This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബോമൈസീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബോമൈസീന്‍

Carbomycin

ഒരു ആന്റിബയോട്ടിക്‌. മാഗ്നാമൈസീന്‍ എന്ന പേരില്‍ പ്രചാരത്തിലുള്ള ഈ ഔഷധം ന്യുമോണിയ, മൂത്രനാളിയിലും മാര്‍ദവമുള്ള ശരീരകലകളിലും ഉണ്ടാകുന്ന പഴുപ്പ്‌, ടോണ്‍സിലൈറ്റിസ്‌ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

സ്‌ട്രപ്‌റ്റോമൈസിസ്‌ ഹാള്‍സ്‌റെറഡി, സ്‌ട്രപ്‌റ്റോമൈസിസ്‌ ഹൈഗ്രാസ്‌കോപിക്‌സ്‌ തുടങ്ങിയ കുമിളുകളില്‍ (strains) നിന്ന്‌ കിണ്വനം മുഖേന കാര്‍ബോമൈസീന്‍ ഉത്‌പാദിപ്പിക്കുന്നു. കാര്‍ബോമൈസീന്‍ എ, ബി എന്നിങ്ങനെ രണ്ട്‌ രൂപങ്ങളിലുണ്ട്‌. കാര്‍ബോമൈസീന്‍ എന്നു മാത്രം പറഞ്ഞാല്‍ കാര്‍ബോമൈസീന്‍എ എന്നാണ്‌ അര്‍ഥമാക്കുന്നത്‌. കാര്‍ബോമൈസീന്‍ പ്രരൂപങ്ങളില്‍ പ്രധാനപ്പെട്ടതും "എ' തന്നെ. 1960ല്‍ ഫ്രീഡ്‌മാനാണ്‌ കാര്‍ബോമൈസീന്‍ ആദ്യമായി നിര്‍മിച്ചത്‌. ഏകബേസികവും ഉയര്‍ന്ന തന്മാത്രാ ഭാരമുള്ളതുമായ രാസപദാര്‍ഥങ്ങളാണ്‌ കാര്‍ബോമൈസീനുകള്‍. വെളുത്ത്‌ സൂചിപോലുള്ള ക്രിസ്റ്റലുകളാണ്‌ ഇതിന്റേത്‌. ദ്രവണാങ്കം 199.5°C മുതല്‍ 200.5°C വരെ വ്യത്യാസപ്പെടുന്നു. സംയുക്തത്തിന്‌ ധ്രുവണഘൂര്‍ണത (optical activity) ഉണ്ട്‌. കാര്‍ബോമൈസീനിന്റെ ഒരു ശതമാനം ക്ലോറോഫോം ലായനി പ്രകാശത്തിന്റെ ധ്രുവണതലത്തെ (plane of polarisation) ഇടതുഭാഗത്തേക്ക്‌ ഘൂര്‍ണനം (levo rotatory) ചെയ്യിക്കുന്നു. [α]25D = 58.6°.

കാര്‍ബോമൈസീന്‍ ഏകക്ഷാരക, മാക്രാലൈഡ്‌ (levo rotatory) പ്രരൂപത്തിലുള്ള ഒരു ആന്റിബയോട്ടിക്കാണ്‌. ആല്‍ക്കഹോളില്‍ നല്ലതുപോലെ ലയിക്കും. ജലത്തില്‍ ലേയത്വം വളരെ കുറവാണ്‌ (pH:5.5-8). ഈര്‍പ്പം കടക്കാതെ സൂക്ഷിച്ചാല്‍ കാര്‍ബോമൈസീന്‍ കേടുകൂടാതെയിരിക്കും. 2000°C ല്‍ ഇത്‌ വിഘടിക്കും. കാര്‍ബോമൈസീനിന്റെ അമ്ലലവണങ്ങള്‍ (സള്‍ഫേറ്റ്‌, ഹൈഡ്രാക്ലോറൈഡ്‌ തുടങ്ങിയവ) വെള്ളത്തില്‍ നല്ലപോലെ ലയിക്കും; ക്ഷാരക ലവണങ്ങള്‍ ഭാഗികമായേ ലയിക്കൂ. കാര്‍ബോമൈസീന്‌ ആന്റിബയോട്ടിക്‌ M 4209 എന്നും പേരുണ്ട്‌.

കാര്‍ബോമൈസീന്റെ തന്മാത്രാ ഫോര്‍മുല ഇപ്രകാരമാണ്‌; കാര്‍ബോമൈസീന്‍എ : C42H67NO16

കാര്‍ബോമൈസീന്‍ബി : C42H67NO15


അവയുടെ തന്മാത്രാഭാരം യഥാക്രമം 842, 826 എന്നിങ്ങനെയാണ്‌.

ഘടനയില്‍നിന്നു വ്യക്തമാകുന്നതുപോലെ ഇവയ്‌ക്കു തമ്മില്‍ കാര്യമായ വ്യത്യാസമില്ല. രണ്ടിലും α, β അപൂരിത കീറ്റോണ്‍ യൂണിറ്റുണ്ട്‌. കാര്‍ബോമൈസീന്‍ ബിക്കു ഒരു γ, δഅപൂരിതാവസ്ഥ കൂടിയുണ്ട്‌. കാര്‍ബോമൈസീന്‍ F യില്‍ ഈ രണ്ടാമത്തെ അപൂരിതാവസ്ഥയെ ഒരു ഇപോക്‌സൈഡ്‌ (epoxide) യൂണിറ്റ്‌ പ്രതിസ്ഥാപിച്ചിട്ടുണ്ട്‌. ഈ ആന്റിബയോട്ടിക്‌ തന്മാത്രയ്‌ക്ക്‌ പ്രധാനമായി മൂന്നു യൂണിറ്റുകളുണ്ട്‌: (i) മൈകാരോസ്‌ എന്ന C6 ഡീ ഓക്‌സി പഞ്ചസാരയുടെ ഐസോവലേറൈല്‍ എസ്റ്റര്‍;

(ii) മേല്‍ യൂണിറ്റ്‌ ബന്ധിച്ചിട്ടുള്ള മൈകാമിനോസ്‌ എന്ന ഡൈമീഥൈല്‍ അമീന്‍ അടങ്ങിയ മറ്റൊരു ഡീ ഓക്‌സി പഞ്ചസാര യൂണിറ്റ്‌;

(iii) രണ്ടാമത്തെ യൂണിറ്റ്‌ ബന്ധിച്ചിരിക്കുന്ന ഒരു 17 അംഗലാക്‌ടോണ്‍. രാസികമായി കാര്‍ബോമൈസീനിനെ "9, ഡീ ഓക്‌സീ12 13ഇപോക്‌സി9ഓക്‌സോലൂക്കോമൈസീന്‍ V3അസറ്റേറ്റ്‌ 4B (3മീഥൈല്‍ ബ്യൂട്ടാനോവേറ്റ്‌)' എന്നുപറയാം.

ഗ്രാം പോസിറ്റീവ്‌ (gram positive) ബാക്‌റ്റീരിയങ്ങളെ കാര്‍ബോമൈസീന്‍ ശക്തമായി നേരിടുന്നു. ഇക്കാര്യത്തില്‍ ഇത്‌ പെനിസിലിനോടു സാദൃശ്യം വഹിക്കുന്നു. എന്നാല്‍ പെനിസിലില്‍നിന്നു വ്യത്യസ്‌തമായി ചിലതരം റിക്കറ്റ്‌സിയ അണുക്കളെയും ഏതാനും വലിയതരം വൈറസുകളെയും കാര്‍ബോമൈസീന്‍ പ്രതിരോധിക്കുന്നു. സ്റ്റഫൈലോകോക്കൈ, നുമോകോക്കൈ, ഹീമോലിറ്റിക്‌ സ്‌ട്രപ്‌റ്റോകോക്കൈ തുടങ്ങിയ നിരവധി ബാക്‌റ്റീരിയങ്ങള്‍ സൃഷ്‌ടിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കാര്‍ബോമൈസീന്‍ ഉപയോഗിക്കുന്നു. നൈസേറിയ, ഹീമോഫീലസ്‌ ഇവ ഒഴികെയുള്ള ഗ്രാം നെഗറ്റീവ്‌ ബാക്‌റ്റീരിയങ്ങളെ കാര്‍ബോമൈസീന്‍ ആക്രമിക്കുന്നില്ല; മൈക്കോ ബാക്‌റ്റീരിയങ്ങളെയും പ്രതിരോധിക്കുന്നില്ല. ക്രമമായ രീതിയിലാണ്‌ കാര്‍ബോമൈസീന്റെ പ്രതിരോധ പ്രവര്‍ത്തനം. മറ്റ്‌ ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ കാര്‍ബോമൈസീന്‍ പൊതുവേ തടയാറില്ല. എന്നാല്‍ എറിത്രാമൈസീന്‍, ഒലിയാന്‍ഡോമൈസീന്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തടയുന്നുണ്ട്‌. കാര്‍ബോമൈസീന്‍എയെപ്പോലെതന്നെ കാര്‍ബോമൈസീന്‍ബി യും പെരുമാറുന്നു. എന്നാല്‍ കാര്‍ബോമൈസീന്‍എ യോളമോ അതിന്റെ പകുതിയെങ്കിലുമോ ശക്തിയും പ്രവര്‍ത്തനക്ഷമതയും കാര്‍ബോമൈസീന്‍ബി യ്‌ക്ക്‌ ഇല്ല. വിഷശക്തി പൊതുവേ കുറഞ്ഞ ഒരു ആന്റിബയോട്ടിക്കാണ്‌ കാര്‍ബോമൈസീന്‍ എന്ന്‌ ജന്തുക്കളില്‍ നടത്തിയ പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍