This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍മാന്‍, തിയഡോര്‍ ഫൊണ്‍ (1881-1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍മാന്‍, തിയഡോര്‍ ഫൊണ്‍ (1881-1963)

Karman, Theodore Von

യു. എസ്‌. ഭൗതികശാസ്‌ത്രജഞന്‍. 1881 മേയ്‌ 11ന്‌ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തിയഡോര്‍ ജനിച്ചു. ദ്രവഗതികം (Hydrodynamics), വായുഗതികം (Aerodynamics), താപഗതികം (Thermodynamics)എന്നീ മേഖലകളിലാണ്‌, ഇദ്ദേഹം പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത്‌.

1898ല്‍ ബുഡാപെസ്റ്റിലെ റോയല്‍ ജോസഫ്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ പോളിടെക്‌നിക്‌സ്‌ ആന്‍ഡ്‌ ഇക്കണോമിക്‌സില്‍ തിയഡോര്‍ ചേര്‍ന്ന്‌ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി (1902). പട്ടാളത്തില്‍ ഒരു വര്‍ഷം സേവനമനുഷ്‌ഠിച്ചതിനുശേഷം റോയല്‍ ജോസഫ്‌ സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രാഫസറായി ചേര്‍ന്നു.

തിയഡോര്‍ ഫൊണ്‍ കാര്‍മാന്‍

ഗണിതശാസ്‌ത്ര സിദ്ധാന്തങ്ങള്‍ പ്രായോഗികരംഗത്തു പ്രയോഗിച്ചു ഫലിപ്പിക്കുകയെന്ന തത്ത്വമാണ്‌ ഇദ്ദേഹം പൊതുവേ സ്വീകരിച്ചത്‌. ഇലാസ്‌തികകോളം ബക്ലിങ്ങിനെ (elastic-column buckling) പ്പറ്റിയുള്ള ഓയിലര്‍ തത്ത്വം സാമാന്യവത്‌കരിച്ച്‌ പ്രായോഗികമാക്കിയതാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ സംഭാവന. ഇലാസ്‌തികമല്ലാത്ത ബക്ലിങ്ങിനെപ്പറ്റിയുള്ള വിശദീകരണത്തില്‍ ഇദ്ദേഹം ഇതോടെ വിജയം കൈവരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനു ഗോട്ടിന്‍ ഗെന്‍ സര്‍വകലാശാലയില്‍ രണ്ടുവര്‍ഷത്തെ പഠനത്തിന്‌ സ്‌കോളര്‍ഷിപ്പും ലഭിച്ചു. പ്രസിദ്ധ വായുഗതികശാസ്‌ത്രജ്ഞനായ ലുഡ്‌വിഗ്‌ പ്രണ്ഡില്‍ (Ludwig Prandil) ആയിരുന്നു മാര്‍ഗദര്‍ശി. ശുദ്ധഗണിതത്തില്‍ തിയഡോറിനെ സ്വാധീനിച്ച പ്രസിദ്ധ ഗണിതശാസ്‌ത്രജ്ഞനാണ്‌ ഡേവിഡ്‌ ഹില്‍ബര്‍ട്ട്‌. 1908ല്‍ തിയഡോര്‍ ഡോക്‌ടറേറ്റിനുള്ള പ്രബന്ധം തയ്യാറാക്കി. അടുത്തവര്‍ഷം അതു പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ഗോട്ടിന്‍ഗെന്‍ സര്‍വകലാശാലയില്‍ ലക്‌ചറര്‍ പദവി സ്വീകരിച്ച തിയഡോര്‍ 1911ല്‍ ദ്രാവകപ്രവാഹത്തില്‍ പ്രതിബന്ധങ്ങളുടലെടുക്കുമ്പോഴുണ്ടാകുന്ന ആവര്‍ത്തിത ഭ്രമിളങ്ങള്‍ പഠനവിധേയമാക്കി. ഒഴുക്കുടാങ്കില്‍ (flow tank) സ്ഥിതിചെയ്യുന്ന സിലിണ്ടറിന്റെ ദോലനങ്ങള്‍ (oscillations)ക്കു കാരണം മേല്‌ത്തട്ടില്‍നിന്നും പിന്നീട്‌ കീഴ്‌ത്തട്ടില്‍നിന്നും ഭ്രമിളങ്ങള്‍ (vortics) ഉണ്ടാകുന്നതാണെന്ന്‌ ഇദ്ദേഹം കണ്ടെത്തി. കാര്‍മാന്‍ ഭ്രമിളവീഥി (Karman Vortex Street)എന്ന്‌ അറിയപ്പെടുന്ന ഈ പ്രതിഭാസം വായുഗതിക ഘടനകളുടെ ഉയരംകൂടിയ ചിമ്മിനികളും റേഡിയോ ടവറുകളും ദോലനം ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കാന്‍ ഈ കണ്ടുപിടുത്തംകൊണ്ട്‌ കഴിഞ്ഞു. 1940ല്‍ ടക്കോമാ നാരോസ്‌ ബ്രിഡ്‌ജ്‌ (Tacoma Narrows Bridge) തകര്‍ന്നുവീണതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. കാര്‍മാന്‍ 1913ല്‍ ആച്ചന്‍ ടെക്‌നിക്‌ ഹോക്‌ഷൂലെയിലെ എയ്‌റോനോട്ടിക്‌സിന്റെ മേധാവിയായി അവരോധിക്കപ്പെട്ടു. 1914ല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ഇദ്ദേഹത്തെ പട്ടാളത്തിലേക്കു വിളിക്കുകയും അങ്ങനെ ഇദ്ദേഹം വ്യോമസേനാവിഭാഗവുമായി ബന്ധപ്പെടുകയും ചെയ്‌തു. ഇദ്ദേഹം പല ഗവേഷണങ്ങളും ഈ രംഗത്തു നടത്തുകയുണ്ടായി.

യുദ്ധാനന്തരം ഹംഗറിയിലെ വിദ്യാഭ്യാസരംഗത്ത്‌ കാര്‍മാന്‍ സേവനമനുഷ്‌ഠിച്ചു. 1919ല്‍ തിരിച്ച്‌ ആച്ചനിലെത്തി ഗവേഷണവും അധ്യാപനവും തുടര്‍ന്നു. നാസി ജര്‍മനിയില്‍ കഴിഞ്ഞുകൂടുക ഇദ്ദേഹത്തിനു പ്രയാസമായിത്തോന്നി. 193-49 കാലത്ത്‌ യു.എസ്സില്‍ ഗഗന്‍ഹൈം (Guggenhiem) എയ്‌റോനോട്ടിക്കല്‍ ലബോറട്ടറി ആന്‍ഡ്‌ ജറ്റ്‌ പ്രാപ്പല്‍ഷന്‍ ലബോറട്ടറി എന്നിവയുടെ ഡയറക്‌ടര്‍ പദവി സ്വീകരിച്ചു. സംഘടിത പ്രയത്‌നം ശാസ്‌ത്രരംഗത്ത്‌ ആവശ്യമാണെന്ന നിഗമനത്തോടെ എഴുതിയ വെയര്‍ വി സ്റ്റാന്‍ഡ്‌ എന്ന ഗ്രന്ഥം 1945ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1963ല്‍ കാര്‍മാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍