This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍മല്‍, മൗണ്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍മല്‍, മൗണ്ട്‌

Carmel, Mount

ഇസ്രയേലിലെ ഒരു പര്‍വത നിര. ജസ്രീല്‍ (Jezreel) താഴ്‌വര മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്നു. നൈസര്‍ഗിക വനങ്ങളാല്‍ ആവൃതമായ ഈ മലനിരയുടെ പരമാവധി ഉയരം 545.5 മീറ്ററാണ്‌. കാര്‍മല്‍ മലയുടെ അടിവാരത്തായാണ്‌ ഹൈഫ (Haifa) നഗരം സ്ഥിതിചെയ്യുന്നത്‌.

കാര്‍മല്‍ മലയിലെ വിശുദ്ധ എലിയയുടെ ശില്‌പം

ചരിത്രപരമായും മതപരമായും കാര്‍മല്‍ മൗണ്ടിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ബി.സി. നാലാം നൂറ്റാണ്ടില്‍ കണ്ടെടുത്ത ഒരു ശിലാശാസനത്തില്‍ കാര്‍മല്‍ മല ഗ്രീക്‌ ദേവതയായ "സിയൂസി'ന്റെ വിശുദ്ധ നാടായിരുന്നു എന്ന്‌ സൂചിപ്പിക്കുന്നു. ഹീബ്രു പദമായ കാര്‍മലില്‍ (Karmel) നിന്ന്‌ രൂപാന്തരപ്പെട്ട കെരെം (Kerem) എന്ന ധാതുവില്‍നിന്നാവാം മുന്തിരിത്തോട്ടമെന്നും ആരാമമെന്നും സസ്യത്തോട്ടമെന്നും അര്‍ഥമുള്ള കാര്‍മല്‍ (Carmel) എന്ന പേര്‌ ഈ മലയ്‌ക്ക്‌ ഉണ്ടായതെന്ന്‌ അനുമാനിക്കപ്പെടുന്നു. മെഡിറ്ററേനിയന്‍ തീരത്തുള്ള, കുന്നുകളും താഴ്‌വാരങ്ങളും വൈവിധ്യമുള്ള ജന്തുജാലവും ഉള്‍ക്കൊള്ളുന്ന രമണീയ പ്രദേശമായിരുന്നു ആദികാലം മുതല്‌ക്കേ കാര്‍മല്‍ മല. ഫലപുഷ്‌ടിയുടെയും സമ്പത്തിന്റെയും ആത്മീയ നിര്‍വൃതിയുടെയും പ്രതീകാത്മക ചൈതന്യമുള്ള വിശുദ്ധനാടായിട്ടാണ്‌ ബൈബിളില്‍ കാര്‍മലിനെ വിശേഷിപ്പിക്കുന്നത്‌. പുരാതന ക്രിസ്‌തീയ സന്ന്യാസിമാരുടെ താപസഭൂമിയായും ഈ ദേശം കണക്കാക്കപ്പെടുന്നു. കനാന്‍ദേശവും സീനായ്‌ കുന്നുകളും പോലെ ബൈബിള്‍ പുരാവൃത്തങ്ങളില്‍ അതിധന്യമായ ഒരു സ്ഥാനം കാര്‍മല്‍ വഹിക്കുന്നു. നിയാണ്ടര്‍താല്‍ മനുഷ്യനും ആധുനിക മനുഷ്യനും ഇടയിലുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആദിമമനുഷ്യര്‍ കാര്‍മല്‍ മലയിലെ ഗുഹകളില്‍ വസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.

ക്രിസ്‌തുവിന്റെ പിറവിക്ക്‌ അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ വിശുദ്ധപ്രവാചകനായ എലിയാ, സന്ന്യാസിയായി അലയുകയും ഈശ്വരസാക്ഷാത്‌കാരത്തിനായി പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ഒടുവില്‍ അഗ്നിരഥത്തില്‍ക്കയറി സ്വര്‍ഗത്തേക്ക്‌ പ്രയാണം നടത്തുകയും ചെയ്‌ത പാവനമായ മലയാണിതെന്ന്‌ ബൈബിളില്‍ വിവരിക്കുന്നു. സോളമന്റെ പിന്‍ഗാമികളായ രാജാക്കന്മാരുടെ വംശചരിത്രം വിവരിക്കുന്ന ബൈബിള്‍ പഴയ നിയമത്തിലെ 17 മുതല്‍ 19 വരെയും (രാജാക്കന്മാര്‍, ഒന്ന്‌) ഒന്നു മുതല്‍ രണ്ട്‌ വരെയും (രാജാക്കന്മാര്‍, രണ്ട്‌) ഉള്ള അധ്യായങ്ങളില്‍ എലിയായുടെ കാര്‍മല്‍ മലയിലെ ജീവിതത്തെയും ബാലിലെ പ്രവാചകന്മാരുമായുള്ള സംവാദത്തെയും വിശ്വാസപ്രചാരണത്തെയും സ്വര്‍ഗ പ്രയാണത്തെയും പരാമര്‍ശിക്കുന്നു. ട്രാന്‍സ്‌ ജോര്‍ദാനിയയിലെ തിഷ്‌ബേക്കാരനായ എലിയ ബി.സി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാത്വികനായിരുന്നു എന്ന്‌ ബൈബിള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. എലിയാ പ്രവാചകനുശേഷം എലിഷായും നിരവധി മറ്റ്‌ സന്ന്യാസിമാരും അവരുടെ താപസവൃത്തിക്കുള്ള ഇടമായി കാര്‍മല്‍ മല തെരഞ്ഞെടുത്തു. കൊടുംവരള്‍ച്ച കാലത്ത്‌ എലിയയുടെ പ്രാര്‍ഥന പ്രകാരം ഇവിടെ നല്ല മഴപെയ്‌തതായും ബൈബിളില്‍ പറയുന്നു. ക്രമേണ ഒരു സന്ന്യാസി വിഭാഗത്തിന്റെ (Monastic order) ആസ്ഥാനമായി ഇതു മാറി.

കാര്‍മല്‍ മല

മലയിലുള്ള, ദൈവത്തിന്റെ അള്‍ത്താര ഇടിഞ്ഞ്‌ തകര്‍ന്നു കിടക്കുന്നതുകണ്ട എലിയ 12ഗോത്രവര്‍ഗങ്ങളെ പ്രതിനിധീകരിച്ച്‌ 12 കല്ലുകള്‍ എടുത്ത്‌ നിരത്തിവച്ച്‌ അവിടം വെടിപ്പാക്കിയശേഷം വരണ്ട മണ്ണില്‍ വെള്ളം തളിച്ചു. അപ്പോള്‍ സമുദ്രത്തില്‍ നിന്നുയര്‍ന്നുവന്ന ഒരു മഴമേഘത്തില്‍ ഒരു മനുഷ്യന്റെ കരം തെളിഞ്ഞുകണ്ടതായി വിശുദ്ധ പുസ്‌തകം പറയുന്നു. അത്‌ കന്യാമറിയത്തിന്റെ ഛായ വഹിച്ചിരുന്ന, ദൈവത്തിന്റെ കരമായിരുന്നുവെന്ന്‌ കാര്‍മലൈറ്റുകാര്‍ വിശ്വസിക്കുന്നു. എലിയായെ നയിച്ചത്‌ ആ കരങ്ങളായിരുന്നു. "ലേഡി ഓഫ്‌ ദ്‌ മൗണ്ട്‌' ആയി ആരാധിക്കപ്പെടുന്ന കന്യാമറിയമാണ്‌ കാര്‍മല്‍ പ്രസ്ഥാനവിശ്വാസികളുടെ മാര്‍ഗദീപം. ഹൈഫയിലെ പ്രധാന പള്ളി കന്യാമറിയത്തിന്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 12-ാം ശതകത്തില്‍ സ്ഥാപിതമായ കര്‍മലീത്ത സഭയുടെ പ്രധാന ആസ്ഥാനം ഈ മലയുടെ പശ്ചിമനിരകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

എലിയയുടെ വിശിഷ്‌ട ത്യാഗത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ കാര്‍മല്‍ സന്ന്യാസി വിഭാഗം ബാധ്യസ്ഥമാണ്‌. അനുഗ്രഹിക്കപ്പെട്ട മേരിയുടെ സഹോദരന്മാരായി അവര്‍ അറിയപ്പെടുന്നു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍