This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍വര്‍, ജോര്‍ജ്‌ വാഷിങ്‌ടണ്‍ (1861? - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍വര്‍, ജോര്‍ജ്‌ വാഷിങ്‌ടണ്‍ (1861? - 1943)

Carver, George Washington

ജോര്‍ജ്‌ വാഷിങ്‌ടണ്‍ കാര്‍വര്‍

അമേരിക്കന്‍ കാര്‍ഷിക രസതന്ത്രജ്ഞന്‍. മിസൗറിയിലെ ഡയമണ്ട്‌ ഗ്രാവിനു സമീപം മോസസ്‌ കാര്‍വറുടെ ഉടമസ്ഥതയിലുള്ള അടിമദമ്പതികളുടെ മകനായി ജോര്‍ജ്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ ജനനത്തീയതി ലഭ്യമല്ല; 1861 ജൂല. 12 (7)നോ അതിനടുത്തോ ആണ്‌ ജനിച്ചതെന്നു കണക്കാക്കപ്പെടുന്നു. ജോര്‍ജിന്റെ ശൈശവത്തില്‍ത്തന്നെ പിതാവ്‌ കൊല്ലപ്പെട്ടു; രോഗിയായ ജോര്‍ജിനെയും മാതാവിനെയും മറ്റൊരു കുട്ടിയെയും ആരോ തട്ടിക്കൊണ്ടുപോയി. 300 ഡോളര്‍ വിലവരുന്ന ഒരു കുതിരയെ കൈമാറ്റം ചെയ്‌താണ്‌ മോസസ്‌ കാര്‍വര്‍, ജോര്‍ജിനെ വീണ്ടെടുത്തത്‌. അടിമത്ത നിരോധന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ജോര്‍ജിന്റെ സംരക്ഷണച്ചുമതല കാര്‍വര്‍ ഏറ്റെടുത്തു. കാര്‍വര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ ജോര്‍ജ്‌ വളര്‍ത്തുകുടുംബത്തിന്റെ കുടുംബപേര്‌ തന്റെ പേരായി സ്വീകരിച്ചു. ചെറുപ്പംമുതല്‌ക്കേ സസ്യങ്ങളെയും ജന്തുക്കളെയും പറ്റി പഠിക്കുന്നതില്‍ ഇദ്ദേഹത്തിന്‌ താത്‌പര്യമുണ്ടായിരുന്നു. 1885ല്‍ കാന്‍സാസിലെ മിനിയാപൊലിസില്‍ (Minneapolis) ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കറുത്ത വര്‍ഗക്കാരനായതുകൊണ്ട്‌ കാന്‍സാസിലെ ഹൈലന്‍ഡ്‌ സര്‍വകലാശാല കാര്‍വര്‍ക്ക്‌ പ്രവേശനം നല്‌കിയില്ല. കാര്‍വര്‍ 1890ല്‍ അയോവയിലെ സിംപ്‌സണ്‍ കോളജില്‍ ചേര്‍ന്ന്‌ ചിത്രരചന അഭ്യസിക്കാന്‍ തുടങ്ങി. ചിത്രരചനയില്‍ കാര്‍വര്‍ക്ക്‌ താത്‌പര്യവും വാസനയും ഉണ്ടായിരുന്നുവെങ്കിലും കൃഷിശാസ്‌ത്രത്തിലുള്ള പ്രത്യേക വൈദഗ്‌ധ്യം കണക്കിലെടുത്ത്‌ കൃഷിശാസ്‌ത്രസംബന്ധമായ പഠനം തുടരാന്‍ കലാധ്യാപകന്‍തന്നെ കാര്‍വറെ പ്രരിപ്പിക്കുകയാണുണ്ടായത്‌. ഇതനുസരിച്ച്‌ 1891ല്‍ ആമെസിലെ സ്റ്റേറ്റ്‌ അഗ്രിക്കള്‍ച്ചറല്‍ കോളജില്‍ ചേര്‍ന്ന കാര്‍വര്‍ 1894ല്‍ കൃഷിശാസ്‌ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. പ്രമുഖ സസ്യശാസ്‌ത്രജ്ഞനായ ലൂയി ഹമലിന്റെ സഹായിയായി ആമെസ്‌ എക്‌സ്‌പെരിമെന്റല്‍ സ്റ്റേഷനില്‍ കുറച്ചുകാലം സേവനമനുഷ്‌ഠിച്ചശേഷം കാര്‍വര്‍ 1896ല്‍ ആമെസില്‍ നിന്ന്‌ കൃഷിശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ബുക്കര്‍ ടി. വാഷിങ്‌ടന്റെ ക്ഷണം സ്വീകരിച്ച്‌ കാര്‍വര്‍ ആ വര്‍ഷംതന്നെ അലബാമയിലെ ടസ്‌കജീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയതായി ആരംഭിച്ച കാര്‍ഷിക ഗവേഷണ വിഭാഗത്തിന്റെ തലവനായി. ഇതിനകം കറുത്തവര്‍ഗക്കാരുടെ അനിഷേധ്യ നേതാക്കളില്‍ ഒരാളായിക്കഴിഞ്ഞിരുന്ന കാര്‍വര്‍ രാഷ്‌ട്രീയ കലാപങ്ങളിലൂടെയല്ലാതെ വിദ്യാഭ്യാസത്തിലൂടെ അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിരന്തരം പരിശ്രമിച്ചു.

മണ്ണിന്റെ ഫലപുഷ്‌ടി നശിപ്പിക്കുന്ന ഒരുപ്പൂപരുത്തികൃഷിയിലൂടെ അലബാമയുടെ സമ്പദ്‌വ്യവസ്ഥതന്നെ തകരാറിലായിക്കഴിഞ്ഞ ഘട്ടത്തില്‍ പരുത്തിക്കു പകരം മണ്ണിലെ നൈട്രജന്റെ അളവ്‌ വര്‍ധിപ്പിക്കുന്ന ധാരാളം മാംസ്യാംശം പ്രദാനം ചെയ്യുന്ന നിലക്കടലയും പയര്‍വര്‍ഗങ്ങളും മധുരക്കിഴങ്ങും കൃഷി ചെയ്യാന്‍ അലബാമയിലെ കര്‍ഷകരെ കാര്‍വര്‍ ആഹ്വാനം ചെയ്‌തു. കാര്‍വര്‍ തന്റെ ഗവേഷണങ്ങളിലൂടെ നിലക്കടലയില്‍നിന്ന്‌ ചീസ്‌, പാല്‍, ധാന്യമാവ്‌, മഷി, ചായങ്ങള്‍, പ്ലാസ്‌റ്റിക്കുകള്‍, സോപ്പ്‌, ലിനോളിയം, ഔഷധ എണ്ണകള്‍, സൗന്ദര്യവര്‍ധകസാമഗ്രികള്‍ തുടങ്ങിയവയും മധുരക്കിഴങ്ങില്‍ നിന്ന്‌ വിനാഗിരി, മാവ്‌, മൊളാസസ്‌, റബ്ബര്‍, മഷി, പോസ്റ്റേജ്‌ സ്റ്റാമ്പ്‌ ഒട്ടിക്കാനുള്ള പശ തുടങ്ങിയവയും ഉള്‍പ്പെടെ 300ഓളം ഉത്‌പന്നങ്ങള്‍ ഉരുത്തിരിയിച്ചെടുത്തു. മരച്ചീളില്‍ നിന്ന്‌ സംശ്ലേഷിത മാര്‍ബിളും ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി. ഇവ കൂടാതെ സോയാബീന്‍, പരുത്തി, പയറ്‌, കാട്ടുപ്ലം എന്നിവയില്‍നിന്ന്‌ പുതിയ ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും ഇദ്ദേഹം വിജയിച്ചു. അലബാമാ കളിമണ്ണില്‍നിന്നും നീല, ചുവപ്പ്‌, പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള ചായങ്ങള്‍ നിര്‍മിച്ചു. വെണ്ടയുടെ നാരുകൊണ്ട്‌ പരവതാനി, പായ്‌ എന്നിവ നിര്‍മിക്കാമെന്ന്‌ കണ്ടുപിടിച്ചു. ഒരു സങ്കരയിനം പരുത്തി വികസിപ്പിച്ചെടുത്തതും കാര്‍വറിന്റെ ഒരു പ്രധാന നേട്ടമാണ്‌. മണ്ണിന്റെ വളക്കൂറ്‌ വര്‍ധിപ്പിക്കാന്‍ സഹായകമായ പുതിയ കാര്‍ഷികരീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവാന്മാരാക്കുന്നതിനായി ടസ്‌കജീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനു പുറമേ "സഞ്ചരിക്കുന്ന പാഠ്യശാല' എന്ന പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്‌തു. കാര്‍വറുടെ ഈ പുതിയ പദ്ധതി പില്‌ക്കാലത്ത്‌ പല രാഷ്‌ട്രങ്ങളും നടപ്പിലാക്കുകയുണ്ടായി. കാര്‍വറുടെ ബഹുമുഖഗവേഷണങ്ങളുടെ ഫലമായി തെക്കന്‍സ്റ്റേറ്റുകളുടെ സമ്പദ്‌വ്യവസ്ഥ പൂര്‍വാധികം മെച്ചപ്പെട്ടു. 1940ല്‍ ടസ്‌കജീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ "കാര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍' സ്ഥാപിക്കപ്പെട്ടു. കാര്‍വറുടെ സമ്പാദ്യം മുഴുവന്‍ ഈ ഫൗണ്ടേഷന്‌ നല്‌കുകയാണുണ്ടായത്‌.

കാര്‍വര്‍ക്ക്‌ പല ബഹുമതികളും കീര്‍ത്തിമുദ്രകളും ലഭിച്ചിട്ടുണ്ട്‌. 1916ല്‍ ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി ഒഫ്‌ ആര്‍ട്ട്‌സിലെ ഫെലോ ആയി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്‌ 1923ല്‍ സ്‌പിന്‍ഗാണ്‍ മെഡലും 1939ല്‍ റൂസ്‌വെല്‍റ്റ്‌ മെഡലും 1942ല്‍ തോമസ്‌ എ. എഡിസന്‍ ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചു. ടസ്‌കജീ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണങ്ങള്‍ ആഗോള പ്രശസ്‌തിയാര്‍ജിച്ചതിനെത്തുടര്‍ന്ന്‌ ഭാരിച്ച ശമ്പളം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വിദേശങ്ങളിലേതുള്‍പ്പെടെ പല സ്ഥാപനങ്ങളും രാഷ്‌ട്രങ്ങളും കാര്‍വറെ ക്ഷണിച്ചുവെങ്കിലും ഇദ്ദേഹം ടസ്‌കജീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വിട്ടുപോകാന്‍ തയ്യാറായില്ല. 1931ല്‍ ദക്ഷിണ റഷ്യയിലെ പരുത്തിക്കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നതിന്‌ ജോസഫ്‌ സ്റ്റാലിന്‍ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. 1896ല്‍ ടസ്‌കജീയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച കാലത്തുണ്ടായിരുന്ന പ്രതിശീര്‍ഷ ശമ്പളത്തുകയായ 1,500 ഡോളറില്‍ കൂടുതല്‍ ശമ്പളം സ്വീകരിക്കാന്‍ കാര്‍വര്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. 1943 ജനു. 5ന്‌ കാര്‍വര്‍ നിര്യാതനായി. അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ ജനു. 5 കാര്‍വര്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍