This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ലി (ല)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ലി (ല)

Karli (karla)

മഹാരാഷ്‌ട്രയില്‍ പൂണെ (പൂന) ജില്ലയിലുള്ള ഒരു ചൈത്യ ഗുഹാസങ്കേതം. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ബൗദ്ധഗുഹകളാണ്‌ കാര്‍ലി ഗ്രാമത്തിലേതെന്ന്‌ കരുതപ്പെടുന്നു. മാവല്‍ താലൂക്കിലുള്ള ഈ ഗ്രാമത്തിലൂടെയാണ്‌ മുംബൈപൂണെ നാഷണല്‍ ഹൈവേ കടന്നുപോകുന്നത്‌. 19o 45' വടക്ക്‌ 73o 28' കിഴക്ക്‌ പശ്ചിമഘട്ടത്തിലെ ബസാള്‍ട്ട്‌ ശിലകളില്‍ തുരന്നുണ്ടാക്കിയിട്ടുള്ള ചൈത്യഗുഹകള്‍ക്ക്‌ ഉദ്ദേശം 2000 വര്‍ഷത്തെ പഴക്കമുണ്ട്‌. ദാരു, ശിലാശില്‌പങ്ങളുടെ ഒരനര്‍ഘ ശേഖരമായ ഈ ചൈത്യഗുഹാസങ്കേതം, ഭാരതീയ ശില്‌പകലാപൈതൃകത്തിന്റെ പ്രകൃഷ്‌ട നിദര്‍ശനങ്ങളിലൊന്നാണ്‌.

കാര്‍ലി ഗുഹയിലെ ചൈത്യഹാള്‍

ബൗദ്ധപ്രസ്ഥാനങ്ങളില്‍ ഏറ്റവും പ്രാചീനമായ ഹീനയാനമതസ്ഥരുടെ ചൈത്യമണ്ഡപങ്ങളില്‍ ഏറ്റവും വലുതും കലാഭംഗിയേറിയതുമാണ്‌ കാര്‍ലിയിലെ ഗുഹകള്‍. ദീര്‍ഘ ചതുരാകൃതിയുള്ള ചൈത്യമണ്ഡപത്തിനു മുന്നിലായി വിശാലമായ ഒരു വരാന്തയുണ്ട്‌. മണ്ഡപത്തിന്‌ 37.8 മീ. നീളവും 14.3 മീ. വീതിയും മധ്യഭാഗത്ത്‌ 13.7 മീ. ഉയരവുമുണ്ട്‌. വരാന്തയില്‍ നിന്ന്‌ ചൈത്യമണ്ഡപത്തിലേക്കു കടക്കാന്‍ മധ്യഭാഗത്തുള്ള പ്രധാനകവാടത്തിനു പുറമേ ഇരുവശങ്ങളിലുമായി രണ്ടു പ്രവേശനദ്വാരങ്ങള്‍ കൂടിയുണ്ട്‌. ഒരു പ്രവേശനദ്വാരത്തിലൂടെ കടന്ന്‌ സ്‌തംഭനിരകള്‍ക്കുപുറത്തുകൂടി ചൈത്യത്തെ വലംവച്ചു മറ്റേതിലൂടെ പുറത്തുപോരാവുന്നതാണ്‌. ഗുഹയ്‌ക്കു പുറത്ത്‌ പല നിരകളിലായുള്ള കൊത്തുപണികള്‍ പല നിലകളുള്ള ഒരു മന്ദിരത്തിന്റെ പ്രതീതി സൃഷ്‌ടിക്കുന്നു. കാര്‍ലിയുടെ ചൈത്യനിര്‍മാണ സാങ്കേതികമാതൃക അജന്ത, അമരാവതി തുടങ്ങിയവിടങ്ങളിലെ പില്‌ക്കാലത്തെ (മഹായാന) ഗുഹാക്ഷേത്രനിര്‍മാണ മാതൃകയിലേക്കുള്ള പരിണാമം വ്യക്തമാക്കുന്നു. കാര്‍ലിയിലെ ഗുഹ ഹീനയാന ചൈത്യനിര്‍മാണശൈലിയുടെ അവസാനഘട്ടത്തെയും എ.ഡി. 810ല്‍ നിര്‍മിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന കണേരിഗുഹകള്‍ ഹീനയാന ചൈത്യനിര്‍മാണ സാങ്കേതികമാര്‍ഗത്തിന്റെ അധഃപതനത്തെയും സൂചിപ്പിക്കുന്നുവെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു.

മണ്ഡപത്തിനും വരാന്തയ്‌ക്കുമിടയ്‌ക്കുള്ള ശിലാഭിത്തിയുടെ ഏറിയപങ്കും കുതിരലാടത്തിന്റെ ആകൃതിയില്‍ തുരന്നുണ്ടാക്കിയ ജനാലകളാണ്‌. ഗുഹ നിര്‍മിച്ചിരുന്ന കാലത്ത്‌ വരാന്തയ്‌ക്ക്‌ പുറത്ത്‌ ഇരുവശങ്ങളിലായി വലുതും ചെറുതുമായി നാലു സ്‌തംഭങ്ങളുണ്ടായിരുന്നു; ഇവയില്‍ ഇടതുവശത്തുള്ളവ മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ. ഏറ്റവും മുന്നിലുണ്ടായിരുന്ന രണ്ടു സ്വതന്ത്രശിലാസ്‌തംഭങ്ങളില്‍ 12 മീ. ഉയരത്തില്‍ പദ്‌മരൂപവും അതിനു മുകളില്‍ ധര്‍മചക്രം വഹിച്ചുകൊണ്ടുള്ള നാലു സിംഹരൂപങ്ങളും ഉണ്ടായിരുന്നു. വലതുവശത്തെ സ്‌തംഭം നിന്നിരുന്ന സ്ഥാനത്ത്‌ ഇന്നൊരു ശിവക്ഷേത്രമാണുള്ളത്‌. ഗുഹയുടെ പുരോഭാഗം തികച്ചും സംരക്ഷിതമാണ്‌. വരാന്തയിലെ ഭിത്തിയില്‍ ശ്രീബുദ്ധന്‍, ബോധിസത്വന്മാര്‍, യുവയുഗ്മങ്ങള്‍ തുടങ്ങിയ ശില്‌പങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട്‌. ചൈത്യമണ്ഡപത്തിലെ 37 സ്‌തംഭങ്ങളില്‍ ബൗദ്ധസ്‌തൂപത്തിനു പുറകിലുള്ള 7 എണ്ണം അഷ്‌ടഭുജങ്ങളുള്ള ലളിതമായ കല്‍ത്തൂണുകളാണ്‌; ചൈത്യത്തിന്‌ ഇടംവലമായുള്ള മുപ്പതു സ്‌തംഭങ്ങള്‍ ചിത്രപ്പണികള്‍ നിറഞ്ഞതുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍