടുന്നു.

1942ല്‍ ബനാറസ്‌ സര്‍വകലാശാല എല്‍.എല്‍.ഡി. ബിരുദം നല്‌കി കാര്‍വേയുടെ സേവനങ്ങളെ ആദരിക്കുകയുണ്ടായി. 1951ല്‍ പൂണെ സര്‍വകലാശാലയും 1954ല്‍ എസ്‌.എന്‍.ഡി.ടി. വനിതാ സര്‍വകലാശാലയും 1957ല്‍ ബോംബെ സര്‍വകലാശാലയും ഡോക്‌ടര്‍ ബിരുദങ്ങള്‍ നല്‌കി കാര്‍വേയെ ആദരിച്ചു. 1953ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ "പദ്‌മവിഭൂഷണ്‍' ബഹുമതിയും 1958ല്‍ "ഭാരതരത്‌ന ബഹുമതിയും നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. 1962 ന. 9നു കാര്‍വേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍